യ്യിടെയിറങ്ങിയ ആമി എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. അതിനാൽ, അതിനെക്കുറിച്ചെഴുതാൻ ഞാനാളല്ല. എന്നാൽ, ആമി സിനിമയെക്കുറിച്ച് ഫെയ്‌സ്‌ബുക്കിൽ നിരൂപണമെഴുതിയ ചിലർക്കുണ്ടായ അനുഭവത്തിന്റെ സൈബർ തെളിവ് കണ്ടു. ആ തെളിവ് മലയാള സിനിമാലോകത്ത് ഈ അടുത്തകാലത്ത് ഉയർന്നുവന്ന അപകടകരമായ ഒരു വിഷയം വെളിച്ചത്തു കൊണ്ടുവരുന്നു. ആ വിഷയമിങ്ങനെ ചുരുക്കിയെഴുതാം. ഫെയ്‌സ്‌ബുക്കിലിട്ട നിരൂപണം സിനിമയ്ക്ക് ദോഷം ചെയ്യുമെന്ന് കണ്ടാൽ കള്ളപ്പരാതി കൊടുത്തോ അനധികൃതക്വട്ടേഷൻ കൊടുത്തോ നിമിഷങ്ങൾക്കകംതന്നെ നീക്കംചെയ്യിക്കാൻ ശ്രമിക്കുക. 

കള്ളപ്പരാതി എന്ന പദമുപയോഗിക്കാൻ കാരണമുണ്ട്. പോസ്റ്റ് നീക്കംചെയ്തതിന് കാരണമായി ഫെയ്‌സ്‌ബുക്ക് നിരൂപകനെ എഴുതിയറിയിച്ചത്  ‘ഈ നിരൂപണം സിനിമയുടെ കോപ്പിറൈറ്റ് അഥവാ പകർപ്പവകാശ നിയമങ്ങൾ ലംഘിച്ചു’ എന്ന തരത്തിലാണ്. ഇങ്ങനെ ഒരു കാരണം ഫെയ്‌സ്‌ബുക്ക് കാണിക്കണമെങ്കിൽ ആ കാരണം പറഞ്ഞൊരു പരാതി ഫെയ്‌സ്‌ബുക്കിന് നേരത്തേ കിട്ടിയിട്ടുണ്ടാകണം. 

സിനിമയുടെ ഐഡിയയ്ക്കല്ല ആ ഐഡിയയുടെ സിനിമയിലെ ആവിഷ്കാരത്തിനാണ് കോപ്പിറൈറ്റ് എന്നതിനാൽ സിനിമയുടെ ഉള്ളടക്കം, പാട്ടുകൾ, തിരക്കഥ തുടങ്ങിയ പലതും കോപ്പിറൈറ്റിന്റെ പരിധിയിൽ വരും. നിരൂപണം അതിലേതെങ്കിലും ഒന്ന് ലംഘിച്ചാൽ കോപ്പിറൈറ്റ് അഥവാ പകർപ്പവകാശ നിയമങ്ങൾ ഫെയ്‌സ്‌ബുക്കും നിരൂപകനും ലംഘിച്ചു എന്നുപറഞ്ഞ് പരാതി കൊടുക്കാനുള്ള അവകാശം പ്രൊഡ്യൂസർക്കും സംവിധായകനുമുണ്ട്. അയച്ചുകിട്ടിയ പരാതി ന്യായമെന്നു കണ്ടാൽ ഫെയ്‌സ്‌ബുക്ക് അധികാരികൾ പോസ്റ്റിട്ടയാളെ അത് ബോധ്യപ്പെടുത്തി പോസ്റ്റ് നീക്കം ചെയ്ത് സ്വന്തം തടി രക്ഷിക്കും. പോസ്റ്റിട്ടയാളും അതുവഴി നിയമപ്രശ്നങ്ങളിൽനിന്ന് രക്ഷപ്പെട്ടേക്കാം. പക്ഷേ, ആമിയുടെ നീക്കംചെയ്യപ്പെട്ട ഒരു നിരൂപണത്തിൽ ഏതെങ്കിലും വിധത്തിലുള്ള കോപ്പിറൈറ്റ് ലംഘനം കണ്ടതായി തോന്നിയില്ല. അതിനാൽ ഇതൊരു കെട്ടിച്ചമച്ച കള്ളപ്പരാതിയാണെന്ന് തോന്നുന്നു. കൂടുതൽ പരിശോധന വേണ്ടതായ വിഷയമാണത്.

ഫെയ്‌സ്‌ബുക്കിൽനിന്ന് പോസ്റ്റുകൾ നീക്കം ചെയ്യിക്കുകയെന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. കാര്യകാരണസഹിതം ഫെയ്‌സ്‌ബുക്കിനെ ധരിപ്പിച്ചാൽ, ന്യായം ഫെയ്‌സ്‌ബുക്കിന് ബോധ്യപ്പെട്ടാൽ, ഫെയ്‌സ്‌ബുക്ക് തന്നെ ഏത് പോസ്റ്റും നീക്കം ചെയ്തുതരും. എന്നാൽ, ഈ സൗകര്യം ദുരുപയോഗിച്ച് അപ്രിയനിരൂപണങ്ങൾ നീക്കംചെയ്യിക്കുകയെന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തിവെക്കുന്ന ഒരേർപ്പാടാണെന്ന് തോന്നുന്നു. 
മാത്രമല്ല, അവധിദിവസമായിട്ടുപോലും മലയാളത്തിൽ എഴുതിയ നിരൂപണപോസ്റ്റിനെക്കുറിച്ച് പരാതി കിട്ടി നിമിഷങ്ങൾക്കകംതന്നെ അതു പരിശോധിച്ച് ന്യായം ബോധ്യപ്പെട്ട് ഫെയ്‌സ്‌ബുക്ക് സ്വയം ആ പോസ്റ്റ് നീക്കംചെയ്യും എന്ന് പ്രതീക്ഷിക്കാമോ.

