ഒരു ചെറുപ്പക്കാരൻ കാൻസർ രോഗനിർണയം കഴിഞ്ഞ് പത്തുദിവസത്തിനുള്ളിൽ മരിച്ചു. മരണവീട്ടിലെ സന്ദർശകമുറിയിലെ ആൾക്കൂട്ടത്തിനിടയിൽനിന്ന് കേട്ടതിങ്ങനെ: ‘രണ്ടുദിവസം ഐ.സി.യു.വിൽ കിടക്കുകപോലുമുണ്ടായില്ല.’ വാർധക്യത്തിൽ അവനവൻ സൂക്ഷിക്കേണ്ട കാര്യങ്ങളെപ്പറ്റി സാമൂഹികമാധ്യമത്തിൽക്കണ്ട ലേഖനത്തിലെ വരി: ‘വയസ്സുകാലത്ത് ബന്ധുക്കൾ നോക്കുമെന്നൊന്നും പ്രതീക്ഷിക്കണ്ട. ഏതെങ്കിലും ഐ.സി.യു.വിലെ നഴ്‌സായിരിക്കും നിങ്ങളെ പരിചരിക്കുന്നത്.’ ഒരു തലമുറയ്ക്കുള്ളിൽ മരണത്തെപ്പറ്റിയുള്ള നമ്മുടെ സങ്കല്പം എത്ര മാറിപ്പോയി! ഐ.സി.യൂണിറ്റിലെ മരണമാണ് ശരാശരി മരണം എന്നൊരു അവബോധം നാം ഉൾക്കൊണ്ടുകഴിഞ്ഞു. ഇതെങ്ങനെയുണ്ടായി, ഇതാണോ വേണ്ടത്, ഇങ്ങനെ ചെയ്യുന്നതാണോ വൈദ്യശാസ്ത്രത്തിലെ നൈതികത എന്നൊക്കെ ആലോചിക്കണം.
1980-കൾവരെ കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള വെന്റിലേറ്ററുകൾ അത്ര പ്രചാരത്തിലുണ്ടായിരുന്നില്ല. സങ്കീർണമായ ശസ്ത്രക്രിയകൾ കഴിഞ്ഞോ പല രോഗാവസ്ഥകളിലും ഹ്രസ്വകാലത്തേക്ക് രോഗിയെ ചികിത്സിച്ച് സാധാരണനിലയിലേക്ക് തിരിച്ചെത്തിക്കാനോ ഉള്ള ഒരുപാധിയായിരുന്നു അന്ന് വെന്റിലേറ്റർ. തൊണ്ണൂറുകളിലും പുതിയ നൂറ്റാണ്ടിലുമായി മരണം കൂടുതൽ വെന്റിലേറ്ററിലായി; പ്രത്യേകിച്ചും ഭാരതത്തിൽ. പാശ്ചാത്യരാജ്യങ്ങളിൽ വൈദ്യശാസ്ത്രം ഇങ്ങനെ ചെയ്യുന്നത് കുറവാണെന്ന് പ്രത്യേകം ഓർക്കണം. പശ്ചിമ യൂറോപ്പിലെയും യു.എസിലെയും പഠനങ്ങൾ കാണിക്കുന്നത്, മരണം അനിവാര്യമെന്നുതോന്നുന്ന അവസരത്തിൽ കൃത്രിമ മാർഗങ്ങൾ ഉപേക്ഷിച്ച് പകരം പാലിയേറ്റീവ് കെയർ നൽകുന്നത് അറുപതുമുതൽ എഴുപത്തഞ്ചുശതമാനംവരെ ആളുകളിലും സംഭവിക്കുന്നു എന്നതാണ്. ഇവിടെ ഭാരതത്തിലോ? ഏതാണ്ട് ഇരുപത്തിരണ്ട് ശതമാനം ആളുകൾക്കുമാത്രമാണ് രോഗം മാറുകയില്ലെന്ന് ഉറപ്പായാൽ കൃത്രിമോപാധികൾ ഉപേക്ഷിക്കുന്നുള്ളൂ. എന്തൊരു വൈരുധ്യം!
