(എഴുത്തുകാരിയും സാഹിത്യ അക്കാദമി വൈസ്‌ പ്രസിഡന്റുമായ ലേഖിക കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ ​ഗൈനക്കോളജി ​െ​പ്രാഫസറായിരുന്നു )

എന്റെ ‘ബർസ’ എന്ന നോവൽ  2007-ൽ ഇറങ്ങിയപ്പോൾ മുതൽ, സ്ത്രീ ചേലാകർമം രഹസ്യമായി നടക്കുന്നുണ്ടെന്ന്  ചിലരൊക്കെ എഴുതുകയും സൂചിപ്പിക്കുകയും ഉണ്ടായി. ആ നോവലിൽ അതിന് വിധേയരായ സുഡാൻ വനിതകളെപ്പറ്റി പരാമർശിക്കുന്നുണ്ടല്ലോ. നാലുവർഷം മുൻപുവരെ, മലബാറിലെ എല്ലാ സാമൂഹിക വിഭാഗങ്ങളിലുംപെട്ട സ്ത്രീകളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ  കോളേജിലെ സ്ത്രീകളുടെ വിഭാഗത്തിൽ ജോലിചെയ്ത അനുഭവമുള്ളയാളാണ് ഈ  ലേഖിക.

ഒ.പി.യിൽ നേരിട്ടുവന്ന് രജിസ്‌ട്രേഷൻ ചെയ്ത് പരിശോധന നടത്തിപ്പോയവരോ അടിയന്തരപ്രാധാന്യത്തോടെ മറ്റ് ആസ്പത്രികളിൽനിന്ന് റഫർ ചെയ്യപ്പെട്ടവരോ വീടുകളിൽനിന്ന് അവശരായി എത്തിപ്പെടുന്ന ഗർഭിണികളായവരോ ഇത്തരം ചേലാകർമത്തിന് വിധേയരായവരായി കണ്ടിട്ടില്ല. മാത്രമല്ല, ബർസയിൽ ചിത്രീകരിച്ചിരുന്ന ചേലാകർമം എന്റെ സഹപ്രവർത്തകരായ ഡോക്ടർമാർക്ക് തികച്ചും അറിവുമാത്രമായിരുന്നുവെന്ന് ഓർക്കുന്നു.

ചേലാകർമത്തിന് താൻ വിധേയയായെന്ന് പ്രായപൂർത്തിയായശേഷം മനസ്സിലാക്കിയ യുവതിയുടെ ചിത്രവും വാർത്തയും കണ്ടപ്പോൾ അദ്ഭുതപ്പെട്ടു. അവളുടെ മാതാവും അത്തരമൊരു അംഗഭംഗത്തിന് വിധേയയായിരുന്നു എന്ന് എഴുതിക്കണ്ടു.

ആ പെൺകുട്ടി കേരളത്തിലെ ഏത് പ്രദേശക്കാരിയാണെന്ന് മനസ്സിലായില്ല. പിഞ്ചുവയസ്സിൽ, പെൺകുട്ടികൾക്ക് ചേലാകർമം നടത്തുന്ന ഒരു അപരിഷ്കൃതസമൂഹം ആരോഗ്യസംവിധാനങ്ങളുടെ കണ്ണിൽപ്പെടാതെ തങ്ങളുടെ ബാല്യകൗമാരങ്ങളും പ്രസവവും സ്ത്രീസംബന്ധിയായ രോഗങ്ങളുള്ള വാർധക്യവും എങ്ങനെ പിന്നിടുന്നു എന്നചിന്ത എന്നെ ഏറെ വിഷമിപ്പിച്ചു. മാതൃഭൂമി ലേഖകർ ഫോൺവഴി ബന്ധപ്പെട്ട് ഡോക്ടറോട് നേരിട്ട് ഉറപ്പുവരുത്തിയതിനാൽ ദാറുശിഫ മെഡിക്കൽ ഹെൽത്ത്‌കെയർ എന്ന യാഥാർഥ്യം ഇന്നുണ്ട്. കഴിഞ്ഞ കുറച്ചുവർഷങ്ങളായെങ്കിലും ഇത്തരം ഒരു ഗോത്രാചാരത്തെ കേരളത്തിലെ മതത്തിന്റെയും സദാചാര ഉത്കണ്ഠയുടെയും പേരിൽ മൂഢമായി വ്യാപകമാക്കുന്നുവെന്ന് സാരം. സ്വത്വസംരക്ഷണ തത്പരതയുടെ ഏറ്റവും ഹീനവും സ്ത്രീവിരുദ്ധവുമായ മുഖം എന്നേ ഇതിനെപ്പറ്റി പറയാനാകൂ. സ്വത്വബോധമുദ്രകൾ സ്ത്രീയുടെ വസ്ത്രധാരണരീതിയും ൈവദേശിക സാംസ്കാരിക അനുകരണങ്ങളും കടന്ന് അവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് കൂടി എത്തിച്ചേരുന്ന ഭീകരാവസ്ഥയെ എങ്ങനെ അപലപിക്കാതെയിരിക്കും.

