സർക്കാർമേഖലയിലെ ഒഴിവുകൾ നിർബന്ധമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണമെന്ന കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിൽ പോലും കേന്ദ്രസർക്കാർ പഴുതുണ്ടാക്കിയെന്നതും ചരിത്രം. നിയമംലംഘിച്ചാൽ ശിക്ഷ നാമമാത്രമായുള്ള പിഴയേയുള്ളൂ. നിയമപ്രകാരം ഒഴിവുകൾ അറിയിക്കണം. ഒഴിവുകൾ അറിയിച്ചശേഷം മറ്റേതെങ്കിലും മാർഗത്തിലൂടെ സ്ഥാപനം നിയമനം നടത്തിയാൽ പ്രശ്നമേയില്ല. ഇതെല്ലാം നിലവിലുള്ള എംപ്ലോയ്‌മെന്റ് സംവിധാനത്തെ തകർക്കുന്നതിനുള്ള കാരണംകൂടിയാണ് .
കേരളത്തിലെ തൊഴിൽതേടുന്ന ചെറുപ്പക്കാർ ഇപ്പോൾ വെറുക്കുന്ന വാക്ക് ഏതെന്നു ചോദിച്ചാൽ ഉത്തരം ‘കൺസൽട്ടൻസി’ എന്നായിരിക്കും. അത് കേരളത്തിനുമേൽ അടിച്ചേല്പിച്ചതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. സ്വർണക്കടത്തു കേസിനുശേഷം ഉയർന്നുകേട്ട കൺസൽട്ടൻസികളാണ് ഉദ്യോഗാർഥികളുടെ ആശങ്കയ്ക്ക് കാരണമെങ്കിലും അതിനപ്പുറമാണ് കേന്ദ്രസർക്കാരിന്റെ കൺസൽട്ടൻസി ഭ്രമം. സർക്കാർ-പൊതുമേഖലയിലെ നിയമനം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ കൺസൽട്ടൻസി നിയമനം തുടങ്ങിയത്. പാസ്പോർട്ട് ഓഫീസ്, ബി.എസ്.എൻ.എൽ. തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളും പുറം കരാറുകളിലൂടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2000-ൽ കേരളത്തിൽ ഒരു ലക്ഷത്തിലധികം കേന്ദ്രസർക്കാർ ജീവനക്കാരുണ്ടായിരുന്നത് ഇന്ന് 30 ശതമാനത്തോളം കുറഞ്ഞു.
കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന ദേശീയ എംപ്ലോയ്‌മെന്റ് സർവീസ് മാന്വൽ പ്രകാരമാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും പ്രവർത്തനം. അതാകട്ടെ സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിയുള്ളതാണ്. സർക്കാർ മേഖലയിലെ തൊഴിലവസരങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ഉദ്യോഗാർഥികളെ നിരാശരാക്കുമെങ്കിലും കൂടുതൽ പേർക്ക് തൊഴിലവസരം ഒരുക്കുകയെന്നതാണ് ഈ നയത്തിനടിസ്ഥാനം.
ചില ദുഃഖസത്യങ്ങൾ
കേരളത്തിലുള്ളതുപോലുള്ള സംഘടിതവും ആസൂത്രിതവുമായ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് സംവിധാനം മറ്റു സംസ്ഥാനങ്ങളിലില്ലെന്നതും കേന്ദ്രസർക്കാരിന്റെ സ്വകാര്യമേഖലാ പ്രീണനത്തിന് കാരണമായിട്ടുണ്ട്. സർക്കാർമേഖലയിലെ ഒഴിവുകൾ നിർബന്ധമായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അറിയിക്കണമെന്ന കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസീസ് ആക്ടിൽ പോലും കേന്ദ്രസർക്കാർ പഴുതുണ്ടാക്കിയെന്നതും ചരിത്രം. നിയമംലംഘിച്ചാൽ ശിക്ഷ നാമമാത്രമായുള്ള പിഴയേയുള്ളൂ. നിയമപ്രകാരം ഒഴിവുകൾ അറിയിക്കണം. ഒഴിവുകൾ അറിയിച്ചശേഷം മറ്റേതെങ്കിലും മാർഗത്തിലൂടെ സ്ഥാപനം നിയമനം നടത്തിയാൽ പ്രശ്നമേയില്ല. ഇതെല്ലാം നിലവിലുള്ള എംപ്ലോയ്‌മെന്റ് സംവിധാനത്തെ തകർക്കുന്നതിനുള്ള കാരണംകൂടിയാണ്. അതിലപ്പുറമാണ് സീനിയോറിറ്റി, സാമുദായികസംവരണം, മുൻഗണനവിഭാഗാനുകൂല്യം തുടങ്ങിയ കാര്യങ്ങൾ ഇല്ലാതാകുന്നുവെന്ന ദുഃഖസത്യം. സ്വകാര്യമേഖലയിലുള്ള ഏതു കമ്പനിയും കുറഞ്ഞ കൂലിക്ക് കൂടുതൽ കഴിവുള്ളയാളെ നിയമിക്കാനേ തുനിയൂ. അപ്പോൾ ആദ്യം ഉപേക്ഷിക്കേണ്ടിവരുക സീനിയോറിറ്റിയും സംവരണവും തന്നെയാണല്ലോ.
