തൃശ്ശൂരിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ സാക്ഷ്യം വഹിച്ചത്  ആനയോടും പൂരത്തിനോടുമുള്ള നാടിന്റെ കമ്പം മാത്രമല്ല, മറിച്ചു പൂരം എന്ന പൈതൃകവും, സംസ്‌കാരവും സമ്മേളിക്കുന്ന ആഘോഷത്തിനോടുള്ള അഭിനിവേശവും കൂടിയാണ്. ആന, വെടിക്കെട്ട് എന്നീ ഘടകങ്ങള്‍ ഈ ഉത്സവ വേളയില്‍ ഒഴിച്ച് നിര്‍ത്തണമെന്ന് സംസ്ഥാനത്തെ  ഉന്നതനീതിപീഠം വരെ പരാമര്‍ശിച്ചപ്പോളും തൃശൂര്‍ പൂരത്തെ  ജീവസ്സുറ്റതാക്കാന്‍ പ്രയത്‌നിക്കുന്ന ഒരു ജനത പൂരം വിട്ടുവീഴ്ചയില്ലാതെ നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.  എന്നാല്‍ ആനയും വെടിക്കെട്ടും മൂലമുണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ വേളയില്‍ കോടതിയുടെയും പൊതു താല്പര്യ ഹര്‍ജിയുടെയും, മറ്റ് ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ചോദ്യങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പ്രായോഗിക മൂല്യമില്ലെ എന്ന് മറ്റൊരു വലിയവിഭാഗവും ചോദിക്കുന്നു. 

2016 ല്‍ മാത്രം ഒമ്പതോളം മരണത്തിനും അനവധി നാശനഷ്ടങ്ങള്‍ക്കും കാരണമായിട്ടുണ്ട് ഈ 'ആനയോട്ടങ്ങള്‍'. പലപ്പോഴും ഒഴിവാക്കാവുന്ന ഈ അപകടങ്ങളുടെ സാഹചര്യങ്ങളും ആനകളോടുള്ള ക്രൂരതകളും കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിപ്പുകളില്‍ നിന്നും പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമയുദ്ധങ്ങളും സമൂഹമാധ്യമങ്ങളിലൂടെയുള്ള പോര്‍ വിളികളും യഥേഷ്ടം നടക്കുന്ന അവസരത്തില്‍ ഇതിന്റെ പ്രായോഗിക വശങ്ങളെന്ത് എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കേരളത്തിലെ 600 ഓളം വരുന്ന നാട്ടാനകളില്‍ ബഹുഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. പിന്നെ  കൂടുതല്‍ ആനകള്‍ ഉള്ളത് ഗുരുവായൂര്‍, കൊച്ചി, തിരുവിതാംകൂര്‍ ദേവസ്വങ്ങള്‍ക്കാണ്. ദേവസ്വം ആനകളല്ലാതെ സ്വകാര്യ ഉടമസ്ഥതയില്‍ ഉള്ള ഒട്ടുമിക്ക ആനകളും തങ്ങളുടെ നിലനില്പ്പിനുള്ളത് സ്വയം 'സമ്പാദിക്കുന്ന'വരാണ്. 

പ്രസിദ്ധമായ ടി എന്‍ ഗോദവര്‍മന്‍ കേസ് അഥവാ forest കേസ് എന്ന പേരിലറിയപ്പെടുന്ന Writ Petition (Civil) 202/1995ന്റെ വെളിച്ചത്തില്‍ ആസാം തുടങ്ങിയ  ഭാരതത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മരംമുറിക്ക് സമ്പൂര്‍ണ നിരോധനം 1996 ല്‍ പ്രാബല്യത്തില്‍ വന്നപ്പോള്‍ കോണ്‍ട്രാക്ടര്‍, പണിക്കാര്‍ തുടങ്ങിയവരോടൊപ്പം തൊഴിലില്ലായ്മ പ്രശ്‌നം നേരിട്ട മറ്റൊരു കൂട്ടര്‍ കൂപ്പുകളില്‍ ജോലി ചെയ്തിരുന്ന നൂറോളം ആനകളായിരുന്നു. അവയെ പുനരധിവസിപ്പിക്കാനൊ മറ്റു മേഖലകളില്‍ (forest patrolling മുതലായവ) ഉപയോഗിക്കാനോ കഴിയാതിരുന്ന സാഹചര്യത്തില്‍ പലതിനെയും അതാത് മുതലാളിമാര്‍ (പലപ്പോഴും അവിടെ പാപ്പാനും മുതലാളിയും ഒരാള്‍ തന്നെയാവും) തെരുവോരങ്ങളില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി.  ആസാമിലെ ആനകള്‍ അക്കാലയളവില്‍   പലപ്പോഴായി അവിടെ നിന്നും കേരളത്തിലേക്ക് എത്തിച്ചേരുകയും അങ്ങനെ അവയില്‍ പലതിനും ഭിക്ഷാടനത്തില്‍ നിന്ന് മോചനം ലഭിക്കുകയുമുണ്ടായി.

