അഴലിന്റെ ആഴങ്ങളിൽ... 3

കേരളത്തിലെ ആഘോഷകാലമാണ് ഗ്രാമീണജീവിതത്തിൽ സാമ്പത്തികചലനമുണ്ടാക്കുന്നത്. അത് കന്നിമാസത്തിലെ തിരുവില്വാമല നിറമാലയിൽ തുടങ്ങി ഇടവമാസത്തിലെ പാലക്കാട് മംഗലംവേലവരെ നീളുന്നതാണ്. ഹിന്ദു, ക്രിസ്ത്യൻ, മുസ്‌ലിം ആഘോഷങ്ങളെല്ലാം ഈ മാസങ്ങളിൽ പരമ്പരയായി നാളുചേർത്ത് ഇഴചേർന്നിരുന്നു. സാമൂഹിക അകലം ഈ ആഘോഷങ്ങൾ ചടങ്ങാക്കിയപ്പോൾ അടഞ്ഞുപോയത് ലക്ഷക്കണക്കിന് ആളുകളുടെ ജീവിതമാണ്.

പഞ്ചാംഗപ്രകാരം നടത്തുന്ന 1400 ഉത്സവങ്ങൾ കേരളത്തിലുണ്ടെന്നാണ് ഇതേക്കുറിച്ച് പഠിച്ച കലാസ്വാദകനും എഴുത്തുകാരനുമായ വിനോദ് കണ്ടങ്കാവിൽ പറയുന്നത്. മകരം, കുഭം, മീനം മാസങ്ങളിൽ കുന്നംകുളം ഭാഗത്ത് മാത്രം 100 ഉത്സവങ്ങളുണ്ട്. ക്രിസ്ത്യൻ പള്ളിപ്പെരുന്നാളുകളും ഏതാണ്ട് ഇത്രതന്നെ വരും. ഒരു ഉത്സവം, നടത്തിപ്പുകാർക്കു മാത്രമല്ല അതിനെ ചുറ്റിപ്പറ്റി നൂറുകണക്കിന് ആളുകൾക്കും ഉപജീവനം നൽകും.

 ആഘോഷം നിലയ്ക്കുമ്പോൾ
പൂരമോ പെരുന്നാളോ നേർച്ചയോ വേണ്ടെന്നുവെക്കുമ്പോൾ സ്തംഭിക്കുന്നത് ആയിരങ്ങളുടെ ജീവിതമാണ്. തൃശ്ശൂരിനു സമീപമുള്ള, മേളത്തിനു പ്രശസ്തമായ കുട്ടനെല്ലൂർ പൂരത്തിൽപ്പോലും പല വിഭാഗങ്ങളിലായി 25 മുതൽ 30 വരെ ലക്ഷം രൂപയുടെ സാമ്പത്തിക പ്രവർത്തനം നടക്കുന്നതായി വിനോദ് കണ്ടങ്കാവിൽ നിരീക്ഷിക്കുന്നു. ഇങ്ങനെ ചെറുതും വലുതുമായ ആഘോഷങ്ങൾ അതത് പ്രദേശത്തെ സാമ്പത്തികമേഖലയിൽ ചലനമുണ്ടാക്കുന്നു.
വള്ളുവനാട്ടിന്റെ ഉത്സവക്കാലത്തെ വിലയിരുത്തുന്നത് മൂന്നു വാക്കിലാണ്. പൂവുമുതൽ മുളവരെ. പൂവിലാശ്ശേരി തുലാ സംക്രമംമുതൽ മുളയൻകാവിലെ കാളവേല വരെയെന്നാണിതിന്റെ വിവക്ഷ. ഇപ്പുറത്ത് പാലക്കാട്, ആലത്തൂർ താലൂക്കുകളിലാണെങ്കിൽ പുതുശ്ശേരി ഉത്സവത്തിൽ തുടങ്ങി വയലിലെ വെള്ളത്തിൽ ദീപങ്ങൾ പ്രതിഫലിക്കുന്ന മംഗലം വേലവരെ നീളും ഉത്സവകാലം. പട്ടാമ്പിയിലെയും പുതുക്കോട്ടെയും നേർച്ചമുതൽ പള്ളിപ്പെരുന്നാളുകൾവരെ. ലക്ഷങ്ങളുടെ വിപണിയാണ് ഓരോ ഉത്സവപ്പറമ്പും.

