‘‘ഒരു ന്യൂനമർദ മുന്നറിയിപ്പ് മതി. ഉടനെ ഞങ്ങ കൂടും കുടുക്കയുമെടുത്തോടും’’  എറണാകുളം ചെല്ലാനത്ത് കടലേറ്റം തകർത്തെറിഞ്ഞ തീരത്തിരുന്ന് കൈതവളപ്പിൽ ജോഷി പറഞ്ഞു. കേരളത്തിൽ ഏതു ചുഴലിക്കാറ്റും ആദ്യം ബാധിക്കുന്ന മേഖലകളിലൊന്നാണ് ചെല്ലാനം. 17 കിലോമീറ്റർ ദൂരമുള്ള ഇവിടെ മൂന്നരക്കിലോമീറ്റർ ഒഴികെ കടലേറ്റ ഭീഷണിയിലാണ്. കിഴക്ക് വേമ്പനാട്ടുകായലിനും കടലിനുമിടയിൽ 250 മീറ്റർ വീതിയിലാണീദേശം.  2005-ൽ മിനിഹാർബർ  വന്നതോടെ കടലേറ്റത്തിന്റെ ആഘാതം കൂടി. നാട്ടുകാരുടെ പ്രതിഷേധവും സമരവും ശക്തമായി.  ടൗട്ടേ ചുഴലിക്കാറ്റിൽ ചെല്ലാനത്ത് 70 വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. ‘‘നഷ്ടപരിഹാരമായി ചിലർക്ക് 95,000 രൂപ കിട്ടി, ചിലർക്ക് 75,000 രൂപ കിട്ടി, ചിലർക്കാകട്ടെ ഒന്നും കിട്ടിയില്ല’’  -കോൺഗ്രസ് ചെല്ലാനം മണ്ഡലം പ്രസിഡന്റ് തോമസ് ഗ്രിറ്റി ദ ഗ്രെയ്റ്റ് പറഞ്ഞു. 

ചെല്ലാനത്ത്   കടൽഭിത്തിയുംകടന്ന് തിരമാലകളെത്തുന്നു. വലുപ്പം കുറഞ്ഞ കരിങ്കല്ലുകൾക്ക് അലകളെ പ്രതിരോധിക്കാനാവുന്നില്ല. വലിയ ജിയോ ബാഗുകൾ നിരത്തി. അതുകടന്നും തിരമാലകൾ കരയിലേക്ക്. ഈ പരാജയങ്ങൾക്കുശേഷം ടെട്രാപോഡുകൾ നിരത്താനിരിക്കുകയാണിവിടെ. 344 കോടിയുടെ ചെല്ലാനം തീരസംരക്ഷണ പദ്ധതിയാണ് ജലസേചനവകുപ്പ് പ്രഖ്യാപിച്ചത്. 
കടലേറ്റം തുടർന്നാൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമം വർഷങ്ങൾക്കുള്ളിൽ ഇല്ലാതാവും. കടലിനാലും കായലിനാലും ചുറ്റപ്പെട്ട ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ പഞ്ചായത്തുകളിലൊന്നാണ് അഞ്ചുതെങ്ങ്.  മത്സ്യങ്ങളുടെ പ്രജനനം നടക്കുന്ന സോൺ ഒന്നിൽപ്പെടുന്നയിടം. 600 മീറ്റർ ആയിരുന്നു തീരത്തിന്റെ വീതി. ഇപ്പോൾ ചിലയിടത്ത് ഇത് 20 മീറ്റർ,  ഏറ്റവും കൂടിയ വീതിയാകട്ടെ 150 മീറ്ററും. കര കുറഞ്ഞുവരാൻ കാരണമായി സെയ്‌ന്റ് പീറ്റേഴ്‌സ് ഫൊറോന ചർച്ച് കോ-ഓർഡിനേറ്റർ ആന്റണി ആൻജെങ്കോ ചൂണ്ടിക്കാട്ടുന്നത് ഹാർബറുകളെയാണ്. 2000-ൽ മുതലപ്പൊഴി ഹാർബർ വന്നതോടെയാണ് കടലേറ്റത്തിന്റെയും തിരശോഷണത്തിന്റെയും ആക്കംകൂടിയത്.  തീരശോഷണത്തിൽ ഇപ്പോൾ ഇവിടെ 344 വീടുകൾ പൂർണമായും തകർന്നു. 740 വീടുകൾ ഭാഗികമായും. 

