സിസ്റ്റർ ലിനി നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഒരുവർഷം തികയുന്നു. നിസ്വാർഥമായ ആതുരസേവനത്തിനിടയിൽ ജീവൻ ത്യജിക്കേണ്ടിവന്ന ഈ പെൺകുട്ടി മലയാളികളുടെ മനസ്സിൽനിന്ന് ഒരിക്കലും മാഞ്ഞുപോകില്ല.
സമൂഹമാകെ ഭയപ്പെട്ടുപോയ അവസരമായിരുന്നു കേരളത്തിൽ നിപ വൈറസ്ബാധ സ്ഥിരീകരിച്ച ദിവസങ്ങൾ. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമത്തിൽ സൂപ്പിക്കട എന്ന ഉൾപ്രദേശത്തുള്ള ഒരു കുടുംബത്തിലെ അംഗങ്ങളെയാണ് നിപ വൈറസ് ബാധിച്ചത്. വൈറസ് ബാധയേറ്റ നാലുപേരും മരണത്തിന് കീഴടങ്ങുകയുണ്ടായി. സാബിത്തിന്റെ മരണത്തിനുശേഷമാണ് രോഗബാധ നിപ കാരണമാണെന്ന് കണ്ടെത്തുന്നത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽനിന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അയച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിപയുടെ സാന്നിധ്യം അറിഞ്ഞത്. 2018 മേയ് 19-നുതന്നെ നിപ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് ധാരണയായിരുന്നു. എന്നാൽ, പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനകൂടി സ്ഥിരീകരിച്ചിട്ടുമാത്രമേ ഇക്കാര്യം പ്രഖ്യാപിക്കാൻ കഴിയുമായിരുന്നുള്ളൂ. മേയ് 20-ാം തീയതി പുണെയിൽനിന്നുള്ള റിസൾട്ടും വന്നു. നിപയുടെ സാന്നിധ്യം സ്ഥിരീകരിച്ചുകൊണ്ടായിരുന്നു അത്.

19-ാം തീയതി മുതൽ തന്നെ ആരോഗ്യ വകുപ്പിലെയും മൃഗസംരക്ഷണ വകുപ്പ് അടക്കമുള്ള വ്യത്യസ്ത വകുപ്പുകളിലെയും  മന്ത്രി ടി.പി. രാമകൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ സഹകരണത്തോടെ പഴുതടച്ച പ്രചാരണ പ്രവർത്തനങ്ങളാണ് സ്വീകരിച്ചത്.

ഇതിന്റെ ഭാഗമായി ആദ്യത്തെ ഘട്ടത്തിൽ വൈറസ് ബാധിതരായ 18 പേർക്കുപുറമേ കൂടുതൽ പേരിലേക്ക് രോഗപ്പകർച്ച ഉണ്ടാകുന്നത് തടയാൻ കഴിഞ്ഞു. മരണനിരക്ക് വളരെ കൂടിയ വൈറസ് ആയതിനാൽ രോഗം പിടിപെട്ട 18 പേരിൽ 16 പേരും മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. അജന്യ, ഉബീഷ് എന്നിവർ മരണത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടത് വലിയ ആശ്വാസമായി. ഇതിനിടയിൽ മേയ് 21-ാം തീയതി നിപ ബാധിതരെ തുടക്കത്തിൽ ശുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ലിനി രോഗബാധമൂലം മരിക്കാൻ ഇടയായത് എല്ലാവരെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

ധീരമായ സമീപനമാണ് മരണത്തിനുമുമ്പിലും ലിനി സ്വീകരിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താൻ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവ് സജീഷിനെയും കുഞ്ഞുമക്കളെയും ഒരുനോക്ക് കാണാൻ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മിൽ കാണാൻ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങൾ ഓരോ മലയാളിയുടെയും മനസ്സിൽ നൊമ്പരമുണർത്തുന്ന ഓർമകളായി നിൽക്കുകയാണ്.

നിപ വന്നയിടത്ത് വീണ്ടും വരില്ലെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നാണ് ശാസ്ത്രജ്ഞൻമാരുടെ നിഗമനം. ഡിസംബർമുതൽ ജനുവരിവരെയുള്ള വവ്വാലുകളുടെ പ്രജനന കാലത്താണ് നിപ ബാധയുണ്ടാകാൻ സാധ്യതയുള്ളത്. ഇത്തവണ ആരോഗ്യവകുപ്പ് നേരത്തേതന്നെ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കുകയും നേരിയ രോഗലക്ഷണങ്ങളെങ്കിലും ഉണ്ടാകുമ്പോൾ രോഗിയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചത്.

ജനങ്ങളുടെയിടയിൽ നല്ല ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. തുടർന്നും ജാഗ്രത പുലർത്തേണ്ടതുണ്ട്. കൂട്ടായി പരിശ്രമിച്ചാൽ നിപ മാത്രമല്ല ഡെങ്കിപ്പനി, എച്ച്1 എൻ1, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ എല്ലാ പകർച്ചവ്യാധികൾക്കുമെതിരേ സംഘടിതമായ പ്രതിരോധപ്രവർത്തനങ്ങൾ തീർക്കാനാകും. നാട് ഒരുമിച്ചുനിന്നാൽ ശുചിത്വവും രോഗപ്രതിരോധവും സൃഷ്ടിക്കാൻ നമുക്ക് കഴിയും. ലിനിയുടെ വേർപാടിനുമുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ കൈകോർക്കാമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

Content Highlights: First Death anniversary of sister lini