ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പേരിലുണ്ടായിരുന്ന കോടതിയലക്ഷ്യക്കേസ്. സുപ്രീംകോടതിയിലെ മൂന്നംഗബെഞ്ചിനെ നയിച്ച ജസ്‌റ്റിസ്‌ മുഹമ്മദ് ഹിദായത്തുള്ള വിധിന്യായത്തിൽ പറഞ്ഞു: ‘‘ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടിന് ഒരുപക്ഷേ, ജുഡീഷ്യറിയെക്കുറിച്ചുള്ള  മാർക്സിസ്റ്റ് നിലപാട് ശരിക്കറിയില്ല, അതല്ലെങ്കിൽ അറിഞ്ഞിട്ടും തന്റെ ആവശ്യത്തിനായി  വളച്ചൊടിക്കുകയാണ്!’’ 

കോടതി മാർക്സിസം പഠിച്ചപ്പോൾ
കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതി വിധിച്ച ആയിരം രൂപ പിഴയോ ഒരുമാസം വെറും തടവോ എന്നത് 50 രൂപ പിഴ എന്നാക്കി കുറച്ചെങ്കിലും സുപ്രീംകോടതിയുടെ ശിക്ഷ വളരെ വലുതായാണ്‌ അന്ന് പരിഗണിക്കപ്പെട്ടത്- കാൾ മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരുടെ രചനകൾ ദീർഘമായി ഉദ്ധരിച്ചശേഷം ഇന്ത്യയിലെ മാർക്‌സിസ്റ്റാചാര്യനായി കരുതപ്പെടുന്ന ഇ.എം.എസിന് അതിലെ ചില കാര്യങ്ങൾ ‘മനസ്സിലായി’ട്ടില്ലെന്ന് വിധിക്കുകയായിരുന്നു!  പ്ലഖനോവും ലെനിനും തമ്മിൽ നടന്ന ചർച്ചകളെക്കുറിച്ചും ലസ്സാലിനെപ്പറ്റിയും കൗത്സ്കിയെപ്പറ്റിയുമെല്ലാം സമൃദ്ധമായി പരാമർശിച്ച് നീതിന്യായം സംബന്ധിച്ച് മാർക്സിസത്തിന്റെ നിലപാട് വിശദമായി ചർച്ചചെയ്യുകയായിരുന്നു കോടതി. 
  1970 ജൂലായ് 31-ന് പ്രഖ്യാപിക്കപ്പെട്ട ഈ വിധിന്യായത്തിലെ മേൽപ്പറഞ്ഞ പരാമർശത്തെ  അന്നുതന്നെ ഇ.എം.എസ്. ഭംഗ്യന്തരേണ വിമർശിക്കുകയുണ്ടായി. ‘‘മാർക്സിന്റെ എല്ലാ രചനകളും ഇംഗ്ലീഷിൽ ഇനിയും വന്നിട്ടില്ല. കോടതി ജർമൻ മൂലകൃതികളും കണ്ടിരിക്കുമോ.’’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 


ഇ.എം.എസിനെതിരേ നമ്പ്യാർ കോടതിയിൽ
പ്രശാന്ത് ഭൂഷണിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി പരിഗണിക്കുമ്പോൾ 50 വർഷത്തിനുമപ്പുറം ഇ.എം.എസിന്റെ പേരിൽ നടന്ന കോടതിയലക്ഷ്യക്കേസാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. 1967-ൽ ഇ.എം.എസ്. മുഖ്യമന്ത്രിയായിരിക്കെ പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി കോടതിയെയും ജഡ്ജിമാരെയും ആക്ഷേപിച്ചുവെന്നതാണ് കേസിനാസ്പദം. വർഗസമൂഹത്തിൽ കോടതികൾ ഭരണവർഗത്തിന്റെ മർദനോപാധികളിലൊന്നാണെന്ന് താത്ത്വികമായി പറഞ്ഞ മുഖ്യമന്ത്രി അതിന് തന്റേതായ കുറെ വിശദീകരണവും നൽകി. ‘‘നല്ല വസ്ത്രം ധരിച്ചെത്തുന്ന ധനികന്റെയും പാവപ്പെട്ടവന്റെയും കേസ് വന്നാൽ ജഡ്ജിമാർ ധനികന്റെ ഭാഗത്ത് നിൽക്കും. ജഡ്ജിമാരെ നയിക്കുന്നത് അധീശവർഗതാത്‌പര്യമാണ്. തൊഴിലാളിവർഗത്തിനും കൃഷിക്കാർക്കും എതിരായ നിലപാടാണ് ജഡ്ജിമാരുടേത്’’ എന്നിങ്ങനെ കടുത്ത ആക്ഷേപമുയർത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നുകാട്ടി തലശ്ശേരിയിലെ അഡ്വ. ടി. നാരായണൻ നമ്പ്യാരാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. 