പുരുഷചേലാകർമത്തിൽനിന്ന് വ്യത്യസ്തമാണ് സ്ത്രീയുടേത്. ആദ്യത്തേത് എളുപ്പം കഴിയുന്നതും രക്തസ്രാവം പോലെയുള്ള അപകടസാധ്യത കുറവുള്ളതും മെഡിക്കൽ ബുക്കുകളിൽ പ്രസ്താവിക്കുന്നതുപോലെ ആരോഗ്യകരമായി ഒരുപക്ഷേ, ചില ഗുണങ്ങൾ ഉള്ളതുമാണ്. ജൂതസമൂഹം അവരുടെ ഗോത്രാചാരമായി ചെയ്തുപോന്നിരുന്ന ഒന്നാണ് പുരുഷചേലാകർമം.

ശുചിത്വത്തിന് ഇന്നത്തെ കാലത്ത് ചേലാകർമം തന്നെ വേണമെന്നില്ലെന്നും അതുകൊണ്ട് ഒരു ആചാരമെന്നനിലയിൽ നിലനിർത്തിക്കൊണ്ടുപോകുന്ന അത് വ്യക്തിയുടെ അവകാശങ്ങളുടെ ലംഘനവും ശൈശവപീഡനവുമാണെന്ന് മുസ്‌ലിങ്ങൾക്കിടയിലെ ചെറിയവിഭാഗങ്ങൾ സംസാരിച്ചുതുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള പരിഷ്കൃതമായകാലത്താണ് ഏറെ അപകടകരവും വേദനാജനകവുമായ രീതിയിൽ സ്ത്രീയുടെ യോനീദളങ്ങൾ േഛദിച്ച് മാറ്റുന്ന കിരാതത്വത്തിലേക്ക് ഗൂഢസംഘം സ്ത്രീകളെ തെളിച്ചെത്തിക്കുന്നത്. സ്ത്രീകളുടെ ലൈംഗികസംതൃപ്തിക്കുറവ് അവരെ വരുതിയിൽ നിർത്തുമെന്നും പുരുഷന് കൂടുതൽ ലൈംഗികസംതൃപ്തി ലഭിക്കുമെന്നതും (!) ആണ് ഒരു ആണധികാരസമൂഹത്തിന് ഈ കാടത്തം സ്വീകാര്യമാകുന്നെങ്കിൽ കാരണമായി പറയാനാവുക.