മലയാളത്തിലെഴുതിയ ഒരു നിരൂപണം പരിശോധിക്കാൻ ഫെയ്‌സ്‌ബുക്കിന് സൗകര്യമില്ലാത്തതിനാൽ പരിശോധിക്കാതെതന്നെ നിമിഷങ്ങൾക്കകം പോസ്റ്റ് അവർ നീക്കംചെയ്തു എന്നു വിശ്വസിക്കാമെങ്കിലും ഒരവധി ദിവസത്തിലത് ചെയ്യുമെന്ന്‌ വർഷങ്ങളായി ഇത്തരം വിഷയങ്ങൾ ഇന്ത്യയിലും അമേരിക്കയിലുമടക്കം കൈകാര്യം ചെയ്ത് പരിചയമുള്ള എനിക്ക്‌ വിശ്വസിക്കാൻ പ്രയാസമുണ്ട്. വെള്ളിയാഴ്ചയിറങ്ങിയ സിനിമയുടെ ശനിയാഴ്ചയിട്ട നിരൂപണ പോസ്റ്റ് ഞായറാഴ്ചതന്നെ ഫെയ്‌സ്‌ബുക്ക് നീക്കംചെയ്യുക എന്നത് കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ്. 

ഈ സംശയം ബലപ്പെടുത്തുന്ന ചില വിവരങ്ങളാണ് ഇതോടെ പുറത്തുവരുന്നത്. ഈയിടെയിറങ്ങിയ ചില മലയാളസിനിമകളുടെ പ്രൊഡ്യൂസർമാരെ സമീപിച്ച് സിനിമയുടെ വ്യാജകോപ്പികളും പിന്നെ അപ്രിയ നിരൂപണ പോസ്റ്റുകളും നിമിഷങ്ങൾക്കകം ഫെയ്‌സ്‌ബുക്കിൽനിന്ന് നീക്കംചെയ്യാനുള്ള ക്വട്ടേഷനുകൾ ചിലർ നേടിയെടുത്തിട്ടുണ്ടത്രേ. ഒരു സിനിമയ്ക്ക് ഒരു ലക്ഷം രൂപ എന്ന കണക്കിൽ. പോസ്റ്റുവന്ന് നിമിഷങ്ങൾക്കകം അത് നീക്കം ചെയ്യണമെങ്കിൽ അതിനു പാകത്തിനുള്ള സോഫ്റ്റ്‌വേർ ഇവരുടെ കൈവശമുണ്ടായിരിക്കണം. ഫെയ്‌സ്‌ബുക്ക് ഇത്തരം ‘ഓട്ടോമാറ്റിക് നീക്കംചെയ്യ’ലിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നതിനാൽ ആ സോഫ്റ്റ്‌വേറിന് ഫെയ്‌സ്‌ബുക്കിന്റെ അംഗീകാരമുണ്ടെന്നുതന്നെ ഊഹിക്കാം. അത്തരമൊരു സോഫ്റ്റ്‌വേർ ഫെയ്‌സ്‌ബുക്ക് കേരളാ പോലീസിനുപോലും കൈമാറിയിട്ടില്ല എന്നാണറിവ്. എന്നിരിക്കേ, ഈ സോഫ്റ്റ്‌വേറെങ്ങനെ ഈ വ്യക്തികളുടെ കൈവശമെത്തി. കേരളാപോലീസ് ഫെയ്‌സ്ബുക്ക് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട ചോദ്യമാണിത്. 

അനധികൃതക്വട്ടേഷൻ വഴിയാണ് ഈ പോസ്റ്റുകൾ നീക്കംചെയ്യപ്പെട്ടതെങ്കിൽ അതിനുള്ള തെളിവ് ഫെയ്‌സ്ബുക്കിൽ നിന്നുതന്നെ പോലീസിന് സമ്പാദിക്കാം. നീക്കംചെയ്തത് കേരളത്തിൽനിന്നുള്ള അനധികൃതക്വട്ടേഷൻ വഴിയാണ് എന്ന് തെളിഞ്ഞാൽ പകർപ്പവകാശനിയമം ദുരുപയോഗിച്ചതിനും അഭിപ്രായസ്വാതന്ത്ര്യം ഹനിക്കാനുള്ള ശ്രമത്തിനും കേരളാ പോലീസിന് സ്വയം കേസെടുക്കാം.  പോസ്റ്റിട്ട നിരൂപകന്റെ കൈവശമുള്ള ശക്തമായ സൈബർ-തെളിവ് കേസിൽ ഗുണകരമാകും. 

(സൈബർ ക്രൈം ഫൊറൻസിക് വിദഗ്ധനായ ലേഖകൻ ഡിജിറ്റൽ കോപ്പിറൈറ്റ് തെളിവുകൾ സംബന്ധമായ റഫറൽ ഗ്രന്ഥത്തിന്റെ കർത്താവുകൂടിയാണ്)