തിരിച്ചറിവുകളും അവബോധവും സ്കൂളുകളിൽ തുടരണം. അതും യൂണിഫോം സംവിധാനത്തിൽനിന്നുതന്നെ പറഞ്ഞു തുടങ്ങുകയും വേണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എന്തിനാണ് രണ്ടുതരത്തിലുള്ള യൂണിഫോം

സന്തോഷമുള്ള വാർത്തയോടെ നമ്മൾ എഴുനേൽക്കുന്നത്‌ വിരളമായിക്കൊണ്ടിരിക്കുന്നു. ദയയും സഹാനുഭൂതിയും ബഹുമാനവും ക്ഷമയും ഇപ്പോഴുമിവിടെ ബാക്കിയുണ്ടോയെന്ന് സംശയിച്ചുപോവുന്നു പലപ്പോഴും. ഓരോ പതിനഞ്ചുമിനിറ്റിലും രാജ്യത്ത് ഓരോ ബലാത്സംഗക്കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നുവെന്നാണ് ദേശീയ ക്രൈം റെക്കോഡ്സിന്റെ 2018-ലെ കണക്കുകൾ വ്യക്തമാക്കുന്നത്. കൊലപാതക വാർത്തകൾ നമ്മളിലിന്ന് ഞെട്ടലുണ്ടാക്കുന്നതേയില്ല. പ്രതികാരവും അസഹിഷ്ണുതയുമെല്ലാം ഇന്ന് സ്വാഭാവിക ജീവിതരീതിയായി മാറിയിരിക്കുന്നു. നാം ഇങ്ങനെ വീണുപോകാനുള്ള കാരണം എന്താണ്? ഈ ചോദ്യവും അതിന്റെ ഉത്തരവും നമ്മെ മുന്നോട്ടു നയിക്കണം.

മാറ്റം തുടങ്ങേണ്ടത് വീടുകളിൽനിന്ന് 
മനുഷ്യരുടെ സാമൂഹിക ഇടപെടലിനെ സ്വാധീനിക്കാനുതകുന്ന വിധത്തിലുള്ള ഗുണപരമായ ഇടപെടൽ അടിയന്തരമായി ഉണ്ടാവണം. ഒരു വ്യക്തിയുടെ സ്വഭാവരൂപവത്‌കരണത്തിന്റെ അതേ സമയത്തുതന്നെയാണ് ഇടപെടലുകൾ തുടങ്ങേണ്ടതും. സംവേദനക്ഷമതയും അവബോധവും വീടുകൾക്കുള്ളിൽനിന്നുതന്നെയാണ് തുടങ്ങേണ്ടത്. പിന്നീട് സ്കൂളിലേക്കും അവിടെനിന്ന് പൊതുവിടങ്ങളിലേക്കും. ലൈംഗികതയെക്കുറിച്ചും ലിംഗപരമായ സ്വത്വത്തെക്കുറിച്ചും ലൈംഗിക അവയവങ്ങളെക്കുറിച്ചുമെല്ലാം കുട്ടികളോട് സംസാരിക്കണം. ഇത്തരം സംസാരങ്ങൾ തെറ്റായ ധാരണകളെ ഇല്ലാതാക്കും.രക്ഷിതാക്കളിൽ അല്ലെങ്കിൽ മുതിർന്നവരിൽ, മനുഷ്യജീവിതത്തിലെ ജൈവികമായ കാര്യങ്ങളെ കുട്ടികളെ എപ്പോൾ, എങ്ങനെ പരിചയപ്പെടുത്തണം എന്നതിനെക്കുറിച്ച് തിരിച്ചറിവുണ്ടാകേണ്ടതുണ്ട്. പുസ്തകത്തിലെഴുതിവെച്ചിട്ടുള്ള ലിംഗ നിർവചനങ്ങൾക്കപ്പുറം ലൈംഗികാവയങ്ങളെക്കുറിച്ചും ലിംഗപരമായ സ്വത്വത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികളോട് സംസാരിക്കണം.

