വേനൽക്കാലമായതിനാൽ സാധാരണ നിലയിൽത്തന്നെ വൈദ്യുതി ഉപഭോഗം കൂടുതലുള്ളതാണ് ഫെബ്രുവരിമുതൽ മേയ്‌വരെയുള്ള കാലം. ലോക്‌ഡൗൺ ആയതിനാൽ കുടുംബാംഗങ്ങളെല്ലാം പൂർണമായും വീടുകളിൽ ഉണ്ടായിരുന്നു. ജനങ്ങളുടെ വൈദ്യുതി ഉപഭോഗം വൻതോതിൽ വർധിച്ചു. മാർച്ച് 24 മുതൽ ഏപ്രിൽ 20 വരെ കർശനമായ അടച്ചിടൽ ഉണ്ടായത് മീറ്റർ റീഡിങ്‌ എടുക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ഈ സമയത്ത് റീഡിങ്‌ ഇല്ലാതെ വന്നപ്പോൾ മുൻകാലങ്ങളിലെ ശരാശരി ഉപഭോഗം കണക്കാക്കിയാണ് ബില്ല് നൽകിയത്. ഏപ്രിൽ 20-നുശേഷം റീഡിങ്‌ എടുത്തപ്പോഴാണ്  ഓരോരുത്തരുടെയും യഥാർഥ ഉപഭോഗം വ്യക്തമായത്. അതനുസരിച്ച് തയ്യാറാക്കിയപ്പോൾ പൊതുവേ ഉയർന്ന ബില്ലാണ് പലർക്കും ലഭിച്ചത്. വൈദ്യുതി താരിഫ് ഘടനയിലോ നിരക്കുകളിലോ ഒരു വ്യത്യാസവും വരുത്തിയതിനാലല്ല ഇതു സംഭവിച്ചത്. ഇതാണ് വസ്തുതയെങ്കിലും വൈദ്യുതിനിരക്ക് വർധിപ്പിച്ചു, കെ.എസ്.ഇ.ബി. കൊള്ളയടിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളുമായി സർക്കാരിനെ മോശമാക്കാനാണ് പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും ശ്രമിച്ചത്.

 കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ കേവലം മുപ്പതുശതമാനത്തോളം മാത്രമാണ് കേരളത്തിൽ ഉത്‌പാദിപ്പിക്കുന്നത്. ബാക്കി എഴുപതുശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്ന് വാങ്ങിയെത്തിക്കുന്നതാണ്. സംസ്ഥാന വൈദ്യുതിബോർഡിന്റെ ചെലവിനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിന് നൽകുന്നതാണ്. ഇത് ഒരുവർഷം 8000 കോടി രൂപയോളം വരും.

 ടെലിസ്‌കോപ്പിക് ആനുകൂല്യം

കുറഞ്ഞ ഉപഭോഗം ഉള്ളവർക്കു മാത്രമല്ല, പ്രതിമാസം 250 യൂണിറ്റുവരെ ഉപഭോഗമുള്ള ഇടത്തരം ഉപഭോക്താക്കൾക്കും അവരുടെ ഉപഭോഗത്തിന്റെ ഓരോ സ്ലാബിലുംപെട്ട ഉപഭോഗത്തിന് കുറഞ്ഞ താരിഫിന്റെ ആനുകൂല്യം നൽകുന്നുണ്ട്. അതായത്, പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരാൾക്ക് ആദ്യത്തെ 50 യൂണിറ്റ് 3.15 രൂപ നിരക്കിലും അടുത്ത 50 യൂണിറ്റ് 3.70 രൂപ നിരക്കിലും അടുത്ത 50 യൂണിറ്റ് 4.80 രൂപ നിരക്കിലും പിന്നത്തെ 50 യൂണിറ്റ് 6.40 രൂപ നിരക്കിലും ബില്ല് ചെയ്തശേഷമാണ് 200 മുതൽ 250 വരെയുള്ള യൂണിറ്റിന് 7.60 രൂപ നിരക്ക് ബാധകമാക്കുന്നത്. ഇതാണ് ടെലിസ്‌കോപ്പിക് ആനുകൂല്യം. എന്നാൽ, പ്രതിമാസ ഉപഭോഗം 250 യൂണിറ്റ് കടന്നാൽ ടെലിസ്‌കോപ്പിക് ആനുകൂല്യം ഇല്ലാതാകും. എന്നാൽ, ഇക്കാര്യവും വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