പ്രഥമദൃഷ്ട്യാ ഇതൊരു ആശ്വാസം ആയിരുന്നെങ്കില്‍ പിന്നീടങ്ങോട്ട് പൂരപ്പറമ്പുകളില്‍ വര്‍ധിച്ചു വന്ന ആനകള്‍ക്കുള്ള demand അവയെ കൂടുതല്‍ ചൂഷണം ചെയ്യാന്‍ കാരണമായി എന്നതും തള്ളിക്കളയാനാവാത്ത സത്യമായി അവശേഷിക്കുന്നു. എഴുന്നള്ളിപ്പ് നിരോധിച്ചാല്‍ ആനകളുടെ (ഉടമസ്ഥരുടെ) വരുമാനം നിലയ്ക്കുകയും ആസാമില്‍ സംഭവിച്ചതുപോലെ  ആനകള്‍ പട്ടിണിയിലാകുകയും ചെയ്യുമെന്നതില്‍  സംശയമില്ല. ഇങ്ങനെയൊരു അവസ്ഥ വരാതിരിക്കാന്‍ എന്തുചെയ്യാന്‍ കഴിയും എന്ന് പരിശോധിക്കേണ്ടതുണ്ട്. 

എന്നാല്‍ ആനയെഴുന്നള്ളിപ്പ് ഇന്നത്തെപോലെ തുടര്‍ന്നാല്‍ മതിയോ? സമകാലിക പ്രശ്‌നങ്ങളിലേക്ക് കണ്ണോടിക്കുമ്പോള്‍ ശ്രദ്ധയില്‍ വരുന്ന പ്രധാന പ്രശ്‌നം അനവധി ആനകളെ തെക്ക് അനന്തപുരി വരെയും വടക്ക് കണ്ണൂര്‍ (കാസര്‍കോട് ജില്ലയില്‍ ആനയെഴുന്നെള്ളിപ്പുകള്‍ക്ക് പ്രാധാന്യം ഇല്ല) വരെയും ലോറികളില്‍ കയറ്റി തലങ്ങുംവിലങ്ങും ഓടിച്ചുകൊണ്ടിരിക്കുന്നു  എന്നത് തന്നെ. ഇന്ന് പാലക്കാട്ടും നാളെ ആറ്റിങ്ങലിലും മറ്റന്നാല്‍ തൃശ്ശൂരും പരിപാടിക്ക് ലോറിപിടിച്ച് പറന്നെത്തുന്ന മാരത്തോണ്‍ താരങ്ങള്‍ ആനകളില്‍ അനവധി ഉണ്ട്. മാസത്തില്‍ രണ്ടോ മൂന്നോ നാള്‍ വിശ്രമം ലഭിച്ചാല്‍ അതുതന്നെ വലിയ കാര്യമെന്ന് ഉള്ളു കൊണ്ട് പറയുന്നുണ്ടാവാം അവ.  പൊരിവെയിലത്തുള്ള ദുഷ്‌കരമായ വഴിനടത്തം ഒഴിവാക്കി ലോറി യാത്രകള്‍ തുടങ്ങിയതും  നിര്‍ഭാഗ്യവശാല്‍ ആനകള്‍ക്ക് ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്നു. ലോറിയില്‍ നാലുകാലില്‍ ബാലന്‍സ് ചെയ്ത് ദീര്‍ഘദൂരം സഞ്ചരിക്കുന്നത് ആനകളില്‍ മാനസികപിരിമുറുക്കങ്ങള്‍ വര്‍ധിക്കുന്നുവെന്നു ശാസ്ത്രജ്ഞന്‍ നിക്കോള്‍ ലോസിന്റെ സംഘം 2007ല്‍ തന്നെ കണ്ടെത്തിയിരുന്നു. ഉറക്കം കളഞ്ഞുള്ള യാത്രകള്‍ സമ്മാനിക്കുന്ന ഇത്തരം മാനസികശാരീരിക സമര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ആനകളില്‍  ചിലതെങ്കിലും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാവുന്നതാണ് രക്തകറകള്‍ പ്രതിഫലിക്കുന്ന പത്രതലക്കെട്ടുകള്‍ അച്ചടിച്ച് വരുവാന്‍ കാരണമാവുന്നത്. 

