രാജ്യത്തെ ജനങ്ങളിൽ ഒരുവിഭാഗം മറക്കാനാഗ്രഹിക്കുന്ന ചരിത്രത്തെ ഓർമയിൽ നിലനിർത്താനുള്ള ഒരുസംഘമാളുകളുടെ മനഃപൂർവമുള്ള ശ്രമമാണ് അമേരിക്കയിലെ ഇപ്പോഴത്തെ അസ്വസ്ഥതയ്ക്ക് കാരണം. നിറത്തിന്റെ പേരിൽമാത്രം, ചന്തയിൽ വിൽക്കാനും കഠിനജോലികൾ ചെയ്യിക്കാനുമുള്ള ചരക്കായി കണക്കാക്കപ്പെട്ടവരുടെ ചരിത്രമാണത്. അടിമവിൽപ്പനയ്ക്കുള്ള അവകാശത്തിന്റെ പേരിൽ സ്വയമൊരു ഭരണക്രമം സൃഷ്ടിച്ചു പിരിഞ്ഞുപോയ 11 സംസ്ഥാനങ്ങളുടെ ചരിത്രം കൂടിയാണത്. ആ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ രൂപവത്കരണത്തിനും നിലനിൽപ്പിനും യത്നിച്ചവരുടെ പ്രതിമകൾ നീക്കുന്നതിനെച്ചൊല്ലിയാണ് ഇപ്പോഴത്തെ സംഘർഷങ്ങൾ. കുറെപ്പേരുടെ മനസ്സിൽ ഉറഞ്ഞുകിടന്ന വംശവെറി മറനീക്കി പുറത്തുവന്നിരിക്കുന്നു. വെർജീനിയയിലെ ഷാർലറ്റ്‌സ്‌വിലിൽ നടന്ന റാലികളും അക്രമവും രക്തച്ചൊരിച്ചിലും ഇതിന്റെ തെളിവാണ്. 

‘വെളുത്ത ജീവനും വിലയുണ്ട്’ 
വലത് ഐക്യറാലി (യുണൈറ്റ് ദ റൈറ്റ്) എന്നായിരുന്നു ഷാർലറ്റ്‌സ്‌വിലിലെ റാലിയുടെ പേരുതന്നെ. തൊലിവെളുത്തവന്റെ പ്രാമാണ്യതയിൽ വിശ്വസിക്കുന്നവരും നവനാസികളും വെള്ളക്കാരായ ദേശീയവാദികളും പുത്തൻ കോൺഫെഡറേറ്റിനായി വാദിക്കുന്നവരും തുടങ്ങി തീവ്രവലതുപക്ഷക്കാരുടെ വലിയൊരു സംഘമാണ് റാലി നടത്തിയത്. ആയുധങ്ങൾക്കും മുസ്‌ലിം - ജൂതവിരുദ്ധ ബാനറുകൾക്കുമൊപ്പം നാസിചിഹ്നമായ സ്വസ്തികയും കോൺഫെഡറേറ്റിന്റെ പതാകകളും ഇവർ ഏന്തിയിരുന്നു.

‘ട്രംപ്/പെൻസ് അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്നെഴുതിയ ഫലകങ്ങളും കൈയിലുണ്ടായിരുന്നു. അമേരിക്കയെ വീണ്ടും മഹത്തരമാക്കും എന്നത് തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ മുദ്രാവാക്യമാണ്‌.  സ്വതന്ത്ര പത്രപ്രവർത്തകനും ‘പ്രൗഡ് ബോയ്‌സ്’ എന്ന തീവ്രദേശീയ സംഘത്തിലെ അംഗവുമായ ജെയ്‌സൺ കെസ്‌ലറായിരുന്നു റാലിയുടെ സംഘാടകൻ. ‘കറുത്തജീവനും വിലയുണ്ട്’ എന്ന ആഫ്രിക്കൻ-അമേരിക്കൻ അവകാശസംരക്ഷണ മുദ്രാവാക്യത്തിനു ബദലായി ‘വെളുത്ത ജീവനും വിലയുണ്ട്’ എന്ന മുദ്രാവാക്യവും റാലിയിൽ ഉയർന്നു. 

