സീൻ 1  
ഏഴുശതമാനം പലിശയ്ക്ക് 100 കോടി വായ്പ. 18 ഏക്കർ ഭൂമി, വെള്ളം, വൈദ്യുതി എന്നിവ വേറെയും -കേരളത്തിലെ ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും സമീപനത്തിൽ മനംമടുത്ത് ഗുജറാത്തിൽ വ്യവസായസംരംഭം തുടങ്ങാൻ പോയവർക്ക് കിട്ടിയ സ്വീകരണമാണിത്.

വിതരണരംഗത്ത് പ്രവർത്തിക്കുന്ന 28 സ്റ്റോക്കിസ്റ്റുകൾ സഹകരിച്ച് പ്രവർത്തിക്കാനുള്ള സാധ്യത തേടി ഗുജറാത്തിലെത്തിയ കഥ വിവരിക്കുന്നത് കോഴിക്കോട്ടെ വ്യാപാരപ്രമുഖൻ സി.ഇ. ചാക്കുണ്ണിയാണ്.
‘‘വ്യവസായവകുപ്പ് കമ്മിഷണറുടെ കാറിലാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൂട്ടിക്കൊണ്ടുപോയത്. ഏഴു ശതമാനം പലിശയ്ക്ക് നൂറുകോടി രൂപ അനുവദിക്കാമെന്നു മാത്രമല്ല, ആദ്യ മൂന്നു വർഷത്തേക്ക് പലിശ ഇളവു ചെയ്തുതരാമെന്നും ഉറപ്പുനൽകി. പേപ്പർനിർമാണയൂണിറ്റുകൾ ആരംഭിക്കാനാണ് അവർ നിർദേശിച്ചത്.  കേരളത്തിലേതുപോലെ വലിയ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിതരണംചെയ്യുന്ന രീതി അവിടെ ലാഭകരമാകില്ലെന്നും ചെറുകിടവ്യവസായങ്ങൾ തുടങ്ങാൻ തയ്യാറാണെങ്കിൽ എല്ലാ സഹായവും നൽകാമെന്നും അവർ ഉറപ്പുനൽകി’’.

26 ദിവസമാണ് അവർ അവിടെ സർക്കാരിന്റെ അതിഥികളായി കഴിഞ്ഞത്. എല്ലാ മന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി.

നിക്ഷേപകർക്ക് അനുയോജ്യമായ സംരംഭമെന്തെന്ന കാര്യത്തിൽ മാർഗനിർദേശം നൽകുന്നതുമുതൽ അടിസ്ഥാനസൗകര്യമൊരുക്കുന്നതിലുൾപ്പെടെ എല്ലാ കാര്യങ്ങളിലും സൗഹൃദപൂർണവും മാതൃകാപരവുമായ സമീപനം. ദീപാവലിമധുരം  നൽകിയാണ് തങ്ങളെ തിരിച്ചുയാത്രയാക്കിയതെന്ന് ചാക്കുണ്ണി പറയുന്നു.

സീൻ 2
കേരളത്തിലേക്ക് മുതൽമുടക്ക് ആകർഷിക്കാൻമാത്രം മുടക്കിയ മുതലിന്റെയും നടത്തിയ നിക്ഷേപക സംഗമങ്ങളുടെയും കണക്ക് എത്രയെന്ന് വ്യവസായവകുപ്പിനുതന്നെ അറിയില്ല. ഐ.ടി. മേഖലയിലും ചില റിയൽ എസ്റ്റേറ്റുകമ്പനികളുമല്ലാതെ എണ്ണം പറയാവുന്ന വ്യവസായങ്ങളൊന്നും ഇപ്പോഴും വന്നിട്ടില്ല. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ  വിരലിലെണ്ണാവുന്നവമാത്രമാണ് ഇവിടെ പിറന്നത്. ഏതെങ്കിലും ഒരു പ്രവാസി മടങ്ങിയെത്തി ഒരുസംരംഭം തുടങ്ങാൻ ആലോചിച്ചാൽ അതിന്റെ കടയ്ക്കൽകത്തിെവക്കാൻ ഉദ്യോഗസ്ഥമേലാളന്മാരും പ്രാദേശിക രാഷ്ട്രീയക്കാരും രംഗത്തുവരും. അതോടെ കടംകയറി അയാൾ പ്രവാസത്തിലേക്ക് മടങ്ങും.