പത്തുലക്ഷംമുതൽ മൂന്നും നാലും കോടി ബജറ്റുള്ള ആഘോഷക്കമ്മിറ്റികൾ. കോലുമിഠായിമുതൽ ഹൽവയും പൊരിയുംവരെയുള്ള വിൽപ്പന. ബലൂൺ, കൺമഷി, ചീപ്പ്, ചാന്ത്, കുപ്പിവള, റിബ്ബൺ എന്നിവയ്ക്കും ഈ ഹൈടെക് കാലത്ത് ആരാധകരേറെ. ഉത്സവപ്പറമ്പുകളിൽ രാത്രി ഓംലറ്റും ചെറുഭക്ഷണവും വിറ്റ് ഒട്ടും മോശമല്ലാത്ത സമ്പാദ്യമുണ്ടാക്കിയിരുന്നവർ വേറെ. ഇവരൊക്കെ നാട്ടിൽ കിട്ടാവുന്ന ഏതെങ്കിലും തൊഴിലിലേക്കു മാറാൻ ശ്രമിക്കുന്നു.

 കുത്തിയോട്ടവും കിതച്ചു
2020 മാർച്ചിനിപ്പുറം കുത്തിയോട്ട കലാസമിതികൾക്കും പ്രയാസകാലം. ചെട്ടിക്കുളങ്ങര കുത്തിയോട്ട കലാക്ഷേത്രം വി. വിജയരാഘവക്കുറുപ്പ് പ്രതിസന്ധി പറയുകയാണ്.
കലാക്ഷേത്രത്തിൽ നൂറ്റിയമ്പതോളം കലാകാരന്മാരുണ്ട്. ചിലർ മറ്റു ജോലികൾക്കു പോകുന്നുണ്ടെങ്കിലും സീസണായാൽ പ്രധാന വരുമാനമാർഗം കുത്തിയോട്ടമാണ്. ഈ കലയെ ആശ്രയിച്ചുമാത്രം കഴിയുന്നവരാണ് ഗിഞ്ചറയും തകിലും നാദസ്വരവും വായിക്കുന്ന വാദ്യകലാകാരന്മാർ.

ചെട്ടിക്കുളങ്ങര കലാക്ഷേത്രയ്ക്കു മാത്രം 2020 സീസണിൽ 50 പരിപാടികൾ നഷ്ടമായി. അബുദാബിയിലെ വേദിയും. നടപ്പുവർഷമാകട്ടെ ഒറ്റ പരിപാടിപോലും നടത്താനുമായില്ല -വിജയരാഘവക്കുറുപ്പ് പറഞ്ഞു.

 ആരവം നിലച്ച്  മണ്ണൂർക്കാവ്
കലാമണ്ഡലത്തെപ്പോലെ നാദ-താള മുഖരിതമായിരുന്നു മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതിക്ഷേത്രം. അമ്പലമുറ്റത്തെ കലാപഠനകളരിയിൽ അരങ്ങേറ്റത്തിനുള്ള ആരവം നിലച്ചത് കഴിഞ്ഞവർഷം മാർച്ചിലാണ്.

ക്ഷേത്രഭരണസമിതി
കഥകളി പഠനക്കളരി തുടങ്ങിയത് ഏഴുവർഷംമുമ്പ്‌. മടവൂർ വാസുദേവൻ നായരായിരുന്നു ആചാര്യൻ. നാലു ബാച്ചിന്റെ അരങ്ങേറ്റം കഴിഞ്ഞു. കഥകളിവേഷം, മേളം എന്നിവയ്ക്ക് കഴിഞ്ഞവർഷം 22 കുട്ടികളാണുണ്ടായിരുന്നത്. ഇവിടെ നടക്കുന്ന കഥകളിക്ക് പുറപ്പാട് അവതരിപ്പിച്ചിരുന്നത് വിദ്യാർഥികളാണ്.  

