സ്ത്രീകളുടെ നേതൃത്വത്തിലുള്ള ചിപ്‌കോ പ്രസ്ഥാനത്തിന്റെ ജനനത്തിനുകാരണം 1972-ലുണ്ടായ അളകനന്ദ പ്രളയമാണ്. താഴ്വരയിലെ മരങ്ങൾ വൻതോതിൽ വെട്ടിമാറ്റിയതായിരുന്നു അളകനന്ദയിലെ ദുരന്തത്തിന് ഹേതുവായത്. വനനശീകരണമാണ് മണ്ണിടിച്ചിലിനും പ്രളയത്തിനും കാരണമെന്ന് ആ സ്ത്രീകൾ ആവർത്തിച്ചുകൊണ്ടിരുന്നു. അവർ ചൂണ്ടിക്കാട്ടിയതുപോലെ, തടിയോ മറ്റുവിഭവങ്ങളോ അല്ല വനത്തിൽനിന്നുള്ള പ്രാഥമിക ഉത്പന്നങ്ങൾ, വെള്ളവും മണ്ണുമാണ്. ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഹിമാലയൻ താഴ്വരകളെ ഇപ്പോഴും താങ്ങിനിർത്തുന്നത് ഈ വനങ്ങളാണ്. ആ വനങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവന വെട്ടിവീഴ്ത്തുന്ന മരങ്ങൾ നൽകുന്ന ലാഭത്തെക്കാൾ എത്രയോ ഇരട്ടിയാണ്.ചിപ്‌കോയിലെ സ്ത്രീകൾ ശരിയായിരുന്നുവെന്ന് അംഗീകരിക്കാൻ സർക്കാരിന് 1978-ലെ ഉത്തരകാശിദുരന്തം വേണ്ടിവന്നു. മരങ്ങൾ വെട്ടിയുണ്ടാക്കിയ പണത്തെക്കാളേറെ പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി സർക്കാരിനുവേണ്ടിവന്നു.

ഹിമാലയൻ 'ബ്ലണ്ടറുകൾ'

EIA 2020ചിപ്‌കോ പ്രതിരോധത്തിന്റെ ഫലമായി 1981-ൽ ഗാഡ്‌വാൾ ഹിമാലയത്തിൽ ആയിരം കിലോമീറ്ററിനുമുകളിലെ പ്രദേശങ്ങളിൽ മരംവെട്ടുന്നതിന് വിലക്കേർപ്പെടുത്തി. ഭാവിയിൽ വരുമാനം ലക്ഷ്യമിട്ടുള്ള വനവത്കരണമല്ല, മറിച്ച് ദുർബലമായിക്കൊണ്ടിരിക്കുന്ന ഹിമാലയൻമേഖലകളെ ശക്തിപ്പെടുത്തുന്നതിനായി ‘സംരക്ഷിത വനവത്കരണ’മാണ് വേണ്ടതെന്ന് സർക്കാർ തിരിച്ചറിഞ്ഞു. എങ്കിലും ഇന്നും ‘വികസന പദ്ധതികൾ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നവയെല്ലാം മരംവെട്ടൽ നിരോധനത്തെ അട്ടിമറിക്കുന്നതും മണ്ണിടിച്ചിലിനും പ്രളയത്തിനും വഴിയൊരുക്കുന്നതുമാണ്. 2013-ലെ കേദാർനാഥ് പ്രളയം ഇരുപതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്തെന്നാണ് പ്രാദേശികകണക്ക്. സർക്കാരിന്റെ കണക്കിൽ ഇത് അയ്യായിരമാണ്.

ഡൂണിലെ പാഠങ്ങൾ

1983-ൽ ഡൂൺ താഴ്വരയിലെ ചുണ്ണാമ്പുകല്ല് ഖനനം നിരോധിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയിരുന്നു. ഖനനത്തിലൂടെ നേടുന്ന വരുമാനത്തെക്കാൾ വിലമതിക്കുന്നതാണ് പർവതനിരകളിൽ അവശേഷിക്കുന്ന ചുണ്ണാമ്പുകല്ല് നിക്ഷേപം പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കായി സംഭാവന ചെയ്യുന്നതെന്ന പരിസ്ഥിതിമന്ത്രാലയത്തിന്റെ റിസർച്ച് ഫൗണ്ടേഷൻ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് ഇക്കോളജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരമോന്നതകോടതിയുടെ വിധി. ‘ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചായിരുന്നു കോടതിയുത്തരവ്. മനുഷ്യൻ അവന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനായി ആശ്രയിക്കുന്ന പരിസ്ഥിതിയെയും പാരിസ്ഥിതിക പ്രക്രിയകളെയും വാണിജ്യം തകർക്കുന്നുവെങ്കിൽ, ആ വാണിജ്യം അവസാനിപ്പിക്കണം. പരിസ്ഥിതിസംരക്ഷണത്തിലൂടെ ജീവിതത്തിന്റെ തുടർച്ച നിലനിർത്തുകയെന്നത്‌ ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന് കോടതി നിരീക്ഷിച്ചു.

ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്വംകൂടിയാണത്. ‘വസുധൈവകുടുംബക’മെന്ന് നാം സ്വയം വിശേഷിപ്പിക്കാറുണ്ടല്ലോ. അതായത് വൈവിധ്യമാർന്ന ജീവനുകളുടെയും സംസ്കാരങ്ങളുടെയും സങ്കലനമായ ഒരു ഭൂമിക്കുകീഴിൽ വസിക്കുന്നവർ. ‘പ്രകൃതി രക്ഷതി രക്ഷിത’ (പ്രകൃതിയെ സംരക്ഷിച്ചാൽ അത് നമ്മെയും സംരക്ഷിക്കും) എന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കവാടത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ഭോപാൽ ദുരന്തവും നവധാന്യപ്രസ്ഥാനവും

1984 ഓർമിക്കപ്പെടുന്നത് ഭോപാലിൽനടന്ന ലോകത്തിലെ ഏറ്റവും വലിയ വ്യവസായ ദുരന്തത്തിന്റെ പേരിലാണ്. കൃഷിയുടെയും ഭക്ഷ്യോത്‌പാദനത്തിന്റെയും അംഹിസാത്മക പാതതേടിയുള്ള എന്റെ യാത്ര തുടങ്ങുന്നത് ഭോപാൽ ദുരന്തത്തിൽനിന്നാണ്. നവധാന്യയെന്ന പ്രസ്ഥാനത്തിന്റെ രൂപവത്കരണത്തിലാണ് അതവസാനിച്ചത്.ഇനിയൊരു ഭോപാലുണ്ടാകരുത്, മനുഷ്യപ്രേരിതമായ ഒരു പ്രളയവും മണ്ണിടിച്ചിലും ആരുടെയും ജീവനെടുക്കരുത് എന്ന ലക്ഷ്യത്തോടെ 1986-ൽ പരിസ്ഥിതിസംരക്ഷണ നിയമം പാസായി. എന്നാൽ, നമ്മുടെ സാംസ്കാരികമൂല്യങ്ങളും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും പരിസ്ഥിതിസംരക്ഷണ നിയമവുമെല്ലാം ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു, മറുഭാഗത്ത് പ്രകൃതിദുരന്തങ്ങളിലൂടെ ഇല്ലാതാകുന്ന ജീവനുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. 

2020 മേയ് ഏഴിന് വിശാഖപട്ടണത്തിലെ എൽ.ജി. പോളിമർ പ്ലാന്റിലുണ്ടായ വാതകച്ചോർച്ചയിൽ 14 പേർ മരിക്കുകയും നാനൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പാരിസ്ഥിതികാഘാത പഠനത്തിന്റെ നടപടികളിലൂടെ ആ പ്ലാന്റ് കടന്നുപോയിട്ടേയില്ലെന്നായിരുന്നു പിന്നീട്‌ പുറത്തുവന്ന റിപ്പോർട്ട്.

കേരളത്തിലെ പ്രളയം

2018-ൽ കേരളത്തിലുണ്ടായ പ്രളയത്തിൽ 483 പേരാണ് മരിച്ചത്. നാൽപ്പതിനായിരം കോടി രൂപയിലേറെ നഷ്ടം കണക്കാക്കുന്നു. 2019-ൽ നഷ്ടമായത് 212 ജീവനുകൾ, രണ്ടുലക്ഷത്തിലേറെപ്പേരെ ബാധിച്ചു. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 2020-ൽ ഇതുവരെ ഒട്ടേറെപേർ കേരളത്തിൽ മരിച്ചു. അസമിൽ 107 പേർ പ്രളയത്തിൽ മരിച്ചു. 40 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഉത്തർപ്രദേശിലും ബിഹാറിലുമായി 120 പേർ മരിച്ചു. ആറരക്കോടിയിലേറെപ്പേരെ ബാധിച്ചു. ഇത്തരം മരണങ്ങൾ ഇല്ലാതാക്കാൻ സർക്കാർ പ്രവർത്തിക്കണമെന്നാണ് നമ്മുടെ സാംസ്കാരികധർമവും ആർട്ടിക്കിൾ 21-ഉം പരിസ്ഥിതിസംരക്ഷണ നിയമവുമെല്ലാം ആവശ്യപ്പെടുന്നത്.

ദൗർഭാഗ്യകരമായ നീക്കം

ദൗർഭാഗ്യകരമെന്നുപറയട്ടെ കോവിഡ് കാലത്ത്, പരിസ്ഥിതിസംരക്ഷണനിയമത്തിലെ ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് പ്രകൃതിയെയും മനുഷ്യജീവനെയും ലോക്ഡൗണിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചത്. എൻവയോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് (ഇ.ഐ.എ. 2020) അഥവാ പാരിസ്ഥിതികാഘാത വിലയിരുത്തൽ ചട്ടത്തിന്റെ കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. പൊതുജനങ്ങളുടെ പങ്കാളിത്തവും ഇടപെടലും നിഷേധിക്കുന്നതും കോർപ്പറേറ്റ്  ഭീമന്മാർക്ക് കുടപിടിക്കുന്നതുമായ ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്. 

