ലക്ഷങ്ങളുടെ തൊഴിൽസ്വപ്നങ്ങൾക്ക് ആലംബമായ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സംവിധാനത്തെ സർക്കാർ ഏജൻസികൾതന്നെ ഇല്ലാതാക്കുന്നു. സീനിയോറിറ്റി, സാമുദായിക സംവരണം, മുൻഗണന എന്നിവയുടെ അടിസ്ഥാനത്തിൽ സ്ഥിരമായും താത്‌കാലികമായും തൊഴിൽ നൽകിവരുന്ന എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകൾക്ക് ബദലായി പഞ്ചായത്ത് തലത്തിലും തൊഴിൽദായക സംവിധാനങ്ങൾ ഉയരുകയാണ്. കുടുംബശ്രീ, അസാപ്, കെക്‌സ്‌കോൺ തുടങ്ങിയ സർക്കാർ ഏജൻസികൾക്കുപുറമേ വടകരയിലെ മാലിന്യ സംസ്കരണ പ്രവർത്തന കൂട്ടായ്മയായ ഹരിയാലിപോലും ജോബ് പോർട്ടൽ തുടങ്ങാൻ പോകുകയാണ്.
പഞ്ചായത്തുതലത്തിൽ തൊഴിൽ പ്രോത്സാഹന സംരംഭങ്ങളെത്തുകയെന്നത് പ്രശംസനീയമായ കാര്യമാണ്. പക്ഷേ, പുതിയ സംരംഭങ്ങൾക്കനുസൃതമായി മാറിവരുന്ന സർക്കാരുകൾ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ കോവിഡ് കാലത്തുപോലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് എന്ന സംവിധാനത്തിൽ വിശ്വസിച്ചെത്തുന്ന ഒട്ടേറെ ആളുകളുടെ തൊഴിൽപ്രതീക്ഷകൾ ഏതാണ്ട് പൂർണമായും ഇല്ലാതാക്കുമെന്നത് മറുവശം. കുടുംബശ്രീക്കുവേണ്ടി അത്രയധികം തസ്തികകളാണ് പലരീതിയിൽ മാറ്റിവെക്കപ്പെടുന്നത്.
തുരങ്കംവെക്കാൻ പല വഴികൾ
ചെറുപ്പത്തിൽ പേരു രജിസ്റ്റർചെയ്ത ഒരാൾക്ക് ശരാശരി 45 വയസ്സ് കഴിഞ്ഞാലെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽനിന്ന് ലാസ്റ്റ്‌ഗ്രേഡായി പാർട്ട് ടൈം ജോലിയവസരം ലഭിക്കാവുന്ന അവസ്ഥ ഇന്നുണ്ട്. പ്രതിവർഷം ശരാശരി 2000 തസ്തികകളിൽ ഈവിധം നിയമനമുണ്ട്. അതുപോലും കുടുംബശ്രീക്കും വിമുക്തഭടന്മാരെ സംരക്ഷിക്കുന്നതിനായുള്ള സർക്കാർ കോർപ്പറേഷനായ കെക്‌സ്‌കോണിനും വിട്ടുകൊടുത്തുള്ള സർക്കാർ ഉത്തരവ് കഴിഞ്ഞ ഡിസംബറിൽ ഇറങ്ങി. ‘മാതൃഭൂമി’ ഇക്കാര്യം പുറത്തുകൊണ്ടുവന്നതോടെ ഉത്തരവ് പിൻവലിച്ചു.
പ്രത്യക്ഷത്തിൽ ഈ ഉത്തരവ് കുടുംബശ്രീക്ക് വേണ്ടിയായിരുന്നു. കൂടെ കെക്‌സ്‌കോണും പെട്ടുവെന്നുമാത്രം. സർക്കാർ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ഗാർഡ് നിയമനമാണ് കെക്‌സ്‌കോൺ പ്രധാനമായും ലക്ഷ്യമിടുന്നത്. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ നൽകാവുന്ന ഡ്രൈവർ തസ്തികയിലേക്കുള്ള താത്‌കാലിക നിയമനം കെക്‌സ്‌കോണിനു പോകുന്നുണ്ടെന്നതും മറ്റൊരു വസ്തുത.