കഥകളിക്കൊപ്പം ശാസ്ത്രീയസംഗീതം, നൃത്തം എന്നിവയ്ക്കും പരിശീലനം നൽകിയിരുന്നു. 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് ക്ലാസ് നിലച്ചത്.

 കളിവിളക്കണഞ്ഞു; ജീവിതവും
 ‘‘ലോക്ഡൗൺ കാലത്ത് കാശില്ലാതെ നട്ടംതിരിഞ്ഞപ്പോൾ സൂപ്പർ മാർക്കറ്റിൽ സെയിൽസ്‌മാനാകാൻ ശ്രമിച്ചു. ജോലി തരാൻ ആരും തയ്യാറായില്ല. നിങ്ങളെപ്പോലൊരു കലാകാരനെ എങ്ങനെ ഈ ജോലിക്കു നിർത്തും. എന്താവശ്യമാണേലും പറഞ്ഞോളൂ, സഹായിക്കാം -ഇതായിരുന്നു മറുപടി. മറ്റൊരു ജോലി ചെയ്യാനറിയില്ല. ഒട്ടുമിക്ക കഥകളി കലാകാരന്മാരുടെയും അവസ്ഥയാണിത്’’ -കലാമണ്ഡലം പ്രശാന്ത് പറഞ്ഞു.

ആട്ടവിളക്കണഞ്ഞിട്ട് ഒരു വർഷത്തിലേറെയായി. നവംബർമുതൽ മേയ്‌വരെ നീളുന്നു ഒരുവർഷത്തെ സീസൺ. ഇക്കാലത്തെ വരുമാനംകൊണ്ടുവേണം ശിഷ്ടകാലം തള്ളിനീക്കാൻ.

കഥകളി സ്ഥിരം അരങ്ങേറുന്ന തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലും മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലും കഥകളി ബുക്ക് ചെയ്തവർ അനേകം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയാൽ ഇവയിൽ എത്രയെണ്ണം ഇനി നടക്കുമെന്ന് കണ്ടറിയണം -കലാമണ്ഡലം നിഥിൻ ബാലചന്ദ്രൻ പറഞ്ഞു. വിവിധ വിഭാഗങ്ങളിലെല്ലാംകൂടി എണ്ണൂറിലധികം കലാകാരന്മാരുണ്ട് കേരളത്തിൽ.

 വെടിക്കെട്ടുകാരുടെ ജീവിതവും ഇരുട്ടുകെട്ടി
ഉത്സവങ്ങളില്ലാതായതോടെ കരിമരുന്ന് പ്രയോഗങ്ങളും നിലച്ചു. ഇതിലെ തൊഴിലാളികളും മിക്കയിടത്തും സിമന്റ് പണികളിലാണിപ്പോൾ. തൃശ്ശൂർ കുണ്ടന്നൂരിൽ മാത്രം 70 കുടുംബങ്ങൾ ഈ രംഗത്തുണ്ട്.
കുടുംബം പോറ്റാൻ പരിചയമില്ലാത്ത തൊഴിലിടങ്ങളിലേക്ക് ചേക്കേറിത്തുടങ്ങിയെന്ന് വെടിക്കെട്ട് തൊഴിലാളിയായ പന്തലാട്ട് മണികണ്ഠൻ പറയുന്നു. വെടിക്കെട്ട് കരാറുകാരൻ കുണ്ടന്നൂർ സജിക്കു കീഴിലാണ് മണികണ്ഠൻ തൊഴിലെടുക്കുന്നത്. മരപ്പണിക്കും കൃഷിയിടങ്ങളിൽ  സഹായിക്കാനും പോകുകയാണ് മണികണ്ഠനിപ്പോൾ.

