സംസ്ഥാനത്ത് 67 ശതമാനത്തോളം എൻജിനീയറിങ്‌ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്! ഇന്ന്‌ 162-ഓളം എൻജിനീയറിങ്‌ കോളേജുകളിൽ 55,000-ത്തോളം സീറ്റുകളാണ് കേരളത്തിലുള്ളത്. അടുത്തയിടെ എ.ഐ.സി.ടി.ഐ. രാജ്യത്ത് ഫലപ്രദമല്ലാത്തരീതിയിൽ പ്രവർത്തിക്കുന്ന 800 എൻജിനീയറിങ്‌ കോളേജുകളാണ് അടച്ചുപൂട്ടാൻ നിർദേശിച്ചിട്ടുള്ളത്. ഇതിൽ 30 കോളേജുകൾ കേരളത്തിലുമുണ്ട്‌.

അടുത്തയിടെ പുറത്തിറങ്ങിയ നാസ്കോം, അസോചം റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽനിന്നു പഠിച്ചിറങ്ങുന്ന എൻജിനീയറിങ്‌ ബിരുദധാരികളിൽ തൊഴിൽലഭ്യതാ മികവ് 25 ശതമാനമാണെന്നാണ്‌  കണ്ടെത്തിയത്‌. തൊഴിൽവൈദഗ്‌ധ്യം, അറിവ്, ഇംഗ്ലീഷ് പ്രാവീണ്യം, ആശയ വിനിമയം, പൊതുവിജ്ഞാനം എന്നിവയിൽ എൻജിനീയറിങ്‌ ബിരുദധാരികൾ ഏറെ പിറകിലാണെന്നാണ് കണ്ടെത്തൽ!

സേവനമേഖലയ്ക്ക്‌ അനുസൃതമാകണം

എൻജിനീയറിങ്‌ വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി തൊഴിൽലഭ്യതാ മികവിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌  എന്നതാണ്‌ വാസ്തവം. ലോകത്ത് അനുദിനം മാറുന്ന തൊഴിൽ മേഖലയിൽ സേവനമേഖലയാണ് കരുത്താർജിക്കുന്നത്. കാർഷിക, വ്യവസായമേഖലകളെ  പിന്തള്ളിക്കൊണ്ട്‌ സേവനമേഖല മുന്നേറുമ്പോൾ സേവന മേഖലയ്ക്കിണങ്ങിയ തൊഴിലുകളിലേക്ക് എൻജിനീയറിങ്‌ ബിരുദധാരികളെ മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ബാങ്കിങ്‌, ഇൻഷുറൻസ്, അക്കൗണ്ടിങ്‌, ഐ.ടി., അഗ്രിബിസിനസ്, ഇ-കൊമേഴ്‌സ്, ഭക്ഷ്യസംസ്കരണം, റീട്ടെയിൽ, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്ക് എൻജിനീയറിങ്‌ ബിരുദധാരികൾ മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു! ഐ.ടി. രംഗത്ത് അഡ്വാൻസ്ഡ് ഐ.ടി., ഇന്റർനെറ്റ് ഓഫ് തിങ്‌സ്, അനലിറ്റിക്സ്, മെഷീൻ ലേണിങ്‌,   ക്ലൗഡ് സേവനങ്ങൾ, ആർട്ടിഫിഷ്യൽ   ഇന്റലിജൻസ്  എന്നിവ  കരുത്താർജിക്കുമ്പോൾ കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പ്രവർത്തിക്കാൻ എൻജിനീയറിങ്‌ കോളേജുകൾ തയ്യാറാകുന്നില്ല.