കോൺഫെഡറസിക്കാലം
കോൺഫെഡറേറ്റ് ജനറലായിരുന്ന റോബർട്ട് എഡ്വേഡ് ലീയുടെ പ്രതിമ ഷാർലറ്റ്‌സ്‌വിലിലെ പാർക്കിൽനിന്ന് നീക്കംചെയ്യാൻ കഴിഞ്ഞവർഷം അധികൃതർ തീരുമാനിച്ചതുമുതൽ തുടങ്ങിയതാണ് പ്രതിഷേധം. ഒന്നര നൂറ്റാണ്ടുമുമ്പ് അവസാനിച്ച ആഭ്യന്തരയുദ്ധത്തിന്റെ അവശേഷിപ്പുകളിലൊന്നാണ് ഈ പ്രതിമ. അടിമകളുടെ മോചനം ലക്ഷ്യമായി പ്രഖ്യാപിച്ച് എബ്രഹാം ലിങ്കൺ അധികാരത്തിലേറിയശേഷം 1861-ലാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽനിന്നു പിരിഞ്ഞ് 11 സംസ്ഥാനങ്ങൾ ചേർന്ന് കോൺഫെഡറസിയുണ്ടാക്കിയത്. 1865 വരെ നീണ്ടുനിന്ന ആഭ്യന്തരയുദ്ധം ഇതിന്റെ ഫലമായിരുന്നു. പോരടങ്ങിയപ്പോൾ കോൺഫെഡറസിയുടെ പ്രസിഡന്റ് ജെഫേഴ്‌സൺ ഡേവിസ് പിടിയിലായി. ജനറൽ റോബർട്ട് ലീ കീഴടങ്ങി. 

വിഭജിതകാലത്തിന്റെ അടയാളങ്ങളെല്ലാം ആഫ്രിക്കൻ-അമേരിക്കക്കാരുടെ അടിച്ചമർത്തലിന്റെ ചരിത്രത്തെ ഓമനിക്കലാണെന്ന് ഇവയെ എതിർക്കുന്നവരെല്ലാം വാദിക്കുന്നു. ലീയുടേതടക്കമുള്ള പ്രതിമകളൊന്നും കോൺഫെഡറസിയുടെ കാലത്ത് ഉണ്ടാക്കിയതല്ല. 1924-ലാണ് ലീയുടെ പ്രതിമ ഷാർലറ്റ്‌സ്‌വിലിൽ സ്ഥാപിച്ചത്. 109 പബ്ലിക് സ്കൂളുകൾക്കും 80 പട്ടണങ്ങൾക്കും 10 യു.എസ്. സേനാതാവളങ്ങൾക്കുംവരെ അക്കാലത്തെ പ്രമുഖരുടെ പേരുകളുണ്ട്. അടിമക്കച്ചവടം നടത്തിയിരുന്ന സമ്പന്നരുടെ പിന്മുറക്കാർ പിൽക്കാലം നിർമിച്ചതാണ് ഇവയിൽ ചിലത്. ഇവർ നൽകിയ നിർലോഭ സംഭാവനകൾക്കുള്ള ആദരമായി അധികൃതർ നൽകിയതാണ് സർവകലാശാലാ കെട്ടിടങ്ങൾക്കും മറ്റുമുള്ള പേര്. ഇത്തരം 1053 സ്മാരകങ്ങളുണ്ടെന്നാണ് പൗരാവകാശ നിരീക്ഷണ സ്ഥാപനമായ സതേൺ പോവർട്ടി ലോ സെന്റർ നൽകുന്ന കണക്ക്. 2015-നുശേഷം അറുപതോളം കോൺഫെഡറസി ചിഹ്നങ്ങൾ നീക്കംചെയ്യുകയോ പേരുമാറ്റുകയോ ചെയ്തിട്ടുണ്ട്. 

ചാൾസ്റ്റൺമുതൽ ഷാർലറ്റ്‌സ്‌വിൽവരെ
സൗത്ത് കരോെെലനയിലെ ചാൾസ്റ്റണിൽ പള്ളിയിൽ ആക്രമണംനടത്തിയ വംശീയവാദി ഒമ്പത് ആഫ്രിക്കൻ-അമേരിക്കക്കാരെ വധിച്ചത് 2015 ജൂണിലാണ്. ഡിലൻ റൂഫ് എന്ന അക്രമി കോൺഫെഡറേറ്റ് പതാകയുമായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഇതോടെയാണ് കോൺഫെഡറസിയുമായി ബന്ധമുള്ള സകലതും നീക്കംചെയ്യണമെന്ന ആവശ്യമുയർന്നത്. അപ്പോഴേക്കും ബാരാക് ഒബാമ എന്ന ‘കറുത്ത’ പ്രസിഡന്റിനെ അംഗീകരിക്കാനാവാതെ വെള്ളക്കാരുടെ സംഘങ്ങൾ ദേശീയവാദമുയർത്തി വളർന്നുപെരുകിയിരുന്നു. 2008-ൽ ഒബാമ ആദ്യം അധികാരമേൽക്കുമ്പോൾ ഇവയുടെ എണ്ണം 149 ആയിരുന്നു. 2015 ആയപ്പോഴേയ്ക്കും ഇത് 998 ആയി വളർന്നു.  