എല്ലാ സ്ത്രീവിരുദ്ധ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരികെക്കൊണ്ടുവന്നിട്ടാണല്ലോ ഇന്ന് എല്ലാ മതസ്ഥരും തങ്ങളുടെ സാമൂഹിക രാഷ്ട്രീയാവസ്ഥകളെ നിലനിർത്താൻ കിണയുന്നത്. ‘ബർസ’യിൽ സുഹൃത്തായ അന്യപുരുഷനോടൊപ്പം സൗദിയിൽ സ്വകാര്യവാഹനത്തിൽ ഒന്നിച്ചു സഞ്ചരിക്കേണ്ടിവന്ന കഥാനായികയുടെ അനുഭവം ദശകങ്ങൾക്ക് ശേഷമുള്ള ഇന്ത്യയിൽ പുതുമയല്ലാതായിത്തീർന്നിരിക്കുകയാണല്ലോ. മതാതീതമായി സദാചാരഗുണ്ടകൾ അഴിഞ്ഞാടുന്ന ഇന്ത്യൻ തെരുവുകൾ സൗദിയിൽ കഴിഞ്ഞിരുന്നകാലത്ത് ഈ ലേഖികയുടെ വിദൂരഭാവനയിൽപ്പോലും ഉണ്ടായിരുന്നില്ല.

ആഫ്രിക്കൻ രാജ്യങ്ങളായ സുഡാൻ, സൊമാലിയ (അയാൻ ഹിർസി ആലി താൻ ഈ പീഡനത്തിന്‌ വിധേയയായവളാണ് എന്ന് എഴുതിയിട്ടുണ്ട്) എന്നിവിടങ്ങളിലും ഒരുപക്ഷേ, അപരിഷ്കൃതരായ ബദൂവിൻ അറബി സമൂഹങ്ങളിലേതില്ലെങ്കിലുമോ മാത്രം ഇന്ന് നിലനിൽക്കുന്ന സ്ത്രീ ചേലാകർമത്തെ മതാചാരമെന്നപേരിൽ നമ്മുടെ നാട്ടിലേക്ക് പറിച്ചുനടാൻ ശ്രമിക്കുന്നതിലുള്ള ചേതോവികാരമെന്തെന്നത് വിശകലനം അർഹിക്കുന്നുണ്ട്. മതത്തിന്റെ പേരിലെങ്കിൽ എന്ത് വന്യതകൾക്കും സ്ത്രീയെ വിധേയമാക്കാൻ എളുപ്പമാണെന്നത് പുരുഷന്റെ സ്വാർഥതാത്പര്യം മാത്രമാണോ, അതോ വ്യത്യസ്തതകളുടെ സ്വയംനിർമിത ഷെല്ലുകളിലേക്ക് ഒതുങ്ങി നിഗൂഢമായ ഐക്യപ്പെടലിന്റെ വിചിത്രസാധ്യതകൾ തേടലാണോ എന്നതും വിശകലനമർഹിക്കുന്നു.

ഏതായാലും ചില പ്രവണതകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജനാധിപത്യബോധമുള്ള ധാരാളം മനുഷ്യരടങ്ങിയ ഒരു വലിയ സമൂഹത്തെ മുഴുവൻ പ്രാകൃതസംസ്കാരത്തിന്റെ വക്താക്കൾ എന്ന് മുദ്രകുത്താനുള്ള ശ്രമങ്ങളെയും കരുതിയിരിക്കേണ്ടതുണ്ട്.

മുത്തലാഖ് പോലെയുള്ള വിഷയങ്ങളിലെ പരിഹാസ്യമായ കടുംപിടിത്തങ്ങളും തീവ്രവിശ്വാസത്തിന്റെ പേരിലുള്ള പ്രവർത്തനങ്ങളും ഇത്തരം മുദ്രചാർത്തലിന് ശക്തിപകരുന്നുണ്ട് എന്നുള്ളത് ഓർക്കേണ്ടതാണ്. ജനാധിപത്യ ആശയങ്ങളോട് ഐക്യപ്പെട്ടുകൊണ്ടും നിരന്തരം ആത്മപരിശോധന നടത്തിയും പരിഷ്കരിച്ചുംകൊണ്ടും മാത്രമേ പുതിയകാലത്തെ ഫാസിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാനുള്ള ആത്മശക്തി നേടാൻ ഇന്ത്യൻ മുസ്‌ലിമിന് ആകുകയുള്ളൂ.