രക്ഷയില്ലാത്ത തൊഴിൽസാഹചര്യം
കേന്ദ്രസർക്കാരിന്റെ വ്യവസായ പ്രോത്സാഹനമന്ത്രാലയം 2016-’17-ൽ ലഭ്യമാക്കിയ കണക്കനുസരിച്ച് വ്യവസായ സൗഹൃദപ്പട്ടികയിൽ കേരളത്തിന് ഇരുപതാം റാങ്ക് മാത്രമാണ്.  രജിസ്‌ട്രേഷൻ, തൊഴിലാളി സൗഹൃദാന്തരീക്ഷം, ലഭ്യമായ അടിസ്ഥാന സൗകര്യം തുടങ്ങിയവ വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചിട്ടുള്ളത്.

ലോകോത്തര അടിസ്ഥാനസൗകര്യവും വിദഗ്‌ധപരിശീലനം സിദ്ധിച്ച മനുഷ്യവിഭവശേഷിയുമാണ് കേരളത്തിലെ നിക്ഷേപ സൗഹൃദ കാലാവസ്ഥാ സൂചിക ഉയർത്തുന്നതെന്നാണ് വ്യവസായവകുപ്പ് അവകാശപ്പെടുന്നത്. രാജ്യത്തെ ഐ.ടി. അധിഷ്ഠിത മേഖലയുടെ 11 ശതമാനം മനുഷ്യവിഭവശേഷിയും സംഭാവന ചെയ്യുന്നത് കേരളമാണെന്നാണ് അവകാശവാദം. പക്ഷേ, ചാക്കുണ്ണിയും കൂട്ടരും ഗുജറാത്തിലേക്ക് പോയതുപോലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള അനുകൂല സാഹചര്യം ഇപ്പോഴും സംസ്ഥാനത്ത് തുറന്നിട്ടില്ല. നോക്കുകൂലിയും രാഷ്ട്രീയ ഇടപെടലുമില്ലാതെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഇവിടെ ഉണ്ടായെന്ന് പറയുമ്പോഴും കശുവണ്ടി ഫാക്ടറികൾക്ക് പേരുകേട്ട കൊല്ലം ജില്ലയിൽ പുതിയ ഫാക്ടറികൾ ഒന്നും പിറക്കുന്നില്ല. മലയാളികളുടെ ഫാക്ടറികൾ തമിഴ്‌നാട്ടിൽ തഴച്ചുവളരുന്നത് തുടരുന്നു.  

ഫലിച്ചോ അറ്റകൈ പ്രയോഗം
അറ്റകൈ പ്രയോഗമായാണ് കേരളനിക്ഷേപം പ്രോത്സാഹിപ്പിക്കലും വ്യവസായം സുഗമമാക്കലും എന്നപേരിൽ കഴിഞ്ഞവർഷം നിയമം പാസാക്കിയത്. നിലവിലുള്ള ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും തിരുത്തി വ്യവസായം തുടങ്ങാനുള്ള നൂലാമാലകൾ ഇല്ലാതാക്കലും അനുമതികൾ എളുപ്പമാക്കലുമായിരുന്നു ലക്ഷ്യം.