ആന: മാമൂലും ഔചിത്യവും

അടുത്തിടെയായി പൂരം നടത്തിപ്പുകളില്‍ വന്ന മാറ്റങ്ങളും ആനയിടച്ചിലുകളുടെ എണ്ണം കൂട്ടാന്‍ കാരണമായിട്ടുണ്ട് എന്നതാണ് സത്യം.  ന്യൂ ജെനറേഷന്‍ 'ആനപ്രേമികള്‍' തലപ്പൊക്കമത്സരം എന്ന ഒരു പ്രാകൃതക്രിയ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്തിട്ടുണ്ട്. ആനകളെ നിരയില്‍ നിര്‍ത്തി കോല് കൊണ്ട് തല കുത്തി പൊന്തിക്കുന്ന ഈ ക്രൂരപ്രക്രിയ ഈ വര്‍ഷം അനവധി ആന ഇടച്ചിലുകള്‍ക്ക് വഴി തെളിച്ചു  ഏറെ ചര്‍ച്ചാവിഷയമായ ഒളരിക്കര കാളിദാസന്റെ പുലാപ്പെറ്റ ക്ഷേത്രത്തിലെ ഇടച്ചില്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. ഈ സംഭവത്തിന്റെ വീഡിയോ ശകലങ്ങളില്‍ അടുത്ത് നിന്ന ആനയുടെ പാപ്പാന്‍ കുത്തിപ്പൊന്തിക്കുന്നതും ആ ആന മറ്റൊരു ആനയെ കുത്തുന്നതും തുടര്‍ന്നുണ്ടായ വെപ്രാളത്തില്‍ കാളിദാസന്‍ ഓടിയതും വ്യക്തം.  ഇങ്ങനെയുള്ള തലപ്പൊക്ക മത്സരങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ പലപ്പോഴും നാല്പതോ അന്‍പതോ അതില്‍ കൂടുതലോ ആനകള്‍ ഉണ്ടാവും. 

സ്ഥലപരിമിതിയും ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ആനകളുടെ സ്വഭാവഘടനയെ ബാധിക്കുന്നു. Overcrowding മൂലം മൃഗങ്ങളില്‍ ആക്രമണപ്രവണത ഉണ്ടാവാമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സാമൂഹ്യ ജീവിയായ ആനകള്‍ക്കിടയില്‍, കാട്ടില്‍, മേധാവിത്വ കലഹങ്ങള്‍ (dominance interactions) അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കും. അതില്‍ പ്രകടമായ സ്വഭാവമാറ്റങ്ങള്‍ പലതും നമുക്ക് കാണാന്‍ സാധിക്കും. കാട്ടില്‍ കൂട്ടത്തിലെ dominant ആയിട്ടുള്ള ആനയാണ് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് അത് തന്റെ കരുത്തും ശക്തിയും വിളിച്ചറിയിക്കാനുള്ള ഉപാധി ആയിട്ടാവണം എന്ന് എന്റെ ഗവേഷണ സംഘത്തിന്റെതുള്‍പ്പെടെ നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

ആനകള്‍ തമ്മില്‍ പ്രകടമായിട്ടല്ലെങ്കിലും ധാരാളം communication നടന്നു കൊണ്ടേയിരിക്കും, മനുഷ്യ കേള്‍വിക്ക് താഴെ ഇന്‍ഫ്രാ സോണിക് ശബ്ദങ്ങളായും കെമിക്കലുകളായും ചെറിയ ചില പെരുമാറ്റ രീതികളിലൂടെയും മറ്റ് ആനകളുമായി എപ്പോഴും സാമൂഹിക സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട് ആനകള്‍. അത് പോലെ തന്നെ dominances relations ആനക്കൂട്ടത്തില്‍ നിലനിര്‍ത്തുന്നുണ്ട്.  തലപ്പൊക്കത്തിനിടയില്‍ പലപ്പോഴും ആന ഇടയാനുള്ള കാരണവും അതാവാം എന്ന് ഒരു വലിയ പരിധി വരെ അനുമാനിക്കാവുന്നതാണ്. ആനകള്‍ക്കും വ്യക്തിത്വം (personaltiy) ഉണ്ടെന്നു നാം അറിയേണ്ടിയിരിക്കുന്നു. ഇത് ആനകളെ കൂടുതല്‍ മനസ്സിലാക്കുവാനും, ആനകളിലെ പെരുമാറ്റ വ്യത്യാസങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാനും, അപകട സാധ്യതകള്‍ കുറയ്ക്കുവാനും ഉപകരിക്കും. 

