എന്താണ് കേന്ദ്രസർക്കാരിന്റെ പുതിയ കൃഷിനിയമങ്ങൾ? നിർഭാഗ്യവശാൽ ഇത് വിശദീകരിക്കാൻ കഴിയാതെ കുഴങ്ങിയ കേന്ദ്രകൃഷിവകുപ്പ് മന്ത്രിയെയാണ് നാം കഴിഞ്ഞദിവസം കണ്ടത്. കർഷകരുമായി ഈമാസം ആദ്യം അദ്ദേഹം നടത്തിയ ചർച്ചയ്ക്കിടയിലാണ് കർഷകർ പുതിയനിയമം കേന്ദ്രമന്ത്രിതന്നെ വിശദീകരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. രാഷ്ട്രീയമായ പ്രസ്താവനകൾക്കപ്പുറം കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമറിനുതന്നെ അജ്ഞാതമാണ് നിയമങ്ങളുടെ ഉള്ളടക്കം എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. കർഷകരുടെ രക്ഷയ്ക്കെന്ന് നിയമങ്ങളുടെ തലവാചകത്തിൽത്തന്നെ എഴുതിവെച്ചിട്ടുണ്ടെങ്കിലും രക്ഷപ്പെടുന്നത് കോർപ്പറേറ്റുകൾ മാത്രമാണെന്ന് നിയമങ്ങളിലെ വ്യവസ്ഥകൾ തെളിയിക്കുന്നുണ്ട്. അതിനാലാണ് ഒരു ചർച്ചപോലും സാധ്യമാക്കാതെ, പാർലമെന്റിനെ നോക്കുകുത്തിയാക്കിമാറ്റി ബിൽ പാസാക്കി നിയമമാക്കിമാറ്റാൻ കേന്ദ്രസർക്കാർ വളഞ്ഞവഴി സ്വീകരിച്ചത്. കൃഷിമന്ത്രി വായിച്ചിട്ടില്ലെങ്കിലും കർഷകർ അത് വായിച്ചു, അതുകൊണ്ടുതന്നെ തങ്ങളുടെ അസ്തിത്വം ഇല്ലാതാക്കുന്ന നിയമങ്ങൾക്കെതിരേ പ്രതികരിക്കാതിരിക്കാൻ അവർക്ക് കഴിയില്ല.

ഗുജറാത്ത് നൽകിയ പാഠം
കഴിഞ്ഞ ജൂണിലാണ് കർഷകബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയെടുത്തത്. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ അകാലിദൾ അടക്കമുള്ളവർ എതിർത്തതിനാൽ ബില്ലുകൾ പാർലമെന്റിൽ പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു. ഇത് മറികടക്കാനാണ് ചർച്ചകൾപോലും ഇല്ലാതെ, ഇലക്‌ട്രോണിക് വോട്ടെടുപ്പും ഒഴിവാക്കി, സബ്ജക്ട് കമ്മിറ്റിക്കു വിടാൻപോലും തയ്യാറാവാതെ ബി.ജെ.പി.ക്കാർ ഈ ബിൽ പാസാക്കിയത്. തൊട്ടുപിറകേ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമം നടപ്പാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമെന്ന നിലയിൽ ഗുജറാത്തായിരുന്നു അവരുടെ ആദ്യ പരീക്ഷണവേദി. നിയമം കർഷകന് അനുകൂലമല്ലെന്ന് മാത്രമല്ല, അവരുടെ നില കൂടുതൽ പരിതാപകരമാക്കുന്നതാണ് എന്നതായിരുന്നു ഗുജറാത്ത് നൽകിയ പാഠം. കാർഷികോത്പന്ന കമ്പോളസമിതികൾക്ക് (എ.