ഐ.ഐ.ടി.യിലെ പഠനമെന്ന ആഗ്രഹം ഫാത്തിമയുടെ മനസ്സിൽ മൊട്ടിട്ടത് എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ്. പ്രയത്നങ്ങൾ വെറുതേയായില്ല. പ്രവേശനപ്പരീക്ഷയിൽ റാങ്കോടെ വിജയിച്ച് മദ്രാസ് ഐ.ഐ.ടി.യിലെത്തി. ജൂലായിൽ ക്ലാസ് തുടങ്ങി. ഫാത്തിമയുടെ പഠനമികവിനെക്കുറിച്ച് അധ്യാപകർക്കും തർക്കമില്ല. പഠനം തുടങ്ങി മൂന്നരമാസത്തിനൊടുവിൽ സിവിൽ സർവീസ് എന്ന സ്വപ്‌നം ബാക്കിയാക്കി കുടുംബത്തെയും പ്രിയപ്പെട്ടവരെയും കണ്ണീരിലാഴ്ത്തി ഫാത്തിമ ലോകത്തോട് വിടപറഞ്ഞു. ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ ഉയരുന്നത് ഐ.ഐ.ടി. പോലെ രാജ്യത്തെ ഏറ്റവും ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തുന്ന വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല് വിദ്യാർഥികളാണ് മദ്രാസ് ഐ.ഐ.ടി.യിൽ ജീവനൊടുക്കിയത്. വിദ്യാർഥികളെ മരണത്തിലേക്ക് നയിക്കുന്ന സാഹചര്യം എന്താണ്? വിദ്യാർഥികൾ പറയുന്നു...

‘‘സാഹചര്യങ്ങളുടെ സമ്മർദമുണ്ടായിട്ടും ഇതുവരെ ആത്മഹത്യയെക്കുറിച്ച് ആലോചിക്കാതിരുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം’’- മദ്രാസ് ഐ.ഐ.ടി.യെക്കുറിച്ച് ചോദിച്ചപ്പോൾ പേരുവെളിപ്പെടുത്താൻ ഭയപ്പെട്ട വിദ്യാർഥി പറഞ്ഞു. ബൗദ്ധികമായി ഉയർന്ന നിലവാരംപുലർത്തുന്ന വിദ്യാർഥികൾ നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. പഠനസമ്മർദം ഏറ്റവുമധികം നേരിടുന്നത് ആദ്യവർഷ വിദ്യാർഥികളാണ്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ അവർക്ക് കൂടുതൽ സമയം വേണ്ടിവരും. എന്നാൽ, അപ്പോഴേക്കും പഠനസമ്മർദം വരിഞ്ഞുമുറുക്കിയിട്ടുണ്ടാകും.

ഇതിനൊപ്പം ജാതിയുടെയും പണത്തിന്റെയും ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിന്റെയും പേരിൽ വിവേചനം നേരിടേണ്ടിവരും. ‘‘ചിലർ കണ്ടില്ലെന്ന് നടിക്കും. ചിലർ കടുത്ത നിരാശയിലാകും. ചിലർ അതിജീവിക്കും. മറ്റുചിലർ മദ്യപാനം പോലെയുള്ള ദുശ്ശീലങ്ങളിലേക്ക് പോകും’’ -ഗവേഷണ വിദ്യാർഥിയുടെ പ്രതികരണമിങ്ങനെയായിരുന്നു.

