featureതിരുവനന്തപുരം വനിതാജയിൽ വെൽഫെയർ ഓഫീസറുടെ മുറിയിലേക്ക് കയറിച്ചെല്ലുമ്പോൾ അന്നത്തെ പത്രങ്ങളിൽനിന്ന്‌ ‘ഹാനികരമായ’ വാർത്തകൾ വെട്ടിമാറ്റുന്ന തിരക്കിലായിരുന്നു അവർ. ജയിലിൽവെച്ച് മരണമടഞ്ഞ സ്റ്റാൻസ്വാമിക്ക്‌ നീതി നിഷേധിക്കപ്പെട്ടെന്നാരോപിച്ച് വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സത്യാഗ്രഹം, അനന്തുവെന്ന കാമുകൻ ബന്ധുക്കളുടെ സൃഷ്ടിയാണെന്ന് അറിയാതെ രേഷ്മ, സ്വപ്നാനായരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും തുടങ്ങിയ വാർത്തകൾക്കുമേൽ കത്രിക വീണിരിക്കുന്നു. തങ്ങളെക്കുറിച്ച് പൊതുമാധ്യമങ്ങൾ ചർച്ചചെയ്യുന്നതും ലോകം അറിയുന്നതും തടവുകാരെ വലിയ മാനസികാഘാതത്തിലേക്കാണ് നയിക്കുക എന്ന് വെൽഫെയർ ഓഫീസർ. 
നിസ്സഹായതയും നിയമക്കുരുക്കും
ജയിലിലകപ്പെട്ടവർക്ക് നിയമസഹായം ലഭ്യമാക്കുന്ന സംഘടനകളുമായി നിരന്തരബന്ധം പുലർത്തുന്നുണ്ട് വനിതാജയിലുകൾ. അമ്മയ്ക്കൊപ്പം അകപ്പെട്ടവരെ കഴിയുന്നതുംവേഗം സമൂഹത്തിലേക്കുതന്നെ തിരികെ അയക്കാനുള്ള ശ്രമങ്ങൾ നടത്തുക, സ്വന്തമായി കേസ് നടത്താൻ ശേഷിയില്ലാത്തവർക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായം ലഭ്യമാക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ ആശ്രയിച്ചിരിക്കുന്നത് അമ്മചെയ്ത കുറ്റത്തിന്റെ കാഠിന്യമനുസരിച്ചാണ്. 
ആദ്യമായി ജയിലിലെത്തുമ്പോൾ
ആദ്യമായി ജയിലിലെത്തുമ്പോൾ അനുഭവപ്പെടുന്ന ഭയവും അരക്ഷിതാവസ്ഥയും മാനസികപിരിമുറുക്കങ്ങളും ഇല്ലാതാക്കാനും ജയിൽ എന്ന സംവിധാനവുമായി സമരസത്തിലെത്താൻ തടവുകാരിയെ സഹായിക്കുന്നതിനുമാണ് അധികൃതർ പ്രഥമപരിഗണന കൊടുക്കുന്നത്. തടവിലാകുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺമുഖേനയും ആഴ്ചയിൽ ഒരുതവണ വീഡിയോ കോൾ മുഖേനയും വീട്ടുകാരുമായി ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്. ശിക്ഷകഴിയുമ്പോൾ നിരന്തരമായ കൗൺസലിങ്ങുകളിലൂടെയാണ് അമ്മയെയും മക്കളെയും ഒന്നിപ്പിക്കുന്നത്. തടവിൽ കഴിഞ്ഞ പുരുഷന്മാർ പുറത്തിറങ്ങുമ്പോൾ നേരിടുന്നതിനെക്കാൾ വലിയ വെല്ലുവിളിയാണ് തടവുകാരിക്ക് കുടുംബവുമായുള്ള പുനഃസമാഗമം.
ശീലിക്കണം, മെൻസ്ട്രൽ കപ്പുകൾ
വ്യക്തിശുചിത്വവും ആരോഗ്യവും സംരക്ഷിക്കുന്നതിനായി, ആർത്തവകാലം അസ്വസ്ഥതകൾ നിറഞ്ഞതാവാതിരിക്കാൻ വനിതാജയിലുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. എളുപ്പം ഉപയോഗിക്കാവുന്നതും മലിനീകരണം ഒട്ടും ഇല്ലാത്തതുമായ മെൻസ്ട്രൽ കപ്പുകൾ തടവുകാരികൾക്ക് സർക്കാർ െചലവിൽ വിതരണംചെയ്യുകയും അവയുടെ ഉപയോഗത്തെക്കുറിച്ച് ബോധവതികളാക്കുകയും വേണം. 
വിദ്യാഭ്യാസത്തോടൊപ്പം നിയമാവബോധവും
പ്രാഥമിക വിദ്യാഭ്യാസതലംമുതൽതന്നെ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചും അവ ലംഘിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം വളർത്തേണ്ടതുണ്ട്. അന്യന്റെ ജീവനെയും സ്വത്തിനെയും അഭിമാനത്തെയും ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം ഓരോ പൗരനിലും നിക്ഷിപ്തമാണെന്ന അവബോധമാണ് വിദ്യാഭ്യാസത്തിലൂടെ നൽകേണ്ടത്. 
സജീവമാകണം, തുടർവിദ്യാഭ്യാസ പദ്ധതികൾ
കണ്ണൂർ സെൻട്രൽജയിലിലെ അന്തേവാസികൾക്കായി ഇംഗ്ലീഷ് സ്പീക്കിങ് കോഴ്‌സ്, കൃഷ്ണമേനോൻ മെമ്മോറിയൽ കോളേജിലെ ഇംഗ്ലീഷ്‌വിഭാഗം തുടങ്ങിയ വാർത്ത ശ്രദ്ധേയമാണ്. പരമ്പരാഗതരീതിയിലുള്ള തൊഴിലധിഷ്ഠിതകോഴ്‌സുകൾക്കുപുറമേ വർത്തമാനകാല ജീവിതത്തിനുതകുന്ന കോഴ്‌സുകളും അന്തേവാസികൾക്ക് ലഭ്യമാക്കണം. എഴുത്ത്, വായന, സംസ്കാരം എന്നിവയിലേക്ക് അന്തേവാസികളുടെ ശ്രദ്ധതിരിക്കുകയും മെച്ചപ്പെട്ട ജീവിതസാഹചര്യത്തിലേക്ക് അവരെ കൈപിടിച്ചുനടത്തുകയും ചെയ്യേണ്ടതുണ്ട്. 