പി.എം.സി.) പുറത്ത് വ്യാപാരം നടത്തുന്നതിനാൽ കർഷകന് കൂടുതൽ പണം കിട്ടുമെന്നായിരുന്നു സർക്കാർ വാദം. ഇത് വിശ്വസിച്ച് വിൽപ്പനയ്ക്കിറങ്ങിയ കർഷകർ കൂട്ടത്തോടെ വഞ്ചിക്കപ്പെടുന്ന സ്ഥിതിയായി. മണ്ഡികളിൽ ലഭിക്കുന്ന വിലപോലും പുറത്ത് ലഭിക്കില്ലെന്ന് മനസ്സിലായതോടെ കർഷകർ കൂട്ടത്തോടെ പഴയ കമ്പോളത്തിലേക്ക് തിരിച്ചെത്തുന്ന സ്ഥിതിയായി. എ.പി.എം.സി.കൾക്ക് പുറത്തുനടക്കുന്ന വ്യാപാരം മത്സരപരമേയായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു നിശ്ചിത തുകപോലും കർഷകർക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാനുമായില്ല. മണ്ഡികളിൽ നിശ്ചയിക്കപ്പെട്ട കുറഞ്ഞ വിലയിൽനിന്നും മുകളിലോട്ടാണ് ലേലംവിളിയെന്നതിനാൽ കർഷകന് നഷ്ടം ഉണ്ടാകാത്ത അവസ്ഥ നിലനിന്നിരുന്നു. മണ്ഡികളെ ഒഴിവാക്കിയ കർഷകരുടെ ദുരിതം അവിടെയും അവസാനിച്ചില്ല. കൂടുതൽ വില ലഭിക്കില്ലെന്നു മാത്രമല്ല, കിട്ടുന്ന വില പണമാക്കി മാറ്റാനാവുമോ എന്നുപോലും ഉറപ്പില്ലാത്ത അവസ്ഥ. കമ്പോളത്തിന് പുറത്തുനടന്ന പത്തിൽ ഒരു കച്ചവടം പറ്റിപ്പായിരുന്നു. വണ്ടിച്ചെക്ക് പരാതികളും വർധിച്ചു. കർഷകർ കാർഷികവൃത്തിക്കുപുറമേ ചെക്ക് കളക്‌ഷൻ ഏജന്റ് കൂടിയായി പ്രവർത്തിക്കേണ്ടിവന്നു. ഈ സാഹചര്യത്തിൽ എ.പി.എം.സി.കളിലേക്ക് മടങ്ങുകയായിരുന്നു ഗുജറാത്തിലെ നല്ലൊരുവിഭാഗം കർഷകരും.
കേന്ദ്രസർക്കാർ നടപ്പിൽവരുത്തും മുന്നെത്തന്നെ ഈ നിയമം നടപ്പാക്കിയതാണ് ഉത്തർപ്രദേശ്. അവിടത്തെ അനുഭവങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അവിടെ ഇത് വിളവെടുപ്പ് കാലമാണ്. തങ്ങളുടെ ഉത്പന്നങ്ങൾക്ക് വില കൂടുതൽ ലഭിക്കുമെന്നതിനാൽ പഞ്ചാബിലെ മണ്ഡികളെയാണ് ഉത്തർപ്രദേശുകാർ കൂടുതൽ ആശ്രയിക്കുന്നത്. ഇക്കുറി ഉത്തർപ്രേദശിൽനിന്നും ചരക്ക് എടുക്കേണ്ടതില്ലെന്നാണ് പഞ്ചാബുകാരുടെ തീരുമാനം. ഇത് ഉണ്ടാക്കാൻപോകുന്ന പ്രശ്‌നങ്ങൾ ഉത്തർപ്രദേശ് ഭരണകർത്താക്കൾക്ക് വെല്ലുവിളിയായി മാറിയേക്കുമെന്നാണ് അവിടെനിന്നുള്ള വാർത്തകളിൽ കാണുന്നത്. ഹരിയാണയുടെ സ്ഥിതിയും മറിച്ചല്ല.