എത്രപേർക്ക് ജോലികിട്ടി
സീനിയോറിറ്റിയും സംവരണവും പാലിച്ച് എത്രപേർക്ക് കേരളത്തിന് ജോലി നൽകാനാകുന്നുണ്ട് എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. കഴിഞ്ഞ പത്തുവർഷത്തെ ശരാശരി എടുത്താൽ 11,000 പേർക്ക് മാത്രമാണ് ഒരു വർഷം എംപ്ലോയ്‌മെന്റിലൂടെ തൊഴിൽകിട്ടുന്നത്. ഏതാണ്ട് മൂന്നുലക്ഷത്തോളം പേർ ഓരോവർഷവും പുതുതായി രജിസ്റ്റർ ചെയ്യപ്പെടുമ്പോഴാണിത്. എന്തായാലും സ്വകാര്യമേഖലയിലെ നിയമനം കൂടി ലക്ഷ്യമിടണമെന്നത് കേരളം ഷിബു ബേബി ജോൺ തൊഴിൽ മന്ത്രിയായിരിക്കെ 2012-ൽ തിരിച്ചറിഞ്ഞു. അടുത്തവർഷം എംപ്ലോയബിലിറ്റി സെന്റർ കൊച്ചിയിൽ തുടങ്ങിയത് അങ്ങനെയാണ്. കേരളവും അതോടെ കേന്ദ്രസർക്കാർ പാതയിലായി. എംപ്ലോയബിലിറ്റി സെന്ററിന്റെ നടത്തിപ്പും സ്വകാര്യ ഏജൻസിക്കായിരുന്നു. കഴിഞ്ഞവർഷം അവരെ ഒഴിവാക്കി.
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തൊഴിൽ നൽകിയത്. 45,436 ഇതുവരെ ഇടതു സർക്കാർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി തൊഴിൽ നൽകിയത്. 49,444
ഡോക്ടർ, എൻജിനിയർ, എം.ബി.എ. ബിരുദധാരികൾ തുടങ്ങിയ 1.15 ലക്ഷം പ്രൊഫഷണലുകളാണ് യു.ഡി.എഫ്. ഭരണകാലത്ത് പ്രൊഫഷണൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിരുന്നത്. അതിൽ 1883 പേർക്കാണ് താത്‌കാലിക ജോലി ലഭിച്ചത്.
കുടുംബശ്രീ വഴിയുള്ള നിയമനങ്ങൾ
സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്‌കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നതിന് കുടുംബശ്രീക്ക് കേരളശ്രീ എന്നപേരിൽ ഒരു ഉപവിഭാഗം തന്നെയുണ്ട്. പക്ഷേ, താത്‌കാലിക നിയമനങ്ങൾ ജില്ലാ മിഷനുകളാണ് നടത്തുക. അതിനാൽ സംസ്ഥാനതലത്തിൽ അതുസംബന്ധിച്ച കണക്കില്ല.
കെ.എസ്.ഇ.ബി., വാട്ടർ അതോറിറ്റി എന്നിവയിലെ താത്‌കാലിക ഒഴിവുകൾ സ്ഥിരമായി കുടുംബശ്രീക്ക് ലഭിക്കുന്നു. അതെല്ലാം വർഷങ്ങളായി തുടരുന്ന സംവിധാനമാണെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു. സാധാരണഗതിയിൽ പുറംകരാർ കൊടുക്കുന്ന പ്രവൃത്തികളാണ് കുടുംബശ്രീ ഏറ്റെടുക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആ നിലയ്ക്കാണ് കൊച്ചി മെട്രോ, ദക്ഷിണ റെയിൽവേയ്ക്കുകീഴിലുള്ള റെയിൽവേസ്റ്റേഷനുകളിലെ പാർക്കിങ്, വിശ്രമകേന്ദ്രം എന്നിവയുടെ ചില പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള ധാരണയുണ്ടാക്കിയത്. കെ.എസ്.ആർ.ടി.സി.യുടെ ചില ബസ്‌സ്റ്റാൻഡുകളിൽ റിസർവേഷൻ കൗണ്ടർ നടത്തിപ്പ് കുടുംബശ്രീക്കായിരുന്നു.