ഇക്കാര്യത്തില്‍ വീഴ്ച്ച സംഭവിക്കുന്നത് ഇന്ന് പരിശീലനം സിദ്ധിച്ച പാപ്പാന്മാരുടെ അഭാവം കൊണ്ട് കൂടിയാണ്. ആനകളുമായി അടുത്തിടപഴകിയിരുന്ന ആനക്കാര്‍ക്കു പലപ്പോഴും മേല്പറഞ്ഞ സ്വഭാവവ്യതിയാനങ്ങള്‍ അറിഞ്ഞു അതിനനുസരിച്ച് പെരുമാറാന്‍ കഴിഞ്ഞിരുന്നു. ഇന്നാകട്ടെ അടിക്കടിയുള്ള പാപ്പാന്‍ മാറ്റം മൂലം ആനയും പാപ്പാനും തമ്മിലുള്ള ബന്ധം കെട്ടുറപ്പില്ലാത്തതാകുന്നു.  വിശ്വാസമുള്ള പാപ്പാന്‍മാരുടെ അഭാവംമൂലം ആനയുടെ സ്വഭാവത്തിലും പല പ്രവചനാതീതമായ മാറ്റങ്ങള്‍ വരുന്നു. ആനയുമായി അടുത്ത് പരിചയമില്ലാത്ത പാപ്പാന്‍മാര്‍ക്ക് ഇത്തരം പിണക്കങ്ങള്‍ കാലേക്കൂട്ടി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയാതെയും വരുന്നു. ഇതെല്ലാം അപകട സാധ്യതകളും വര്‍ദ്ധിപ്പിക്കുന്നു. 

എന്നാല്‍ ഈ വക അപകടങ്ങള്‍ ഒഴിവാക്കി മനുഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗജക്ഷേമത്തിനും അവയെ എഴുന്നെള്ളിപ്പില്‍ നിന്ന് പൂര്‍ണമായി നിരോധിക്കുന്നതാണോ പരിഹാരം എന്ന് ചോദിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ അല്ല എന്നത് തന്നെയാണ് പ്രായോഗികമായ ഉത്തരം.  നിരോധനം ആവശ്യപ്പെടുന്ന സംഘടനകളോ വ്യക്തികളോ ഒന്നും ഇവയെ പുനരധിവസിപ്പിക്കാന്‍ യാതൊരു തരത്തിലുള്ള നടപടികളോ പ്രായോഗിക നിര്‍ദ്ദേശങ്ങളോ മുന്നോട്ടു വെച്ചിട്ടില്ല. പകരം നാട്ടാനകളെല്ലാം യഥാര്‍ത്ഥത്തില്‍ കാട്ടാനകളാണെന്നും അവയെ  എല്ലാം കാട്ടില്‍ വിടണമെന്ന ന്യായം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് വലിയൊരു വിഭാഗം. ചെറു പ്രായത്തില്‍ തന്നെ കാടിനെ വിട്ടു നാട്ടിലെ സാഹചര്യങ്ങളായി ഇണങ്ങിയ ഈ ആനകളെ കാട്ടിലേക്ക് വിടുന്നത് പല കാരണങ്ങള്‍ കൊണ്ട് തീര്‍ത്തും സാധ്യമല്ലാത്തതും അശാസ്ത്രീയവും തന്നെ. 