ലിംഗഭേദത്തെയും ലൈംഗികതയെയും കുറിച്ച് സമൂഹത്തിന് ചില മുൻവിധികളുണ്ട്. എന്നാൽ, അതേക്കുറിച്ച് പഠിക്കുകയോ തെറ്റു മാത്രമായ ഈ മുൻവിധികളെ ഇല്ലായ്മ ചെയ്യാൻ ഓരോ മനുഷ്യനുമുള്ള പങ്കിനെക്കുറിച്ച് ചിന്തിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ നമ്മൾ ചെയ്യുന്നില്ല. പകരം കാലങ്ങളായി അടിയുറച്ച ചില സങ്കല്പങ്ങളും നിബന്ധനകളും പഠിപ്പിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും അത് അങ്ങനെത്തന്നെ അടുത്ത തലമുറയിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

ആണിനെയും പെണ്ണിനെയും രണ്ടായിത്തന്നെ കണ്ടുകൊണ്ടാണ് നാം ഇപ്പോഴും പല വീടുകളിലും വളർത്തുന്നതും സംസാരിക്കുന്നതും. എന്തിനാണത്? ലിംഗാടിസ്ഥാനത്തിൽ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് വെവ്വേറെ പരിഗണന നൽകുന്നതെന്തിന്‌ ? അനുസരണയും അടക്കവും ക്ഷമയും വേണമെന്നും ‘മാന്യമായ വസ്ത്രം’ ധരിക്കണമെന്നും അധികമായും ഉറക്കെയും സംസാരിക്കരുതെന്നും നമ്മൾ നമ്മുടെ പെൺമക്കളോട് ആവർത്തിച്ച് പറഞ്ഞുപഠിപ്പിക്കുന്നത് എന്തിനാണ്? ജീൻസും ലെഗ്ഗിൻസും സ്ലീവ്‌ലെസ് ഉടുപ്പുകളും ധരിക്കരുതെന്ന് കുടുംബത്തിലെ അച്ഛനും ആങ്ങളയും ബന്ധുക്കളായ മറ്റ് ആണുങ്ങളും പെൺകുട്ടികളോട് കല്പിക്കുന്നതെന്തിന് ? ഇത്തരം അനാരോഗ്യകരമായ കല്പനകളിലൂടെ നാം നൽകുന്ന സന്ദേശമെന്താണ്? പെണ്ണിന്റെ വ്യക്തിത്വമെന്നാൽ അവളുടെ ശരീരമോ അല്ലെങ്കിൽ ലൈംഗികാവയവമോ ആണെന്നുള്ള സന്ദേശമാണ് അറിഞ്ഞോ അറിയാതെയോ നമ്മൾ ഇതിലൂടെ നൽകുന്നത്. ലൈംഗിക നിർവചനങ്ങളിലെ ഈ അടഞ്ഞ ചിന്താഗതി ഉടച്ചെറിഞ്ഞില്ലെങ്കിൽ അരുതുകളെയും അല്ലാത്തവയെയും കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും സമ്മതത്തെക്കുറിച്ചുമെല്ലാം കുട്ടികളെ തുടക്കകാലത്തുതന്നെ ബോധവത്കരിച്ചില്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഇനിയും മുകളിലേക്കുതന്നെയേ പോകുകയുള്ളൂ