ഫാത്തിമ ലത്തീഫ് പഠിച്ച ഇന്റഗ്രേറ്റഡ് എം.എ. കോഴ്‌സിൽ വിദ്യാർഥികൾ ആദ്യ സെമസ്റ്ററുകളിൽ കടുത്ത പഠനസമ്മർദം നേരിടും. ഈ സെമസ്റ്ററുകളിൽ പരീക്ഷ, സെമിനാറുകൾ, മറ്റ് അസൈൻമെന്റുകൾ എന്നിവയിൽനിന്ന് ലഭിക്കുന്ന ഗ്രേഡുകളുടെ അടിസ്ഥാനത്തിലാകും ഐച്ഛിക വിഷയം ഏതായിരിക്കുമെന്ന് തീരുമാനിക്കുന്നത്. കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് തങ്ങൾ ആഗ്രഹിക്കുന്ന വിഷയം ലഭിക്കും.
കടുത്തമത്സരം നിലനിൽക്കുന്നതിനാൽ മാർക്കിലെ ചെറിയ വ്യത്യാസംപോലും ഗ്രേഡിൽ പിന്നിലാക്കുമെന്ന ഭയം എല്ലാ വിദ്യാർഥികൾക്കുമുണ്ട്. അതിനാൽത്തന്നെ അരമാർക്കിനുപോലും അധ്യാപകരുമായി തർക്കിക്കേണ്ടിവരുന്നതും മറ്റ് വിദ്യാർഥികളുമായുള്ള ബന്ധം വഷളാകുന്നതും പതിവാണ്. ഈ ഘട്ടത്തിൽ ഇടപെടൽ നടത്താൻ സാധിക്കാതെ വരുന്നതാണ് പലരെയും തിരുത്താൻ സാധിക്കാത്ത അപകടത്തിൽ കൊണ്ടെത്തിക്കുന്നതെന്ന് കഴിഞ്ഞകാലങ്ങളിലെ അനുഭവം തെളിയിക്കുന്നു.

നീതി ലഭിക്കാതെ സൂരജ്

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവാദങ്ങളുടെ കേന്ദ്രമാണ് മദ്രാസ് ഐ.ഐ.ടി. അതിലൊന്ന് മലയാളിവിദ്യാർഥിയായ ആർ. സൂരജിന്‌ നേരിട്ട ആക്രമണമാണ്. ബീഫ് നിരോധനത്തിനെതിരേ നടന്ന പ്രതിഷേധത്തിന്റെപേരിൽ രണ്ടുവർഷംമുമ്പാണ് മലപ്പുറം സ്വദേശി ആർ. സൂരജിനുനേരെ ആക്രമണമുണ്ടായത്. ഐ.ഐ.ടി.യിലെതന്നെ ഉത്തരേന്ത്യക്കാരനായ ഒരു വിദ്യാർഥിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ആക്രമണത്തിൽ സൂരജിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റു. മൂന്നുമാസത്തോളംനീണ്ട ചികിത്സയ്ക്കുശേഷം കാമ്പസിലെത്തിയ സൂരജിന് ഒളിയമ്പുകൾ നേരിടേണ്ടിവന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, ഇതുവരെ പ്രതികൾക്കെതിരേ നടപടിയില്ല. ഐ.ഐ.ടി. ആഭ്യന്തരമായി അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഉപേക്ഷിച്ച നിലയിലാണ്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് അറിയില്ലെന്ന് സൂരജ് പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷിക്കാനും പോയില്ല. ഈ സംഭവത്തോടെ പ്രതിഷേധിക്കാൻപോലും വിദ്യാർഥികൾ ഭയപ്പെടുകയാണ്.

കേസുകൾ ഉറങ്ങുന്ന കോട്ടൂർപുരം സ്റ്റേഷൻ

ഐ.ഐ.ടി.യിലെ കേസുകൾ രജിസ്റ്റർചെയ്യുന്നത് സമീപമുള്ള കോട്ടൂർപുരം പോലീസ് സ്റ്റേഷനിലാണ്. ഇവർ അന്വേഷിച്ച ഐ.ഐ.ടി.യിലെ കേസുകളിൽ ഇതുവരെ ഫലമൊന്നുമുണ്ടായിട്ടില്ല. ഫാത്തിമ മരിച്ച സംഭവത്തിൽ പരാതിയുമായി കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയ തങ്ങളോട് പോലീസുകാർ ചോദിച്ചത് ഐ.ഐ. ടി.യിൽ ഇതു പുതിയ കാര്യമല്ലല്ലോയെന്നാണെന്ന് വിദ്യാർഥിസംഘടനയായ ചിന്താബാർ പ്രവർത്തകർ പറയുന്നു. അനങ്ങാപ്പാറനയവുമായി അധികൃതരും കേസൊതുക്കാൻ കോട്ടൂർപുരം പോലീസുമുള്ളപ്പോൾ മദ്രാസ് ഐ.ഐ.ടി.യിൽ എന്തും നടക്കുമെന്നാണ് വിദ്യാർഥികളുടെ പറച്ചിൽ.