കടൽവിഴുങ്ങുന്ന മറ്റൊരു ഗ്രാമമാണ് കൊല്ലം ജില്ലയിലെ ആലപ്പാട്. 2004-ലെ സുനാമി കേരളത്തിൽ ഏറ്റവും നാശം വിതച്ചയിടം. അറബിക്കടലിനും കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയിലെ ഈ തീരത്തിന്റെ വിസ്തൃതി ഇപ്പോൾ 7.6 ചതുരശ്രകിലോമീറ്റർ. 89.5 ചതുരശ്രകിലോമീറ്റർ ഉണ്ടായിരുന്ന ദേശത്തെ സുനാമിത്തിരകൾ നക്കിത്തുടച്ചെടുത്തു. 142 മരണം, ആയിരങ്ങൾക്ക് പരിക്ക്. ഒട്ടേറെപ്പേർക്ക് കിടപ്പാടം നഷ്ടമായി. ശുദ്ധജലം ഇല്ലാതായി.  വെള്ളനാതുരുത്തുകാരായ റാഷ്‌കുമാറും ബൈജുവും പറയുന്നു: ‘‘ഞങ്ങൾ കളിച്ചുനടന്നയിടത്താണ് ഇപ്പോൾ കടൽ.’’ 

കരിമണൽ ഖനനമാണ് തീരശോഷണത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകൾ പറയുന്നു. ആലപ്പുഴ തോട്ടപ്പിള്ളി മിനി ഹാർബർ പ്രദേശത്തും ഖനനമുണ്ട്. 

മണ്ണ് അടിഞ്ഞുകൂടി ഹാർബർ എട്ടു വർഷമായി പ്രവർത്തിക്കുന്നില്ല. ഹാർബർ ആഴം വർധിപ്പിക്കാൻ ഇടയ്ക്കിടെ ഡ്രഡ്ജിങ് നടത്തും. അമ്പലപ്പുഴ, പുറക്കാട്, പുന്തല പ്രദേശങ്ങളിൽ കടൽ കയറുന്നു. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ഈ ദേശത്തെ ഉൾപ്പെടുത്താൻ സംസ്ഥാനം കേന്ദ്രത്തിനോടാവശ്യപ്പെട്ടിട്ടില്ല. 
ടൂറിസം വികസനമാണ്  ഒഴിവാക്കലിന്റെ പിന്നിലെന്ന് അഖിലകേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (UTUC) സംസ്ഥാന പ്രസിഡന്റ് അനിൽ ബി. കളത്തിൽ പറയുന്നു.

ടൂറിസം വികസന സാധ്യത ഒരുവശത്തും സാധാരണത്തൊഴിലാളികളുടെ ജീവിതവും കടലേറ്റവും മറുവശത്തും എന്നതാണ് കേരളത്തിന്റെ തെക്കേയറ്റത്തെ മത്സ്യഗ്രാമമായ പൊഴിയൂരിന്റെ മുഖം. ടൂറിസം വികസനത്തിന്റെ ഗുണഫലം മത്സ്യത്തൊഴിലാളികൾക്ക്‌ ലഭിക്കുന്നില്ല എന്നതാണ് അവരുടെ സങ്കടം. പൊഴിയൂരിലെ 2.2 കിലോമീറ്റർതീരം ഭൂരിഭാഗവും കടലേറ്റഭീഷണിയിലാണ്. നെയ്യാറിൽനിന്ന് വെള്ളം കയറുമെന്ന ഭീതിവേറെയും. ഓഖിയിൽ ഇവിടെ 15 പേർ മരിച്ചു. അവരുടെ സ്മരണയ്ക്കായി പണിത കേന്ദ്രത്തിന്റെ മതിലും ഉപകരണങ്ങളും  ടൗട്ടേയിൽ നശിച്ചു. കടൽഭിത്തി തകർന്നു, റോഡ് ഒലിച്ചുപോയി. 23 വീട് തകർന്നു. 150 വീടുകൾ കേടായി.

വൻകിട ടൂറിസം വികസനത്തിനൊപ്പം ഗ്രാമീണ ടൂറിസവും വികസിപ്പിക്കുമെന്ന് കുളത്തൂർ ഗ്രാമപ്പഞ്ചായത്ത് പൊഴിയൂർ ആറാം വാർഡ് അംഗം അജിത്ത് പൊഴിയൂർ പറയുന്നു. വിഴിഞ്ഞം തുറമുഖപ്രവർത്തനങ്ങളുടെ ഭാഗമായി കടലേറി ശംഖുംമുഖത്തും റോഡ് തകർന്നു.  കാസർകോട് മൂസോടി, അജാനൂർ പഞ്ചായത്തിലെ ചിത്താരി, തൃശ്ശൂർ ചാവക്കാട്ടെ കടപ്പുറം... കടലേറുന്നയിടങ്ങൾ ഏറെയാണ്. 
 

