അതിർത്തിപ്രദേശങ്ങളോട് ചേർന്നുള്ള സർക്കാരിന്റെ വികസനപദ്ധതികളായ റോഡ് നിർമാണം, പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ എന്നിവയ്ക്ക് പൊതുജനാഭിപ്രായം (പബ്ലിക് ഹിയറിങ്‌) കേൾക്കേണ്ടതില്ല. ഇന്ത്യ മറ്റ് രാജ്യങ്ങളുമായി അതിർത്തിപങ്കിടുന്ന മേഖലകളിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് 100 കിലോമീറ്റർ ചുറ്റളവിനെയാണ് (ഏരിയൽ ഡിസ്റ്റൻസ്) അതിർത്തിപ്രദേശം എന്ന് കരട് വിജ്ഞാപനത്തിൽ വ്യാഖ്യാനിക്കുന്നത്.
വലിയയൊരളവ് പദ്ധതികളെയും വ്യവസായങ്ങളെയും പരിസ്ഥിതി ആഘാത പഠനത്തിൽനിന്ന് 2020-ലെ കരട് വിജ്ഞാപനം ഒഴിവാക്കുന്നതായാണ് വിമർശനം. തന്ത്രപ്രധാനം എന്ന് പേരിട്ടാണ് ഈ പദ്ധതികളെ പരിസ്ഥിതി ആഘാത പഠനത്തിൽനിന്ന് ഒഴിവാക്കുന്നത്. ഇത്തരം പദ്ധതികളുടെ ഒരു വിവരവും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ലെന്നാണ് നിർദേശം. തന്ത്രപ്രധാന പദ്ധതി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന പദ്ധതികൾക്ക് പരിസ്ഥിതി ആഘാത പഠനം വേണ്ടെന്നാണ് പുതിയ നിബന്ധന. 

ഇളവുകൾ പലവിധം

പദ്ധതികളുടെ വിപുലീകരണം, പദ്ധതി നവീകരണം എന്നിവയ്ക്ക് നിലവിലുള്ള നിയമപ്രകാരം പരിസ്ഥിതി ആഘാത പഠനവും പൊതുജനാഭിപ്രായ ശേഖരണവും നടത്തണം. എന്നാൽ, പുതിയ കരട് വിജ്ഞാപനപ്രകാരം 25 ശതമാനത്തിലധികം വിപുലീകരണം നടത്തുന്ന പദ്ധതികൾക്ക് മാത്രമേ പരിസ്ഥിതി ആഘാതപഠനം ആവശ്യമുള്ളൂ. 50 ശതമാനത്തിലേറെ വിപുലീകരണം ആവശ്യമുള്ള പദ്ധതികൾക്കുമാത്രമേ പൊതുജനാഭിപ്രായം കേൾക്കേണ്ടതുള്ളൂവെന്നും വ്യവസ്ഥയിൽ ഇളവ് ഏർപ്പെടുത്തി.

പദ്ധതി നടത്തിപ്പിനെക്കുറിച്ച് സംരംഭകർ രണ്ട് വാർഷിക റിപ്പോർട്ടുകൾ പരിസ്ഥിതിമന്ത്രാലയത്തിന് നൽകണമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ, പുതിയ കരട് വിജ്ഞാപനപ്രകാരം ഒരു വാർഷിക റിപ്പോർട്ടുമാത്രം നൽകിയാൽമതി. പദ്ധതികൾ നടപ്പാക്കുന്നതിനുമുമ്പ് നാട്ടുകാരായ ജനങ്ങളുടെ അഭിപ്രായം തേടണമെന്ന് 1984-ലെ പരിസ്ഥിതിസംരക്ഷണ നിയമവും നിലവിലുള്ള 2006-ലെ വിജ്ഞാപനവും നിർദേശിക്കുന്നു. എന്നാൽ, പല പ്രധാന പദ്ധതികളെയും പൊതുജനാഭിപ്രായം തേടുന്നതിൽനിന്ന് കരട് വിജ്ഞാപനം ഒഴിവാക്കിയിരിക്കുന്നു.