എംപ്ലോയബിലിറ്റി സെന്ററുകൾ
സ്വകാര്യമേഖലയിൽ തൊഴിൽ നൽകാൻ ഇപ്പോൾ സംസ്ഥാന സർക്കാർ ഏജൻസികൾ തമ്മിലാണ് മത്സരം. ജോബ് ഡ്രൈവ്, ജോബ് ഫെസ്റ്റ് തുടങ്ങിയ പലപേരുകളിൽ സർക്കാരിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ, മോഡൽ കരിയർ സെന്റർ, ഐ.ടി.ഐ. പോലുള്ള സ്ഥാപനങ്ങൾ തൊഴിൽമേളകൾ നടത്തുന്നു. ജില്ലാ അടിസ്ഥാനത്തിലാണെങ്കിൽ സ്കിൽ െഡവലപ്‌മെന്റ് സെന്റർ പോലുള്ള സംവിധാനങ്ങളുമുണ്ട്.
ഇപ്പോഴത്തെ സർക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്തെ പത്ത് എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന 20,029 പേരെയും മോഡൽ കരിയർ സെന്റർ വഴി 910 പേരെയും ഐ.ടി.
ഐ. തൊഴിൽമേളകൾ വഴി 11,388 പേരെയും കരിയർ െഡവലപ്‌മെന്റ് സെന്ററുകൾ വഴി 113 പേരെയും നിയമിച്ചിട്ടുണ്ടെന്നാണ് കെ.എൻ.എ. ഖാദർ എം.എൽ.എ. യ്ക്ക് നിയമസഭയിൽനിന്ന് ലഭിച്ച മറുപടി.
വേഷവും ജീവിതവും
കേരളത്തിലെ ഉദ്യോഗാർഥികളിൽ ഭൂരിപക്ഷം എസ്.എസ്.എൽ.സി.ക്കും ബിരുദത്തിനും ഇടയിലുള്ളവരാണെന്നതു കൊണ്ട് വ്യാപകമായ തൊഴിൽ ചൂഷണം സ്വകാര്യമേഖലയിൽ നടക്കുന്നുണ്ട്. മറുനാടൻ തൊഴിലാളികൾ ഒരു ദിവസം 700 രൂപ മുതൽ 900 രൂപവരെ വാങ്ങി ജോലിചെയ്യുമ്പോൾ വെറും 7000 രൂപ മുതൽ 10,000 രൂപവരെ മാസശമ്പളവും തൊഴിൽ ലക്ഷ്യപ്രാപ്തിക്കനുസരിച്ചുള്ള കമ്മിഷനും വാങ്ങിയാണ് നമ്മുടെ യുവാക്കൾ ജോലിചെയ്യുന്നത്. മുണ്ടു മുറുക്കിയുടുത്തുള്ള ജീവിതം വേഷവിധാനത്തിൽ കാണില്ലെന്നു മാത്രം. അതിലപ്പുറമാണ് ചെറുപ്പകാലം കഴിഞ്ഞാലുള്ള അനിശ്ചിതാവസ്ഥ. വിവാഹ കമ്പോളത്തിൽ ഇത്തരം ആളുകൾ ‘മുടക്കാച്ചരക്കാ’യി നിൽക്കുന്നുവെന്ന യാഥാർഥ്യവും കൂട്ടിവായിക്കപ്പെടേണ്ടതാണ്. പുര നിറഞ്ഞുനിൽക്കുന്നത് ഇന്ന് കേരളത്തിലെ യുവതികളല്ല, യുവാക്കളാണല്ലോ.
കേരളത്തിലെ ഈ അവസ്ഥ മാറണമെങ്കിൽ തൊഴിലും വേതനവും ഉറപ്പുവരുത്തുന്ന; ചൂഷണം ഇല്ലാതാക്കുന്ന നിയമംവേണമെന്ന ആവശ്യം ഉയർന്നുവന്നിട്ട് കുറേക്കാലമായി. പി.കെ. ഗുരുദാസൻ തൊഴിൽമന്ത്രിയായിരിക്കുമ്പോൾ അതിനുള്ള ശ്രമം തുടങ്ങിയതുമാണ്. പക്ഷേ, അതിനുശേഷം സർക്കാരുകൾ മാറിമാറി വന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ.
(തുടരും)