താങ്ങുവിലയും ഡോ. സ്വാമിനാഥൻ കമ്മിഷനും
ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിലേറാനായി നരേന്ദ്രമോദി കർഷകർക്ക് നൽകിയ പ്രധാന വാഗ്ദാനമായിരുന്നു അതുവരെ താങ്ങുവില നിശ്ചയിക്കുന്ന രീതിയിൽ മാറ്റംവരുത്തുമെന്നത്. ഡോ. സ്വാമിനാഥൻ കമ്മിഷൻ നിർദേശിച്ച സി-2 ഫോർമുലയും 50 ശതമാനം അധികവും എന്ന പുതിയ സൂത്രവാക്യമാണ് അന്ന് മോദി മുന്നോട്ടുവെച്ചത്. സി-2വും ഒന്നര മടങ്ങും ആയിരുന്നു കർഷകർ ആവശ്യപ്പെട്ടിരുന്നത്. മൂന്ന് വ്യത്യസ്ത ഉത്പാദനച്ചെലവ് കണക്കാക്കൽ രീതികളാണ് അന്ന് കമ്മിഷൻ മുന്നോട്ടുവെച്ചത്. വിത്തുംവളവും വാങ്ങുന്നതടക്കമുള്ള യഥാർഥ പണച്ചെലവ് മാത്രം ഉൾപ്പെടുന്ന എ2, ഇതിനൊപ്പം തൊഴിലാളികളുടെ കൂലി കൂടി ഉൾപ്പെടുന്ന എഫ്.എൽ., ഇവയ്ക്കൊപ്പം ഭൂമിയുടെ വാടകയും പലിശയും മൂലധനവും ഉൾപ്പെടുത്തിയുള്ള സമഗ്രമായ ചെലവ് കണക്കാക്കുന്ന സി2 എന്നീ ഫോർമുലകളാണ് അത്. 2014-ൽ മിക്ക വിളകൾക്കും എ2, എഫ്.എൽ. എന്നിവയെക്കാൾ ഉയർന്ന വില ലഭിച്ചിരുന്നു. ഇതിനെയാണ് സി2വും 50 ശതമാനവുമാക്കി ഉയർത്തുമെന്ന് മോദി അന്ന് പറഞ്ഞത്. എന്നാലത് സംഭവിച്ചില്ലെന്നു മാത്രമല്ല, താങ്ങുവിലതന്നെ എടുത്തുകളയുകയും ചെയ്തു. എന്നിട്ടും ഇത് നടപ്പാക്കിയതായാണ് കഴിഞ്ഞദിവസം വാരാണസിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്. ഇത് കർഷകരോട് കാട്ടിയ വിശ്വാസവഞ്ചനയാണ്. അരിയും ഗോതമ്പും ഒഴിച്ചുനിർത്തിയാൽ മറ്റ് വിളകൾക്ക് എ2+എഫ്.എൽ. പോലും ലഭിക്കുന്നില്ലെന്നതാണ് ഇന്നിന്റെ യാഥാർഥ്യം.
സംഭരണം നിലയ്ക്കുന്നു
സംഭരിച്ചവ സൂക്ഷിക്കാൻ സ്ഥലം ഇല്ലാതാകുന്നു. എഫ്.‌സി.ഐ. ഗോഡൗണുകളൊക്കെയും അദാനി, അംബാനിമാരുടെ സംഭരണശാലകളായി മാറിക്കൊണ്ടിരിക്കുകയാണ്. അതായത് വൻതോതിൽ സംഭരണം നടത്താനുള്ള ശേഷിപോലും ഇവരിലേക്ക് ചുരുങ്ങുന്നു. സംഭരണത്തിൽനിന്നും എഫ്‌.സി.ഐ. പിന്മാറ്റവും തുടങ്ങിയിട്ടുണ്ട്. ബഫർ സ്റ്റോക്ക് മാത്രം സംഭരിച്ചാൽമതിയെന്ന നിർദേശം എഫ്‌.സി.ഐ. പ്രാവർത്തികമാക്കിക്കഴിഞ്ഞു. മൊത്തം വിളകളിൽ 30 ശതമാനത്തിന് മാത്രമേ കേന്ദ്രസർക്കാർ ഇതുവരെ താങ്ങുവില നിശ്ചയിച്ചിട്ടുള്ളൂവെന്ന് ഓർക്കണം. അതിൽ എഫ്‌.സി.