‘‘വെടിക്കെട്ടുകാരുടെ സംഘടനവഴി 1000 രൂപ കഴിഞ്ഞവർഷം സഹായം കിട്ടിയിരുന്നു, ഇത്തവണ ഒന്നും കിട്ടിയില്ല. സർക്കാർ ഒരു സഹായവും പ്രഖ്യാപിക്കാത്തതിൽ വിഷമമുണ്ട്’’ -20 വർഷമായി കരിമരുന്ന് തൊഴിൽ ചെയ്യുന്ന മേലേപ്പുരയ്ക്കൽ ചന്ദ്രൻ പറയുന്നു. ഉത്സവങ്ങൾക്കും അമ്പലങ്ങളിലെ വെടിവഴിപാടുകൾക്കും വെടിമരുന്ന് നൽകാൻ പാലക്കാട്ട് അംഗീകാരമുള്ളവർ ആറുപേരാണ്. ഇവരെ മാത്രം ആശ്രയിച്ച് 850-ലധികം തൊഴിലാളികളുണ്ട്. മറ്റു തൊഴിലുകൾ ചെയ്താണ് ഇവർ ഉപജീവനം നേടുന്നതെന്ന് ഫയർ വർക്കേഴ്സ് ആൻഡ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.എ. ഉണ്ണികൃഷ്ണൻ പറഞ്ഞു.  

 അഭിനയമില്ല, ജീവിതവും
സംസ്ഥാന പുരസ്‌കാരം രണ്ടുതവണ നേടിയ മീനാക്ഷി, ഇതേ പുരസ്‌കാരത്തിനർഹരായ മായ, ചാന്ദ്നി അബ്ബാസ്... ഇവരെപ്പോലെ നൂറുകണക്കിന് നാടകപ്രവർത്തകർ... അടച്ചിടലിൽ ക്ഷേത്രോത്സവങ്ങൾക്കൊപ്പം നാടകലോകവും പിന്നണിയിലായതോടെ ഇവരുടെ ജീവിതവും ഇരുട്ടിലാണ്.

ഉത്സവസീസണായ ആറുമാസം നാടകം കളിച്ച്, ജീവിക്കാനും അടുത്ത ആറുമാസത്തേക്കുള്ള കാത്തിരിപ്പുകാലം കഴിഞ്ഞുകൂടാനുള്ള വകയും കണ്ടെത്തുമായിരുന്നു. ഇവരുടെ ജീവിതശീലം പൊടുന്നനെയാണ് മാറിമറിഞ്ഞത്.

 ‘‘ഒറ്റയ്ക്കാണ്. ആലപ്പുഴ മംഗലത്തെ വാടകക്കുടിശ്ശികയായ വീട്ടിൽ മറ്റാരും കൂടെയില്ല. നാളെ എങ്ങനെയെന്നറിയില്ല. നാടകം നിലച്ചപ്പോൾ വീട്ടുജോലിക്കും പ്രസവശുശ്രൂഷയ്ക്കുമൊക്കെ പോയി. 40 വർഷം നാടകത്തിനൊപ്പമായിരുന്നു. 59-ാം വയസ്സിൽ നാടകം വിട്ടുപോയപ്പോൾ ഒപ്പം ആരുമില്ലാതായി’’ -ചാന്ദ്നി അബ്ബാസ് പറയുന്നു.

‘‘29 വർഷമായി നാടകം ജീവശ്വാസമായിരുന്നു. അടച്ചിടൽ ആ ശ്വാസം കെടുത്തി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന വേദിക ഏജൻസീസ് എന്ന നാടക ബുക്കിങ് ഏജൻസിയും സംസ്‌കാരസാഹിതി കലാസമിതിയും പൂട്ടി’’ -വേദിക ദിലീപ് പറയുന്നു. നാടകത്തിന്റെ വേരുകൾ ആഴത്തിൽ പടർന്നിട്ടുള്ള വെഞ്ഞാറമ്മൂടിന്റെ മണ്ണിൽ ഈ ഹതഭാഗ്യൻ ജീവിക്കാനായി കോഴിക്കട തുടങ്ങി.