കെ.എസ്.ഇ.ബി.യിലെ ചില ജോലികൾ കുടുംബശ്രീക്ക് കൊടുക്കാനുള്ള നീക്കത്തെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ അതിനെക്കുറിച്ച് കെ.എസ്.ഇ.ബി. ഒരു വിശദീകരണം ഇറക്കി. അതിൽ പറഞ്ഞത് സ്ഥിരം തസ്തികയില്ലാത്ത ഹെൽപ്പേഴ്‌സിന്റെയും ക്ലീനേഴ്‌സിന്റെയും ഒഴിവുകളിലേക്കാണ് താത്‌കാലിക നിയമനം നടത്തിയത് എന്നാണ്.
ഈ വിശദീകരണംപോലും കേന്ദ്രസർക്കാർ 1959-ൽ പുറപ്പെടുവിച്ച കമ്പൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് (സി.എൻ.വി.) ആക്ടിന്റെ ലംഘനമാണെന്ന കാര്യം അധികൃതർ ശ്രദ്ധിച്ചിട്ടില്ല. അതല്ലെങ്കിൽ, ഇനി പറയുക താത്‌കാലിക നിയമനങ്ങൾ കുടുംബശ്രീക്ക് നൽകാനുള്ള സർക്കാർ ഉത്തരവുണ്ടെന്നോ നിർദേശമുണ്ടെന്നോ ആയിരിക്കും.
അത്തരം ഉത്തരവുവഴി അസംഖ്യം സർക്കാർ സ്കൂൾ അധ്യാപകരുടെയും ആശുപത്രി ജീവനക്കാരുടെയും താത്‌കാലിക നിയമനങ്ങൾ യഥാക്രമം സ്കൂൾ പി.ടി.എ. വഴിയും ആശുപത്രി വികസനസമിതികൾ വഴിയും നടത്തിവരുകയാണ്. നിയമപ്രകാരം എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിക്കപ്പെടേണ്ട തസ്തികകളാണിത്.
കോവിഡ്-19 അടച്ചിടലിനു മുമ്പ് പ്രതിമാസം ശരാശരി 10 ഗസ്റ്റ് അധ്യാപക നിയമനമെങ്കിലും പത്രങ്ങളിൽ ഓരോ ജില്ലയിൽനിന്നും അറിയിപ്പായി പ്രസിദ്ധീകരിക്കാറുണ്ട്. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽമാത്രം ഹൈസ്കൂൾ, യു.പി., എൽ.പി. വിഭാഗങ്ങളിലായി കഴിഞ്ഞവർഷം 688 പേരെയാണ് ഗസ്റ്റ് അധ്യാപകരായി നിയമിച്ചത്. ആശുപത്രികളിൽ ഇപ്പോൾ നാഷണൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം.) പ്രകാരവും നിയമനമുണ്ട്.
താത്‌പര്യമില്ലാതെ സർക്കാരുകൾ
2016-ലെ സർക്കുലർപോലെ താത്‌കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേന വേണമെന്ന നിർദേശവുമായുള്ള സർക്കാർ ഉത്തരവുകൾ 2014-ൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും 2019-ൽ എ. ജയതിലകും പുറപ്പെടുവിച്ചിട്ടുണ്ട്.ആക്ടും സർക്കാർ ഉത്തരവുകളും ഇല്ലാത്തതല്ല പ്രശ്നം. മാറിവരുന്ന സർക്കാരുകൾക്കൊന്നും ഈ നിയമം നടപ്പാക്കാൻ താത്‌പര്യമില്ലെന്നതാണ് പരമാർഥം. എല്ലാ നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനും പി.എസ്.സി.ക്കും വിട്ടാൽ സ്വന്തം രാഷ്ട്രീയ താത്‌പര്യങ്ങൾക്കനുസരിച്ചുള്ള നിയമനങ്ങൾ നടപ്പാക്കാൻ കഴിയില്ല. അതിനാണ് കുടുംബശ്രീയുടെയും ക്ഷേമനിധി ബോർഡിന്റെയുമെല്ലാം പിന്നാലെ പോകുന്നത്.
