പെൺ ചേലാകർമം: ക്രൂരം, പ്രാകൃതം

ഹീനമായ ആചാരം; ചെറുത്ത് ഇല്ലാതാക്കണം

# ആരിഫ് മുഹമ്മദ് ഖാൻ

നിരവധി തവണ കേന്ദ്രമന്ത്രിസ്ഥാനം വഹിച്ച വ്യക്തിയും പരിഷ്കരണ പ്രവർത്തകനും. ഷാ ബാനൊ കേസിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന്‌ രാജിവെച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. ഇപ്പോൾ യു.പി.യിലെ ബുലന്ദ്‌ഷെഹറിൽ ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കായി സമർപ്പൺ എന്ന സ്ഥാപനം നടത്തുന്നു

അത്യന്തം ഹീനമായ ആചാരമാണ് ചേലാകർമം. സംസ്കാരങ്ങളുടെ പിറവിക്കുമുമ്പുള്ള ഇരുണ്ടകാലത്തുള്ള ഒരു പ്രാകൃതരീതിയാണിത്. കേരളംപോലെ പ്രബുദ്ധമായ ഒരു പ്രദേശത്ത് ഇത് ചിലയിടങ്ങളിൽ നടക്കുന്നു എന്നത് ഞെട്ടിക്കുന്ന വിവരമാണ്. ആഫ്രിക്കയിലെ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഈ ദുരാചാരം നടന്നുവരുന്നതായി അറിയാം. നിർഭാഗ്യവശാൽ  ഇന്ത്യയിലെ ചില സമൂഹങ്ങൾക്കിടയിലും ഇത്‌ നടക്കുന്നുണ്ട്. ഇതിന് മതപരമായ വ്യാഖ്യാനങ്ങൾ നൽകുന്നത് അങ്ങേയറ്റം അപലപനീയമാണ്. അങ്ങനെ ചെയ്യുന്നവർ  മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഞാൻ പറയും. സ്ത്രീകളുടെ മൗലികമായ അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണ് ഈ പ്രവൃത്തി. ഇത്തരം ആചാരങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് സാംസ്കാരിക സമൂഹത്തിന്റെ കടമയാണ്. ഒരു പെൺകുട്ടിപോലും ഇത്തരത്തിൽ അപമാനിക്കപ്പെടുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കണം. ഇതിനോട് ഒരു വിട്ടുവീഴ്ചയും പാടില്ല. ഇത്തരമൊരു ദുരാചാരത്തെ മാതൃഭൂമി വെളിച്ചത്ത്‌ കൊണ്ടുവന്നതിൽ ഏറെ സന്തോഷിക്കുന്നു.


ക്ലിനിക്ക്‌ അനധികൃതം; പൂട്ടാൻ കോർപ്പറേഷൻ നോട്ടീസ്
സ്ത്രീകളുടെ ചേലാകർമം നടത്തിയ സൗത്ത് ബീച്ചിലെ ദാറുശിഫ ക്ലിനിക്ക്‌ പ്രവർത്തിച്ചത് ലൈസൻസില്ലാതെ. ക്ലിനിക്ക്‌ അടച്ചുപൂട്ടി 24 മണിക്കൂറിനകം ഒഴിഞ്ഞുപോവാൻ കോർപ്പറേഷൻ  നോട്ടീസ് നൽകി. കോർപ്പറേഷന്റെ ലൈസൻസോ ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതിയോ  ക്ലിനിക്കിനില്ലെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു.