‘‘വർഷം പത്തുനാടകങ്ങളെങ്കിലും സംവിധാനം ചെയ്തിരുന്ന കാലവും മികച്ച സംവിധായകനുള്ള സംസ്ഥാന നാടക പുരസ്‌കാരം ഒന്നിലധികം തവണ ലഭിച്ചെന്ന അഭിമാനവും തത്കാലം പൂട്ടിവെച്ചു. മാർച്ച് സീസണിലെ നൂറോളം നാടകങ്ങളാണ് റദ്ദായത്. ഇപ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ ഒന്നിച്ചുവാങ്ങി വീട്ടിൽവെച്ചു പൊടിച്ച് കടകളിൽ കൊടുത്ത് ജീവിക്കുന്നു’’ -വത്സൻ നിസരി പറയുന്നു.

നാനൂറില്പരം നാടകസമിതികളുണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ സജീവമായുള്ളത് നൂറിൽത്താഴെ മാത്രം. ഒരു നാടകം തയ്യാറാക്കാൻ എട്ടുലക്ഷം രൂപയെങ്കിലും വേണം. സംവിധായകനും ആർട്ടിസ്റ്റുകളും തുടങ്ങി ലൈറ്റ് ആൻഡ് സൗണ്ട് വിഭാഗത്തിന്റെവരെ വരുമാനം ഇതിലുൾപ്പെടും.

 ജീവിതതാളം തെറ്റി
മൂന്നു പതിറ്റാണ്ടായി ഉത്സവപ്പറമ്പുകളിൽ തിമില കൊട്ടിയിരുന്ന കലാകാരനാണ് ലക്കിടി ഗോപി (കുട്ടൻ). ഭാര്യയും രണ്ടു മക്കളും അമ്മയുമടങ്ങുന്ന അഞ്ചംഗ കുടുംബം പോറ്റണം. കോവിഡിനുമുമ്പ് വർഷത്തിൽ 150-ലേറെ പരിപാടികൾ കിട്ടാറുണ്ട്. 2020-ൽ ചിനക്കത്തൂർ പൂരത്തിനുശേഷം ഉത്സവപ്പറമ്പുകൾ വിജനമായി. ഈവർഷം വീണ്ടും അടച്ചിടൽ വന്നപ്പോൾ ഗോപിക്ക് പിടിച്ചുനിൽക്കാനാവാതായി. മുൻ നീക്കിയിരിപ്പുകളെല്ലാം തീർന്നതോടെ വീട്ടിലെ പട്ടിണി മാറ്റാൻ ഗോപി സിമന്റ് ചട്ടിയും തേപ്പ് ചട്ടുകവുമായി ഇറങ്ങി. ഇപ്പോൾ ആഴ്ചയിൽ രണ്ടോ മൂന്നോ പണി കിട്ടാറുണ്ട്.

 തിമിലയെടുത്ത കൈകളിൽ തൂമ്പ
തിമിലയായിരുന്നു ഇതുവരെ സുധീഷ് ആലങ്കോടിന്റെ കൈകളിൽ. ഒമ്പതാം വയസ്സിൽ തിമില കൈയിലെടുത്തതാണ്. ഒരു സീസണിൽ രണ്ടുലക്ഷംമുതൽ മുകളിലേക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ നയാപ്പൈസയില്ല. ദുരഭിമാനമൊന്നുമില്ലാതെ കൈക്കോട്ടും മടവാളുമെടുത്ത് പണിക്കിറങ്ങിയതുകൊണ്ട് ഭാര്യയും കുട്ടിയും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ കഞ്ഞികുടി മുട്ടിയില്ല.

 കാഞ്ഞിരമറ്റത്തും കയ്പുനീർ
കാഞ്ഞിരമറ്റം പള്ളിയിലെ കൊടിക്കുത്ത് ഉത്സവം പ്രസിദ്ധമാണ്. 17 വർഷമായി കാഞ്ഞിരമറ്റം ഉറൂസിനോടനുബന്ധിച്ച് കച്ചവടം നടത്തുന്ന അരയൻകാവ് സ്വദേശി അനൂപ് അഷറഫ് പറയുന്നു: ‘‘അഞ്ചുലക്ഷം രൂപയ്ക്കുള്ള സാധനങ്ങൾ ഒരുവർഷമായി കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുകയാണ്. സീസൺ പ്രതീക്ഷിച്ചാണ് കഴിയുന്നത്. കഴിഞ്ഞ ജനുവരിയിൽ ഉറൂസ് നടന്നു. ഇക്കുറി കച്ചവടം പോയി. അടുത്തകൊല്ലത്തെ കാര്യം ഒരുറപ്പുമില്ല. മറിച്ചൊരു ജോലി ആലോചനയിലേ ഇല്ല. കാഞ്ഞിരമറ്റത്തെ കച്ചവടമാണ് ഒരുവർഷത്തേക്കുള്ള ലാഭം തന്നിരുന്നത്. കൂടെ നാലഞ്ച് പേരുണ്ട്. അവരും ദുരിതത്തിലാണ്.’’