 200 കോടി രൂപയുടെ ഇളവുകൾ

മൊത്തത്തിൽ 200 കോടിയോളം രൂപ ബാധ്യതയുള്ള ഇളവുകളുടെ ഒരു പാക്കേജാണ് സംസ്ഥാന വൈദ്യുതിബോർഡ് അംഗീകരിച്ചത്. വൈദ്യുതി സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന 500 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉള്ളവർക്ക് ലോക്‌ഡൗൺ കാലത്ത് ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെതന്നെ സൗജന്യം അനുവദിക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 40 യൂണിറ്റുവരെ ഉപയോഗിക്കുന്ന 1000 വാട്ടിൽ താഴെ കണക്ടഡ് ലോഡ് ഉണ്ടായിരുന്നവർക്ക് ഇപ്പോൾ ഉപഭോഗം വർധിച്ചെങ്കിലും യൂണിറ്റിന് 1.50 രൂപ എന്ന നിരക്കിൽത്തന്നെ ബില്ല് കണക്കാക്കും. പ്രതിമാസം 50 യൂണിറ്റുവരെ ഉപയോഗിച്ചുവന്ന ഉപഭോക്താക്കൾക്ക് അവർക്ക് ഇത്തവണ അധിക ഉപഭോഗംകാരണം ഉണ്ടായിട്ടുള്ള ബിൽ തുകയുടെ വർധനയുടെ പകുതി സബ്‌സിഡി അനുവദിക്കാൻ തീരുമാനിച്ചു. പ്രതിമാസം 100 യൂണിറ്റുവരെ ഉപയോഗിച്ചിരുന്നവർക്ക് വർധിച്ച തുകയുടെ 30 ശതമാനം സബ്‌സിഡി നൽകാനാണ് തീരുമാനിച്ചത്.

പ്രതിമാസം 150 യൂണിറ്റുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഉണ്ടായ വർധനയുടെ  25 ശതമാനം സബ്‌സിഡിയും 150 യൂണിറ്റിന് മുകളിൽ ഉപയോഗിച്ചുകൊണ്ടിരുന്ന മുഴുവൻ ഉപഭോക്താക്കൾക്കും  ബിൽതുകയുടെ വർധനയുടെ 20 ശതമാനം സബ്‌സിഡിയും  അനുവദിക്കും. ലോക്‌ഡൗൺ കാലയളവിലെ വൈദ്യുതിബിൽ തുക അടയ്ക്കാൻ തുടക്കത്തിൽത്തന്നെ മൂന്നുതവണകൾ അനുവദിച്ചിരുന്നു. ഇത് അഞ്ചുതവണകൾ വരെയാക്കി വർധിപ്പിക്കുകയും ചെയ്തു. വാണിജ്യ വ്യവസായ ഉപഭോക്താക്കൾക്ക് ലോക്‌ഡൗൺ കാലയളവിലെ ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവും ഡിസംബർവരെ പലിശരഹിത മൊറട്ടോറിയവും നൽകിയതിനു പുറമേയാണ് ഈ തീരുമാനങ്ങൾ എടുത്തത്‌. വൈദ്യുതിബോർഡിന്റെ ബാധ്യത വർധിക്കുമെങ്കിലും ജനങ്ങളുടെ പ്രയാസം ഏറക്കുറെ പരിഹരിക്കാൻ ഈ നടപടികൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്.

Content Highlights:  Electricity bill Controversy; Minister M M Mani