മറ്റു കാട്ടാനകളില്‍ നിന്ന് വൈരം നേരിടുമെന്നതും, പുതിയ ആവാസവ്യവസ്ഥയിലെ ഭക്ഷണജല ലഭ്യത അറിയാത്തതും, അവയുടെ നിലനില്പിനെ ചോദ്യം ചെയ്യുമെന്നതില്‍ സംശയമില്ല. മറ്റൊരു പ്രധാന പ്രശ്‌നം ഇവയെ വനാന്തരങ്ങള്‍ക്കരികെ പുനരധിവാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു അവിടെ പാര്‍പ്പിച്ചാല്‍ അവയില്‍ നിന്ന് കാട്ടാനകളിലേക്ക് ജലസ്രോതസ്സിലൂടെയും മറ്റും ക്ഷയം പോലുള്ള രോഗങ്ങള്‍ പകരാന്‍ സാധ്യത ഉണ്ടെന്നുള്ളതാണ് (അനവധി നാട്ടാനകള്‍ ഇന്ന് ക്ഷയബാധിതര്‍ അല്ലെങ്കില്‍ ക്ഷയത്തിന്റെ വാഹകര്‍ ആണ്). ഇത് വനാന്തരങ്ങളിലെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ പ്രവര്‍ത്തന ശൃംഖലയെ തന്നെ ബാധിച്ചേക്കാം. ഇനി പുനരധിവാസം മാത്രമാണ് പരിഹാരമെങ്കില്‍ സ്ഥലപരിമിതികള്‍ (ആവാസവ്യവസ്ഥ നശിക്കുന്നത് മൂലം കാട്ടാനകള്‍ കാടിറങ്ങുന്നത് ദൈനംദിന കാഴ്ചയായ ഇന്ന് ഈ നാട്ടാന പുനരധിവാസത്തിനായി വനഭൂമി നീക്കി വെക്കാനും മറ്റുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള ബുദ്ധിമുട്ടുകള്‍ വേറെയും) പുനരധിവാസ കേന്ദ്രങ്ങളില്‍ അവശ്യവസ്തുക്കളുടെ (ജലം, ഭക്ഷണം) ലഭ്യത, പരിശീലനം സിദ്ധിച്ച പരിപാലകരുടെ അഭാവം, മതിയായ മൂലധനമില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ വന്നാല്‍ ഇന്നുള്ളതിലും വലിയ ഒരു അനിശ്ചിതാവസ്ഥ അത് സൃഷടിച്ചേക്കും. 

ഇന്നു പ്രായോഗിക ഗജ പരിപാലനം നേരിടുന്ന പ്രശ്‌നങ്ങള്‍ അശ്രദ്ധയും, അജ്ഞതയും, അമിത ആതമവിശ്വാസവുമാണ്. ആനകളെക്കുറിച്ച് ശാസ്ത്രീയമായി അറിവുള്ള, പക്വതയുള്ളവരുടെ വിവേകപരമായ ഇടപെടലുകളാണ് ഇതിനു ഏക പരിഹാരം. സമൂഹമാധ്യമങ്ങളില്‍ നിവേദനങ്ങള്‍ എഴുതി 'ലൈകും' 'ഷെയറും' നേടുന്ന ആക്ടിവിസ്റ്റുകള്‍ ആനകളുടെ പുനരധിവാസത്തെക്കുറിച്ചും ബോധാവാന്മാരാവുന്നത് നന്നായിരിക്കും. പ്രായോഗികമായ നിര്‍ദേശങ്ങളും നടപടികളും! ആനകളുടെ പുനരധിവാസത്തിനായി ആവശ്യമാണ്. കേരളത്തിന്റെ അവസ്ഥയ്ക്ക് യോജിക്കുന്ന വിധത്തില്‍ അവ നടപ്പാക്കി ആനകളെ അവയ്ക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയില്‍ പരിപാലിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയോജിച്ച് ഇതിനു നടപടികള്‍ സ്വീകരിക്കാവുന്നതാണ് . 

ആന: മാമൂലും ഔചിത്യവും

ഇനി തൃശ്ശൂര്‍ പൂരക്കാര്യത്തിലെക്ക് തിരിച്ചു വരാം. ഈ ഉത്സവമാണ്  കേരളത്തെ ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ സഹായിച്ചതില്‍ ഒരു പ്രധാന ഘടകം. പൂരവും അതിന്റെ പ്രൌഡഗംഭീരമായ ഗജനിരയും അറിയാത്ത മാലോകര്‍ ചുരുക്കം. പൂരത്തിന്റെ  നിരോധനം ആവശ്യപ്പെട്ട നിവേദനങ്ങള്‍ എന്ത് കൊണ്ടോ തൃശൂര്‍പൂരം എന്ന മഹത്തായ അധ്യായത്തെ അടച്ചു വെക്കാതെ  പ്രായോഗികമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്ന വശങ്ങളെക്കുറിച്ച് പരാമര്‍ശിച്ചതായോ അതില്‍ ശ്രദ്ധ ചെലുത്തിയതായോ കണ്ടില്ല. കാലാവസ്ഥാവ്യതിയാനം എന്ന ഭീകരസത്യത്തിന്റെ ആഖാതം ദിനംപ്രതി നേരിട്ട് കൊണ്ടിരിക്കുമ്പോള്‍  ചൂടിനെ ഏറെ ഭയക്കുന്ന ആനകളെ  മേടമാസ ചൂടില്‍ വെയിലത്ത് എഴുന്നെള്ളിക്കുന്നതില്‍ നിന്ന് മുക്തരാക്കാന്‍  എന്ത് ചെയ്യാമെന്ന് ചിന്തിച്ചേ മതിയാവൂ. 