പൂര സമ്പാദ്യം

തൃശ്ശൂർ പൂരം നടത്താനുള്ള ചെലവ് ദേവസ്വങ്ങൾ കണ്ടെത്തുന്നത് തേക്കിൻകാട് മൈതാനത്തെ പ്രദർശനത്തിലൂടെയാണ്. 200 സ്റ്റാളുകളാണ് പതിവ്. രണ്ടുകോടി രൂപയോളം ചെലവുവരുന്ന പൂരാഘോഷത്തിന്റെ വലിയൊരു പങ്ക് സ്റ്റാളിലെ ടിക്കറ്റ് വിൽപ്പനവഴി കിട്ടും. ഈ പണം വിവിധ വിഭാഗങ്ങളിലൂടെ പൊതുഇടത്തേക്ക് വിനിമയം ചെയ്യപ്പെടുന്നു.
പൂരത്തിന്റെ മൂന്ന് പന്തലുകൾ പണിയുന്നത് രണ്ടാഴ്ചകൊണ്ടാണ്. 30 തൊഴിലാളികൾ ഓരോ പന്തലിലും പണിക്കുണ്ടാകും. ദിവസം 1500 രൂപയെങ്കിലും ഓരോരുത്തർക്കും വേതനമായി കിട്ടും.
കരിമരുന്ന് നിർമാണം. ഇത് കരാറെടുത്തവരുടെ തൊഴിലാളികൾ ജൂൺ-ജൂലായ് മുതൽതന്നെ പ്രാഥമിക ജോലി തുടങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മരുന്ന് ഒരുക്കലിലേക്കു കടക്കും. ചുരുങ്ങിയത് അഞ്ചുമാസമെങ്കിലും ഓരോ കരാറുകാരനുമൊപ്പം 100 തൊഴിലാളികളുണ്ടാകും. ദിവസം 2000 രൂപവരെ വേതനം കിട്ടുന്നതാണിത്. 20 ലക്ഷം രൂപവരെയാണ് വെടിക്കെട്ട് തയ്യാറാക്കാൻ ചെലവ്. കൂലിയിനത്തിലാണ് ഇതിലേറെ വരിക.
100 ആനകൾക്ക് ഏക്കം കിട്ടുന്നു. രണ്ടു ദിവസത്തേക്ക് 70,000 രൂപമുതൽ ലക്ഷം രൂപവരെയാണ് തുക. ഇത് ആനയുടമകൾക്ക് മാത്രമല്ല, ജീവനക്കാർക്ക് ഉത്സവകാലം കഴിഞ്ഞ് ശമ്പളം നൽകാനുള്ള കരുതൽധനം കൂടിയാണ്. ആനത്തൊഴിലാളികൾക്ക് ശരാശരി 1500 രൂപ ദിവസവേതനം പൂരം നടത്തിപ്പുകാർ നൽകും. ഒരാനയ്ക്കൊപ്പം ശരാശരി രണ്ടുപേരാണെങ്കിൽ 200 പേരുടെ ജീവിതമാർഗം കണ്ടെത്തും. പിന്നെ ആനകൾക്ക് പട്ടനൽകി ജീവിക്കുന്നവർ. ഒരു പനമ്പട്ടയ്ക്ക് 125 രൂപയാണ് വില. ഒരാന ദിവസം 30 പനമ്പട്ടവരെ കഴിക്കും.
• വാദ്യക്കാർക്ക് തൃശ്ശൂർപ്പൂരത്തിന് പതിനായിരംമുതൽ രണ്ടര ലക്ഷം വരെയാണ് പ്രതിഫലം. മേളം, പഞ്ചവാദ്യം എന്നിവകളിലായി 400 കലാകാരന്മാർക്കാണ് അവസരം.
•  ഓരോ ദേവസ്വവും 50 സെറ്റ് കുടകൾ വരെയാണ് തയ്യാറാക്കുന്നത്. 30 പേർ ഓരോ ദേവസ്വത്തിനു കീഴിലും രണ്ടു മാസമെങ്കിലും
തുടർപ്രവൃത്തി ചെയ്യണം. 15,000 രൂപവരെ വിപണിവിലവരുന്ന കുടകൾ നിർമിക്കുമ്പോൾ പലർക്കും പാതിവർഷമെങ്കിലും ജീവിക്കാനുള്ള വഴിയാണ് തുറക്കുന്നത്.
പൂരപ്പറമ്പിലെ ഇതര കച്ചവടം. ബലൂൺ, കപ്പലണ്ടി മുതൽ കൗതുകവസ്തുക്കൾ വരെ വിൽക്കുന്നവർ.
തൃശ്ശൂർ ടൗണിലെ ഹോട്ടൽ, ലോഡ്ജ് അടക്കമുള്ള മേഖലകളിൽ പൂരക്കാലത്തെ നേട്ടം.

