ആടും പശുവും പന്നിയുമൊക്കെ യന്ത്രമാണോ? സർ, അസംസ്കൃത പദാർഥമായ പുല്ലുതിന്ന് പാലുത്‌പാദിപ്പിക്കുന്ന പശു വ്യവസായമാണോ? അഥവാ വ്യവസായമാണെങ്കിൽ വ്യവസായത്തിനുള്ള എന്തെങ്കിലും ആനുകൂല്യം നൽകുന്നുണ്ടോ?
ജൂലായ് ഒന്നിന് നിയമസഭയിൽ ജയിംസ് മാത്യു ഉന്നയിച്ച സബ്മിഷനിലെ ചോദ്യങ്ങൾ ഇങ്ങനെ നീളുന്നതായിരുന്നു. കോഴിക്കൃഷി വ്യവസായമാണോ എന്ന് വ്യവസായവകുപ്പിൽ ചോദിച്ചാൽ അല്ലെന്നായിരിക്കും മറുപടി. കേരള ഫാം ലൈസൻസിങ് ചട്ടം 2011 ജി ഒന്ന് അനുസരിച്ച് 100 കോഴിയെ വളർത്താൻ ലൈസൻസേ വേണ്ട. പക്ഷേ, കേരള പഞ്ചായത്ത് കെട്ടിടനിർമാണചട്ടപ്രകാരം 20-ൽ കൂടുതലെണ്ണം കോഴി, താറാവുകൾ എന്നിവയുള്ള വളർത്തൽ കേന്ദ്രങ്ങൾ, ആറെണ്ണത്തിൽ കൂടുതലുള്ള കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ എല്ലാം അപായസാധ്യതയുള്ള വ്യവസായങ്ങളുടെ നിർവചനത്തിൽ വരും. അതുകൊണ്ടുതന്നെ കെട്ടിടനിർമാണത്തിന് അനുമതി വേണമെങ്കിൽ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണം. അവരുടെ അനുമതിക്കായി 21,000 രൂപ ഫീസടച്ച് അപേക്ഷിക്കണം. ഒപ്പം വെള്ളം സംഭരിക്കാനുള്ള ടാങ്കും പമ്പുസെറ്റും തീയണയ്ക്കാനുള്ള ഉപകരണങ്ങളുമൊക്കയുള്ള ഫയർ സ്റ്റേഷൻ കെട്ടിടത്തിൽ സ്ഥാപിച്ചാലേ അനുമതി നൽകാനാവൂവെന്നാണ് അവരുടെ ചട്ടം. അതിനു ചെലവ് കണക്കാക്കിയാൽ കുറഞ്ഞത് നാലുലക്ഷം രൂപ വേണ്ടിവരും.
തോന്നും പടി ചട്ടങ്ങൾ
25 ആടിനെ വളർത്തണമെങ്കിലും ഷെഡ്ഡുകളിൽ ഫയർ സിസ്റ്റം വേണം. ഇരുപതിനായിരം ലിറ്റർ വെള്ളം സൂക്ഷിക്കുന്ന ടാങ്ക്, എട്ടുവാതിലുകൾ, പമ്പ്, മോട്ടോർ ഇങ്ങനെ ഏഴുലക്ഷം ചെലവഴിക്കേണ്ടിവരും. 25 ആടിനെ വളർത്താൻ വേണ്ടത് രണ്ടുലക്ഷം മാത്രം. മർക്കടമുഷ്ടിക്കാരനായ ഒരു പഞ്ചായത്ത് സെക്രട്ടറി വിചാരിച്ചാൽ 21 കോഴിയെ വളർത്തുന്ന ഫാമിന് ഈ നിയമം പറഞ്ഞ് ഇടങ്കോലിടാം. സംസ്ഥാനത്ത് ഇത്തരം ഫാം സംരംഭങ്ങളുമായി രംഗത്തുവന്നവരിൽ ഏറെയും പ്രവാസികളാണ്. പലരും ഇത്തരം നൂലാമാലകൾകാരണം തുടക്കമിട്ട സംരംഭങ്ങൾതന്നെ പൂട്ടി തിരികെ പ്രവാസത്തിലേക്ക് പോയ ഉദാഹരണങ്ങൾ സംസ്ഥാനത്തുണ്ട്.