തുടർച്ച സ്കൂളിൽ
ഈ തിരിച്ചറിവുകളും അവബോധവും സ്കൂളുകളിൽ തുടരണം. അതും യൂണിഫോം സംവിധാനത്തിൽനിന്നുതന്നെ പറഞ്ഞു തുടങ്ങുകയും വേണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എന്തിനാണ് രണ്ടുതരത്തിലുള്ള യൂണിഫോം? ചില സ്കൂളുകളിൽ പെൺകുട്ടികൾക്ക് ഷർട്ടും പാവാടയുമാണ് യൂണിഫോം. പക്ഷേ, പാവാടയ്ക്കുപുറമേ അടിയിലൊരു പാന്റ് കൂടി ധരിക്കണം. കാലുകൾ ആൺകുട്ടികൾ കാണാതിരിക്കാനാണത്രേ ഇത്.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ അടിച്ചമർത്തപ്പെടുന്നു എന്ന ബോധം പെൺകുട്ടികളിൽ സൃഷ്ടിക്കപ്പെടുകയാണ്‌ ചെയ്യുന്നത്. തങ്ങളുടെ ശരീരം ശരിക്കും തങ്ങളുടേതല്ലെന്നും മറ്റാർക്കോ സന്തോഷം നൽകാൻ വേണ്ടിയുള്ള ഉപകരണം മാത്രമാണതെന്നുമുള്ള വിശ്വാസമാണ് പെൺകുട്ടികളിലുറയ്ക്കുക. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ഒരു അന്യബോധം സൃഷ്ടിക്കാനും ഇത് കാരണമാകും. അതോടെ തങ്ങളുടെ സ്വത്വം വ്യക്തിത്വത്തിലോ ചിന്തകളിലോ ഇഷ്ടാനിഷ്ടങ്ങളിലോ അല്ല, മറിച്ച് ലിംഗാധിഷ്ഠിതമാണെന്ന ധാരണയാകും അവരിൽ വളരാൻ തുടങ്ങുന്നതും. 

ആ വിവേചനം പിന്നീട് പുതിയ ഇടങ്ങളിലേക്കും പുതിയ തലങ്ങളിലേക്കും വ്യാപിക്കും. അവിടെ ആണിനും പെണ്ണിനുമിടയിൽ മുതിർന്നവർ പരോക്ഷമായ ഒരു മതിൽ കെട്ടുന്നതു കാണാം ഇതിനിടയ്ക്ക്. ഭിന്നലൈംഗികരെക്കൂടി അംഗീകരിച്ചുകൊണ്ട് നമ്മുടെ രാജ്യം മുന്നോട്ടുപോയിട്ടുണ്ട് (ആ അംഗീകാരം സാർവത്രികമാകണമെങ്കിൽ പക്ഷേ, ഇനിയും കുറേക്കൂടി അവബോധം നമ്മുടെ സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ട്). എങ്കിൽപ്പോലും ലിംഗസ്വത്വത്തിലധിഷ്ഠിതമായ മുൻവിധികളുടെ അമിതഭാരത്താലും അതിക്രമങ്ങളാലും സ്ത്രീകളിപ്പോഴും പീഡിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നുവെന്നത് വേദനാജനകമായ വാസ്തവമാണ്.