ചമയമഴിച്ചു; വെളിച്ചമണഞ്ഞു

പെരുന്നാൾ പറമ്പുകളിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരിപാടികളിലും ഒട്ടേറെ വേദികൾ കിട്ടിയിരുന്ന ചവിട്ടുനാടക സമിതികൾക്ക് ഒരുവർഷമായി കിട്ടിയത് പത്ത് വേദികൾ മാത്രമെന്ന് പള്ളിപ്പുറം സെയ്ന്റ് റോക്കീസ് നൃത്തകലാ സമിതിയിലെ അലക്സ് താളുപാടത്ത് പറയുന്നു. 2019-ലെ മികച്ച ചവിട്ടുനാടക കലാകാരനുള്ള ഫോക്‌ലോർ പുരസ്‌കാരം നേടിയ ആളാണ് അലക്സ്. തീരദേശത്തിന്റെ പ്രാചീന കലാരൂപമാണ് ചവിട്ടുനാടകം.
ഗോതുരത്ത്, പള്ളിപ്പുറം ഫോർട്ട് കൊച്ചി, കുമ്പളങ്ങി ഭാഗങ്ങളിലാണ് സമിതികൾ സജീവം. തൃശ്ശൂർ, എറണാകുളം ജില്ലകളിലെ തീരദേശ മേഖലയിലെ പള്ളിപ്പെരുന്നാളുകളിലാണ് പ്രധാനമായും അരങ്ങേറുന്നത്. ആലപ്പുഴ ജില്ലയിലെ തീരമേഖലയിലടക്കം 18 സമിതികളാണ് ചവിട്ടുനാടക രംഗത്തുള്ളത്. പത്തുമുതൽ 50 വരെ പേർ ഒരു സമിതിയിൽ സഹകരിക്കും. ചമയം, കർട്ടൻ, അലങ്കാരം പിൻപാട്ട്, വെളിച്ചം, ശബ്ദം തുടങ്ങിയ മേഖലകളിൽ ഉപജീവനം നടത്തിയിരുന്നവരും പട്ടിണിയിലായി.

നാളെ: വിശ്വാസികൾ നിലനിർത്തിയ ജീവിതം

തയ്യാറാക്കിയത്‌:  വിനോയ് മാത്യു, ജി.ബിജു, ടി.ആർ. രമ്യ, മനു എസ്.മേനോൻ, മിന്നു വേണുഗോപാൽ, ഫഹ്‌മി റഹ്‌മാനി, കെ.പി.ഷൗക്കത്തലി, എസ്‌. ശ്രീകല ഏകോപനം: കെ.ആർ.പ്രഹ്ളാദൻ