ഐ. സംഭരിക്കുന്നതാവട്ടെ അരിയും ഗോതമ്പും മാത്രവും. നാട്ടിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയുന്നതിനായാണ് അവശ്യവസ്തു സംരക്ഷണനിയമം നാംമുമ്പ് കൊണ്ടുവന്നത്. അതിൽപോലും വെള്ളംചേർക്കുകയാണ് കേന്ദ്രസർക്കാർ. ഈ നിയമത്തിൽപ്പറയുന്ന അവശ്യവസ്തുക്കളുടെ പട്ടികയിൽനിന്നും സാധാരണക്കാരന്റെ നിത്യോപയോഗസാധനങ്ങൾ എല്ലാം ഒഴിവാക്കപ്പെട്ടുകഴിഞ്ഞു. ധാന്യങ്ങൾ, പയറുവർഗങ്ങൾ, ഭക്ഷ്യയെണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയെല്ലാം നീക്കം ചെയ്യപ്പെട്ടവയുടെ പട്ടികയിലുണ്ട്.  (തുടരും)

താങ്ങുവില ഇല്ലാതാകുമ്പോൾ

വ്യാപാരം സ്വതന്ത്രമാക്കുന്നതും കരാർകൃഷി സുഗമമാക്കുന്നതും ലക്ഷ്യമിട്ടുള്ള ഈ നിയമങ്ങൾ ഒന്നുംതന്നെ കർഷകരുടെയും വ്യാപാരികളുടെയും കാർഷിക ഉത്പാദകസംഘടന (എ..ഫ്പി.ഒ.) കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നവയല്ല. കാർഷികവിളയ്ക്ക് നിശ്ചിത ശതമാനം വില ഉറപ്പുനൽകുന്നതാണ് രണ്ടാം അധ്യായത്തിലെ അഞ്ചാംഭാഗം. എന്നാൽ, കേന്ദ്രസർക്കാർതന്നെ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവിലയെക്കാൾ (എം.എസ്.പി.) കൂടുതലായിരിക്കണം ഇതെന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുന്നില്ല. അതായത് വില നിശ്ചയിക്കാനുള്ള അവകാശമില്ലാത്ത കർഷകർ മറുഭാഗത്തെ ആൾക്കാർ ചോദിക്കുന്ന വിലയ്ക്ക് വിള നൽകാൻ നിർബന്ധിതമാകുമെന്നർഥം. താങ്ങുവിലതന്നെ ഇല്ലാതാവുന്ന അവസ്ഥാവിശേഷവും ഈ നിയമങ്ങളിലൂടെ സംജാതമായിക്കഴിഞ്ഞു. താങ്ങുവിലയ്ക്ക് പ്രസക്തിയുണ്ടാകണമെങ്കിൽ സർക്കാർ സംവിധാനങ്ങൾ അത് സംഭരിക്കണം. ഇവിടെ ആ കടമയിൽനിന്നും ഭരണകൂടം പിന്മാറുകയാണ്. സംഭരിക്കാത്തവർ നിശ്ചയിക്കുന്ന താങ്ങുവില നൽകാൻ സ്വകാര്യസംരംഭകർക്ക് ഒരു ഉത്തരവാദിത്വവുമില്ല. അല്ലെങ്കിൽ ആ നിർദേശവും നിയമത്തിൽ നിർവചിക്കണം. ഇവിടെ അതുണ്ടാകുന്നില്ല. താങ്ങുവില നിയമപരമായ അവകാശമാക്കിയാൽ പുതിയ നിയമം വഴി വിപണി കീഴടക്കാൻ ലക്ഷ്യംവെക്കുന്ന വൻകിട കോർപ്പറേറ്റ് കമ്പനികൾ ആ വിലയോ അതിൽ കൂടുതലോ കൊടുക്കേണ്ടി വരും. വൻലാഭം എന്ന അവരുടെ സ്വപ്നത്തിന് അത് തിരിച്ചടിയാവും. ഇത് ഒഴിവാക്കാൻ വൻകിടക്കാർക്കുവേണ്ടിയാണ് മണ്ഡികൾക്ക് പുറത്ത് താങ്ങുവിലയുടെ പരിരക്ഷയില്ലാതെ വ്യാപാരം നടത്താൻ പുതിയ നിയമം അവസരമൊരുക്കുന്നത്.

 

ജലവിഭവവകുപ്പ്‌ മന്ത്രിയാണ്‌ ലേഖകൻ