നികുതിവരുമാനം 10 വർഷത്തിനിടെ ആദ്യമായി കുറഞ്ഞു

സംസ്ഥാനത്തിന്റെ തനതുനികുതിവരുമാനം 2019-20ൽ വളർന്നില്ലെന്ന് മാത്രമല്ല, മുൻവർഷത്തെ അപേക്ഷിച്ച് 0.63 ശതമാനം കുറയുകയും ചെയ്തു. 2018-19ൽ 9.01 ശതമാനം വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണിത്. കഴിഞ്ഞ 10 വർഷങ്ങളിൽ നികുതിവരുമാനം ഇങ്ങനെ കുറഞ്ഞിട്ടില്ലെന്ന് സാമ്പത്തികാവലോകനം വ്യക്തമാക്കുന്നു.

നടപ്പുവർഷം ബജറ്റിൽ പ്രതീക്ഷിക്കുന്നത് 33.97 ശതമാനത്തിന്റെ വളർച്ചയാണ്. കോവിഡിനുമുമ്പുള്ള പ്രതീക്ഷയാണിത്. ഇന്നത്തെ  സാഹചര്യത്തിൽ പ്രതീക്ഷ അസ്ഥാനത്താണ്. 2013-14ലാണ് നികുതിവരുമാനം കുറയാൻ തുടങ്ങിയത്. ജി.എസ്.ടി., ഭൂനികുതി, രജിസ്‌ട്രേഷൻ, എക്‌സൈസ് നികുതി, വാഹനനികുതി, വിൽപ്പനനികുതി എന്നിവയെല്ലാം ചേരുന്നതാണ് തനതുനികുതിവരുമാനം.

ശമ്പളം, പെൻഷൻ ചെലവ് കൂടി

മൊത്തം റവന്യൂച്ചെലവിന്റെ 74.70 ശതമാനവും വേണ്ടിവരുന്നത് പെൻഷൻ, ശമ്പളം, പലിശ തുടങ്ങിയവയ്ക്കാണ്. വികസനത്തിനും വികസനേതര ആവശ്യങ്ങൾക്കുമുള്ള ചെലവാണ് റവന്യൂച്ചെലവിൽ ഉൾപ്പെടുന്നത്.
ശമ്പളം:  2018-19ൽ റവന്യൂച്ചെലവിന്റെ 28.47 ശതമാനമായിരുന്നത് 2019-20ൽ 30.25 ശതമാനമായി ഉയർന്നു.
പെൻഷൻ:  17.23 ശതമാനത്തിൽനിന്ന് 18.21 ശതമാനമായി
പലിശ: 15.18 ശതമാനത്തിൽനിന്ന് 18.35 ശതമാനമായി


കോവിഡ്: വരുമാനനഷ്ടം 1.56 ലക്ഷം കോടി -ധനമന്ത്രി

ചെറുകിട മേഖലയിലെ നഷ്ടം മാത്രം 17,000 കോടി

കോവിഡ് വ്യാപനത്തിൽ സംസ്ഥാനത്തിന് 1.56 ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടം ഉണ്ടായതായി മന്ത്രി ഡോ. തോമസ് ഐസക്. 9.78 ലക്ഷം കോടിരൂപ സംസ്ഥാനത്തിന് ആഭ്യന്തര വരുമാനമുണ്ടാകുമെന്നാണ് കഴിഞ്ഞ ബജറ്റ് തയ്യാറാക്കുമ്പോൾ പ്രതീക്ഷിച്ചത്. എന്നാൽ, ഇക്കണോമിക്‌സ് ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കണക്കുപ്രകാരം 2021-ൽ ആഭ്യന്തര വരുമാനം 8.22 ലക്ഷം കോടി രൂപയായി കുറയും. നടപ്പ് വിലയിൽ കണക്കാക്കിയാൽ സംസ്ഥാന വരുമാനം 3.8  ശതമാനം കുറയുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

