ഇക്കഴിഞ്ഞ മേയ് പകുതിയോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ട് ടൗട്ടേ ചുഴലിക്കൊടുങ്കാറ്റ് കടന്നുവന്നു. അറബിക്കടലിൽ ലക്ഷദ്വീപിനോട് ചേർന്ന് രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് (Very Severe Cyclonic Storm-VSCS) ഇനത്തിൽപ്പെട്ട ടൗട്ടേ 2021-ലെ ആദ്യത്തെ ചുഴലിക്കാറ്റായിരുന്നു. മേയ് 16 മുതൽ 18 വരെ കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തീരപ്രദേശ മേഖലയിൽ ഗുരുതരമായ നാശങ്ങൾ വിതച്ച് ടൗട്ടേ കടന്നുപോയി.  തൊട്ടടുത്ത ദിവസങ്ങളിൽ (മേയ് 23-28) തന്നെ അതേ തീവ്രതയോടുകൂടി മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് ‘യാസ്’ മണിക്കൂറിൽ 148 കിലോമീറ്റർ വേഗത്തിൽ ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ നാശനഷ്ടം വിതച്ചു. ഉത്തര ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട യാസ് ഒഡിഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളെയാണ് കൂടുതലായി ബാധിച്ചത്. ഈ രണ്ട് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകളിലും വലിയതോതിലുള്ള ആൾനാശം ഉണ്ടായിട്ടില്ല എന്നത് കാലാവസ്ഥാ പ്രവചനത്തിലുണ്ടായ സൂക്ഷ്മതയും ദുരന്തലഘൂകരണത്തിൽ കൈവരിച്ച വിജയവുമായി കണക്കാക്കാം. അതേസമയം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും പശ്ചിമബംഗാളിൽ ലക്ഷക്കണക്കിന് വീടുകൾ ദിവസങ്ങളോളം വെള്ളപ്പൊക്കത്തിൽ അമരുകയും കനത്ത നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
 അത്യുഷ്‌ണം, പ്രളയം
ഇന്ത്യ അതിതീവ്ര ചുഴലിക്കൊടുങ്കാറ്റുകളുടെ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന അതേവേളയിൽത്തന്നെ ഭൂമിയുടെ മറ്റൊരുഭാഗത്ത് ജനങ്ങൾ അത്യുഷ്ണത്തെയും താപതരംഗത്തെയും അതിജീവിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ജൂൺ 17 തൊട്ടുള്ള നാളുകളിൽ പടിഞ്ഞാറൻ അമേരിക്കയിലെ ലാസ് വേഗാസ്, ഡെത്‌വാലി, പാം സ്‌പ്രിങ്‌ എന്നിവിടങ്ങളിലെ താപനില യഥാക്രമം 45.5, 51.1, 48.8 ഡിഗ്രി സെൽഷ്യസ് എന്നനിലയിലേക്ക് കുതിച്ചുയർന്നു. ജൂൺ 27-ന് കാനഡയിലെ ലിട്ടണിൽ അന്തരീക്ഷ താപനില 46.6 ഡിഗ്രിയായി. കാനഡയിൽ ഗ്രീഷ്മകാലം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ എന്നും 1937-നുശേഷം രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്നും ഇവിടെ ഓർമിക്കേണ്ടതുണ്ട്.  1937-നും 2021-നും ഇടയിലുള്ള കാലത്ത് 1.6 ഡിഗ്രി സെൽഷ്യസിന്റെ വർധനയാണ് രേഖപ്പെടുത്തപ്പെട്ടത്.  വടക്കുപടിഞ്ഞാറൻ പസഫിക്കിലെ ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണത്തെപ്പറ്റി കൃത്യമായ ധാരണ സർക്കാരുകൾക്കില്ലെങ്കിലും കാനഡയിൽ മാത്രമായി 500-ഓളം മരണം രേഖപ്പെടുത്തി. പ്രതികൂല താപനില (non-optimal temparature) കാരണം കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലയളവിൽ (2000-2019) പ്രതിവർഷം 50 ലക്ഷം ആളുകൾ മരിച്ചതായി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലാൻസെറ്റ് പഠനം വ്യക്തമാക്കുന്നു.

ജൂലായ്‌ മാസത്തിന്റെ പകുതിയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ അതിതീവ്ര മഴപ്പെയ്ത്തിൽ വൻനഗരങ്ങളും ഗ്രാമപ്രദേശങ്ങളും ഒരുപോലെ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമർന്നു. ജൂലായ്‌ 18-ന് ജർമനി, ബെൽജിയം എന്നിവിടങ്ങളിൽ ഒരു വർഷത്തെ മഴയാണ് ഒറ്റദിവസംകൊണ്ട് പെയ്തത്. ജർമനിയിലെ റൈൻ നദിയും പോഷകനദികളും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ദർശിച്ചിട്ടില്ലാത്ത രീതിയിൽ കരകവിഞ്ഞൊഴുകി. 500 പേരാണ് ജർമനിയിൽ മാത്രമായി മരിച്ചത്. എത്രയോ അധികമാളുകളെ ഇപ്പോഴും കാണാതായിരിക്കുകയാണ്. ചൈനയിലെ ഹെനാൻ, ഷെങ്ഷൂ പ്രവിശ്യകൾ, പടിഞ്ഞാറൻ ഇന്ത്യയിൽ പൻവേൽ, റായ്ഗഢ്‌, മുംബൈ നഗരങ്ങൾ എന്നിവയെല്ലാം ഇതേ ദിവസങ്ങളിൽ സമാനമായതോതിൽ അതിതീവ്ര മഴപ്പെയ്ത്തിന്റെ കെടുതിയിൽപ്പെട്ട് ഉലഞ്ഞു.
 

