ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇ.വി.എം.) കൃത്രിമം നടത്താനാകുമെന്ന വെളിപ്പെടുത്തൽ പ്രായോഗികമല്ല. വോട്ടിങ് യന്ത്രത്തിലെ സാങ്കേതികവിദ്യ മികച്ചതാണ്. ഹാക്ക് ചെയ്യാൻ കഴിയാത്തതരത്തിലാണ് രൂപകല്പനചെയ്തത്.
സയീദ് ഷുജ എന്ന ഹാക്കർ വെളിപ്പെടുത്തിയ വിവരങ്ങൾ വിശ്വസിക്കാൻ കഴിയില്ല. ആരോപണം ഉന്നയിച്ചുവെന്നതല്ലാതെ എങ്ങനെയെന്ന് തെളിവുകളോടെ വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിൽനിന്നും വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനമില്ല. ബ്ലൂടൂത്ത് പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ കൈമാറുമെന്ന് കരുതിയാലും ദൂരപരിധി പ്രശ്നമാണ്. ഓരോ ബൂത്തിലും സംവിധാനവുമായി ആരെങ്കിലും വേണ്ടിവരും. വോട്ടിങ് യന്ത്രത്തിലെ കൺട്രോൾ യൂണിറ്റിൽ ലോ ഫ്രീക്വൻസി സിഗ്‌നൽ ട്രാൻസിറ്റ് ചിപ്പ് ഘടിപ്പിച്ച് വിവരങ്ങൾ ചോർത്തിയെന്ന കാര്യവും വിശ്വസിക്കാൻ കഴിയില്ല. ഇതിന് വിവരങ്ങൾ കൈമാറുന്നതിന് ആന്റിന സ്ഥാപിക്കേണ്ടിവരും. സാധാരണ മിലിറ്ററി സിഗ്‌നൽ സംവിധാനത്തിലാണ് ലോ ഫ്രീക്വൻസി സിഗ്നൽ ഉപയോഗിക്കുന്നത്. ഇത്തരം സംവിധാനങ്ങൾ വോട്ടിങ് യന്ത്രത്തിൽ ഉപയോഗിക്കാൻ നിലവിലുള്ള സാഹചര്യത്തിൽ കഴിയില്ല. ഇനി ഇത്തരം സംവിധാനം രഹസ്യമായി ഉപയോഗിച്ചുവെന്ന് കരുതിയാലും വിപുലമായ തിരഞ്ഞെടുപ്പ് വിവരങ്ങൾ വേഗത്തിൽ ചോർത്തുന്നത് അസാധ്യമാണ്.
100 ബി.പി.എസ്. ഡേറ്റയാണ് സെക്കൻഡിൽ കൈമാറ്റം ചെയ്യപ്പെടുന്നത്. ഇന്ത്യയിൽ തിരഞ്ഞെടുപ്പിന് 11.7ലക്ഷം വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഡേറ്റാ കൈമാറ്റം ചെയ്യപ്പെടുന്നതിന് വർഷങ്ങൾ എടുക്കേണ്ടിവരും. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഡിജിറ്റലൈസ്‌ഡ് അല്ല. ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സാങ്കേതികതയല്ല ഇന്ത്യയിൽ ഉപയോഗിച്ചത്. തികച്ചും സുരക്ഷിതമായ സാങ്കേതികതയാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിലുള്ളത്. യു.എസ്. ഹാക്കർ എന്ന് വിശേഷിപ്പിച്ച സയീദ് ഷുജയുടെ വെളിപ്പെടുത്തലിലും വൈരുധ്യങ്ങളുണ്ട്. 2014-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് ആരോപണം. ഇതേത്തുടർന്ന് ജീവന് ഭീഷണിയുണ്ടായതിനെത്തുടർന്ന് രാജ്യംവിട്ടെന്നും പറയുന്നു. എന്നാൽ, 2015-ലാണ് ഡൽഹി തിരഞ്ഞെടുപ്പ് നടന്നത്. വിദേശത്തുനിന്ന് എങ്ങനെയാണ് ഇതിന് അവസരം ലഭിച്ചതെന്ന ചോദ്യത്തിനും ഉത്തരമില്ല.
(ലോകത്തെ മികച്ച ഹാക്കർമാരിൽ ഒരാളും സൈബർ കുറ്റാന്വേഷകനുമാണ് വയനാട് സ്വദേശിയായ ബെനിൽഡ് ജോസഫ്. സർക്കാരിന്റെയും വിവിധ ഐ.ടി. അധിഷ്ഠിത കമ്പനികളുടെയും സൈബർ സുരക്ഷാമേഖലകളിൽ പ്രവർത്തിക്കുന്ന ബെനിൽഡ് ജോസഫ് രാജ്യത്തും വിദേശത്തും നടക്കുന്ന അന്തർദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ്. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, ഇന്ത്യൻ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് ഒർഗനൈസേഷൻ, ഇന്റനാഷണൽ സൈബർ ത്രറ്റ് ടാസ്‌ക് ഫോഴ്‌സ് എന്നിവയിലും അംഗമാണ്. സൈബർ കുറ്റാന്വേഷണരംഗത്ത് സർക്കാരിനെയും കമ്പനികളെയും സഹായിക്കുന്ന എത്തിക്കൽ ഹാക്കിങ് ഇൻഫർമേഷൻ സെക്യൂരിറ്റി കൗൺസലർ കൂടിയാണ്)