കഴിഞ്ഞവർഷം കേന്ദ്രസർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയത്തിന്‌ സാർവത്രികമായ സമ്മതിയുണ്ടെന്നു പറഞ്ഞുകൂടാ. അതെന്തായാലും അംഗീകരിക്കപ്പെട്ട ഈ നയം ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ദൂരവ്യാപകമായ മാറ്റങ്ങൾ വിഭാവനംചെയ്യുകയും അവ നേടിയെടുക്കുന്നതിന്‌ ഘടനാപരമായും നയപരമായും സമൂലമാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുന്നു. 
2020 ജൂലായ്‌ 28-ന്‌ നയം അംഗീകരിക്കുമ്പോൾ കോവിഡ്‌ മഹാമാരിയുടെ ആദ്യതരംഗം രാജ്യത്തു വ്യാപകമായിക്കഴിഞ്ഞിരുന്നെങ്കിലും ഇന്നത്തെ അവസ്ഥ സങ്കല്പിച്ചിരുന്നില്ല. ഒരുവർഷത്തിനുശേഷം രാജ്യം ഇന്ന്‌ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതവും തകർന്ന സമ്പദ്ഘടനയും രോഗവും ദീർഘനാളത്തെ ലോക്ഡൗണുകളും നിയന്ത്രണങ്ങളും കുടുംബങ്ങൾക്കുള്ളിലെ വരുമാനനഷ്ടവും തൊഴിൽനഷ്ടവും വർധിച്ച മരണനിരക്കും മറ്റ്‌ അനുബന്ധക്കെടുതികളും അന്ന്‌ വിദൂരസങ്കല്പത്തിൽപ്പോലുമുണ്ടായിരുന്നില്ല. 
കഴിഞ്ഞ അക്കാദമിക്‌ വർഷം മുഴുവൻ വിദ്യാർഥികൾക്ക്‌ സ്കൂളുകളിലും കോളേജുകളിലും പോകാനായില്ല. ഈ വർഷത്തെ സ്ഥിതി അനിശ്ചിതം. സാമ്പത്തിക, സാമൂഹിക, നിർമാണ മേഖലകളിലെല്ലാം രോഗവ്യാപനതീവ്രത കുറയുന്നതോടെ രാജ്യം സാധാരണനിലയിലേക്ക്‌ സാവധാനമെങ്കിലും മടങ്ങും. എന്നാൽ, വിദ്യാഭ്യാസരംഗത്ത്‌ സംഭവിച്ചുകഴിഞ്ഞ പല മാനങ്ങളുള്ള വിപരീതാവസ്ഥകൾ ഓരോ വിദ്യാർഥിയെയും അനേകം വർഷങ്ങൾ പിന്തുടരും.