അപ്രസക്തമാവുന്ന ആധുനികനിർമിതികൾ
കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനുള്ളിൽ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ (extreme weather events) എണ്ണത്തിൽ ഗുരുതരമായ വർധനയാണുണ്ടായത്‌. മനുഷ്യന്റെ ആധുനിക നിർമിതികളെല്ലാംതന്നെ ഈ കാലാവസ്ഥാ സംഭവങ്ങൾ അപ്രസക്തമാക്കിക്കൊണ്ടിരിക്കുന്നു. കൂട്ടമരണങ്ങളെ അതിജീവിക്കാൻ മനുഷ്യന് സാധിക്കുന്നുണ്ടെങ്കിൽക്കൂടിയും കൊടുംശൈത്യം, അത്യുഷ്ണം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളിൽ മരണപ്പെടുന്നവരുടെ  എണ്ണം നാൾക്കുനാൾ വർധിച്ചുവരുകയാണ്. അതോടൊപ്പംതന്നെ വെള്ളപ്പൊക്കവും ചുഴലിക്കൊടുങ്കാറ്റും അതിശൈത്യവും വരൾച്ചയും രാഷ്ട്രങ്ങളുടെ സാമ്പത്തിക-ഉത്പാദന മേഖലകളിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നാശങ്ങൾ ഭീമമായതോതിൽ വളരുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകളായി കാർഷികമേഖലയിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നവരുടെ സംഖ്യ ഭീമമായതോതിൽ ഉയർന്നുവെന്ന്‌ ഇന്ത്യൻ അവസ്ഥകൾ ചൂണ്ടിക്കാട്ടി നേച്വർ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിൽ ദക്ഷിണേഷ്യയിലെ പ്രധാന കാർഷികമേഖലയായ ഗംഗാതടത്തിൽ നിന്ന്‌ നഗരകേന്ദ്രങ്ങളിലേക്ക് കുടിയേറ്റം നടത്തിയവരുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്.  അതിവൃഷ്ടിപോലുള്ള അതിതീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരകളായിക്കൊണ്ടിരിക്കുന്നതും നഗരങ്ങളിൽ എത്തിപ്പെടുന്ന ഈ കുടിയേറ്റത്തൊഴിലാളി വിഭാഗങ്ങൾ തന്നെയാണ്. ഇതര സമുദ്രമേഖലയെ അപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനിലയിൽ (sea surface temperature) ഉണ്ടായ വർധന പുതിയ പല സൂചനകളും നമുക്ക് നൽകുന്നുണ്ട്. അതിനനുസൃതമായതോതിലുള്ള ഹീറ്റ്-ഫ്‌ളഡ് കർമപദ്ധതികൾ തയ്യാറാക്കാൻ ഭരണകൂടങ്ങൾ ഇപ്പോഴും മടിച്ചുനിൽക്കുകയാണ്.

കാർബൺ ന്യൂട്രാലിറ്റിയെക്കുറിച്ച് മാത്രം ചർച്ചകൾ മതിയോ?
കാലാവസ്ഥാ വ്യതിയാനത്തിനു പിന്നിലെ മനുഷ്യജന്യഘടകങ്ങൾ (anthropogenic factor) ഇന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 
അതേസമയം, കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ ആഗോളതലത്തിൽത്തന്നെ ‘കാർബൺ ന്യൂട്രാലിറ്റി’യെക്കുറിച്ചും ‘നെറ്റ് സീറോ എമിഷനെ’ സംബന്ധിച്ചും മാത്രമുള്ള ചർച്ചകളായി ചുരുങ്ങുന്നത് ഗുണകരമായിരിക്കുകയില്ല. കാലാവസ്ഥാ ദുരന്തലഘൂകരണ-അനുരൂപവത്‌കരണ (mitigation-adaptation)  നടപടികളോടൊപ്പംതന്നെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പദാർഥ പാദമുദ്രകൾ (material footprints)കുറയ്ക്കുന്നതിനെ സംബന്ധിച്ചും വലിയ അന്വേഷണങ്ങളും ചർച്ചകളും വ്യാപകമാകേണ്ടതുണ്ട്. കാരണം അമിതമായ ഭൗതികവികാസങ്ങൾ പദാർഥങ്ങളുടെയും ഊർജത്തിന്റെയും അമിതോപഭോഗത്തിലേക്കാണ് നയിക്കുക എന്നതും ഭൗതികശാസ്ത്ര നിയമങ്ങൾ അതിന് മനുഷ്യനെ അനുവദിക്കുന്നില്ലെന്നും  നാം മനസ്സിലാക്കണം. അതോടൊപ്പംതന്നെ വെള്ളപ്പൊക്ക നിയന്ത്രണം, താപ ആഗിരണം തുടങ്ങി പ്രകൃതി സ്വയം നൽകുന്ന പാരിസ്ഥിതിക സേവനങ്ങളെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽനിന്നു മനുഷ്യന് വിട്ടുനിൽക്കേണ്ടതുണ്ട്.
‘ഉത്പതിഷ്ണുത’ (resilience)എന്നത് ഭാവി സാമ്പത്തിക-ഉത്പാദന പ്രവർത്തനങ്ങളുടെ താക്കോൽവാക്കായി മാറണം. ഈ വർഷം നവംബറിൽ ബ്രിട്ടനിലെ ഗ്ലാസ്‌കോയിൽവെച്ച് നടക്കുന്ന കാലാവസ്ഥാ ഉച്ചകോടി അതുകൊണ്ടുതന്നെ നിർണായകവും ലോകം പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നതുമാണ്.


സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്‌ഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച് -SAPACC നാഷണൽ വർക്കിങ്‌കമ്മിറ്റി അംഗമാണ് ലേഖകൻ