വ്യവസായങ്ങൾക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനായി കെ.എസ്.ഐ.ഡി.സി., കിൻഫ്ര തുടങ്ങിയ ഏജൻസികൾ വാതിൽ തുറന്നിട്ടിരിപ്പാണ്.  ഇടതുസർക്കാർ അധികാരത്തിൽവന്നശേഷം വ്യവസായവകുപ്പുമുഖേന 43,021 സൂക്ഷ്മ-ചെറുകിട-ഇടത്തരം യൂണിറ്റുകൾ സംസ്ഥാനത്ത് പിറന്നുവെന്നാണ് വ്യവസായവകുപ്പിന്റെ അവകാശവാദം. പക്ഷേ, കെ.എസ്.ഐ.ഡി.സി. വഴി പിറന്നത് 16 ഇടത്തരം യൂണിറ്റുകൾ മാത്രമാണ്.  ഇതിലൂടെ തൊഴിൽ ലഭിച്ചതാകട്ടെ 1120 പേർക്കും. കുറ്റംപറയരുതല്ലോ, 35 കോടി വരെ വൻകിടക്കാർക്ക് വായ്പനൽകുന്ന കെ.എസ്.ഐ. ഡി.സി.ക്ക് നോട്ടവും വൻകിടക്കാരെയാണ്.  

സംരംഭകത്വം പാരയാവുമ്പോൾ
കിൻഫ്ര ഒരുക്കുന്ന വ്യവസായപാർക്കുകളിൽ  വ്യവസായം തുടങ്ങാൻ സംരംഭകർക്ക് പിന്നീട് നൂലാമാലകളൊന്നുമില്ലെന്നാണ് പരക്കെ വിശ്വാസം. വ്യവസായപാർക്കിനായി സർക്കാർ നേരിട്ട് കൈമാറിയ ഭൂമിയിലെ പാർക്കുകളിൽ സംരംഭകർക്ക് താരതമ്യേന കാര്യങ്ങൾ എളുപ്പമാണ്. പക്ഷേ, നാട്ടുകാരിൽനിന്ന് ഭൂമി ഏറ്റെടുത്ത് തുടങ്ങിയ പാർക്കുകളിൽ നിയമക്കുരുക്ക് പിന്നീടാണ് ഉയരുക.

ഏറ്റെടുത്ത ഭൂമിക്ക് ഉയർന്ന നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉടമകൾ കോടതിയെ സമീപിച്ചിട്ടുണ്ടാകും. മിക്ക കേസിലും ഉയർന്ന നഷ്ടപരിഹാരവും പലിശയുമൊക്കെയാണ് കോടതി അനുവദിക്കുക. പാർക്കിന്റെ ഭൂമിയിൽ നിയമനടപടികളുള്ളകാര്യം മിക്കപ്പോഴും സംരംഭകരോട് പറയാറില്ല. ഭൂവുടമകൾക്ക് അനുകൂലമായി കോടതിവിധിവന്നാൽ സംരംഭകർ പെട്ടതുതന്നെ.

നഷ്ടപരിഹാരത്തിന്റെയും അതിന്റെ പലിശയുടെയും വിഹിതം നൽകാൻ സംരംഭകർ ബാധ്യസ്ഥരാണത്രേ. അപ്രതീക്ഷിതമായി വൻതുക നഷ്ടപരിഹാരം നൽകേണ്ടിവരുന്നതോടെ മുളച്ചുപൊന്തുംമുമ്പുതന്നെ സംരംഭത്തിന്റെ കൂമ്പടയും. തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര പാർക്കിൽ എട്ടുകോടി രൂപവരെയാണ് ചില സംരംഭകർക്ക് അധികമായി നൽകേണ്ടിവന്നത്. ഇതിന് പലിശ നിശ്ചയിച്ചതാകട്ടെ 14.45 ശതമാനവും. ഒടുവിൽ സംരംഭകർ വ്യവസായമന്ത്രിയുമായി നടത്തിയ ചർച്ചയിൽ പലിശ 11.3 ആക്കി കുറയ്ക്കാൻ തീരുമാനിച്ചു. ഒടുവിൽ കിൻഫ്ര നിശ്ചയിച്ച പലിശയാകട്ടെ 12.5 ശതമാനവും.