വലയ്ക്കുന്ന ഇന്ധനവില


ഉത്പാദനമേഖലയായ മത്സ്യബന്ധനത്തെ ഇന്ധനവില ഏറെ ബാധിക്കുന്നു. മൂന്നുമുതൽ ഏഴുദിവസം വരെ കടലിലുണ്ടാവുന്ന ഒരു ബോട്ടിന് 3000 ലിറ്റർ ഡീസൽ വേണം. വില 2,90,000 രൂപ. മണ്ണെണ്ണയ്ക്ക് മത്സ്യഫെഡ് സബ്‌സിഡിയുണ്ടെങ്കിലും കിട്ടാൻ വൈകുമെന്നതിനാൽ ‘ബ്ളാക്കിൽ’ കൂടുതൽ വിലകൊടുത്ത്    വാങ്ങുന്നു. എങ്ങനെ മീൻ കിട്ടിയാലും നഷ്ടം. പ്രാദേശികമായ സംഭരണസംവിധാനങ്ങളില്ലാത്തതിനാൽ ബോട്ടിലെത്തിക്കുന്ന മീൻ കയറ്റുമതിക്കാർക്ക് ‘കിട്ടിയവിലയ്ക്ക്’ വിൽക്കേണ്ടിവരുന്നു. ചാകരക്കാലമെന്ന് പറയുന്ന കഴിഞ്ഞമാസങ്ങളിൽ മീൻ കിട്ടിയിട്ടും മത്സ്യത്തൊഴിലാളികൾക്ക് വരുമാനമൊന്നുമുണ്ടായില്ല. വൻകിടക്കാർക്കും തരകന്മാർ എന്നുപറയുന്ന ഇടനിലക്കാർക്കുമിടയിൽ യഥാർഥ മത്സ്യത്തൊഴിലാളി പട്ടിണിയുടെ ചുഴിയിലാണ്.    കൂട്ടംചേർന്ന് ചെയ്യേണ്ട മീൻപിടിത്തത്തിന് കോവിഡ്‌നിയന്ത്രണങ്ങളും വടംകെട്ടി. എന്നാൽ, മീൻപിടിത്തക്കാർക്കും അനുബന്ധതൊഴിലാളികൾക്കും തൊഴിൽ കുറഞ്ഞതായി റിപ്പോർട്ടില്ലെന്നാണ് ഫിഷറീസ് മന്ത്രി പാർലമെന്റിൽ പറഞ്ഞത്. 

പ്രതി പുലിമുട്ട്?

ഹാർബറുകളോടുചേർന്ന് കടലിലേക്കിറക്കിപ്പണിയുന്ന കരിങ്കൽഭിത്തിയായ പുലിമുട്ടാണ് പലയിടത്തും  കടലേറ്റത്തിനും കരരൂപപ്പെടുന്നതിനും കാരണമാവുന്നതെന്ന് തീരവാസികൾ പറയുന്നു. 
എന്നാൽ, മാറിവരുന്ന കാലാവസ്ഥയിൽ ഹാർബറുകളോടുചേർന്ന് പുലിമുട്ടുകൾ ആവശ്യമാണെന്ന് കേരള ഹാർബർ എൻജിനിയറിങ് വകുപ്പ് റിട്ട. ചീഫ് എൻജിനിയർ ബി.ടി.വി.കൃഷ്ണൻ പറയുന്നു. ഹാർബറുകളിൽ യാനങ്ങൾ സുരക്ഷിതമായി കയറാൻ പുലിമുട്ടുകൾ വേണം. കടലിലേക്ക് കരിങ്കൽക്കെട്ടുകൾ കയറിവരുമ്പോൾ കടൽ പ്രതികരിക്കുന്നത് സ്വാഭാവികം. മണലിന്റെ ഒഴുക്കിനനുസരിച്ച് ഒരിടത്ത് കരയുണ്ടാവും. മണൽ പുലിമുട്ടിൽതടഞ്ഞ് കരയും കടലേറ്റവുമുണ്ടാവുന്നു. കേരളത്തിൽ പൂർത്തിയായതും നിർമാണത്തിലിരിക്കുന്നതുമായ 24 ഹാർബറുകളിൽ മിക്കവയിലും ഈ പ്രശ്നമുണ്ട്. മണലടിയുന്നത് കാലാകാലങ്ങളിൽ ഡ്രഡ്ജ് ചെയ്ത് മറുഭാഗത്ത് നിക്ഷേപിക്കുകയാണ് ഇതിനൊരു പരിഹാരം. കടൽഭിത്തികെട്ടുന്നത് തീരശോഷണത്തിന് ഫലപ്രദമായ പരിഹാരമല്ല. 
 മദ്രാസ് തുറമുഖം വന്നപ്പോൾ മണലടിഞ്ഞാണ് മറീനബീച്ച് ഉണ്ടായത്,  കൃഷ്ണൻ പറയുന്നു.
  

അടുത്തത്‌ :
ചോരുന്ന കോളനി