20 കോഴിയെ വരെ വളർത്താൻ പഞ്ചായത്ത് ബിൽഡിങ് റൂൾ അനുസരിച്ച് കെട്ടിടം പണിയാൻ അനുമതി വേണം. എന്നാൽ, ഫാം ലൈസൻസിങ് ചട്ടം അനുസരിച്ച് 100 കോഴിയെ വരെ വളർത്താൻ ലൈസൻസ് വേണ്ട. കെട്ടിടനിർമാണച്ചട്ടമനുസരിച്ച് ഒരു ഏക്കർ സ്ഥലത്ത് 13,000 കോഴിയെ വരെ വളർത്താം. ഫാം ലൈസൻസിങ് നിയമമനുസരിച്ച് 1500 കോഴിയെ മാത്രമേ വളർത്താനാകൂ. ഇങ്ങനെ പരസ്പരവിരുദ്ധ നിയമങ്ങളും നടപടിക്രമങ്ങളും കാരണം പത്തുവർഷത്തോളമായി ഈ മേഖലയിൽ കാര്യമായ മുതൽമുടക്കൊന്നും നടക്കുന്നില്ല. ചട്ടങ്ങളിലെ പരസ്പരവൈരുധ്യം ഒഴിവാക്കാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീൻ നിയമസഭയിൽ ജയിംസ് മാത്യുവിെന്റ സബ്മിഷന് മറുപടി നൽകിയെങ്കിലും ഒരുകടലാസുപോലും ഇതുവരെ അനങ്ങിയിട്ടില്ല. പരിഹാരം പ്രതീക്ഷിച്ച് സംരംഭകനായ ഡോ. വി.പി. മോഹനനെപ്പോലെയുള്ളവർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് ഓൺലൈനായി നൽകിയ പരാതി ഇപ്പോഴും തദ്ദേശ സെക്രട്ടറിയുടെ മേശപ്പുറത്ത് വിശ്രമിക്കുന്നുണ്ട്.
ഗൾഫുകാരന്റെ സംഭാരത്തിന് നൽകിയ വരവേൽപ്പ്
അനുമതിയുടെ പേരിൽ രാഷ്ട്രീയക്കളിനടത്തുന്ന തദ്ദേശസ്ഥാപനമേധാവികളാണ് പലപ്പോഴും പലസംരംഭങ്ങളുടെയും കടയ്ക്കൽ കത്തിെവച്ചിട്ടുള്ളത്. ചിലരുടെ വ്യക്തിതാത്‌പര്യങ്ങളോട് ഒത്തുപോയില്ലെങ്കിൽ സംരംഭത്തിന്റെ പൂട്ട് ഒരിക്കലും തുറക്കാനാവില്ല.
ഗൾഫിൽ ജോലി ചെയ്തുകിട്ടിയ പണം ഉപയോഗിച്ച് സ്വന്തംഗ്രാമത്തിൽ വ്യവസായം തുടങ്ങിയ പള്ളിക്കത്തോട് ഇളമ്പള്ളി തഴയ്ക്കൽ സെബാസ്റ്റ്യന്റെ ജീവിതം ഇങ്ങനെ ഗതിമുട്ടിയതാണ്. നന്ദിനി സംഭാരം എന്ന പേരിൽ തുടങ്ങിയ ഭക്ഷ്യോത്‌പന്നനിർമാണയൂണിറ്റ് ഒരു പഞ്ചായത്ത് വിചാരിച്ചതോടെ കോടികളുടെ കടത്തിൽ മുങ്ങി. െസബാസ്റ്റ്യന്റെ സ്ഥാപനത്തിന് വിലയിട്ട ഒരു രാഷ്ട്രീയപ്രമാണിക്ക് സ്ഥാപനം വിൽക്കില്ലെന്നുവന്നതോടെയാണ് സംരംഭത്തിന്റെ മൂലക്കല്ലിളകാൻ തുടങ്ങിയത്. സ്ഥാപനം നൽകില്ലെന്നുവന്നതോടെ പിന്നെ സ്ഥാപനത്തെക്കുറിച്ച് പരാതിപ്രളയമായി. ജനതാത്‌പര്യങ്ങളോട് അമിത പ്രേമം തോന്നിയ പഞ്ചായത്ത് ഭരണസമിതിക്ക് പരാതിക്കാർക്കൊപ്പം നിൽക്കേണ്ടിവന്നു. ജലാശയം മലിനമാക്കുന്നുവെന്ന കള്ളപ്പരാതിയുടെ മറവിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ സ്ഥാപനം പൂട്ടി. ഒടുവിൽ ഹൈക്കോടതി വരെ പോരാടിയ സെബാസ്റ്റ്യന് അനുകൂല വിധി കിട്ടി. വെള്ളം ശുദ്ധമാക്കി സ്ഥാപനം തുറക്കാം എന്ന വിധി. പക്ഷേ, വെള്ളം കൂടുതൽ മെച്ചമാക്കിയിട്ടും ലൈസൻസ് പുതുക്കിനൽകാൻ പഞ്ചായത്ത് തയ്യാറായില്ല. സെബാസ്റ്റ്യന്റെ പറമ്പിൽ ഒരു രാത്രി ഒരു ബോർഡും പ്രത്യക്ഷപ്പെട്ടു ‘പഞ്ചായത്ത് വക’. വസ്തു വിറ്റ് കടംവീട്ടാനിരുന്ന സെബാസ്റ്റ്യനെ കൂടുതൽ കുരുക്കിലാക്കിയത് ഈ ബോർഡാണ്. ബോർഡ് കണ്ടതോടെ സ്ഥലം വാങ്ങാൻ വന്നവർ മടങ്ങി. ദിവസം മൂന്നുലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായിരുന്ന സ്ഥാപനം നടത്തിയ സെബാസ്റ്റ്യൻ ഇപ്പോൾ മകന്റെ വീട്ടിൽ കഴിയുന്നു. നഷ്ടപരിഹാരം തേടി പഞ്ചായത്തിനെതിരേ കേസ് കൊടുക്കാൻപോലും പണമില്ലാതെ.
പഞ്ചായത്ത് കുരുക്കിയ വ്യവസായം, വക്കച്ചന്റെ കഥ
കൊക്കയാർ പഞ്ചായത്ത് പരിധിയിലെ മുക്കുളം പുല്ലൂരത്തിൽ വക്കച്ചൻ എന്ന കൃഷിക്കാരൻ തന്റെ പുരയിടത്തിൽ മിനറൽ വാട്ടർ ഫാക്ടറി സ്ഥാപിക്കാൻ ആഗ്രഹിച്ചു. അപേക്ഷ നൽകി. എല്ലാ വിധ അനുമതിയും കിട്ടിയിട്ടും പഞ്ചായത്ത് മാത്രം ലൈസൻസ് നൽകിയില്ല.
ഒരുവർഷം മുമ്പാണ് ഫാക്ടറിക്ക് അനുമതി തേടിയത്. രണ്ടുമാസം കഴിഞ്ഞ് പഞ്ചായത്ത് ഉപസമിതിയെ പരിശോധനയ്ക്കുവെച്ചു. അവർ റിപ്പോർട്ട് കൊടുത്തത് നാലരമാസത്തിനുശേഷം. വാർഡ് അംഗം എതിർപ്പ് രേഖപ്പെടുത്തുന്നുവെന്ന് റിപ്പോർട്ട് പറഞ്ഞു. അനുമതി കൊടുക്കുന്നതിൽ തടസ്സമില്ലെന്നും. പിന്നെയും അനുമതി വൈകിച്ച് ഫയൽ കുരുങ്ങിക്കിടന്നു. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറി കെട്ടിട അനുമതി നൽകിയിരുന്നു. ഫാക്ടറിക്കുള്ള അനുമതി സമിതി വൈകിപ്പിച്ച് അതിൽ അടയിരുന്നു. വക്കച്ചൻ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി. ഇതിനിടെ ചില മാധ്യമങ്ങളിൽ ഇത് വാർത്തയായി. ഇതോടെ അടിയന്തരസമിതി വിളിച്ച് അനുമതി നൽകാൻ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ട്. പടുതാക്കുളം എന്ന ജലാശയം നിർമിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് വക്കച്ചൻ. 2007-ൽ ദേശീയ പുരസ്കാരം ഈ കണ്ടെത്തലിന് കിട്ടുകയും ചെയ്തു. കുളം നിർമിക്കുന്ന സാങ്കേതികസംഘം അദ്ദേഹത്തിനുപിന്നിലുണ്ട്. ഇദ്ദേഹത്തിന്റെ പുതിയ സംരംഭമാണ് വൈകുന്നത്. അതേസമയം, വ്യവസായ കേന്ദ്രം പിന്തുണനൽകിയിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
തയ്യാറാക്കിയത്: ടി.ജി. ബേബിക്കുട്ടി, ദിനകരൻ കൊമ്പിലാത്ത്, കെ.ആർ. പ്രഹ്ളാദൻ, കെ. കെ. അജിത്കുമാർ, ആർ. റോഷൻ, വി. എസ്. സിജു
Content Highlights: ease of doing business in kerala series