ടൂറിസം മേഖലയുടെ തളർച്ചയും വിദേശ കുടിയേറ്റം നേരിടുന്ന വെല്ലുവിളിയും കാരണം കേരളത്തിെൻറ സാമ്പത്തികത്തകർച്ച ദേശീയതലത്തെക്കാൾ കൂടുതൽ തീക്ഷ്ണമായിരിക്കും. ചെറുകിട മേഖലയിലെ നഷ്ടം മാത്രം 17,000 കോടി വരും. ലോക്ഡൗൺ കാലത്ത് മാർച്ചിലെ പത്തു ദിവസംകൊണ്ടുമാത്രം സംസ്ഥാനത്തിന് 29,000 കോടിയുടെ നഷ്ടം വന്നു. സമ്പൂർണ തകർച്ചയിൽനിന്ന് കേരളത്തെ രക്ഷിച്ചത് സർക്കാർ നടപടികളാണ്.

കടമെടുപ്പിനെക്കുറിച്ച് വേവലാതിവേണ്ടാ. നിബന്ധനകൾക്കുള്ളിൽനിന്നേ കടമെടുത്തിട്ടുള്ളൂ. കടത്തിെൻറ വലുപ്പം പറഞ്ഞ് പേടിപ്പിേക്കണ്ടതില്ല.  കേന്ദ്രസർക്കാർ അംഗീകരിച്ച  മൂന്നു ശതമാനം വായ്പ എടുത്താൽപ്പോലും അഞ്ചുവർഷംകൊണ്ട് കടം ഇരട്ടിയാകും.  ബജറ്റിന് പുറത്ത് കടമെടുക്കുന്നത് ശമ്പളവും പെൻഷനും നൽകാൻ വിനിയോഗിക്കുന്നില്ല.

യു.ഡി.എഫ്. പ്രഖ്യാപിച്ച ന്യായ് പദ്ധതിയുടെ വിശദാംശങ്ങൾ അവർ പറഞ്ഞാൽ പ്രതികരിക്കാം. 6000 രൂപവെച്ച് എത്ര കുടുംബങ്ങൾക്ക് നൽകുമെന്നും അതിന് വരുമാനം എവിടെനിന്ന് കിട്ടുമെന്നും പറയണം. വാഗ്ദാനം നൽകുേമ്പാൾ അതിന് വിശ്വാസ്യതവേണമെന്നും തോമസ് ഐസക് പറഞ്ഞു.


പ്രതിശീർഷ വരുമാനം 1.63 ലക്ഷം

2019-20ൽ പ്രതിശീർഷ വരുമാനം 1.63 ലക്ഷം രൂപയായി. മുൻവർഷം 1.58 ലക്ഷമായിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ വളർച്ചനിരക്ക് കുറഞ്ഞത്‌ വരുമാനവളർച്ചയെ ബാധിച്ചു.
പ്രതിശീർഷ വരുമാനവളർച്ച 5.96 ശതമാനത്തിൽനിന്ന് 2.93 ശതമാനമായി കുറഞ്ഞു


വിനോദസഞ്ചാരത്തിൽ നഷ്ടം 25,000 കോടി

വിനോദസഞ്ചാര മേഖലയിൽ ഒമ്പതുമാസത്തിനിടെ കോവിഡ് വരുത്തിയ നഷ്ടം 25,000 കോടി രൂപയുടേത്. കോവിഡിന്റെ ആഘാതവും നിലവിലെ സ്ഥിതിയും ആറുമാസംകൂടി തുടർന്നേക്കുമെന്നും സംസ്ഥാന ആസൂത്രണബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. രണ്ടു വെള്ളപ്പൊക്കം വരുത്തിയ തകർച്ചയിൽനിന്നു ശക്തമായ തിരിച്ചുവരവ് 2019-ൽ കൈവരിക്കാനായെങ്കിലും കോവിഡും തുടർന്നുള്ള ലോക്ഡൗണും സ്ഥിതിയാകെ മാറ്റി. 2019-ൽ തൊട്ടു മുൻവർഷത്തെക്കാൾ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 8.52 ശതമാനവും ആഭ്യന്തരസഞ്ചാരികളിൽ 17.81 ശതമാനവും വർധനയുണ്ടായിടത്താണ് ഈ തകർച്ച. 2019 ജനുവരിമുതൽ സെപ്റ്റംബർവരെ വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം യഥാക്രമം 8,19,975-ഉം 39,31,591 ആയിരുന്നു. 2020-ൽ മുൻവർഷത്തെ അപേക്ഷിച്ച് വിദേശസഞ്ചാരികളുടെ വരവിൽ 57 ശതമാനവും ആഭ്യന്തര സഞ്ചാരികളിൽ 70 ശതമാനവും കുറവാണുണ്ടായത്.