കേരള സമൂഹത്തിന് അപമാനകരം

# കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ

പ്രാകൃതമായരീതിയിൽ സ്ത്രീകളെ ചേലാകർമത്തിന് വിധേയമാക്കുന്നത് കേരള സമൂഹത്തിന് അപമാനകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു.
  ഇതിനെതിരേ മുസ്‌ലിം സംഘടനകൾ രംഗത്തുവരണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. പൂക്കുഞ്ഞും സെക്രട്ടറി പി.എച്ച്. ഫൈസലും ആവശ്യപ്പെട്ടു. കേരളത്തിലെ മുസ്‌ലിങ്ങൾക്കിടയിൽ  ഇത്തരം പ്രാകൃത കർമത്തിനെതിരേ ബോധവത്‌കരണം അത്യാവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.


പണം കണ്ടെത്താനുള്ള മാർഗം മാത്രം

# ടി.പി. അബ്ദുള്ളക്കോയ മദനി | (പ്രസിഡന്റ് കെ.എൻ.എം.)

സ്ത്രീകളുടെ ചേലാകർമം ചിലർക്ക് പണം കണ്ടെത്താനുള്ള മാർഗം മാത്രമാണെന്ന് കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി പറഞ്ഞു.
 ഇത് തികച്ചും അനിസ്‌ലാമികമാണ്. മുസ്‌ലിങ്ങളാരും ഇതിനോട് യോജിക്കുന്നില്ല. മതങ്ങളെ ചൂഷണംചെയ്യുന്ന വർഗം എല്ലായിടത്തും എല്ലാ കാലത്തുമുണ്ട്. അതിലൊന്നും വിശ്വാസികൾ സ്വാധീനിക്കപ്പെടില്ല. കോഴിക്കോട്ട് അത്തരത്തിലുള്ള ക്ലിനിക്ക് പൂട്ടിയത് നല്ല കാര്യമാണ്.


ഇരകൾ പരാതി നൽകിയാൽ നടപടി-പോലീസ്

കോഴിക്കോട്ട് ചേലാകർമം നടന്നിരിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. മാതൃഭൂമി വാർത്തയെയും ക്ളിനിക്‌ നടത്തുന്ന ഡോക്ടറുടെ സംഭാഷണത്തിന്റെ ഓഡിയോയും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ സിറ്റിപോലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്. ഇത് ഡി.ജി.പി.ക്ക്‌ കൈമാറും.
ഇരകളാരും പരാതി നൽകാത്തതിനാൽ ക്രിമിനൽ കേസെടുക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളിലെ ചേലാകർമം നിയമംമൂലം നിരോധിച്ചിട്ടില്ലെങ്കിലും കേസെടുക്കാമെന്നാണ് പോലീസ് പറയുന്നത്.


നടപടി േവണം

# കേരള മഹിളാസംഘം

ശാസ്ത്രീയ, സാമൂഹിക അവബോധങ്ങളിൽ ഏറെ മുന്നാക്കം നിൽക്കുന്ന കേരളത്തിൽ സ്ത്രീകളെയും പെൺകുഞ്ഞുങ്ങളെയും ചേലാകർമത്തിന്‌ വിധേയരാക്കുന്നുവെന്ന ‘മാതൃഭൂമി’ വാർത്ത ഞെട്ടിക്കുന്നതാണെന്ന് സി.പി.ഐ.യുടെ വനിതാവിഭാഗമായ കേരള മഹിളാ സംഘം സംസ്ഥാനകമ്മിറ്റി.
  കൊച്ചു പെൺകുഞ്ഞുങ്ങളെയാണ് കൂടുതലും ഈ ദുരാചാരത്തിന്‌ വിധേയമാക്കുന്നത്.
   അനാരോഗ്യകരവും പ്രാകൃതവുമായ ഇത്തരം ദുരാചാരങ്ങൾക്ക്‌ കൂട്ടുനിന്ന കോഴിക്കോട്ടെ ക്ളിനിക്കൽ സ്ഥാപനത്തിലെ മുഴുവൻ ആളുകൾക്കുമെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. വസന്തം ആവശ്യപ്പെട്ടു.