വിവിധ വകുപ്പുകൾ തമ്മിലുള്ള സംയുക്ത പരിശോധനാരീതി, സ്പോട്ട്‌ രജിസ്‌ട്രേഷൻ, വിവിധ വകുപ്പുകളിൽനിന്നുള്ള സമയബന്ധിതമായ അനുമതികൾ നൽകൽ, സ്വയം സാക്ഷ്യപ്പെടുത്തൽ, ഡീംഡ് അപ്രൂവൽ, വൈദ്യുതി കണക്‌ഷൻ, ട്രേഡ് ലൈസൻസ് തുടങ്ങിയവ വേഗത്തിൽ ലഭ്യമാക്കാനുള്ള വ്യവസ്ഥകളാണ് നിയമത്തിലൂടെ കൊണ്ടുവന്നത്.

ഇതുകൂടാതെ വ്യവസായ, വാണിജ്യവകുപ്പ് കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈനായി ഏകജാലക ക്ലിയറൻസ് സംവിധാനവും ഒരുക്കി. ഇങ്ങനെ സംരംഭകർക്കായി ചുവപ്പുപരവതാനി വിരിച്ചിട്ട് വർഷം ഒന്നുകഴിഞ്ഞെങ്കിലും  ഇതൊന്നും നിക്ഷേപകരെ ആകർഷിച്ചില്ല.  പത്തനാപുരത്ത് സുഗതനും ആന്തൂരിൽ സാജനും സർക്കാർ സംവിധാനങ്ങൾ ഒരുക്കുന്ന അഴിയാക്കുരുക്കുകൾ കൊലക്കയറായെന്നുമാത്രം.

ആന്റണി ജെയ്സൺ പറഞ്ഞ കഥ
ഒരു സമുദ്രോത്പന്ന സംസ്കരണ ഫാക്ടറിയിൽ ജോലി ചെയ്തുവരുകയായിരുന്നു എറണാകുളം കടമക്കുടി സ്വദേശി ആന്റണി ജെയ്‌സൺ. ഉപ്പില്ലാതെ സമുദ്രോത്പന്നങ്ങൾ ഉണക്കിയെടുക്കുന്ന സ്വന്തം സംരംഭമായിരുന്നു ജെയ്‌സന്റെ ലക്ഷ്യം. ഇതിനുള്ള സാങ്കേതികവിദ്യയും അദ്ദേഹം മനസ്സിലാക്കി. സംരംഭത്തിനായി 29-ാം വയസ്സിൽ ഇറങ്ങിപ്പുറപ്പെട്ട െജയ്‌സണ് വയസ്സ് 44 ആയിട്ടും സംരംഭം തുടങ്ങാനായിട്ടില്ല.

മൂലമ്പിള്ളിക്കടുത്ത് കടമക്കുടിയിൽ പിതാവിന്റെ പേരിലുള്ള 78 സെന്റ് സ്ഥലത്താണ് അദ്ദേഹത്തിന്റെ പേരിൽ സമുദ്രോത്പന്ന സംസ്കരണ യൂണിറ്റ് തുടങ്ങാൻ ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രം സംഘടിപ്പിച്ച സംരംഭകത്വപരിശീലന പരിപാടിയിൽ പങ്കെടുത്ത് കാര്യങ്ങൾ മനസ്സിലാക്കി. കെട്ടിട പെർമിറ്റിനുവേണ്ടി കരം അടച്ച രസീതിന് പോകുമ്പോഴാണ് റീസർവേയിൽ സ്ഥലം കുറവുള്ളതായി കണ്ടെത്തിയെന്ന് അറിയുന്നത്. 78 സെന്റിന്റെ സ്ഥാനത്ത് 50.5 സെന്റേയുള്ളൂ. കരം അടയ്ക്കാൻ കഴിയാതെയായതോടെ നിയമനടപടികളുമായി വർഷങ്ങൾ പാഴായി. ഒടുവിൽ, 2018-ൽ മനുഷ്യാവകാശകമ്മിഷന് പരാതി നൽകി. ഉള്ള സ്ഥലത്ത് കരമടച്ച് കെട്ടിടനിർമാണത്തിന് അനുമതി തേടാൻ കമ്മിഷൻ നിർദേശിച്ചു.  ഇതോടെ 50.5 സെന്റിന് കരമടച്ച് 2018 ഒക്ടോബർ ഒന്നിന് ഏകജാലക സമിതിക്ക്‌ മുമ്പാകെ യൂണിറ്റ് തുടങ്ങാൻ അപേക്ഷ നൽകി.

