എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍നിന്ന് ദളിത്-ആദിവാസി വിഭാഗങ്ങള്‍ അകറ്റി നിര്‍ത്തപ്പെടുന്നത് ആധുനിക അയിത്തമായി വിലയിരുത്താം. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് സാമൂഹികനീതിയും സ്വജനപക്ഷപാതവും ജാതിവിവേചനവും നടത്തിവന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ ചിത്രം നവകേരളത്തിന്റെ നിര്‍മ്മിതിക്ക് ഒട്ടും സഹായകരമല്ല. സംവരണമെന്ന ഭരണഘടനാപരമായ അവകാശത്തെ മാനേജുമെന്റുകള്‍ കാറ്റില്‍ പറത്തുമ്പോള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ മൗനം ഭജിച്ചു. കേരള Law and Justiceഹൈക്കോടതി സിംഗിള്‍ ബഞ്ച് 2015 മേയില്‍ സംവരണം നടപ്പാക്കണമെന്ന് വിധിക്കുകയുണ്ടായി. തുല്യതയും സാമൂഹികനീതിയും നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുന്ന വിധിക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സമുദായ സംഘടനകളും സ്‌കൂള്‍ മാനേജ്മെന്റുകളും.

ചരിത്രത്തില്‍ മാത്രമല്ല വര്‍ത്തമാനകാലത്തും ദളിതരുടെ അവസ്ഥയ്ക്ക് മാറ്റമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിദ്യാഭ്യാസം നിഷിദ്ധമായിരുന്ന കാലത്തുനിന്ന് സാര്‍വത്രിക വിദ്യാഭാസത്തിലേക്ക് എത്തിയിട്ടും ഇന്നും ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കുമുന്നില്‍ സാധ്യതളുടെ പാത അടഞ്ഞുകിടക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വ്യക്തിഗത- സമുദായ സംഘടനകള്‍ക്കാണ് ആധിപത്യം. എയ്ഡഡ് മേഖലയായും സ്വാശ്രയ മേഖലയായും അത് നിലനില്‍ക്കുന്നു.

ദളിത് വിരുദ്ധതയില്‍ ഐക്യപ്പെടലുകള്‍ ഉണ്ടാകുന്നത് സംവരണ കാര്യത്തിലാണ്. സ്വാതന്ത്ര്യാനന്തരം ഇത്രയും വര്‍ഷമായി തുടരുന്ന സംവരണം 'ഇനിയും മതിയാക്കാറായില്ലേ' എന്ന് ചോദിക്കുന്നവര്‍ കണ്ണടയ്ക്കുന്നത് വളരെ ഗുരുതരമായ സാമൂഹ്യപ്രശ്നങ്ങള്‍ക്കു rohit vemulaനേരെയാണ്. നൂറ്റാണ്ടുകളായി അസ്പൃശ്യതയുടെ ചങ്ങല പേറുന്ന ദളിതരും ആദിവാസികളും സര്‍വകലാശലകളില്‍ അനുഭവിക്കുന്ന കൊടിയ അവഗണനകളുടെ ഉദാഹരണമാണ് രോഹിത് വെമുല. ഐ.ഐ.ടികളില്‍ മരണമടഞ്ഞ ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍നിന്ന് ജാതിവിവേചനത്തിന്റെ ആഴം മനസിലാക്കാം.

എയ്ഡഡ് മേഖലക്ക് കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സ്ഥാനമാണുള്ളത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാള്‍ മൂന്നിരട്ടിയാണ് എയ്ഡഡ് സ്ഥാപനങ്ങളുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 52 സര്‍ക്കാര്‍ കോളെജുകളുള്ളപ്പോള്‍ എയ്ഡഡ് മേഖലയില്‍ 180 എണ്ണമുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ അനീതി തുടരുന്നതും എയ്ഡഡ് മേഖലയില്‍ തന്നെയാണ്. സംസ്ഥാനരൂപീകരണശേഷം എയ്ഡഡ് മേഖലയുടെ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിരവധി ലഭിച്ചു. സ്ഥലം അടക്കമുള്ള സൗകര്യങ്ങള്‍ ചെറിയ വിലയ്ക്കോ സൗജന്യമായോ ലഭിച്ചു. സര്‍ക്കാരില്‍നിന്ന് ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യവികസനത്തിനുള്ള തുകയും ലഭിച്ച സമുദായ മാനേജ്മെന്റുകള്‍ സാമ്പത്തിക വികസനത്തിനുള്ള ഇടമായി എയ്ഡഡ് വിദ്യാലയങ്ങളെ മാറ്റി. ഇങ്ങനെ വളര്‍ന്ന സമുദായ മാനേജ്മെന്റുകള്‍ക്ക് മാറി മാറി വന്ന സര്‍ക്കാരുകളെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും അതിലൂടെ സംവരണീയര്‍ക്ക് ഭരണഘടനാപരമായി കിട്ടേണ്ടിയിരുന്ന അവകാശങ്ങളും ഇല്ലാതാക്കുവാന്‍ കഴിഞ്ഞു. 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെയാകെ തകിടം മറിച്ച സ്വാശ്രയ മേഖലയുടെ കടന്നുവരവ് എയ്ഡഡ് മേഖലയുടെ വളര്‍ച്ചയുടെ തുടര്‍ച്ചയാണ്. സ്വാശ്രയ മേഖല എന്നത് എയ്ഡഡ് മേഖലയുടെ വികസിത രൂപം എന്ന് ചുരുക്കം. 2014ലെ വിവരാവകാശ രേഖ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍ മേകലയില്‍ 12 ശതമാനം എസ്.സി, എസ്.ടി വിഭാഗം അദ്ധ്യാപകരുണ്ട്. അതേസമയം 8233 അദ്ധ്യാപകരുള്ള എയ്ഡഡ് കോളെജുകളില്‍ 49 പേര്‍ മാത്രമാണ് ഉള്ളത്. 3725 അനദ്ധ്യാപകരില്‍ 16 പേര്‍ മാത്രമാണ് എസ്.സി, എസ്.ടി. വിഭാഗത്തില്‍നിന്നുള്ളത്. 11,958 അദ്ധ്യാപക അനദ്ധ്യാപക എണ്ണത്തില്‍ 0.54ശതമാനമാണ് എസ്.സി., എസ്.ടി. വിഭാഗക്കാര്‍.