പാളിച്ചകൾ, പരാജയങ്ങൾ
തൊഴിൽസംരംഭങ്ങൾ തുടങ്ങാനും പുതിയ സംരംഭകരെ ആകർഷിക്കാനുമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിൽ സർക്കാർ വ്യവസായ എസ്റ്റേറ്റുകൾ കൊണ്ടുവന്നത്. കോടിക്കണക്കിന് രൂപ ചെലവുചെയ്ത്‌ കൊണ്ടുവന്ന പദ്ധതികൾ പലതും തകർന്നു. പഞ്ചായത്തുകളുടെ അനാസ്ഥയാണ് പ്രധാന കാരണം.  1998 മുതൽ 2015 വരെ സംസ്ഥാനത്തെ വിവിധ ജില്ലാപഞ്ചായത്തുകളുടെ പരിധിയിൽ 160  വ്യവസായയൂണിറ്റുകൾ തുടങ്ങിയെങ്കിലും 61 യൂണിറ്റുകൾ പ്രവർത്തനം നിലച്ചു. 99 യൂണിറ്റുകൾ ഇഴഞ്ഞുനീങ്ങുന്നു.  തികഞ്ഞ ആസൂത്രണപാളിച്ചകൾ മാത്രമല്ല അടിസ്ഥാനസൗകര്യങ്ങൾ നൽകുന്നതിൽ ദയനീയപരാജയവുമായി. തീരദേശനിയമം, േഡറ്റാബാങ്ക്, പ്ലാസ്റ്റിക്നിരോധനം, മലിനീകരണം തുടങ്ങിയ കാരണങ്ങളാൽ സ്വകാര്യമേഖലയിൽ തുടങ്ങിയ പലസ്ഥാപനങ്ങളും പ്രതിസന്ധിയിലായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ തുടങ്ങിയ പല സ്ഥാപനങ്ങളും പൂട്ടിക്കഴിഞ്ഞു.

പലായനം അതിർത്തിക്കപ്പുറത്തേക്ക്
വ്യവസായപാർക്കുകൾപോലും ഉപേക്ഷിച്ച്‌ മറ്റുസംസ്ഥാനങ്ങളിലേക്ക് കുടിയേറാനാണ് ഇപ്പോൾ സംരംഭകർക്ക് താത്‌പര്യം. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പ്രവർത്തിച്ചിരുന്ന ആക്‌ഷൻ ഗ്രീസ് കമ്പനിക്ക് ചെന്നൈയ്ക്കടുത്ത് ആറേക്കർ ഭൂമിയാണ് തമിഴ്‌നാട് സർക്കാർ അനുവദിച്ചത്. ഇതോടെ ഉടമ പത്മകുമാറും സംഘവും അവിടെ വൻകിട ഉത്‌പാദനകേന്ദ്രം സ്ഥാപിച്ചു.  പാപ്പനംകോട് വ്യവസായ എസ്റ്റേറ്റിലുണ്ടായിരുന്ന അമ്മിണി സോളാർ കമ്പനി കോയമ്പത്തൂരിൽ നിർമാണയൂണിറ്റ് തുടങ്ങി. ഇങ്ങനെ അന്യനാട്ടിലേക്ക് ചേക്കേറിയ സംരംഭങ്ങളേറെ.

ചിരട്ടക്കരിയിൽനിന്ന് കാർബൺ നീക്കംചെയ്യുന്ന ഒരു വ്യവസായസംരംഭം വയനാട്ടിൽ തുടങ്ങാൻ ഒരു വ്യവസായി ശ്രമംതുടങ്ങിയിരുന്നു. ലൈസൻസ് നൂലാമാലകൾകാരണം രണ്ടുവർഷം കറങ്ങി. അവസാനം അവരും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലേക്ക് പറിച്ചുനട്ടു.

സ്വകാര്യപാർക്കും സിറ്റ്മികോസും
സിറ്റ്മികോസ് (സ്റ്റേറ്റ് വൈഡ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ, ഗവൺമെന്റ് ഓഫ് കേരള) എന്നപേരിൽ ഒരു സ്ഥാപനം തിരുവനന്തപുരം ടെക്‌നോപാർക്കിൽ  മേയിൽ മുളപൊട്ടിയിരുന്നു. പട്ടയത്തോടുകൂടിയ വ്യവസായഭൂമി വാങ്ങാൻ താത്‌പര്യമുള്ളവർക്ക് തങ്ങളെ സമീപിക്കാമെന്നായിരുന്നു അവരുടെ അറിയിപ്പ്. ജില്ലാടിസ്ഥാനത്തിൽ വ്യവസായ എസ്റ്റേറ്റുകളിലുള്ള അഞ്ചുമുതൽ 20 ഏക്കർ വരെയുള്ള ഭൂമി വ്യവസായസംരംഭങ്ങൾക്കായി അവർ നൽകും. ഐ.ടി., ഇലക്‌ട്രോണിക്സ്‌ സംരംഭങ്ങൾക്ക് പ്രത്യേക പരിഗണനയും വനിതകൾക്ക്  15 ശതമാനം മുൻഗണനയും അവർ പ്രഖ്യാപിച്ചിരുന്നു. വ്യവസായ എസ്റ്റേറ്റുകളിൽ പാട്ടത്തിന് നിലവിലുള്ള ഭൂമി നൽകുന്നതാണ് രീതിയെന്നും അതിനുപകരം ആവശ്യക്കാർക്ക്  ഭൂമി വിലയ്ക്കുനൽകുകയാണ് പദ്ധതിയെന്നുമാണ് അവരെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി. പാലക്കാട് കഞ്ചിക്കോട്ട് വ്യവസായ എസ്റ്റേറ്റിനോടുചേർന്ന് ഏഴേക്കറും അതിനടുത്ത് 125 ഏക്കറും എറണാകുളത്ത് 6.5 ഏക്കറും കോഴിക്കോട്ട് 48 ഏക്കറും കൊല്ലത്ത് പാരിപ്പള്ളിയിൽ 18 ഏക്കറും ഉണ്ടെന്നും വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ ഭൂമിയുണ്ടെങ്കിലും കൃത്യസ്ഥലം വ്യക്തമാക്കിയില്ല.  എല്ലായിടത്തും സെന്റിന് ഒരു ലക്ഷത്തിൽത്താഴെ വിലയ്ക്ക് ഭൂമിനൽകും. വ്യവസായവകുപ്പിനുകീഴിലുള്ള സഹകരണസ്ഥാപനമാണ് സിറ്റ്മികോസ് എന്നും ജില്ലാവ്യവസായകേന്ദ്രം അടക്കമുള്ളവരുടെ അനുമതിയോടെ സംരംഭകരുടെ പദ്ധതികൾക്ക് ആവശ്യമായ ഭൂമിമാത്രമേ നൽകൂവെന്നും അവർ വിശദീകരിച്ചു. ഭൂമിക്കൊപ്പം അടിസ്ഥാനസൗകര്യങ്ങളിലും മാർക്കറ്റിങ് അടക്കമുള്ള കാര്യങ്ങളിലും അവരെ സഹായിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. സിറ്റ്മികോസിന്റെ അവകാശവാദങ്ങൾ ചില ഓൺലൈൻമാധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതോടെ സിറ്റ്മികോസിന്റെ കഥ വേറൊന്നായി. മേയ് 21-ന് ടെക്‌നോപാർക്കിന്റെ പത്രക്കുറിപ്പ് പബ്ലിക് റിലേഷൻസ് വകുപ്പുവഴി പുറത്തിറങ്ങി. ടെക്‌നോപാർക്കിൽ സിറ്റ്മികോസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും വ്യാജവിലാസമാണ് അതെന്നും  സ്ഥാപനത്തിന് ടെക്‌നോപാർക്കുമായി ബന്ധമില്ലെന്നുമായിരുന്നു ടെക്‌നോപാർക്ക് സി.ഇ.ഒ.യുടെ അറിയിപ്പ്. സ്ഥാപനത്തെക്കുറിച്ച്  വ്യവസായവകുപ്പിനും അറിയില്ല. പക്ഷേ, വ്യവസായവകുപ്പോ സർക്കാരോ പിന്നീട് ഇക്കാര്യം കണ്ടെന്നുപോലും നടിച്ചില്ല.