ഒരുകാലത്തൊരുകാലത്ത്
കേരളത്തിൽ പി.എസ്.സി.യും കേന്ദ്രസർക്കാരിനുകീഴിൽ യു.പി.എസ്.സി., എസ്.എസ്.സി. സംവിധാനങ്ങളും വരുന്നതുവരെയും സംസ്ഥാനത്തെ നിയമനങ്ങളിൽ ഭൂരിഭാഗവും നടന്നത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയായിരുന്നു. 1980-കളുടെ ആദ്യത്തിൽപ്പോലും കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ, ദേശസാത്കൃത ബാങ്കുകൾ എന്നിവയിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി നിയമനം നടന്നിട്ടുണ്ട്. അതായത്, പുതുതലമുറ പെൻഷൻകാരിൽ നല്ലൊരുപങ്ക് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ ജോലി ലഭിച്ചവരാണെന്നു ചുരുക്കം. നാലുപതിറ്റാണ്ടു കഴിയുമ്പോഴും ആ സ്ഥാപനത്തിലുള്ള പ്രതീക്ഷ മലയാളികളിൽ നിലനിൽക്കുന്നു. അതിന്റെ തെളിവാണ് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെ ലൈവ് രജിസ്റ്റർ. തൊഴിൽ തേടി രജിസ്റ്റർചെയ്തവർ 36.25 ലക്ഷം പേരാണ്.
ഈ മറുപടി ആരുകേൾക്കാൻ
സർക്കാർ/അർധസർക്കാർ/കമ്പനി/ കോർപ്പറേഷൻ എന്നിവിടങ്ങളിൽ താത്‌കാലിക ജീവനക്കാരെ നിയമിക്കുന്നത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയായിരിക്കണമെന്ന് എന്തെങ്കിലും തരത്തിലുള്ള വ്യവസ്ഥയുണ്ടോ?’
(അനിൽ അക്കര എം.എൽ.എ. നിയമസഭയിൽ)
1959-ൽ പാർലമെന്റ് പാസാക്കിയ സി.എൻ.വി. ആക്ട് വഴി എല്ലാ സ്ഥാപനങ്ങളും ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ അറിയിക്കണം. കൂടാതെ, 2016 ഡിസംബർ 26-ലെ സർക്കുലർ പ്രകാരവും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്’
(മന്ത്രി ടി.പി. രാമകൃഷ്ണൻ)
അതേ സമ്മേളനത്തിൽ വി.പി. സജീന്ദ്രന്റെ ഒരു ചോദ്യത്തിന് പ്രസ്തുത നിയമം ലംഘിച്ച് പല സ്ഥാപനങ്ങളിലും കരാർ/ദിവസക്കൂലി അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതു സംബന്ധിച്ചു ലഭിച്ച പരാതികളിൽ നടപടി സ്വീകരിച്ചുവരുകയാണെന്നുംകൂടി മന്ത്രി മറുപടി നൽകുന്നുമുണ്ട്. വെറും പാഴ്‌വാക്കുകൾ എന്നേ ഈ മറുപടിയെ കാണാനാവൂ.
പി.എസ്.സി.ക്ക് വിടാത്ത ക്ഷേമനിധി നിയമനങ്ങൾ
തൊഴിൽ വകുപ്പിനുകീഴിലുള്ള 12 ക്ഷേമനിധി ബോർഡുകളിലെ നിയമനം സ്പെഷ്യൽ റൂൾ രൂപവത്കരിച്ചില്ലെന്നതിനാൽ പി.എസ്.സി.ക്ക് വിട്ടിട്ടില്ല. എങ്കിലും നാമമാത്രമായി സ്ഥിരംജീവനക്കാരും ഡെപ്യൂട്ടേഷൻ നിയമനവുമുണ്ട്. കൂടുതൽപ്പേരും ദിവസവേതനത്തിൽ ജോലിചെയ്യുന്നു. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയല്ല നിയമനം.
ക്ഷേമനിധി ബോർഡുകളുടെ പേരും തസ്തികകളുടെ എണ്ണവും
- കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് 127
- കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ് 46
- കേരള ആഭരണത്തൊഴിലാളി ക്ഷേമനിധി ബോർഡ് 11
- കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 10
- കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് 60
- കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 95
- കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് 16
- കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് 7
- കേരള ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോർഡ് (നിയമനമായിട്ടില്ല. എങ്കിലും 13 പേർ ജോലിചെയ്യുന്നു) 13
- കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 427
- കേരള ബീഡി, ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 9
- കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് 28
റോജി എം. ജോൺ എം.എൽ.എ.യ്ക്ക് നിയമസഭാ ചോദ്യോത്തരവേളയിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
(തുടരും)