ഒരു നാടിന്റെ പ്രതീക്ഷയായിരുന്നു എന്റെ മകൾ. രാജ്യത്തിന് മുതൽക്കൂട്ടാകേണ്ട കുട്ടിയെയാണ് നഷ്ടമായിരിക്കുന്നത്. ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കാൻപാടില്ല.
അബ്ദുൾ ലത്തീഫ്, ഫാത്തിമയുടെ പിതാവ്

ഫാത്തിമയുടെ മരണം തീരാവേദന. തമിഴ്‌നാടിനു തന്നെ നാണക്കേട്. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണം.
എം.കെ. സ്റ്റാലിൻ, തമിഴ്‌നാട്, പ്രതിപക്ഷ നേതാവ്

വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കും

ഭാവിയുടെ വാഗ്ദാനമായ വിദ്യാർഥിയുടെ നഷ്ടത്തിൽ അതിയായി ദുഃഖിക്കുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശാരീരികവും മാനസികവുമായുള്ള സംരക്ഷണം ഉറപ്പാക്കാൻ നടപടിയെടുക്കും.
മദ്രാസ് ഐ.ഐ.ടി.,  (ഫാത്തിമയുടെ മരണത്തെത്തുടർന്ന് പുറത്തിറക്കിയ പ്രസ്താവന)

ഉന്നതവിദ്യാഭ്യാസ കമ്മിഷൻ വേണം

മദ്രാസ്‌ ഐ.ഐ.ടി. വിദ്യാർഥിനിയായിരുന്ന ഫാത്തിമ ലത്തീഫിന്റെ മരണം ഹൈദരാബാദ് കേന്ദ്രസർവകലാശാല വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയ്ക്ക് തുല്യമായ ഭയാനകമായ അന്തരീക്ഷമാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്.  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനമാണ് രണ്ടു സംഭവങ്ങളും പ്രധാനമായും മുന്നോട്ടുെവച്ചിട്ടുള്ളത്. അതോടൊപ്പം പെൺകുട്ടികൾ നേരിടുന്ന ലൈംഗികമായ ചൂഷണത്തിലേക്കും ഇത് വിരൽചൂണ്ടുന്നുണ്ട്. മാനസിക സംഘർഷംമൂലം ആത്മഹത്യചെയ്യുന്നവരെക്കാൾ എത്രയോ അധികംപേർ മാനസിക വിഭ്രാന്തിക്കടിമപ്പെട്ട് നരകതുല്യമായ ജീവിതം നയിച്ചുവരുന്നുെണ്ടന്ന് ന്യായമായും ഊഹിക്കാം. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഇന്റേണൽ അസസ്‌മെന്റ് വിലയിരുത്തലുകളും ഗവേഷകർക്ക് ഗൈഡിൽനിന്നും ലഭിക്കേണ്ട മാർഗദർശനങ്ങളുമെല്ലാം മറയാക്കിയാണ് മതജാതിപരവും ലൈംഗികവുമായ ചൂഷണങ്ങൾക്ക് വിദ്യാർഥികൾ വിധേയരായിക്കൊണ്ടിരിക്കുന്നത്. മദ്രാസ്‌ ഐ.ഐ.ടി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ അക്കാദമിക്‌ വിദഗ്‌ധരും സാമൂഹ്യ ശാസ്ത്രജ്ഞരുമടങ്ങിയ ഒരു ഉന്നത വിദ്യാഭ്യാസ കമ്മിഷൻ രൂപവത്‌കരിക്കുന്ന കാര്യം അധികാരികളോ ഉന്നത നീതിപീഠങ്ങളോ പരിഗണിക്കേണ്ടതാണ്.
ഡോ. ബി. ഇക്ബാൽ  (സംസ്ഥാന പ്ലാനിങ്‌ ബോർഡ് അംഗവും കേരള സർവകലാശാല മുൻ വി.സി.യും)


