പി.എഫ്. പെൻഷന് അർഹരായ രാജ്യത്തെ പതിനായിരക്കണക്കിന് ആളുകളെ ദ്രോഹിക്കുന്ന ഇ.പി.എഫ്. ഒ. നിലപാടിനെതിരേയുള്ള മാതൃഭൂമി മുഖപ്രസംഗം ഉചിതമായി. അധികാരികളുടെ കണ്ണ് ഇതുകൊണ്ട് തുറക്കപ്പെടുമെന്ന അതിമോഹമില്ല. എങ്കിലും പെൻഷൻ കാത്ത് കഴിയുന്നവരുടെ വികാരം ഇതുവഴി ബോധ്യപ്പെടുമെന്ന് കരുതുന്നു.സർവീസ് കാലം മുഴുവൻ വിഹിതം അടച്ചവർക്ക് വാർധക്യത്തിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഏക ആശ്രയമാകുന്ന പി.എഫ്.പെൻഷൻ ഏതു വിധേെനയും അട്ടിമറിക്കാനുള്ള ശ്രമമാണ് ഇ.പി.എഫ്.ഒ.യും തൊഴിൽ മന്ത്രാലയവും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. 

വഞ്ചനയുടെ നാൾവഴികൾ

1995 നവംബർ 16-ന് നിലവിൽ വന്ന പ്രോവിഡന്റ് ഫണ്ട് പെൻഷൻ സ്‌കീം 5000 രൂപ ശമ്പളപരിധിയായി തുടങ്ങി. 1996 മാർച്ചിൽ ശമ്പളപരിധി 6500 രൂപയായും  താത്‌പര്യമുള്ളവർക്ക് പരിധിയില്ലാതെ മുഴുവൻ ശമ്പളത്തിനടിസ്ഥാനത്തിൽ വിഹിതം അടയ്ക്കാനുമുള്ള ഭേദഗതി നിലവിൽവന്നു. പിന്നീട് 2004 ഡിസംബർ ഒന്നിന് ഒരു ഉത്തരവു വഴി ഉയർന്നവിഹിതം സ്വീകരിക്കുന്നത് നിർത്തലാക്കി. ഈ നടപടിക്കെതിരേ ജീവനക്കാർ കോടതിയെ സമീപിച്ചു. ആദ്യ അനുകൂലവിധി കേരള ഹൈക്കോടതിയിൽനിന്ന് വന്നു. തുടർന്ന് വിവിധ ഹൈക്കോടതികളും ഹയർ ഓപ്ഷൻ നിർത്തലാക്കിയ ഇ.പി.എഫ്.ഒ. നടപടി നിലനിൽക്കില്ലെന്ന് വിധിച്ചു. ഇ.പി.എഫ്.ഒ. അപ്പീലുകളുമായി സുപ്രീംകോടതി കയറി. 2016 മാർച്ച് 31-ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ െബഞ്ച് ഇ.പി.എഫ്.ഒ. വാദങ്ങൾ തള്ളി ജീവനക്കാർക്ക് അനുകൂലമായി താത്‌പര്യമുള്ള പക്ഷം ശമ്പളത്തിന് ആനുപാതികമായി വിഹിതം അടയ്ക്കാൻ അനുമതി നൽകി. ആയിരക്കണക്കിനുപേർക്ക് ഗുണപ്രദമായി ഏഴ് അപ്പീലുകളിലാണ് മാർച്ച് 31-ന് വിധിവന്നത്. ഇതോടൊപ്പം കേട്ടിരുന്ന മറ്റ് രണ്ട് അപ്പീലുകളിൽ ആറുമാസത്തിനു ശേഷം ഒക്ടോബർ നാലിനും വിധി വന്നു. ഇതോടെ അതിനകം വിവിധ ഹൈക്കോടതികളിൽനിന്നും അനുകൂല വിധി കിട്ടിയിരുന്നവർക്ക് ഉയർന്ന പെൻഷന് ജോയന്റ് ഓപ്ഷൻ സമർപ്പിക്കുന്നതിനും പലിശസഹിതം പെൻഷൻഫണ്ടിലേക്ക് വിഹിതം അടയ്ക്കാനും ഇ.പി.എഫ്.ഒ. അനുമതി നൽകി. ധാരാളം പേർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ തുടങ്ങി.

താത്‌പര്യമുള്ളവർക്ക് ഹയർ ഓപ്ഷൻ നൽകാനായി 2017 മാർച്ച്‌ 23-ന് ഇ.പി.എഫ്. ഒ ഉത്തരവിറക്കി. ഈ ഉത്തരവ് 2017 മേയ്‌ 31-ന് അവർ തിരുത്തി പി.എഫ്. ട്രസ്റ്റുള്ള എക്സംപറ്റഡ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹയർ ഓപ്ഷന് അർഹതയില്ല എന്നായി പുതിയ തീരുമാനം. ഇതോടെ അതുവരെ കേസിന് പോകാതിരുന്ന  ജീവനക്കാർ മുഴുവൻ ഹയർ ഓപ്ഷനുവേണ്ടി കോടതികയറി. കേരള ഹൈക്കോടതിയിൽ മാത്രം അറനൂറോളം കേസുകളാണ് വന്നത്. 2018 ഒക്ടോബറിൽ കേരള ഹൈക്കോടതി ഡിവിഷൻബെഞ്ച് ഈ കേസുകളിൽ മുഴുവൻ ജീവനക്കാർക്ക് അനുകൂലമായി വീണ്ടും വിധിയെഴുതി. ഒപ്പം 2014 ഇ.പി.എഫ്.ഒ. കൊണ്ടുവന്ന ഭേദഗതികൾ മുഴുവൻ അസാധുവാക്കുകയും ചെയ്തു. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ച ഇ.പി.എഫ്.ഒ.ക്ക് അവിടെയും തിരിച്ചടികിട്ടി. വീണ്ടും തൊഴിൽ മന്ത്രാലയംവഴി റിവ്യൂ ഹർജി ഫയൽ ചെയ്ത് അതിന്റെ മറവിൽ ഇനിയും ജീവനക്കാരെ പെൻഷൻ നൽകാതെ ദ്രോഹിക്കുന്നു.