എയ്ഡഡ് അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കില്ലകൊളേജുകള്‍, എഞ്ചിനീയറിങ് കൊളേജുകള്‍, പോളി ടെക്നിക്ക് കൊളേജുകള്‍, വി.എച്ച്.എസ്.സി. സ്‌കൂള്‍, ഹൈസ്‌കൂള്‍, യു.പി, എല്‍.പി സ്‌കൂളുകള്‍ അടക്കം 8798 എയ്ഡഡ് സ്ഥാപനങ്ങളിലായി 1,54,360 പേര്‍ ജോലി ചെയ്യുന്നതില്‍ എസ്.സി, എസ്.ടി. വിഭാഗം 0.37ശതമാനം മാത്രം. എസ്.സി, എസ്.ടി. സംവരണപ്രകാരം നിയമനം നടത്തിയിരുന്നെങ്കില്‍ 15,436 എസ്.സി, എസ്.ടി. അദ്ധ്യാപക അനദ്ധ്യാപകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകുമായിരുന്നു.

ഡയറക്ട് പേയ്മെന്റ് ആക്ട് 1972

1971ല്‍ കോളെജ് അദ്ധ്യാപകര്‍ നടത്തിയ സമരത്തിന്റെ ഒത്തുതീര്‍പ്പിലൂടെ 1972-ല്‍ അച്യുതമേനോന്‍ മന്ത്രിസഭ പാസാക്കിയ ഡയറക്ട് പേയ്മെന്റെ ആക്ട് മാനേജ്മെന്റുകള്‍ക്ക് ശമ്പളം നല്‍കുകയും മാനേജ്മെന്റ് അദ്ധ്യാപകര്‍ക്ക് ശമ്പളം കൈമാറിയിരുന്ന വ്യവസ്ഥ മാറ്റിക്കൊണ്ട് അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സംവിധാനം തുടങ്ങി. അദ്ധ്യാപര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നേരിട്ട് ശമ്പളം നല്‍കാനും എന്നാല്‍ അദ്ധ്യാപക അനദ്ധ്യാപക നിയമനങ്ങള്‍ നടത്തുവാനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കുകയും ചെയ്തു. നിയമനങ്ങളില്‍ പകുതി മാനേജ്മെന്റ സമുദായങ്ങളില്‍പ്പെട്ടവരെയും ബാക്കി പകുതി ഓപ്പണ്‍ മെറിറ്റ് എന്നുമാണ് ഡയറക്ട് പേയ്മെന്റ് ആക്ട് 1972 ല്‍ പറയുന്നത്. ഇതിലൂടെ മാനേജ്മെന്റുകള്‍ക്ക് നിയമനത്തിന്റെ പരമാധികാരം നല്‍കുകയായിരുന്നു. മാനേജ്മെന്റ് സമുദായാങ്ങള്‍ക്ക് 50% നിയമനം നല്‍കിയും ബാക്കി മെറിറ്റ് എന്ന പേരിലും നൂറുശതമാനം നിയമനങ്ങളും മാനേജ്മെന്റുകള്‍ക്കുതന്നെ നല്‍കി. 

ugcമാത്രമല്ല പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ 1956-ലെ യുണിവേഴസിറ്റി ഗ്രാന്റ് കമ്മീഷന്‍(യു.ജി.സി.) നിയമപ്രകാരം സംവരണം നല്‍കണമെന്ന നിയമവും ഡയരക്ട് പോയ്മെന്റ് ആക്ടിലൂടെ അട്ടിമറിക്കപ്പെട്ടു. ഡയറക്ട് പേയ്മെന്റ് ആക്ടില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങളെപ്പറ്റിയുള്ള ഏക പരാമര്‍ശം 20% സീറ്റുകള്‍ എസ്.സി., എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്യണം എന്നുള്ളത് മാത്രമാണ്. നിയമനങ്ങളിലെ എസ്.സി., എസ്.ടി.  സംവരണത്തെപ്പറ്റി ഇവിടെ മൗനം ഭജിച്ചു. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അംഗീകാരം നല്‍കിയത് 1599 നിയമനങ്ങള്‍ക്കാണ്. 