ചാൾസ്റ്റണിൽ മാത്രമല്ല, ഫെർഗൂസൺ, ഡാലസ്, ബാൾട്ടിമോർ, ബാറ്റൺ റൂഷ്, സെയ്‌ന്റ് പോൾ, അലക്സാൻഡ്രിയ തുടങ്ങിയിടത്തെല്ലാം നടന്നത് വംശീയതയിലൂന്നിയ ആക്രമണങ്ങളായിരുന്നു. വീണ്ടും തഴയ്ക്കുന്ന വംശവെറി അമേരിക്കയെ എത്രമാത്രം വിഭജിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഷാർലറ്റ്‌സ്‌വിൽ. ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് പദവി അതിന് വളവുമാകുന്നുണ്ട്. ഷാർലറ്റ്‌സ്‌വിൽസംഭവത്തെ ശക്തമായ ഭാഷയിൽ അപലപിക്കാതിരുന്ന അദ്ദേഹം, ഇരുഭാഗത്തിന്റെ പക്കലും തെറ്റുണ്ടെന്നാണ് പ്രഖ്യാപിച്ചത്. വ്യാപകവിമർശനത്തിന് വഴിവെച്ച ഈ പ്രസ്താവനയെ കു ക്ലക്സ് ക്ലാന്റെ മുൻ നേതാവ് ഡേവിഡ് ഡ്യൂക്ക് നന്ദിപൂർവമാണ് സ്വാഗതംചെയ്തത്. ‘യാഥാർഥ്യം തുറന്നുപറയാനുള്ള സത്യസന്ധതയും ധൈര്യവും’ കാട്ടിയതിനായിരുന്നു നന്ദി. 

ചരിത്രത്തെ മാറ്റേണ്ടതുണ്ടോ?
മറ്റൊരു ചർച്ചയ്ക്കുകൂടി ട്രംപ് മൂർച്ചകൂട്ടി. കോൺഫെഡറേറ്റ് സ്മാരകങ്ങളുടെ ചരിത്രപരമായ പ്രസക്തിയെക്കുറിച്ച് വർഷങ്ങളായി നിലനിൽക്കുന്ന ചർച്ചയാണത്. ‘ജോർജ് വാഷിങ്ടൺ ഒരു അടിമയുടമയായിരുന്നു. ജോർജ് വാഷിങ്ടണിന്റെ പ്രതിമകൾ നമ്മൾ നീക്കംചെയ്യാൻ പോവുകയാണോ? ... നിങ്ങൾ ചരിത്രത്തെ മാറ്റാൻനോക്കുകയാണ്. സംസ്കാരത്തെയും.’ എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഇതുതന്നെയാണ് തീവ്രവലതുപക്ഷക്കാരും പറയുന്നത്. കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ യുദ്ധപതാക​യും സ്മാരകങ്ങളും നിലനിർത്തുന്നത് ചരിത്രവും സംസ്കാരവും സംരക്ഷിക്കാനാണെന്ന് ഇവർ വാദിക്കുന്നു. ചരിത്രത്തിന്റെ ഓർമനിലനിർത്തുക എന്ന സദുദ്ദേശ്യമല്ല സ്മാരകങ്ങൾക്കുപിന്നിൽ എന്നാണ് മറുവിഭാഗം പറയുന്നത്. വെള്ളക്കാരന്റെ മേൽക്കൈ ഉറപ്പിക്കുകമാത്രമാണ് ഇവ​യുടെ  ലക്ഷ്യമെന്നറിഞ്ഞുകൊണ്ട് അജ്ഞതനടിക്കുകയാണ് മറുഭാഗം എന്നാണ് ഇവരുടെ വാദം. 

ഈ കോലാഹലങ്ങൾക്കിടെ മാരിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഒപ്പീനിയൻ എന്ന സ്ഥാപനം ഒരു സർവേ നടത്തി. ആഭ്യന്തരയുദ്ധകാലത്തെ സ്മാരകങ്ങൾ നിലനിർത്തണമോ എന്നതായിരുന്നു ചോദ്യം. ചരിത്രപ്രതീകങ്ങളെന്ന നിലയിൽ ഇവയെ നിലനിർത്തണമെന്നാണ് 62 ശതമാനം അമേരിക്കക്കാരും പറഞ്ഞത്. സർവേയിൽ പങ്കെടുത്ത ആഫ്രിക്കൻ-അമേരിക്കക്കാരിൽ 44 ശതമാനവും പറഞ്ഞതും ഇതുതന്നെയാണ്.