ഇതിന്റെ ദൂഷ്യവശങ്ങൾ പലതാണ്. രോഗിക്ക് അവസാനനാളുകളിൽ അല്‌പമെങ്കിലും ശാന്തിയും സമാധാനവും കിട്ടുക വേണ്ടപ്പെട്ടവരുടെ സ്നേഹവും പരിചരണവും കിട്ടുമ്പോഴാണ്. ഒരു സ്നേഹസന്ദേശം, ഒരു ചുംബനം, തൊണ്ടയിലേക്ക് ഇറ്റിക്കുന്ന നാലുതുള്ളി വെള്ളം, ഇതിനൊക്കെമാത്രം പ്രസക്തിയുള്ള അവസരത്തിൽ പകരം നൽകുന്നത് കൊടിയ വേദനയും ഒറ്റപ്പെടലും. സർവദ്വാരങ്ങളിലും കടത്തിയ കുഴലുകൾ വലിച്ചുകളയാതിരിക്കാൻ കൈയും കാലും ബന്ധനസ്ഥനാക്കപ്പെട്ട നിലയിൽ തൊണ്ടയിലിറക്കിയ ട്യൂബിന്റെ വേദനയും ഇടയ്ക്ക് അതിൽനിന്ന് കഫം പുറത്തെടുക്കാൻ ഉപയോഗിക്കുന്ന കുഴൽ നൽകുന്ന, അന്നേവരെ അനുഭവിക്കാത്ത കൊടിയ വേദനയും. ജയിലധികൃതർക്കുപകരം മുഖംമൂടിധരിച്ച അപരിചിതർമാത്രമുള്ള അന്തരീക്ഷത്തിൽ യന്ത്രങ്ങൾകൊണ്ട് ദിവസങ്ങളോ ആഴ്ചകളോ എന്തിന് മാസങ്ങളോപോലും വലിച്ചുനീട്ടപ്പെടുന്ന ശിഷ്ടജീവിതത്തിൽ ഓരോ നിമിഷവും ദുരിതമനുഭവിച്ച് ഇഞ്ചിഞ്ചായി മരിക്കേണ്ടിവരിക.
ഒരൊറ്റ വർഷം ഭാരതത്തിൽ ചികിത്സച്ചെലവുകൊണ്ട് ദാരിദ്ര്യരേഖയ്ക്കുതാഴെ പോകുന്നവരുടെ എണ്ണം അഞ്ചരക്കോടിയിലേറെയാണ് എന്നതും ഇതോട് ചേർത്തുവായിക്കണം.ആലോചിച്ചാൽ വിചിത്രമായൊരു വൈരുധ്യം! ഇത്തരം കൊടിയ വേദന അതിദരിദ്രർക്ക് അനുഭവിക്കേണ്ടിവരുന്നില്ല. ഒരല്പം മനുഷ്യത്വത്തോടുകൂടിയ മരണം അവർക്കുകിട്ടും.വൈദ്യശാസ്ത്രത്തിന്റെ കടമ എന്തെന്ന് വ്യക്തമാകാത്ത സാഹചര്യമാണ് ഇതിലേക്ക് വഴിതെളിച്ചത്. അല്പം വൈകിയിട്ടാണെങ്കിലും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 2018-ലെ മാർഗരേഖയിൽ പറയുന്നത്, ‘ഡോക്ടറുടെ ധർമം ദുരിതനിവാരണമാണ്. പറ്റുമ്പോൾ രോഗം മാറ്റുകയും കഴിയുമ്പോഴൊക്കെ രോഗസംബന്ധമായ കഷ്ടപ്പാട് ചികിത്സിക്കുകയും എപ്പോഴും സമാശ്വസിപ്പിക്കുകയുമാണ്; ഈ തത്ത്വം ബാധകമല്ലാത്ത ഒരവസരവുമില്ല’. മെഡിക്കൽ കോളേജ് ലൈബ്രറികളുടെ ഒരു മൂലയിൽ ഇത് കിടക്കുന്നുണ്ടാവും.എങ്ങനെയെങ്കിലും ജീവിതം ആകുന്നിടത്തോളം വലിച്ചുനീട്ടുകയാണ് തങ്ങളുടെ ധർമമെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു.