മുഴുനീള പന്തലുകളും ഈറന്‍ ചാക്ക് വിരിച്ച നടവഴിയും കരിവീരന്മാര്‍ക്ക് പ്രശംസനാര്‍ഹമായ താല്കാലിക പരിഹാരങ്ങളെങ്കിലും വര്‍ഷം തോറും താപനില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലത്തേക്ക് ഇതൊരു പരിഹാരമല്ല. പകരം എന്ത് ? 36 മുതല്‍ 37 ഡിഗ്രീ ചൂടിനുള്ളില്‍ ശരീരോഷ്മാവുള്ള ആന അതിനു മുകളില്‍ അന്തരീക്ഷോഷ്മാവു പോകുമ്പോള്‍ ചെവിയാട്ടിയാണ് ശരീരതാപം നിയന്ത്രിക്കുന്നത്.  തിരക്കേറെയുള്ള  എഴുന്നെള്ളിപ്പ് സമയങ്ങളില്‍ ഇത് പുരുഷാരത്തിന്റെ ശരീരോഷ്മാവ് കൂടിച്ചേരുമ്പോള്‍ ശരീരതാപം നിയന്ത്രിക്കാന്‍ ആനകള്‍ പാടുപെടുന്നുണ്ട്. ഇങ്ങനെ കൊടും വേനലിലെ എഴുന്നെള്ളിപ്പ് വേളകളില്‍  ആനകള്‍ക്ക് ഉണ്ടാകാവുന്ന ശാരീരികമാനസിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യം തന്നെയെന്നു സാരം. മീനമേടച്ചൂടിനെ മുന്‍നിര്‍ത്തിക്കണ്ട് പൂര്‍വികര്‍ പെരുവനംആറാട്ടുപുഴ പൂര സമയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് (അവിടെ ഒരുവിധം എല്ലാ എഴുന്നെള്ളിപ്പുകളും ദീപാരാധനയ്ക്കു, അതായത് അസ്തമയത്തിനു ശേഷമാണ്)  തന്നെ ഉത്തമ ഉദാഹരണം. 200 വര്‍ഷത്തെ പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് 1434 കൊല്ലം പഴക്കമുള്ള ആറാട്ടുപുഴ പൂരത്തെ ചില കാര്യങ്ങളില്‍ മാതൃകയാക്കാവുന്നതാണ്. 
    
ജോലി ഭാരം, സമയ ക്രമീകരണം, യാത്രാ സമയം/ദൂരം, അടിക്കടിയുള്ള പാപ്പാന്മാരുടെ മാറ്റം തുടങ്ങിയവ നിയന്ത്രിക്കുകയും, ആനകളുടെ സ്വാഭാവിക ഭക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയും മദപ്പാട് പോലെയുള്ള നൈസര്‍ഗിക പ്രക്രിയകള്‍ തടയാതിരിക്കുകയും, ആനകളുടെ സ്വഭാവ വിശേഷങ്ങളെ കൂടുതല്‍ ശാസ്ത്രീയമായി മനസില്ലാക്കുകയും (Personaltiy Assessment മുതലായവ) ചെയ്തു കൊണ്ട്,  ഒരു കാലത്ത് ലോകത്തിനു തന്നെ ഗജരക്ഷാമേഖലയില്‍ മാതൃകയായിരുന്ന  കേരളത്തെ,  അസ്വസ്ഥരായ ആനകളുടെയും ആനപ്പിണക്കങ്ങളുടെയും ആന പീഡനത്തിന്റെയും നാടെന്ന ഈയടുത്ത കാലത്ത് സമ്പാദിച്ച ചീത്തപ്പേരില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ സാധിക്കും. ഒരു തരത്തില്‍ അഭിനവ ഗജേന്ദ്രമോക്ഷം. അതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. 

(Sreedhar Vijayakrishnan, PhD Scholar, School of Natural and Engineering Sciences, National Institute of Advanced Studies, Indian Institute of Science Campus, Bangalore & Research Affiliate, Nature Conservation Foundation, Mysore).