 ഹൈക്കോടതിയുടെ ശിക്ഷ
ജസ്റ്റിസുമാരായ കെ.കെ. മാത്യു, രാമൻനായർ, കൃഷ്ണമൂർത്തി അയ്യർ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചു. ജുഡീഷ്യറിയെക്കുറിച്ചുള്ള മാർക്സിസ്റ്റ് കാഴ്ചപ്പാട് വിശദീകരിച്ചതാണ്, സി.പി.എം. പരിപാടിയിൽ വ്യക്തമാക്കിയ കാര്യമാണ് പുതുതായൊന്നും താൻ പറഞ്ഞിട്ടില്ലെന്നാണ് ഇ.എം.എസ്. സത്യവാങ്മൂലം നൽകിയത്. ജസ്റ്റിസ് രാമൻ നായരും കൃഷ്ണമൂർത്തി അയ്യരും  ഇ.എം.എസിന്റേത് തികഞ്ഞ കോടതിയലക്ഷ്യമാണെന്ന് വിധിച്ചു. എന്നാൽ, ജസ്റ്റിസ് കെ.കെ. മാത്യു ഇ.എം.എസ്. കോടതിയലക്ഷ്യം ചെയ്തതായി പറയാനാവില്ലെന്ന് വ്യത്യസ്ത വിധിന്യായമെഴുതി. മാത്രമല്ല കോടതികൾക്കും ജഡ്ജിമാർക്കുമെതിരായ ആരോപണങ്ങൾ ജഡ്ജിമാർതന്നെ പരിഗണിക്കുന്നത് അപകടകരമാണെന്നും നീതിനിർവഹണത്തിൽ തകരാറുണ്ടോ, എന്തെങ്കിലും മാറ്റം വേണോ എന്ന കാര്യം ജനാധിപത്യപരമായ പരിശോധനയാണർഹിക്കുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇ.എം.എസ്. സുപ്രീംകോടതിയിൽ വാദിക്കാൻ കൃഷ്ണമേനോൻ
ഭൂരിപക്ഷവിധിപ്രകാരം ഇ.എം.എസിന് ആയിരം രൂപ പിഴയോ ഒരു മാസം വെറും തടവോ വിധിച്ചു. ഇതിനെതിരായി ഇ.എം.എസ്. നൽകിയ അപ്പീൽ രാജ്യത്തെ നീതിന്യായചരിത്രത്തിലെ വലിയൊരു സംഭവമായി മാറി. ഇ.എം.എസിനുവേണ്ടി  സുപ്രീംകോടതിയിൽ ഹാജരായത് സാക്ഷാൽ വി.കെ. കൃഷ്ണമേനോൻ. മുഹമ്മദ് ഹിദായത്തുള്ളയും ഗോപേന്ദ്ര കൃഷ്ണ മിറ്ററും എ.എൻ. റേയുമടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 
കോടതിവിധി മാനിക്കുകയും അംഗീകരിക്കുകയും വേണം, അതേസമയം വിമർശനം അനുവദനീയവുമാണ്. അഭിപ്രായപ്രകടനത്തിന്റെയോ പ്രസംഗത്തിന്റെയോ പേരിൽ കോടതിയലക്ഷ്യനടപടി സ്വീകരിക്കുന്നത് ജനാധിപത്യപരമല്ല എന്നാണ് വി.കെ. കൃഷ്ണമേനോൻ വാദിച്ചത്. ജഡ്ജിമാരെ അവർ വരുന്ന പശ്ചാത്തലം സ്വാധീനിക്കാമെന്ന് കൃഷ്ണമേനോൻ പറഞ്ഞത് ഇ.എം.എസ്. നടത്തിയ ആക്ഷേപത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്ന വിമർശനം ജസ്റ്റിസ് ഹിദായത്തുള്ളയിൽനിന്നുണ്ടായി. 
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും മറ്റ് മാർക്സിസ്റ്റ് ക്ലാസിക്കുകളും ഏംഗൽസിന്റെയും ലെനിന്റെയും കൃതികൾ വിപുലമായി പരാമർശിച്ച വിധിന്യായത്തിൽ അവരാരും നീതിപീഠത്തെ നേരിട്ട് ആക്രമിച്ചിട്ടില്ലെന്നും ഇ.എം.എസ്. കോടതിയെയും ജഡ്ജിമാരെയും നേരിട്ട് ആക്ഷേപിക്കുകയും വിലയിടിച്ചുകാണിക്കുകയും അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് സുപ്രീംകോടതിവിധിയിൽ വ്യക്തമാക്കി. നിയമം മാറ്റണമെന്നല്ലാതെ ജഡ്ജിമാരെ അധിക്ഷേപിക്കുന്ന തരത്തിൽ മാർക്സോ ഏംഗൽസോ ലെനിനോ ഒന്നും എഴുതിയിട്ടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം; ഇ.എം.എസ്. പക്ഷേ, അതാണ് ചെയ്തതെന്നും.  ഇ.എം.എസ്. മുഖ്യമന്ത്രിയായിരിക്കെയാണ് ഹൈക്കോടതിവിധിയും അപ്പീൽവാദവും നടന്നതെങ്കിലും വിധിപറയുന്ന ഘട്ടമെത്തുമ്പോഴേക്കും സപ്തകക്ഷി മുന്നണി തകരുകയും ഇ.എം.എസ്. മന്ത്രിസഭ രാജിവെക്കുകയും ചെയ്തിരുന്നു. 