തിരിച്ചുവരവ് സാധ്യമാണ്

പ്ലസ്ടുവരെ നാട്ടിൽ പഠിച്ചതിനുശേഷം മദ്രാസ് ഐ.ഐ.ടി. എന്ന പുതിയ ലോകത്തേക്ക് എത്തിയത് 2011-ലാണ്. 2015-ൽ പഠിച്ചിറങ്ങുന്നതുവരെ നേരിട്ട ഓരോ അനുഭവവും പുതുമയുള്ളതും വെല്ലുവിളികൾ നിറഞ്ഞതുമായിരുന്നു. കടുത്ത മത്സരാന്തരീക്ഷത്തിനു മുന്നിൽ തുടക്കത്തിൽ പതറിയെങ്കിലും ക്രമേണ എല്ലാം അതിജീവിക്കാനുള്ള കരുത്ത് ലഭിച്ചു. എന്നാൽ, എല്ലാവരുടെയും സ്ഥിതി ഇങ്ങനെയായിരുന്നില്ല. ചിലരൊക്കെ സമ്മർദം താങ്ങാനാകാതെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചുപോയി. ഐ.ഐ.ടി.യിൽ നിന്നുള്ള പുതിയവാർത്തകൾ കേൾക്കുമ്പോൾ വിഷാദരോഗത്തിന്റെ കൂരിരുട്ടിൽനിന്ന് കരകയറിയ സുഹൃത്തിനെ ഓർക്കുന്നു.

വിദേശത്ത് തുടർപഠനം നടത്താൻ ആഗ്രഹവുമായി എത്തിയ ഉത്തരേന്ത്യക്കാരനായ സഹപാഠിയുണ്ടായിരുന്നു. മൂന്നാംവർഷം ഇന്റേൺഷിപ്പ് സമയമെത്തിയപ്പോൾ സി.ജി.പി.എ. (കുമിലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ്) കുറഞ്ഞതോടെ സുഹൃത്ത് ആകെ തകർന്നുപോയി. ഉദ്ദേശിച്ച കമ്പനിയിൽ ഇന്റേൺഷിപ്പ് കിട്ടില്ലെന്ന് അറിഞ്ഞതോടെ ആരോടും മിണ്ടാതെയായി. ക്ലാസു കട്ട്ചെയ്തു മുറിയിൽ ഒറ്റയ്ക്കിരിക്കും. ഭക്ഷണം പോലുമില്ലാതെ.

രണ്ടുമൂന്നുദിവസം കഴിഞ്ഞിട്ടും പഴയനിലയിലേക്ക് വരാനുള്ള ലക്ഷണം കണ്ടില്ല. സമാധാനിപ്പിക്കാനുള്ള സുഹൃത്തുക്കളുടെ ശ്രമങ്ങൾ ഫലംകാണാതെ വന്നതോടെ കാമ്പസിലെ കൗൺസലറെ സമീപിക്കാൻ നിർബന്ധിച്ചു. പ്രാഥമിക കൗൺസലിങ്ങിനുശേഷം സ്വകാര്യ ആശുപത്രിയിലെ വിദഗ്ധഡോക്ടറെ കാണാൻ അയച്ചു. വീട്ടുകാരെ വിളിച്ചുവരുത്തി. പ്രത്യേക അനുമതിയോടെ കാമ്പസിനുപുറത്ത് അമ്മയ്‌ക്കൊപ്പം താമസമാക്കി. മൂന്നാംവർഷം അക്കാദമിക്കലായി കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കിയ ഇയാളിപ്പോൾ വിദേശത്ത് ഗവേഷണം ചെയ്യുകയാണ്. കൈവിട്ടുപോകാവുന്ന ജീവിതം സുഹൃത്തുകളും അധികൃതരും വീട്ടുകാരും ചേർന്ന് തിരികെനൽകുകയായിരുന്നുവെന്ന് പറയാം.
 

ദിലീപ് കെ. കൈനിക്കര (മദ്രാസ് ഐ.ഐ.ടി. മുൻ വിദ്യാർഥി)