പ്രവാസികളുടെ പണംകൈമാറ്റത്തിൽ കുറവ്; ബാങ്ക് നിക്ഷേപത്തിൽ വർധന

 കോവിഡ്കാരണം കേരളത്തിലേക്ക്‌ പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവുണ്ടായെന്ന് സാമ്പത്തികഅവലോകനം. അംഗീകൃത വിദേശനാണ്യ ഡീലർമാർ വഴിയുള്ള പണംകൈമാറ്റത്തിൽ 5691 കോടിരൂപ കുറഞ്ഞെന്നാണ് കണക്ക്. ആസൂത്രണബോർഡ് ഡീലർമാരിൽനിന്ന് നേരിട്ട് ശേഖരിച്ചതാണ് ഈ വിവരം.

അതേസമയം, ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തിൽ 12,000 കോടിയുടെ വർധനയുണ്ടായതായാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ കണക്ക്. സ്വകാര്യകൈമാറ്റം കുറയുകയും അതേസമയം, ബാങ്ക്നിക്ഷേപം കൂടുകയും ചെയ്തതിനാൽ പ്രവാസി നിക്ഷേപത്തിൽ ആകെ കുറവുവരുന്നില്ല.

ചില പ്രവാസികൾ പണംകൈമാറുന്നത് സ്വകാര്യ മണി എക്സ്‌ചേഞ്ചുകൾ വഴിയാണ്. കോവിഡ് വ്യാപിച്ചതോടെ ഇവരിൽ പലരും ജോലിനഷ്ടപ്പെട്ട് കേരളത്തിലേക്ക്‌ മടങ്ങി. അതിനാൽ എക്സ്‌ചേഞ്ച് ഡീലർമാർ വഴിയുള്ള കൈമാറ്റത്തിൽ 65 ശതമാനം കുറവുണ്ടായി. ഇത് 5691 കോടി രൂപവരും. 2020 ജനുവരിമുതൽ മേയ് വരെയാണ് ഈ കുറവ്. ഈ നഷ്ടം കണക്കിലെടുക്കേണ്ടതുണ്ടെന്ന്  ആസൂത്രണബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ പറഞ്ഞു.

എന്നാൽ ബാങ്കുകളിലെ പ്രവാസിനിക്ഷേപം 2019 ഡിസംബറിലെ 1.99 ലക്ഷം കോടിയിൽനിന്ന് 2020 ജൂണിൽ 2.11 ലക്ഷം കോടിയായി ഉയർന്നു. ഇന്ത്യയിൽ കുടിയേറ്റക്കാരിൽനിന്ന് എത്തുന്ന  പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കാണ് വരുന്നത്.
പ്രവാസികൾക്ക് തൊഴിൽനഷ്ടമുണ്ടായതിനാൽ എക്സ്‌ചേഞ്ചുവഴിയുള്ള പണത്തിന്റെ കൈമാറ്റം കുറഞ്ഞതായി കരുതാം. അതേസമയം, മടങ്ങിയവരിൽ പലരും വിദേശത്തെ അവരുടെ നിക്ഷേപം ബാങ്കുകളിലേക്ക്‌ മാറ്റിയതാണ് ബാങ്കിൽ നിക്ഷേപം കൂടാൻ കാരണമെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് വ്യാപനത്തോടെ വിദേശത്തുനിന്ന് 3.77 ലക്ഷംപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 6.29 ലക്ഷം പേരും കേരളത്തിലേക്ക്‌ മടങ്ങിയെന്നാണ് കോവിഡ് ജാഗ്രതാ പോർട്ടലിൽനിന്ന് വ്യക്തമാകുന്നത്. എത്രപേർ  മടങ്ങിപ്പോയെന്ന് വ്യക്തമല്ല.