രോഗം ബാധിച്ചുകഴിഞ്ഞ് മരണപ്പെടുന്നതുവരെയുള്ള സമയം, കുടുംബാംഗങ്ങൾക്ക് ഉറ്റവരെ നഷ്ടപ്പെടുന്നതുമായി പൊരുത്തപ്പെടാൻ വിലയേറിയ അവസരമാണ്. അത് നിഷേധിക്കപ്പെടുമ്പോൾ വിഷാദം രോഗാവസ്ഥയിലേക്ക് പോകുന്നത് സാധാരണമത്രേ. അടുത്ത തലമുറയ്ക്കുപോലും മനസ്സിൽ ഉണങ്ങാത്ത വ്രണങ്ങൾ അവശേഷിക്കാൻ ഇത് കാരണമാകുന്നു.മരണം നമുക്ക് അപരിചിതമായ ഒന്നായിപ്പോയി എന്നതാണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം. രണ്ടുതലമുറ മുമ്പ് അങ്ങനെയായിരുന്നില്ല. കുട്ടിക്കാലത്തുതന്നെ എല്ലാവരും മരണം കണ്ടുവളർന്നു; അത് ജീവിതത്തിന്റെ അനിവാര്യഅന്ത്യമാണെന്ന് ആരും പഠിപ്പിക്കാതെ പഠിച്ചുവളർന്നു. ഇന്നങ്ങനെയല്ല. അണുകുടുംബങ്ങളിൽ കുട്ടികൾ മരണം കാണുന്നില്ല. മരണം പണ്ടത്തെക്കാൾ എത്രയോ കൂടുതൽ ഭീതിദമായ, അപരിചിതമായ ഒരു കാര്യമായി മാറി.2004 ഓഗസ്റ്റ് 24-ന് അന്തരിച്ച അമേരിക്കൻ മാനസികരോഗവിദഗ്ധ ഡോ. എലിസബത്ത് കുബ്ലർ റോസിന്റെ പഠനങ്ങൾ പ്രസിദ്ധമാണ്. അവരുടെ ഇരുപതോളം പുസ്തകങ്ങൾ മരണവേളയുമായി ബന്ധപ്പെട്ടതാണ്. അതിൽ ഏറ്റവും അറിയപ്പെടുന്നതത്രേ ‘മരണവും മരണവേളയും’.
പാശ്ചാത്യരാജ്യങ്ങളിൽ നമ്മുടെ നാട്ടിലെയത്ര മരണത്തിൽനിന്നുള്ള ഒളിച്ചോട്ടമില്ലാത്തത് എലിസബത്ത് കുബ്ലർ റോസിന്റെ വിലയേറിയ ബൗദ്ധികസംഭാവനകൊണ്ടാണ്. കോവിഡ് കാലത്ത് മരണം നമ്മുടെ ചിന്താമണ്ഡലത്തിന്റെ ഉപരിതലത്തിലുണ്ട്. നമ്മൾ എത്രയൊക്കെ ഒഴിവാക്കാൻ ശ്രമിച്ചാലും ഇടയ്ക്ക് അത് കടന്നുവരും. ഉള്ളിലുള്ള വിചാരങ്ങളും വികാരങ്ങളും കുടുംബാംഗങ്ങൾ തമ്മിലോ സമൂഹത്തിൽ പൊതുവെയോ പങ്കുവെക്കപ്പെടുമ്പോഴേ മരിക്കുന്നവരോട് ഇന്നുനാം കാട്ടുന്ന ക്രൂരത അവസാനിക്കൂ.
(പാലിയം ഇന്ത്യയുടെ ചെയർമാനും ലോകാരോഗ്യസംഘടനയുടെ കൊളാബറേറ്റിക് സെന്റർ ഡയറക്ടറും യു.എസ് കേന്ദ്രമായ എലിസബത്ത് കുബ്ലർ റോസ് ഫൗണ്ടേഷന്റെ ഭരണസമിതി അംഗവുമാണ് ലേഖകൻ)