ഡി.ആൻഡ്.ഒ. ലൈസൻസുമില്ല. വീട്ടിലാണ് ക്ലിനിക്ക്‌ നടത്തുന്നത്. സുന്നത്തുപോലുള്ള  കാര്യങ്ങൾ നടത്തുന്നത് ക്ലിനിക്കിനായി നിർമിച്ച കെട്ടിടത്തിലാവണം. ഇതൊന്നുമില്ലാതെ വൃത്തിഹീനമായ ചുറ്റുപാടിലാണ് വർഷങ്ങളായി ക്ലിനിക്ക് പ്രവർത്തിച്ചത്. നിലമ്പൂർ താലൂക്ക് ആസ്പത്രിയിൽനിന്ന് സൂപ്രണ്ടായി വിരമിച്ചയാളാണ് ക്ലിനിക്കിന്റെ ഉടമ ഡോ. സിദ്ദിഖ് ഹസൻ. നിയമങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ലംഘിക്കുകയായിരുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥാപനത്തിനെതിരേ  സാമൂഹിക പ്രവർത്തക വി.പി. സുഹറയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് എസ്. മഹേഷ്‌കുമാറിന് സ്ത്രീകൾ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. സിറ്റി സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ കെ.പി. അബ്ദുൾ റസാഖിനാണ് അന്വേഷണച്ചുമതല. ടൗൺ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് സിദ്ദിഖ് ഹസന്റെ മൊഴിയെടുത്തു.  

സ്ത്രീകളുടെ ചേലാകർമം സംബന്ധിച്ച്  രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട് കമ്മിഷണർക്ക് കൈമാറി. വിഷയത്തിൽ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.


നിയമപരമായി നടപടി സ്വീകരിക്കണം

# രമേശ് ചെന്നിത്തല

ചേലാകർമം പോലുള്ള അന്ധവിശ്വാസങ്ങളും ആചാരങ്ങളും തുടച്ചുനീക്കണം. വളരെ പ്രാകൃതമായ കാര്യമാണത്. മതപരമായി യാതൊരു ബന്ധവുമില്ല.  ഈ കാലത്തും ഇത്തരം കാര്യങ്ങൾ നടക്കുന്നുവെന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ നിയമപരമായി നടപടി സ്വീകരിക്കണം.


ദുരാചാരങ്ങൾക്കെതിരേ ഒന്നിക്കണം

# മന്ത്രി കെ.ടി. ജലീൽ

ചേലാകർമം സാമുദായിക വിഷയമല്ല.  ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതാണത്. എല്ലാ സമുദായവും സംഘടിച്ച് ഇത്തരം ദുരാചാരങ്ങൾക്കെതിരേ പ്രവർത്തിക്കണം.       ചേലാകർമം ഇല്ലാതാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകും.


ഒറ്റക്കെട്ടായി നേരിടണം

# ഡോ. എ.എം. അബ്ദുൽ മജീദ് സലാഹി, സംസ്ഥാന പ്രസിഡന്റ്‌ ഐ.എസ്.എം.

സ്ത്രീകളിലെ ചേലാകർമം ഇസ്‌ലാമിക ലോകത്തിന് പരിചയമില്ലാത്തതാണ്. ഇത് ആഫ്രിക്കയിലെ ചില ഗോത്രവർഗങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുന്നതാണ്. ഇല്ലാത്ത കാര്യത്തെ പുനരാനയിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം. മഹല്ലുകളാണ് ഇത്തരം കാര്യങ്ങളിൽ ജാഗ്രതപുലർത്തേണ്ടത്. മതവുമായ് ഇതിനൊരു ബന്ധവുമില്ല.


സ്ത്രീയോട് കാട്ടുന്ന നിന്ദ

# സുഗതകുമാരി

സ്ത്രീയോട് കാട്ടുന്ന ഏറ്റവും കൊടിയ നിന്ദയാണ് ചേലാകർമം. ചില ആഫ്രിക്കൻ ഗോത്രവർഗക്കാർക്കിടയിലും തീവ്രവിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ചില വിദേശരാജ്യങ്ങളിലും ചേലാകർമം ചെയ്യാറുണ്ടെന്ന് വായിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിലും ഇത് നടക്കുന്നുവെന്നത് എന്നെപ്പോലുള്ളവരെ ഞെട്ടിക്കുന്നു. ഈ കർമത്തിന് മുതിരുന്ന ഇരുട്ടിലാഴ്ന്നുകിടക്കുന്ന അന്ധവിശ്വാസികളെ ബോധവത്കരിക്കണം.  ഈ ഏർപ്പാട് കർശനമായി നിരോധിക്കണം. രഹസ്യമായി ഇത് നടപ്പാക്കുന്നവരെ കഠിനമായി ശിക്ഷിക്കണം. സർക്കാർ ചെയ്യേണ്ടതിപ്പോൾ ഇതാണ്.