വേണം യാഥാർഥ്യബോധം

ഈ യാഥാർഥ്യം കണ്ടില്ലന്നു നടിച്ചുകൊണ്ട്‌ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാൻ ശ്രമിക്കുകയാണെങ്കിൽ രോഗിയുടെ ആരോഗ്യനില നോക്കാതെ നിർബന്ധമായി നൽകപ്പെടുന്ന ഒൗഷധംപോലെയായിരിക്കും.  
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആശയാഭിലാഷങ്ങൾ സഫലമാക്കുന്നതിനുള്ള നൈപുണികൾ ആർജിക്കാൻ പര്യാപ്തമായ വിദ്യാഭ്യാസമാണ്‌ നയം ലക്ഷ്യമിടുന്നത്‌. ക്ലാസ്‌മുറിയിലും പാഠ്യപദ്ധതിയിലും ബോധനരീതിശാസ്ത്രത്തിലും സാങ്കേതികവിദ്യയുടെ പ്രയോഗത്തിലും അധ്യാപക പരിശീലനത്തിലുമെല്ലാം സമഗ്രമായ മാറ്റങ്ങൾ നയം ശുപാർശചെയ്യുന്നു. ഇതിനായി നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഘടനാപരമായ പൊളിച്ചെഴുത്തും സമൂലമായ പുനഃക്രമീകരണങ്ങളും നിർദേശിക്കുന്നു. ചിലതുമാത്രം ഇവിടെ പരാമർശിക്കുന്നു. 
സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവിലെ ഘടന അടിമുടി ഉടച്ചുവാർക്കണമെന്നതാണ്‌ കാതലായ നിർദേശം. നിലവിലുള്ള 10+2 എന്ന ഘടന ഉപേക്ഷിച്ച്‌ പ്രീപ്രൈമറി വിദ്യാഭ്യാസത്തെക്കൂടി സ്‌കൂൾ വിദ്യാഭ്യാസത്തിന്‍റെ ഭാഗമാക്കുകയാണ്‌. ആറു വയസ്സുമുതൽ 18 വയസ്സുവരെയുള്ള പന്ത്രണ്ടുവർഷമാണ്‌ നിലവിലുള്ള സ്കൂൾ കാലം. എന്നാൽ, മൂന്നു വയസ്സുമുതൽ പതിനെട്ടു വയസ്സുവരെയായിരിക്കും നയം നിർദേശിക്കുന്ന സ്കൂൾ വർഷങ്ങൾ. പതിനഞ്ചുവർഷമായിരിക്കും സ്കൂൾജീവിതത്തിന്‍റെ ദൈർഘ്യം. ആദ്യത്തെ അഞ്ചുവർഷം അടിസ്ഥാനഘട്ടം; പിന്നെ മൂന്നുവർഷം പ്രിപ്പറേറ്ററി ഘട്ടം; തുടർന്നുള്ള മൂന്നുവർഷം മിഡിൽ സ്‌കൂൾ; അവസാനത്തെ നാലുവർഷം സെക്കൻഡറി ഘട്ടം. ഇങ്ങനെ 5+3+3+4 എന്ന വിധത്തിൽ സ്കൂൾ പഠനം പുനഃക്രമീകരിക്കും. ആദ്യകാല ശൈശവവിദ്യാഭ്യാസം Early Childhood Care and Education (ECCE) പൊതുവിദ്യാസത്തിന്‍റെ ഭാഗമാക്കും.

മുന്നിലുള്ള വെല്ലുവിളികൾ

കോവിഡ്‌-19 ഇല്ലാതിരുന്നുവെന്നു സങ്കല്പിച്ചാൽപ്പോലും ഈ നയത്തിലെ നിർദേശങ്ങൾ ഉൾക്കൊള്ളാനോ നീതീകരിക്കാനോ കഴിയുന്ന അവസ്ഥയിലായിരുന്നില്ല ഇന്ത്യൻ സ്കൂൾ വിദ്യാഭ്യാസം. മുഴുവൻ കുട്ടികളും സ്‌കൂളിൽ ചേരാതിരിക്കുക, ചേർന്നവരിൽത്തന്നെ നല്ലൊരു ശതമാനം കുട്ടികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ കൊഴിഞ്ഞുപോവുക, വേണ്ടത്ര അധ്യാപകർ ഇല്ലാതിരിക്കുക, ഉള്ളവർതന്നെ കൃത്യമായി സ്‌കൂളിൽ വരാതിരിക്കുക, ക്ളാസ്‌മുറിയിലെ പഠനത്തിനു നിലവാരമില്ലാതിരിക്കുക, വേണ്ടത്ര വിദ്യാലയങ്ങൾ ഇല്ലാതിരിക്കുക, സ്കൂളുകളിലെ ഭൗതികസൗകര്യങ്ങൾ മോശമായി തുടരുക എന്നിങ്ങനെ അടിസ്ഥാനപരമായ പോരായ്മകൾ പരിഹരിക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ല. സർവശിക്ഷ അഭിയാൻ വഴിയും 2009-ലെ വിദ്യാഭ്യാസ അവകാശനിയമം വഴിയും ഭൗതികസൗകര്യങ്ങൾ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ടെന്നു സമ്മതിക്കണം. എങ്കിലും ഇപ്പോഴും വൈദ്യുതിയുള്ള സ്കൂളുകൾ 65 ശതമാനം മാത്രമാണ്‌ (കേരളത്തിൽ ഏതാണ്ട്‌ 100 ശതമാനവും ജാർഖണ്ഡിൽ 15 ശതമാനവും). 30 ശതമാനം സ്കൂളുകളിൽ മാത്രമേ ഇപ്പോഴും കംപ്യൂട്ടറുകളുള്ളൂ (കേരളത്തിൽ 94 ശതമാനം). പ്രാഥമികമായ അക്ഷരനൈപുണിയും ഗണിതനൈപുണിയും നേടാതെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികളുടെ എണ്ണം രാജ്യത്തിന്‌ അഭിമാനം തരുന്നില്ല. ഇപ്പോഴും ഒരുകോടി പതിനൊന്നു ലക്ഷം അധ്യാപകർക്ക്‌ പരിശിലനം കിട്ടിയിട്ടില്ല.