ആർത്തവവും ലൈംഗികതയും ചർച്ചയാവണം
വീട്ടകങ്ങളിൽ ലിംഭഭേദത്താൽ നിർണയിക്കപ്പെട്ടിട്ടുള്ള വ്യത്യസ്ത അടരുകളെ ഈ മഹാമാരിക്കാലം തുറന്നുകാട്ടിയിട്ടുണ്ട്. രക്ഷിതാക്കളും കുട്ടികളും തമ്മിൽ ആൺ-പെൺ വ്യത്യാസമില്ലാതെ ഇനിയുമേറെ തുറന്നു സംസാരിക്കണം. കൂടുതൽ ഊഷ്മളമാകണം ആശയവിനിമയം. വീട്ടിനുള്ളിലെ ആണുങ്ങളിൽനിന്നുണ്ടായ അനുഭവങ്ങൾ, അത് നല്ലതായാലും മോശമായാലും സ്ത്രീകൾ തുറന്നു പങ്കുവെക്കണം. സ്വന്തം പെരുമാറ്റരീതികളിലെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കാൻ ആണുങ്ങൾക്ക് അതൊരു അവസരമാകും. ഭക്ഷണപാത്രങ്ങളും വസ്ത്രങ്ങളും സ്വയം കഴുകാനും പച്ചക്കറിയും പലചരക്കും വാങ്ങാനും പാചകം ചെയ്യാനും വീട്ടിലെ ആൺകുട്ടികളെയും പുരുഷന്മാരെയും പ്രോത്സാഹിപ്പിക്കണം. ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൂടെ ആൺകുട്ടികളുടെ മനസ്സിൽ ലിംഗഭേദത്തെക്കുറിച്ച് പുനർനിർവചനം നടത്താനും ഉപബോധമനസ്സിൽ അതിനെ ഊട്ടിയുറപ്പിക്കാനും കഴിയും.
ആർത്തവം സമം അശുദ്ധി എന്ന ചിന്തയാണ് ഇപ്പോഴും നമ്മുടെ സമൂഹത്തിലുള്ളത്. എന്താണ് ആർത്തവം എന്നോ അതേക്കുറിച്ച്‌ മനസ്സിലാക്കാനോ അറിയാനോ ഒന്നും അധികം ആളുകൾ ശ്രമിക്കുന്നില്ല. ആർത്തവവും ആ നേരത്ത്‌ അനുഭവിക്കുന്ന വേദനയും അസ്വസ്ഥതകളും വീട്ടിലെ സംഭാഷണങ്ങളിൽ കടന്നുവരട്ടെ. സ്ത്രീകളുടെ ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ച് പുരുഷന്മാർക്ക് മനസ്സിലാകാനും സ്ത്രീയെ കൂടുതൽ ബഹുമാനിക്കാനും ഇത് സഹായിക്കും. സാനിറ്ററി പാഡുകൾ വാങ്ങാനും അതേക്കുറിച്ച് സംസാരിക്കാനും ആണുങ്ങൾക്കുള്ള സങ്കോചം ഇല്ലാതാകുകയും അതൊരു സാധാരണ കാര്യമാണ് എന്ന ചിന്ത വളർത്തിയെടുക്കുകയും അത്യാവശ്യമാണ്. 

എല്ലാവരെയും ചേർത്തുപിടിക്കാം
പത്തും പതിമ്മൂന്നും വയസ്സിന് ഇടയിൽ പ്രായമാകുമ്പോൾത്തന്നെ, സ്വന്തം ശരീരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിൽ ലിംഗഭേദത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമെല്ലാം കുട്ടികളോട് നമ്മൾ വിശദമായി സംസാരിക്കണം. കെട്ടുകഥകളിലൂടെയോ ഐതിഹ്യങ്ങളിലൂടെയോ അല്ല അത് സാധ്യമാക്കേണ്ടത്. പ്രായോഗികജീവിതത്തിലെ ചുറ്റുപാടുകളെ വിശദമാക്കി സംസാരിക്കുന്നതാണ് ഉചിതം. ലിംഗപരമായ ഇടങ്ങളെയും ചർച്ചകളെയും പുനർനിർവചിക്കാനും അതുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനും അതുവഴി ലിംഗസമത്വത്തിൽ അധിഷ്ഠിതമായ ലോകം രൂപപ്പെടുത്തിയെടുക്കുന്നതിനും തുടർച്ചയായ ശ്രമങ്ങളുണ്ടായേ തീരൂ. അതിനായി സ്കൂൾ പാഠപുസ്തകങ്ങളെ, പാഠ്യ പദ്ധതിയെ പൊളിച്ചെഴുതേണ്ടതുണ്ട്. കൂടുതൽ സമഗ്രമായി വീട്ടകങ്ങളെയും സാമൂഹിക പരിതസ്ഥിതിയെയും ഉടച്ചുവാർക്കേണ്ടതുണ്ട്. 

(സാമൂഹികവൈകാരിക പഠനമേഖലയിൽ പ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ്‌ ലേഖിക) aparna@zocio.net