സാധാരണ അധ്യയനം അസാധ്യമാക്കിയ അധ്യയനവർഷമാണ് കടന്നുപോകുന്നത്. ക്ലാസ് മുറിയിലെ പഠനം  വീട്ടുമുറിയിലേക്ക് മാറുകയും ബ്ലാക്ക് ബോർഡിനുപകരം കംപ്യൂട്ടർ സ്‌ക്രീൻ തെളിയുകയുംചെയ്തത് ഒരുവിഭാഗം കുട്ടികളിലെങ്കിലും ആശങ്കയ്ക്ക് കാരണമായി. രക്ഷിതാക്കളുടെ സമ്മർദത്തിനപ്പുറം പരീക്ഷയെക്കുറിച്ച്  കുട്ടി സ്വയം സങ്കല്പിച്ചുകൂട്ടുന്ന സമ്മർദവുമുണ്ട്.  ഈ സാഹചര്യത്തിൽ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷാരീതിയിലും  സമീപനത്തിലും വരുത്തുന്ന മാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സംസാരിക്കുന്നു

 

പത്ത്, പന്ത്രണ്ട് സംസ്ഥാന ബോർഡ് പരീക്ഷയ്ക്ക് ഏകദേശം ഇരട്ടിമാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. കുട്ടിക്ക് അവയിൽനിന്ന് ചോദ്യം തിരഞ്ഞെടുത്തെഴുതാം. ചോദ്യം വായിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള കൂൾ ഓഫ് ടൈം സാധാരണ പത്തുമിനിറ്റെന്നതും കൂട്ടും. സാധാരണനിലയിലുള്ള അധ്യയനം നടക്കാത്തതിനാൽ കുട്ടികളിൽ മാനസികസമ്മർദം  ഉണ്ടായേക്കുമെന്ന കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ പരിഷ്കാരം.

പരീക്ഷയെ ഭയപ്പെടുകയേ വേണ്ടാ
പരീക്ഷയിലൂടെ കുട്ടിയെ പരീക്ഷിക്കുകയല്ല, കുട്ടിയെ അറിയാനാണ് ശ്രമിക്കുന്നത്. പരമ്പരാഗതരീതയിൽ പരീക്ഷ കുട്ടിയെ പരീക്ഷിക്കുകയായിരുന്നു. എന്നാൽ, അതിൽനിന്ന് ശിശുസൗഹൃദ പരീക്ഷാസമ്പ്രദായത്തിലേക്ക് നാം മാറിക്കഴിഞ്ഞു. പരീക്ഷിക്കപ്പെടുമ്പോഴാണ് കുട്ടിക്ക് ഭയംതോന്നുക. എന്നാൽ, ചോദ്യങ്ങളിലൂടെ കുട്ടിയെ അറിയാൻമാത്രമാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഭയത്തിന്റെ ആവശ്യമില്ല. ഇപ്രാവശ്യം ഡിജിറ്റൽ ക്ലാസുകൾ മാത്രമേ നടത്താൻ കഴിയുമായിരുന്നുള്ളൂവെന്ന സാഹചര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. ഈ ക്ലാസുകളെ പശ്ചാത്തലമാക്കി കാണുക. ഈ ക്ലാസുകൾ കുട്ടികൾക്കാവശ്യമെങ്കിൽ വീണ്ടും കാണാനുള്ള സൗകര്യവുമുണ്ട്.

ഫോക്കസ് പോയന്റുകൾ ഭാരം കുറയ്ക്കും

പാഠഭാഗത്തിന്റെ ഭാരം കുട്ടികളിൽ സമ്മർദമുണ്ടാക്കാം. പഠിച്ചുതീർന്നവ ഇത്ര, ഇനി പഠിച്ചുതീരാനുള്ളത് ഇത്ര എന്നത് മാനസികസമ്മർദത്തിന്  കാരണമാകാം. പാഠഭാഗത്തിന്റെ ഭാരം കുറയ്ക്കുന്നതിനാണ്, പ്രത്യേക ഊന്നൽ നൽകി പഠിക്കേണ്ടതും ആവർത്തിച്ചുപഠിക്കേണ്ടതുമായ ഓരോ വിഷയത്തിന്റെയും ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. സമ്മർദം കുറയ്ക്കാനും നല്ലവിജയം നേടാനും ഇത് സഹായകരമാകും. ഒരുപാഠത്തിൽനിന്ന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളാണ് ഫോക്കസ് പോയന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിർബന്ധമായും പഠിച്ചിരിക്കേണ്ടവ ഭാവി പഠനത്തിന് ആവശ്യമാണ്. അവ അറിഞ്ഞിരിക്കണം. എന്നാൽ, വിശാലമായ പാഠഭാഗത്തിന്റെ ഭാരം ഒഴിവാക്കുകയും വേണമെന്നതാണ് ഫോക്കസ് പോയന്റുകൾ പ്രസിദ്ധീകരിക്കാൻ കാരണം.

പ്രാക്ടിക്കൽ, തിയറികഴിഞ്ഞ്

സാധാരണ തിയറി പരീക്ഷയ്ക്കുമുമ്പേ പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ് രീതി. ഇപ്രാവശ്യം ആദ്യം തിയറി പരീക്ഷകളും അതിനുശേഷം ഒരു ഇടവേള നൽകിയായിരിക്കും പ്രാക്ടിക്കൽ. ഈ ഇടവേളയിൽ പ്രാക്ടിക്കൽ വീണ്ടും ചെയ്തുനോക്കുന്നതിനും സൗകര്യമുണ്ടാകും. പ്രാക്ടിക്കൽ പരീക്ഷയിലും പഠനഭാരം കുറയ്ക്കുന്ന തരത്തിലുള്ള സമീപനമായിരിക്കും പുലർത്തുക.
വാർഷികപരീക്ഷയ്ക്കുമുമ്പായി മോഡൽപരീക്ഷയുണ്ടാകും. കൂടുതൽ ഓപ്ഷൻ നൽകിയുള്ള പരീക്ഷയും അതിൽനിന്നുള്ള തിരഞ്ഞെടുപ്പും കുട്ടികൾക്ക് മോഡൽ പരീക്ഷയിലൂടെ പരിചയിക്കാം. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുന്നതിനാൽ ചോദ്യപ്പേപ്പർ ബൃഹത്തായിരിക്കും. 
അതിൽ ആശങ്ക തോന്നാതിരിക്കാനാണ് ചോദ്യം വായിച്ച് മനസ്സിലാക്കുന്നതിനും അതിൽനിന്ന് തിരഞ്ഞെടുക്കുന്നതിനുമായി കൂൾ ഓഫ് ടൈം കൂടുതലായി നൽകുന്നത്.

കൗൺസലിങ്‌ 

ഇത്രയും ഒരുക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും കുട്ടികൾക്ക് ആശങ്ക തോന്നാം. ഏതെങ്കിലുംതരത്തിൽ ആശങ്ക തോന്നുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂളിലോ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയോ അറിയിച്ചാൽ കൗൺസലിങ്ങിനുള്ള സൗകര്യമുണ്ട്. ഇതിനായി കൗൺസലേഴ്‌സിനെ സ്കൂൾതലത്തിൽ പൂൾ ചെയ്യും. ബി.ആർ.സി.കളിലും കൗൺസലേഴ്‌സുണ്ട്. കൂടുതൽ ഗൗരവമുള്ള കാര്യമാണെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും സൗകര്യമുണ്ടാകും.