ഫാ. ജോൺ പുതുവമനസ്സാക്ഷിയെ നടുക്കിയ ക്രൂരകൃത്യം നടത്തിയ നിർഭയക്കേസ് കുറ്റവാളികളെ നിയമം തൂക്കിലേറ്റിക്കഴിഞ്ഞു. താൻ നേരിൽക്കണ്ടു സംസാരിക്കാൻ ശ്രമിച്ച അവരെക്കുറിച്ചോർക്കുകയാണ് ഫാ. ജോൺ പുതുവ. 
‘പ്രിസൺ മിനിസ്ട്രി’ എന്ന സന്നദ്ധസംഘടനയ്ക്കുവേണ്ടി തിഹാർ ജയിലിൽ പ്രവർത്തിക്കുന്നകാലത്താണ് നിർഭയ പ്രതികളെ അടുത്തറിയാൻ ഫാ. പുതുവ ശ്രമിച്ചത്. കനത്തസുരക്ഷയാണ് പ്രതികൾക്കായി ജയിലിൽ ഒരുക്കിയിരുന്നത്. ജയിലിലെ ജീവനക്കാർക്കുപോലും അവരെ കാണാൻ അനുമതിയുണ്ടായിരുന്നില്ല. പ്രതികളെ കോടതിയിൽ കൊണ്ടുപോകാനായി സെല്ലിൽ നിന്നിറക്കുമ്പോൾ മാത്രമേ തനിക്കും കാണാൻ സാധിച്ചിരുന്നുള്ളൂവെന്ന് ഫാ. പുതുവ പറഞ്ഞു.  

“അവസരം ലഭിച്ചപ്പോഴെല്ലാം അടുത്തുചെന്ന് സംസാരിക്കാൻ ശ്രമിച്ചു. പക്ഷേ, അവർ അതിനു തയ്യാറായില്ല. എപ്പോഴും മുഖംകുനിച്ച് നടക്കും. കുറ്റംചെയ്തതിൽ അവർക്ക് കുറ്റബോധമുള്ളതുപോലെയാണ് തോന്നിയത്” -അദ്ദേഹം പറഞ്ഞു.   

തടവുകാർക്കിടയിലും നിർഭയ പ്രതികളോട് കടുത്ത രോഷമായിരുന്നു. പെൺകുട്ടിയെ അതിക്രൂരമായി ഉപദ്രവിച്ച പ്രതികളെ കൊന്നുകളയണമെന്നാണ് ജയിലിൽ ‘പ്രിസൺ മിനിസ്ട്രി’ നടത്തിയ പരിപാടിക്കിടെ തടവുകാർ പറഞ്ഞത്. അതിൽ പലരും ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണെന്നതു മറ്റൊരു കാര്യം.  

പിന്നീട്, പ്രതികളുടെ വീട്ടിൽപോയി കുടുംബാംഗങ്ങളെ കാണാൻ തീരുമാനിച്ചു. ഒരാളുടെ വീട്ടിൽ പോകാനേ കഴിഞ്ഞുള്ളൂ. അവർപോലും ആദ്യം വാതിലടയ്ക്കുകയാണുണ്ടായത്. നിർഭയസംഭവം കാരണം വീട്ടുകാർക്കും കോളനിക്കാർക്കുമെല്ലാം ചീത്തപ്പേരായെന്ന തോന്നലാകാം കാരണം. ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്ക് തക്കതായ ശിക്ഷതന്നെ ലഭിക്കണം. എന്നാൽ വധശിക്ഷയോടു യോജിക്കാൻ പ്രയാസമാണെന്ന് ഇപ്പോൾ കാലടി സെയ്ന്റ് ജോർജ് പള്ളിയിൽ വികാരിയായ ഫാ. പുതുവ പറയുന്നു. “ദൈവം തന്ന ദാനമാണ് ജീവൻ. അതെടുക്കാൻ മറ്റാർക്കും അവകാശമില്ല.”  

2013 മുതൽ 2015 വരെ ഡൽഹിയിൽ പ്രവർത്തിച്ച ഫാ. പുതുവയ്ക്ക് തിഹാർ ജയിലിൽ പല പ്രമുഖരുമായും ഇടപഴകാൻ സാധിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സഹാര മേധാവി സുബ്രതോ റോയ്, ഹരിയാണ മുൻമുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല, ക്രിക്കറ്റ് താരം ശ്രീശാന്ത് തുടങ്ങിയവരെയും ജയിലിൽവെച്ചു കണ്ടു.  

ബി.ജെ.പി. നേതാവ് നിതിൻ ഗഡ്കരി നൽകിയ മാനനഷ്ടക്കേസിൽ ബോണ്ട് തുക കെട്ടിവെക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കെജ്‌രിവാൾ ആറുദിവസം ജയിലിൽ കിടന്നത്. കാണുമ്പോഴെല്ലാം അദ്ദേഹം പുസ്തകങ്ങളും വായിച്ചിരിക്കുകയായിരുന്നു. അഴിമതിക്കേസിൽ ജയിലിലെത്തിയ ചൗട്ടാലയാവട്ടെ തീരെ അവശനായിരുന്നു. നിക്ഷേപകരെ വഞ്ചിച്ച കേസിൽ ശിക്ഷയനുഭവിച്ചിരുന്ന സുബ്രതോ റോയിക്കും തന്നോടു സൗഹൃദമായിരുന്നെന്ന് ഫാ. പുതുവ പറഞ്ഞു. 

Content Highlights: Feeling guilty, he walked with bowed head, Nirbhaya Case