സ്വകാര്യ വ്യവസായപാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗരേഖ കഴിഞ്ഞവർഷം സർക്കാർ പുറത്തിറക്കിയെങ്കിലും എണ്ണംപറഞ്ഞ സ്വകാര്യപാർക്കുകൾ എങ്ങും പിറന്നുകണ്ടില്ല. നഗരങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും ഭൂമിയുണ്ടെങ്കിൽ ഇത്തരത്തിൽ പാർക്ക് സ്ഥാപിക്കാമെന്നായിരുന്നു സർക്കാർ തീരുമാനം. അത്തരം പാർക്കുകളെ ഏകജാലക ക്ലിയറൻസ് ബോർഡിന്റെ പരിധിയിൽവരുന്ന വ്യവസായമേഖലയായി വിജ്ഞാപനംചെയ്യുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഭൂമിക്ക് ഇത്രയേറെ ദാരിദ്ര്യം അനുഭവപ്പെടുന്ന കേരളത്തിൽ ഇത്തരം പാർക്കുകൾവഴി സംരംഭകർ പിറക്കുമോ എന്നകാര്യത്തിൽ സംരംഭകക്കൂട്ടായ്മകൾക്കുപോലും ആശങ്കയുണ്ട്.

‘‘ഓടി പോലാമാ?’’

പ്രതീക്ഷയോടെ തുടങ്ങിയ വ്യവസായം എങ്ങനെയെങ്കിലും ഒഴിവാക്കി ചെന്നൈയിലേക്ക് മടങ്ങിയാൽ  മതിയെന്നാണ്  ചെന്നൈ സ്വദേശി കെ. ദിവാകരൻ പറയുന്നത്. കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായപാർക്കിൽ പുതിയ സംരംഭം തുടങ്ങിയ റിന്യൂവബിൾ എനർജി ബയോഫ്യൂൽ ബ്രിക്കറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജിങ്‌ പാർട്‌ണർമാരിൽ ഒരാളാണ്. കെ. ദിവാകരൻ പാനൂർ സ്വദേശിയാണെങ്കിലും ജനിച്ചതും വളർന്നതുമൊക്കെ ചെന്നൈയിൽ. പക്ഷേ, സ്ഥാപനം സ്വന്തം നാട്ടിൽ തുടങ്ങണമെന്നത്‌ മോഹമായിരുന്നു. പുതുമയുള്ള സ്ഥാപനമായിരുന്നു അത്.

കാർഷികാവശിഷ്ടങ്ങൾ ഉണക്കിപ്പൊടിച്ച് പുട്ടുരൂപത്തിലാക്കി ഇന്ധനമാക്കി വിവിധ കമ്പനികൾക്ക് നൽകുന്നു. മൂന്നേമുക്കാൽ കിലോ ബ്രിക്കറ്റ് ഒരു കിലോ എൽ.പി.ജി.ക്ക് തുല്യമാണ്. വളപട്ടണത്തുനിന്നും മൈസൂരുവിൽനിന്നും കുടകിൽനിന്നുംമറ്റും അഗ്രിക്കൾച്ചറൽ വേസ്റ്റ് കൊണ്ടുവരും. ‘‘ഒരു കോടി രൂപ ചെലവാക്കി തുടങ്ങുമ്പോൾ 25 ശതമാനം സബ്‌സിഡിതരുമെന്നായിരുന്നു വാഗ്ദാനം. ജില്ലാ വ്യവസായകേന്ദ്രമാണ് സബ്‌സിഡിതരേണ്ടത്. ഇന്നുവരെ ലഭിച്ചില്ല. വെള്ളമില്ല. ഏതുനിമിഷവും വൈദ്യുതി പോകും. ഒരിക്കൽ വൈദ്യുതിപോയാൽ മെഷീൻ നിർത്തി രണ്ടുമണിക്കൂർ പണിയെടുക്കണം. അതോടെ വൻനഷ്ടമുണ്ടാവും. ലോറിക്കാരുടെ കടുംപിടിത്തവും സമരവും സ്ഥാപനത്തെയാകെ പ്രതിസന്ധിയിലാക്കി. ഒരുദിവസം സ്ഥാപനം പൂട്ടിയിട്ടാൽ നാലുദിവസം സ്ഥാപനം നഷ്ടത്തിലാകും. തമിഴ്‌നാട്ടിലാണെങ്കിൽ സ്ഥാപനം നന്നായി പോയേനെ. വലിയ ബാധ്യത ഈ മണ്ണിലായിപ്പോയി. എത്രയും പെട്ടെന്ന് ഒഴിവാക്കി പോകണമെന്നുണ്ട്’’ -അദ്ദേഹം പറഞ്ഞു.