സുരക്ഷിതരാണ് കുഞ്ഞുങ്ങൾ; അമ്മയും
കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ കുടുംബം തയ്യാറല്ലെങ്കിൽ സർക്കാർ സംവിധാനങ്ങളിൽ അവർ സുരക്ഷിതരാണ് എന്ന വിശ്വാസം അമ്മത്തടവുകാരിലുളവാക്കേണ്ടതുണ്ട്. ബാലഭവനുകളിൽ കഴിയുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നുണ്ടെന്ന് തടവിൽക്കഴിയുന്ന അമ്മയ്ക്ക് ബോധ്യപ്പെടണം. കുഞ്ഞ് അമ്മയെ കാണണമെന്ന് ആവശ്യപ്പെടുമ്പോൾ ജയിൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് കാണാനുള്ള സൗകര്യം കുഞ്ഞിന് ഒരുക്കിക്കൊടുക്കണം. ശിക്ഷാകാലാവധി കഴിഞ്ഞിറങ്ങുന്ന അമ്മയ്ക്കും കുഞ്ഞിനും ഒന്നിച്ചുകഴിയാനുള്ള സാഹചര്യമില്ലെങ്കിൽ അമ്മയ്ക്ക്‌ മഹിളാമന്ദിരത്തിലും കുഞ്ഞിന് ബാലഭവനിലും തുടരാം. 

അറിവില്ലായ്മയ്ക്ക് നിയമത്തിനുമുന്നിൽ  ഇളവില്ല 
കേരളത്തിലെ വനിതാജയിലുകളിലും ജില്ലാജയിലുകളിലുമായി ശിക്ഷയിലും വിചാരണയിലുമായി കഴിയുന്ന സ്ത്രീകളുടെ എണ്ണം അഞ്ചുവർഷമായി ഇരുനൂറ്റി അമ്പതിൽ കവിഞ്ഞിട്ടില്ല. അവരിൽത്തന്നെ മുപ്പതുശതമാനം പേർ അന്യസംസ്ഥാനക്കാരും വിദേശികളുമാണ്. കുറ്റം ചെയ്യുന്നവർ നിയമവിധേയമായി ശിക്ഷിക്കപ്പെടും. സമൂഹത്തിൽ നിയമാവബോധം വളർത്തിയെടുക്കുക എന്നതിലാണ് ജാഗ്രത കാണിക്കേണ്ടത്; പ്രത്യേകിച്ചും, ആദിവാസികളിലും മറ്റ് ഗോത്രവിഭാഗങ്ങളിലും. അറിവില്ലായ്മ നിയമത്തിനുമുന്നിൽ ഒഴികഴിവല്ല.
-ഋഷിരാജ് സിങ്

ധൃതികൂട്ടണോ തടവിലിടാൻ
ആദ്യമായി കുറ്റകൃത്യത്തിൽ പെട്ടുപോകുന്നവരെ, പ്രത്യേകിച്ചും അമ്മമാരാണെങ്കിൽ, നേരിട്ട് തടവിലാക്കാതെ നല്ലനടപ്പിനുവിടുക എന്ന പരിഗണന കോടതിക്ക് കൈക്കൊള്ളാം. കുറ്റകൃത്യങ്ങളിൽപെട്ടുപോകുന്ന വനിതകളുടെ കേസുകൾ രജിസ്റ്റർ ചെയ്യാനും അന്വേഷിക്കാനും കൂടുതൽ വനിതാപോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കണം. ഏറ്റുപറച്ചിലിനെക്കാൾ വലുതാണ് തുറന്നുപറച്ചിൽ. 
-സോഫിയാബീവി
സൂപ്രണ്ട്, തിരുവനന്തപുരം വനിതാജയിൽ
(അവസാനിച്ചു)