ഇ.ഐ.എ. 2020 അനുസരിച്ച് പ്രകൃതിക്കെതിരേയുള്ള നിയമലംഘനങ്ങൾ റിപ്പോർട്ടുചെയ്യാനുള്ള അവകാശം നിയമം ലംഘിക്കുന്നയാൾക്കുമാത്രമാണ്. പരിസ്ഥിതിയുടെയും പൗരന്മാരുടെയും അവകാശങ്ങൾ പൂർണമായും തുടച്ചുനീക്കപ്പെട്ടിരിക്കയാണ് കരടുവിജ്ഞാപനത്തിൽ. പുതിയ പദ്ധതികൾ മുൻകൂർ പാരിസ്ഥിതികാനുമതി തേടേണ്ടതില്ലെന്നും പൊതുജനങ്ങളിൽനിന്നുള്ള അഭിപ്രായശേഖരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ആവശ്യമില്ലെന്നുമാണ് പുതിയ ചട്ടത്തിൽ പറയുന്നത്. പദ്ധതി തുടങ്ങിക്കഴിഞ്ഞ് അനുമതി തേടിയാൽ മതിയത്രേ. ഇ.ഐ.എ. 2020 അപകടകരമാണെന്നുമാത്രമല്ല നിയമവിരുദ്ധംകൂടിയാണെന്നാണ് മുൻ കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേശ് ചൂണ്ടിക്കാട്ടിയത്. അനുബന്ധ നിയമനിർമാണങ്ങൾക്ക് ഒരിക്കലും അടിസ്ഥാനമായ മാതൃനിയമത്തെ (ഇ.പി.എ. 1986) പൊളിച്ചെഴുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായസൗഹൃദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ഇ.ഐ.എ. 2020 എന്നാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്ന വാദം. കോർപ്പറേറ്റ് സുഹൃത്തുക്കളിൽനിന്ന്‌ കിട്ടുന്ന ലാഭത്തിനായി ഭൂമിയെയും ഇന്ത്യാ മഹാരാജ്യത്തെ പൗരന്മാരെയും അടിയറവെക്കുന്നുവെന്ന പ്രഖ്യാപനത്തിന്‌ തുല്യമാണിത്. സംസ്കാരത്തെക്കാളും പരിസ്ഥിതി സംരക്ഷണത്തെക്കാളും ഞങ്ങൾക്കുവലുത് വാണിജ്യവും അത്യാഗ്രഹവും ലാഭവുമാണെന്നാണ് സർക്കാർ പറഞ്ഞുവെക്കുന്നത്.

പരിസ്ഥിതി എന്നാൽ പുറത്തുള്ളത് എന്നല്ല

നമ്മുടെ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന മനുഷ്യാവകാശങ്ങൾക്കും പെസ നിയമത്തിനും വനസംരക്ഷണ നിയമത്തിനും എല്ലാത്തിനുമുപരി പരിസ്ഥിതിസംരക്ഷണത്തിനായിമാത്രം നാം കൊണ്ടുവന്ന ഇ.പി.എ.യ്ക്കും മുകളിൽ കോർപ്പറേറ്റുകളുടെ ലാഭത്തെ പ്രതിഷ്ഠിക്കുകയാണിവ​ിടെ. പാരിസ്ഥിതികപരിമിതിയെയും ചട്ടങ്ങളെയും വകവെക്കാതെ പ്രകൃതിവിഭവങ്ങളെ ചൂഷണംചെയ്ത്‌ ലാഭംകൊയ്യാനുള്ള അതിവേഗപ്പാതയിലെ വേഗപ്പൂട്ടുകളാണ് നമ്മെ സംരക്ഷിക്കുന്ന നിയമങ്ങളെല്ലാം എന്ന പ്രതീതി കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നു.

പരിസ്ഥിതിയെന്നാൽ നമുക്കുപുറത്തുള്ളത് എന്നല്ല അർഥം. അതിനെ നമ്മളിൽനിന്ന് വേർതിരിച്ചുകാണാനുമാവില്ല. പ്രകൃതിയുടെ ഭാഗമാണ് നമ്മൾ. അവളിൽനിന്ന് നമ്മെ വേർപെടുത്താനാവില്ല. പരിസ്ഥിതിക്ക് നമ്മളുണ്ടാക്കുന്ന കോട്ടങ്ങളോരോന്നും മനുഷ്യരാശിയുടെ കോട്ടങ്ങളായിത്തന്നെ മാറും. വനനശീകരണം പ്രളയങ്ങളായും മഹാമാരികളായും പരിണമിക്കും. പരിസ്ഥിതിയെ, വനങ്ങളെ സംരക്ഷിക്കണമെന്നും ജൈവവൈവിധ്യമാണ് നമ്മുടെ ആരോഗ്യവും അതിജീവനത്തിനുള്ള മാർഗമെന്നുംതന്നെയാണ് കോവിഡ്-19 നമ്മെ പഠിപ്പിക്കുന്നത്.