എൻജിനീയറിങ്‌, സാങ്കേതികവിദ്യാരംഗത്ത് വ്യവസായ സ്ഥാപനങ്ങളുമായുള്ള ഇൻഡസ്‌ട്രി ഇൻഫ്രാസ്‌ട്രക്ചർ  അത്യന്താപേക്ഷിതമാണ്.  അഭിരുചി, താത്‌പര്യം, മനോഭാവം എന്നിവ വിലയിരുത്താതെയാണ് ഭൂരിഭാഗം വിദ്യാർഥികളും എൻജിനീയറിങ്‌ പഠനത്തിനെത്തുന്നത്. കോഴ്‌സ് പൂർത്തിയാക്കിയാൽ വരാനിരിക്കുന്ന മാറ്റങ്ങൾ, തൊഴിൽ സാധ്യതകൾ, ഉപരിപഠന മേഖലകൾ എന്നിവ അറിയാതെ ലക്ഷ്യബോധമില്ലാത്ത ഇവരുടെ പഠനം തൊഴിലില്ലായ്മയിലേക്കാണെത്തുന്നത്. കോഴ്‌സ് പാതി വഴിയിൽ ഉപേക്ഷിച്ച്    മറ്റ് കോഴ്‌സുകൾക്ക് ചേരുന്നവരുടെ എണ്ണവും  വർധിച്ചുവരുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

സ്കിൽ വികസന കേന്ദ്രങ്ങളാകണം

എൻജിനീയറിങ്‌ കോളേജുകളിലെ ബ്രാഞ്ചുകളിൽ വൈവിധ്യമില്ല എന്നതാണ് കേരളത്തിൽ കോഴ്‌സിനു ചേരാൻ ആളെ കിട്ടാത്തതിന്റെ മുഖ്യകാരണം! എല്ലാ കോളേജുകളിലും കാലഘട്ടത്തിന്റെ മാറ്റത്തിനിണങ്ങിയ പുതിയ ബ്രാഞ്ചുകളില്ല എന്നതാണ് വസ്തുത! മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വാശ്രയ എൻജിനീയറിങ്‌ കോളേജുകളിൽ ഭൗതികസൗകര്യങ്ങളുണ്ടെങ്കിലും പ്രവേശനത്തിനാളില്ലാത്ത ഗതികേടിലാണ്.

ഉപരിപഠനം, വിദേശപഠനം, കാമ്പസ് റിക്രൂട്ട്‌മെന്റ്, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന എൻജിനീയറിങ്‌ കോളേജുകളിൽ പ്രവേശനം ലഭിക്കാനാണ്‌ വിദ്യാർഥികളും രക്ഷാകർത്താക്കളും  താത്‌പര്യപ്പെടുന്നത്‌. ഇത്‌ മറ്റു എൻജിനീയറിങ്‌ കോളേജുകളും മാതൃകയാക്കേണ്ടതാണ്‌.

വിദ്യാർഥികളെ ലഭിക്കാത്ത കോളേജുകൾ എൻജിനീയറിങ്‌ ബിരുദധാരി കൾക്കുള്ള തൊഴിൽ വൈദഗ്‌ധ്യ/സ്കിൽ വികസനകേന്ദ്രങ്ങളാക്കി മാറ്റുന്നതാണ് നല്ലത്. ഇപ്പോഴുള്ള സൗകര്യം പ്രയോജനപ്പെടുത്തി അവയ്ക്ക് ഫിനിഷിങ്‌ സ്കൂളുകളുമാകാം. സാധ്യതയുള്ള അക്കൗണ്ടിങ്‌, ഐ.ടി., ബാങ്കിങ്‌, ഇക്കണോമിക്സ്, ഇ-കൊമേഴ്‌സ്  തുടങ്ങിയ  കോഴ്‌സുകളുമാരംഭിക്കാം.
വിദ്യാഭ്യാസരംഗത്ത് ആഗോള ഗ്രാമത്തിന് പ്രസക്തിയേറുമ്പോൾ എൻജിനീയറിങ്‌ വിദ്യാർഥികൾക്ക് ലോകത്തെവിടെയും തൊഴിൽചെയ്യാവുന്ന വൈദഗ്‌ധ്യമാണാവശ്യം! ഇതിനുതകുന്ന രീതിയിലേക്ക് എൻജിനീയറിങ്‌ കോളേജുകളെ മാറ്റിയാൽ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ!l