2004-ലെ ഉത്തരവുവഴി ഹയർ ഓപ്ഷൻ നിർത്തലാക്കിയത് നിയമപരമായി നിലനിൽക്കില്ല എന്നതായിരുന്നു കഴിഞ്ഞ പതിനാറ് വർഷമായി വിവിധ ഹൈക്കോടതികളും ഒടുവിൽ സുപ്രീം കോടതിയും കണ്ടെത്തിയതും വിധിച്ചതും. അതുകൊണ്ടുതന്നെ 2014 സെപ്റ്റംബർ ഒന്നുമുതൽ പെൻഷൻ സ്കീമിൽ മാറ്റംവരുത്തി ഇ.പി.എഫ്.ഒ. നിയമനിർമാണം നടത്തി. 6500 രൂപ എന്ന ശമ്പളപരിധി 15,000 രൂപയാക്കി ഉയർത്തി. കൂടാതെ 2014 സെപ്‌റ്റംബർ ഒന്നിനുശേഷം വരുന്നവർക്ക് 15,000 രൂപയിൽ കൂടുതലാണ് ശമ്പളമെങ്കിൽ പി.എഫ്. പെൻഷന് അർഹരല്ലെന്ന നിയമവുംവന്നു.

തെറ്റിദ്ധരിപ്പിച്ചും വഴിതെറ്റിച്ചും

ഉയർന്ന പെൻഷൻ അനുവദിച്ചുള്ള ഒരു ഹൈക്കോടതി വിധിയും സുപ്രീം കോടതി ഇതുവരെ സ്റ്റേ ചെയ്തിട്ടില്ല. എങ്കിലും ഇ.പി.എഫ്.ഒ. ഉയർന്ന പെൻഷൻ അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ ജീവനക്കാർ വീണ്ടുംവീണ്ടും കോടതി കയറിയിറങ്ങുന്നു. അങ്ങനെവന്ന ഒരുകൂട്ടം വിധികൾക്കെതിരായ അപ്പീലിൽ ഇപ്പോൾ ഇ.പി.എഫ്.ഒ. ഉയർത്തിയ വാദങ്ങളാണ്  2020 ഡിസംബർ 21-ന് കേരള ഹൈക്കോടതി ഡിവിഷൻബെഞ്ച് ഫുൾബെഞ്ചിന് റഫർ ചെയ്തിരിക്കുന്നത്. എല്ലാവർക്കും ഉയർന്ന പെൻഷൻ നൽകിയാൽ പി.എഫ്. പെൻഷൻ ഫണ്ട് ശോഷിച്ച് ഇല്ലാതാകുമെന്നതാണ് വാദം. അത് സ്ഥാപിക്കാൻ കുറെ കണക്കുകളും. ഒന്നര പതിറ്റാണ്ടിലധികമായി വിവിധ കോടതികൾ പരിശോധിച്ച് ആവർത്തിച്ച് തെറ്റാണെന്ന് കണ്ടെത്തിയതാണ് 2004-ലെ ഹയർ ഓപ്ഷൻ പിൻവലിച്ച നടപടി. അത് മൂടിെവച്ച് കേസ് മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ഇ.പി.എഫ്.ഒ. 15,000 രൂപയ്ക്ക് മുകളിലുള്ളവർ 2014-ന് ശേഷം പുതുതായി അംഗങ്ങളല്ലാത്ത പെൻഷൻ പദ്ധതി എങ്ങനെ തകരും?  2014-നുമുമ്പ് അംഗങ്ങളായവർക്ക് താത്‌പര്യമുള്ളപക്ഷം പലിശസഹിതം വിഹിതം അടയ്ക്കുകയാണെങ്കിൽ ഹയർ ഓപ്ഷൻ നൽകി പ്രശ്നം പരിഹരിക്കാത്ത അധികൃതർ ജീവനക്കാരോട് ചെയ്യുന്നത് കൊടും ചതിയാണ്.

ഉയർന്ന പെൻഷൻ അനുവദിച്ചുള്ള ഒരു വിധിയും സുപ്രീം കോടതി ഇതുവരെ സ്റ്റേ ചെയ്തിട്ടില്ല. എങ്കിലും ഇ.പി.എഫ്.ഒ. ഉയർന്ന പെൻഷൻ അനുവദിക്കുന്നില്ല