രണ്ടരമാസം കഴിഞ്ഞും മറുപടി ലഭിക്കാത്തതിനാൽ അന്വേഷിച്ചപ്പോൾ  ഏകജാലക ക്ലിയറൻസ് കമ്മിറ്റിയിൽ അപേക്ഷ കിട്ടിയിട്ടില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി. രേഖകൾ സമിതിക്കുമുമ്പാകെ വീണ്ടും സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. അടുത്ത സമിതിയിൽ ഓവർസിയറിൽനിന്ന് റിപ്പോർട്ട് കിട്ടിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ വാദം. അപേക്ഷ, സമർപ്പിച്ച് ഏഴുദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണത്തിലെ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഇത്. ഇതിനിടെ, പ്ലാനിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ മടക്കി. പ്ലാനിൽ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും  തിരുത്തൽ ആവശ്യപ്പെട്ട് മടക്കി. ഇത് പരിഹരിച്ച് വീണ്ടും സമർപ്പിച്ചു. ഏകജാലക സമിതിക്ക് മുമ്പാകെ സമർപ്പിക്കുന്ന അപേക്ഷയിൽ 30 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കുമെന്ന സർക്കാർ വാദം ഇതോടെ വെറും അവകാശവാദം മാത്രമായി.

മാസങ്ങൾ കഴിഞ്ഞിട്ടും ഏകജാലക സമിതിയിൽനിന്ന് അനുമതിയോ നിരാകരണമോ ലഭിക്കാഞ്ഞതിനാൽ കല്പിത അനുമതി കിട്ടിയതായിക്കരുതി ഫാക്ടറി നിർമാണത്തിനായുള്ള ഒരുക്കങ്ങൾ നടത്തി. അപ്പോഴേക്കും ഒരു അറിയിപ്പുമില്ലാതെ വരാപ്പുഴ പോലീസ് നിർമാണം തടഞ്ഞു. എന്നാൽ, വില്ലേജ് ഓഫീസറെ സമീപിച്ചപ്പോൾ തങ്ങൾ നിർമാണം തടയാൻ ആവശ്യപ്പെട്ടില്ലെന്നായിരുന്നു മറുപടി. പഞ്ചായത്ത് സെക്രട്ടറിയും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞു. ഇതിനിടെ, തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് അറിയിച്ചു. ഇതേത്തുടർന്ന് അവരുടെ അനുമതിക്കായി അപേക്ഷിച്ചു. പ്ലാനിൽ ചെറിയ മാറ്റം നിർദേശിക്കുകയും ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ഇത് രണ്ടും പൂർത്തിയാക്കി.

ഇതിനിടെ, പോലീസ് നടപടിയ്ക്കെതിരേ ജെയ്‌സൺ ഹൈക്കോടതിയെ സമീപിച്ചു. പോലീസ് ഇതിൽ ഇടപെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. പിന്നീട് ഏകജാലക സമിതിയിൽനിന്ന് തീർപ്പുണ്ടാകട്ടെ എന്നു കരുതി കാത്തിരുന്നെങ്കിലും ജൂണിൽ ചേർന്ന സമിതിയിലും തീർപ്പായില്ല. അടുത്ത സമിതി ചേരുന്നതുവരെ കാത്തിരിക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള മറുപടി.
(തുടരും)

നാളെ: കോഴിക്കൃഷി വ്യവസായമാണ് സാർ

തയ്യാറാക്കിയത്:  ടി.ജി. ബേബിക്കുട്ടി, ദിനകരൻ കൊമ്പിലാത്ത്, കെ.ആർ. പ്രഹ്ളാദൻ, കെ. കെ. അജിത്കുമാർ, ആർ. റോഷൻ, വി. എസ്. സിജു

Content Highlights: ease of doing business in kerala, investigation series