രമേശിന്റെ  പഞ്ചനക്ഷത്രസ്വപ്നം

ദുബായിലെ പ്രവാസി വ്യവസായിയായ കണ്ണൂർ പന്നേൻപാറയിലെ രമേശ് കണ്ണൂരിൽ ഒരു വ്യവസായം തുടങ്ങാൻ ശ്രമിച്ച് അമ്പേ തോറ്റ്‌ ദുബായിലേക്കുതന്നെ തിരിച്ചുപോകാൻ കാരണം അധികൃതരുടെ തികഞ്ഞ അനാസ്ഥയായിരുന്നു. നാട്ടിലൊരു പഞ്ചനക്ഷത്രഹോട്ടൽ നിർമിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 26 കോടിയുടെ പദ്ധതിയായിരുന്നു. പക്ഷേ ഇപ്പോൾ സ്ഥലം കാടുപിടിച്ചുകിടക്കുകയാണ്. 2015-ലാണ് താഴെചൊവ്വ ബൈപ്പാസിൽ തന്റെ  പേരിലുള്ള സ്ഥലത്ത് അരയേക്കറിൽ പഞ്ചനക്ഷത്രഹോട്ടൽ നിർമിക്കാനുള്ള ശ്രമം ആരംഭിച്ചത്. 200 പേർക്കെങ്കിലും നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമായിരുന്നു

നിർമാണാനുമതിക്കായി അന്നത്തെ പഞ്ചായത്ത് അധികൃതരെ കണ്ടപ്പോൾ സ്ഥലത്തെ അരസെന്റ് ഭൂമി േഡറ്റാബാങ്കിൽപെട്ടതാണെന്ന് പറഞ്ഞു. തൊട്ടടുത്ത് പല കെട്ടിടങ്ങൾക്കും ലൈസൻസ് കൊടുത്തിരുന്നു. ഇതിനുമാത്രമെന്ത്‌ തണ്ണീർത്തടമെന്ന് ചോദിച്ചപ്പോൾ അവർ അനങ്ങിയില്ല.  രമേശ് ഹൈക്കോടതിയിൽ പോയി. അനുകൂലവിധി വാങ്ങി. കോടതിയുത്തരവ് കാണിച്ചിട്ടും അധികൃതരുടെ മനസ്സുമാറിയില്ല. അതിനിടെ ചിലർ കൈക്കൂലിയും ആവശ്യപ്പെട്ടുതുടങ്ങിയെന്ന് അദ്ദേഹം പറയുന്നു. മതിലുകെട്ടലും മറ്റുമായി അമ്പതുലക്ഷത്തോളം ചെലവായി. തുടക്കം ഇങ്ങനെയാണെങ്കിൽ ഇനിയങ്ങോട്ട്‌ ചുവപ്പുനാടയിലും കൈക്കൂലിയിലും മുങ്ങി സ്ഥാപനം എങ്ങുമെത്തില്ലെന്നുകരുതി അദ്ദേഹം പദ്ധതി ഉപേക്ഷിച്ചു.

(തുടരും)

തയ്യാറാക്കിയത്:  ടി.ജി. ബേബിക്കുട്ടി, ദിനകരൻ കൊമ്പിലാത്ത്, കെ.ആർ. പ്രഹ്ളാദൻ, കെ. കെ. അജിത്കുമാർ, ആർ. റോഷൻ, വി. എസ്. സിജു

Content Highlights: ease of doing business in kerala series