ദൗർബല്യങ്ങൾ

എൻറോൾമെൻറ്‌ വർധിപ്പിക്കുന്നതിനോ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിനോ നിലവാരം ഉറപ്പുവരുത്തുന്നതിനോ ദേശീയ വിദ്യാഭ്യാസനയം യാഥാർഥ്യബോധമുള്ള നിർദേശങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ല. കൂടുതൽ സ്വകാര്യവത്‌കരണവും പരീക്ഷകളുടെ കാർക്കശ്യം കുറയ്ക്കലും ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരവും പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങളായി നയം അവതരിപ്പിക്കുന്നു. 
ഇന്ത്യൻ ഗ്രാമങ്ങളിലെ സ്കൂളുകളെക്കുറിച്ചുള്ള യാഥാർഥ്യബോധമില്ലായ്മയാണ്‌ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ഏറ്റവും വലിയ ദൗർബല്യം. സർക്കാരുകൾ സ്‌കൂൾ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പൊതു നിക്ഷേപത്തിന്റെ തോത്‌ വർധിപ്പിക്കണമെന്ന ആശയം നയത്തിന്‍റെ ആശയസീമയിൽ കാര്യമായി സ്ഥാനംപിടിക്കുന്നില്ല. 
പുതിയ നയം നിലവിൽവരുമ്പോൾ നിലവിലിരുന്ന വിദ്യാഭ്യാസ യാഥാർഥ്യമല്ല ഇന്ന്‌ രാജ്യത്തെ ഉറ്റുനോക്കുന്നത്‌. എന്തെല്ലാം പ്രശ്നങ്ങൾകൊണ്ട്‌ സ്കൂൾ വിദ്യാഭ്യാസരംഗം ദുർബലമായിരുന്നുവോ, അവയെല്ലാമിന്ന്‌ കൂടുതൽ ആതുരവും അപകടകരവുമായി മാറിക്കഴിഞ്ഞു.