 മാർക്സ് കോടതിയിൽ
ഭരണകൂടത്തെ ബലം പ്രയോഗിച്ച് മാറ്റുക എന്ന് സിദ്ധാന്തിച്ച കാൾ മാർക്സ്, കേസുകൾ വന്നപ്പോൾ കോടതികളെ അവഗണിക്കുകയല്ല, കോടതിക്ക് എഴുത്തയച്ചും കോടതിയിൽ ഹാജരായി തങ്ങളുടെ ഭാഗം വാദിച്ച് ജയിക്കുകയുമായിരുന്നു. 1851-ൽ കൊളോൺ കമ്യൂണിസ്റ്റ് ഗൂഢാലോചനാ കേസിൽ മാർക്സ് രഹസ്യമായി കോടതിക്ക് അയച്ച കത്തുകൾ തെളിവായി സ്വീകരിച്ച് പ്രതിസ്ഥാനത്തുനിന്നൊഴിവാക്കുകയായിരുന്നു. കൊളോണിൽത്തന്നെ നികുതിനിഷേധിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിയതിന്റെ പേരിൽ മാർക്‌സിനെതിരേ 1848-’49-ൽ കേസ് വന്നു. കോടതിയിൽ ഹാജരായി സ്വയം വാദിക്കുമ്പോൾ മാർക്സ് കോടതിയെ അംഗീകരിച്ചുകൊണ്ടുതന്നെ നിയമം മാറ്റേണ്ടതുണ്ടെന്നാണ് വ്യക്തമാക്കിയത്. സാമൂഹികബന്ധങ്ങളെ യഥാർഥമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ നിയമാവലികൾ വെറും കടലാസ് തുണ്ടുകളായി പരിണമിക്കും. പഴയ നിയമങ്ങളല്ല പുതിയ സമുദായത്തിന്റെ അടിസ്ഥാനം. സമുദായത്തിന്റെ അടിസ്ഥാനം നിയമമല്ല, നിയമത്തിന്റെ അടിസ്ഥാനം സമുദായമാണ്. ഈ ഘട്ടത്തിൽ നികുതിനിഷേധം സ്വയംസംരക്ഷണായുധമാണ് -ഈ വാദത്തോടെ മാർക്സിന്റെ പേരിലുള്ള കേസ് കോടതി തള്ളുകയായിരുന്നു. 
താൻ പത്രാധിപരായ ന്യൂ റെയിനിഷെ സെയ്ത്തുംഗ് പ്രസിദ്ധപ്പെടുത്തിയ സർക്കാർവിരുദ്ധ വാർത്തയ്‌ക്കെതിരെ കേസ് വന്നു. കോടതിയിൽ വിചാരണയ്ക്കിടയിൽ മാർക്സ് പറഞ്ഞു: ‘‘നിങ്ങൾ പത്രസ്വാതന്ത്ര്യത്തെ കഴുത്തുഞെരിച്ച് കൊല്ലുന്നു. പത്രസ്വാതന്ത്യ്രം സമരത്തിലൂടെ നേടിയതും ഭരണഘടനാദത്തവും സർക്കാർ അംഗീകരിച്ചതുമാണ്. എവിടെ പീഡനമുണ്ടാകുന്നുവോ അവിടെ ഓടിയെത്തി മർദിതർക്കായി വാദിക്കേണ്ടത് പത്രങ്ങളുടെ ചുമതലയാണ്. മറ്റൊരു പ്രതിയായ ഏംഗൽസ് പറഞ്ഞു: ‘‘ഞങ്ങൾ യഥാർഥവസ്തുതകൾ വാർത്തയായി നൽകുകയും അതിൽനിന്നുള്ള ശരിയായ നിഗമനം അവതരിപ്പിക്കുകയുമാണ് ചെയ്തത്’’ -പത്രത്തിന്റെയും പത്രാധിപരുടെയും ലേഖകന്റെയും പേരിലുള്ള കേസ് അതോടെ തള്ളപ്പെട്ടു.