ദളിത് സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടന ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ 2015 മെയ് 25ാം തിയതി കോളേജ് അദ്ധ്യാപക നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ സര്‍വ്വകലാശാലകള്‍ നടപടി സ്വീകരിക്കണമെന്ന് സിങ്കിള്‍ ബഞ്ച് വിധി വന്നു. ഈ വിധി നടപ്പാക്കുന്നതിനെതിരെ എന്‍.എസ്.എസ്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 

എയ്ഡഡ് മേഖലയില്‍ സംവരണം നടപ്പാക്കിയാല്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഉണ്ടായ നഷ്ടം പരിഹരിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. കാരണം 1972ലെ ഡയരക്ട് പേയ്മെന്റ് ആക്ട് നിലനില്‍ക്കുന്നിടത്തോളം 50% നിയമനങ്ങള്‍ സമുദായ മാനേജ്മെന്റുകള്‍ക്ക തന്നെയായിരിക്കും. അതായത് ആകെ സംവരണത്തിന്റെ നിയമനങ്ങളുടെ പകുതി മാത്രമേ നടപ്പാക്കപ്പെടുകയുള്ളു. മാത്രല്ല, സംവരണം എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാവുന്നില്ല. ആകെ 180 എയ്ഡഡ് കോളേജുകളുള്ളതില്‍ 84 എണ്ണം ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്ക് കീഴിലാണ്, മുസ്ലിം മാനേജ്മെന്റുകള്‍ക്ക് കീഴില്‍ 35 കോളേജുകളും 21 എണ്ണം എസ്.എന്‍. ട്രസ്റ്റിനും 18 എണ്ണം എന്‍.എസ്.എസിനു കീഴിലുമാണ്. ഏഴ് കോളേജുകള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലും 15 കോളേജുകള്‍ ഏകാംഗ മാനേജ്മെന്റിനു കീഴിലുമാണ്. അതായത് 66.1% കോളേജുകളും ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്ക് കീഴിലാണ്. ഭരണഘടനാ അനുച്ഛേദം 30(1) പ്രകാരം ന്യൂനപക്ഷ മാനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ സംവരണം സാധ്യമല്ല. ബാക്കിയുള്ള 33.9ശതമാനം സ്ഥാപനങ്ങളുടെ അമ്പത് ശതമാനത്തില്‍ മാത്രമേ സംവരംണം സാധ്യമാകൂ. 

സംവരണത്തിലൂടെ മാത്രം അസമത്വം നികത്തപ്പെടുന്നില്ല. കഴിഞ്ഞ 44 വര്‍ഷമായി നഷ്ടമാക്കിയ പുരോഗതി പ്രധാനപ്പെട്ട ഒന്നാണ്. ഇതിലൂടെ ദളിതര്‍ക്കും ആദിവാസികള്‍ക്കും നഷ്ടപ്പെട്ട അവസരങ്ങള്‍ സൃഷ്ടിച്ച സാമൂഹിക അസമത്വം നികത്താനാവാത്ത ഒന്നാണ്. ഈ നഷ്ടം നികത്താനുള്ള സാമ്പത്തിക പാക്കേജുകള്‍ നടപ്പാക്കേണ്ടതുണ്ട്. ക്ഷേമ പദ്ധതികളായോ തൊഴിലവസരങ്ങളായോ ഇവ  നടപ്പാക്കുകയാണ് വേണ്ടത്. 

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജോലി ലഭിക്കിണമെങ്കില്‍ പി.എസ്.സി. പരീക്ഷയെ അഭിമുഖീകരിക്കുകയും അക്കാദമിക മികവ് തെളിയിക്കുകയും വേണം. എന്നാല്‍ സര്‍ക്കാര്‍ മേഖലയെക്കാള്‍ മൂന്നിരട്ടിയോളം വരുന്ന എയ്ഡഡ് മേഖലയില്‍ കഴിവ് അല്ലെങ്കില്‍ നിലവാരം പരിശോധിക്കപ്പെടാതെയാണ് നിയമനങ്ങള്‍ നടത്തുന്നത്. ഇവിടെ പണം മാത്രമാണ് യോഗ്യതയ്ക്കടിസ്ഥാനം. എന്നാല്‍ മാനേജ്‌മെന്റുകളുടെ  സ്വസമുദായത്തിലെ പണമില്ലാത്തവര്‍ക്ക് ഈ തൊഴിലുകള്‍ സ്വപ്നം കാണാന്‍ പോലും കഴിയില്ല എന്നത് പച്ചയായ സത്യം. പൊതു സമൂഹത്തിന്റെ നികുതിപ്പണം ശമ്പളമായി നല്‍കുന്ന എയഡഡ് മേഖലയിലെ തൊഴില്‍ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാല്‍ മാത്രമേ സാമൂഹികനീതി എയ്ഡഡ് മേഖലയില്‍ നടപ്പാവുകയുള്ളു.