അരാജകത്വത്തിലേക്ക്‌  വീഴും

സാമ്പത്തികമാന്ദ്യം കശക്കിയ കുടുംബങ്ങളിലെ കുട്ടികളുടെ, പ്രത്യേകിച്ച്‌ പെൺകുട്ടികളുടെ, തുടർവിദ്യാഭ്യാസം വരുംനാളുകളിൽ അനിശ്ചിതമാവും. സ്കൂളിലെ ഭക്ഷണംകൊണ്ട്‌ പോഷകാവശ്യങ്ങൾ നിറവേറ്റിയിരുന്ന കുട്ടികൾ ഈ കാലയളവിൽ പോഷകക്കുറവിന്‍റെ പ്രശ്നങ്ങൾ രൂക്ഷമായി നേരിടും. 
സംസ്ഥാന സർക്കാരുകളുടെ സാമ്പത്തികസ്ഥിതി കടുത്ത വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്‌ വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവിടാനുള്ള സാഹചര്യമില്ല. സന്മനസ്സുള്ള പ്രസ്ഥാനങ്ങളും സംഘടനകളും വിദ്യാഭ്യാസദൗത്യം ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കണമെന്ന നയം ആരെയൊക്കെയാണ്‌ ഈ മേഖലയിലേക്ക്‌ ക്ഷണിക്കുന്നതെന്ന്‌ അറിയാനിരിക്കുന്നതേയുള്ളൂ. അങ്ങനെ പൊതുവിദ്യാലയങ്ങൾ അവഗണിക്കപ്പെടുകയും സ്വകാര്യ വിദ്യാഭ്യാസ സംരംഭകർ രംഗം കിഴടക്കുകയും ചെയ്യുന്നതോടെ വിദ്യാഭ്യാസാവകാശവും തുല്യതയും എന്ന ആശയത്തിന്‌ അന്ത്യകൂദാശകൊടുക്കാം. 
നിർദേശിക്കപ്പെട്ടിരിക്കുന്ന 5+3+3+4 എന്ന അപനിർമിതിയിലേക്കു വലിച്ചിഴയ്ക്കപ്പെടുക വഴി ഓരോ സ്‌കൂളിലും സംഭവിക്കുന്ന ഭരണപരവും അക്കാദമികവുമായ ആശയക്കുഴപ്പം ദശകങ്ങൾകൊണ്ടും തീരുകയില്ല. ക്രമീകരണങ്ങൾ തകിടംമറിയുന്ന പുതിയ ഘടന എങ്ങനെയാണ്‌ ക്ലാസ്‌മുറിയിലെ വിദ്യാഭ്യാസനിലവാരം ഉയർത്താനും കൊഴിഞ്ഞുപോക്ക്‌ തടയാനും വിദ്യാർഥികളെ ശാക്തീകരിക്കാനും ഉതകുന്നതെന്നു നയം ബോധ്യപ്പെടുത്തുന്നില്ല.
 നിർബന്ധബുദ്ധിയോടെ ഈ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെങ്കിൽ അരാജകത്വമായിരിക്കും ഏകനേട്ടം. 

വീണ്ടുവിചാരമില്ലാതെ നടപ്പാക്കരുത്‌

കോവിഡനന്തര ഭാരതത്തിന്‌ ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം ഉൾക്കൊള്ളാനുള്ള സാമ്പത്തികസ്ഥിതി ഇല്ലെന്നുമാത്രമല്ല, അതിനുവേണ്ടി വ്യയംചെയ്യാനുള്ള ഊർജവുമില്ല. അത്‌ ആവശ്യമാണെന്ന ബോധ്യം സമൂഹത്തിലുമില്ല. ഈ വർഷങ്ങളിൽ ഓൺലൈൻ ക്ളാസുകളിലൂടെ മാത്രം നടന്ന വിദ്യാഭ്യാസപ്രക്രിയയുടെ പരിമിതികൾ അംഗീകരിച്ചും പഠനപ്രക്രിയയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ഉണർത്തുന്ന വെല്ലുവിളികളും സാധ്യതകളും ഏറ്റെടുത്തും നിലവിലെ സമ്പ്രദായങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പുതിയ ദിശാബോധത്തോടെ തുടരുകമാത്രമേ ധാർമികമായി നീതീകരിക്കാൻ  കഴിയൂ. നിലനിന്ന പ്രശ്നങ്ങളും കോവിഡ്‌ വരുത്തിത്തീർത്ത പുതിയ സങ്കീർണയാഥാർഥ്യങ്ങളും നേരിടുന്നതിനോ പരിഹരിക്കുന്നതിനോ പുതിയ വിദ്യാഭ്യാസനയം പര്യാപ്തമല്ല. വീണ്ടുവിചാരമില്ലാതെ നടപ്പാക്കുകയാണെങ്കിൽ  അത്‌ കുട്ടികളുടെ ഭാവിയോട്‌ ചെയ്യുന്ന നീതികേടുതന്നെയായിരിക്കും.