വിദേശനിക്ഷേപനയത്തിൽ  മാറ്റംവരുത്തി കേന്ദ്രസർക്കാർ വ്യോമയാനം, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിൽ നൂറുശതമാനവും ഔഷധമേഖലയിൽ 74 ശതമാനവും വിദേശനിക്ഷേപം നടത്തുന്നതിന്  അനുമതി നൽകിയിരിക്കുകയാണ്. കന്നുകാലി വളർത്തൽ, ഭക്ഷ്യോത്‌പന്ന നിർമാണം, ഇ-കൊമേഴ്‌സ്, സംപ്രേഷണം തുടങ്ങിയ മേഖലകളിലും പരിധിനിശ്ചയിക്കാതെ വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ സമ്പദ്ഘടനയെ വിദേശ മൂലധനശക്തിക്കൾക്ക് പൂർണമായും  തീറെഴുതിക്കൊടുക്കാനാണ് ഇതിലൂടെ  കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഔഷധവ്യവസായത്തിന്റെ പൂർവകാല, സമീപകാല ചരിത്രങ്ങൾ  പരിശോധിച്ചാൽ വിദേശമൂലധനത്തെ ഔഷധമേഖലയിലേക്കാകർഷിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം വലിയ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച  അനുഭവമാണുള്ളത്.

1948-ലെ വ്യവസായനയം

വിദേശസാങ്കേതികവിദ്യകളും വിദേശമൂലധനവും ഇന്ത്യയിലേക്കാകർഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വ്യവസായനയമാണ് സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ  1948-ൽ ഭാരതസർക്കാർ സ്വീകരിച്ചത്. ഇന്ത്യൻകമ്പനികൾക്കുതുല്യമായ പരിഗണന വിദേശകമ്പനികൾക്ക് നൽകുക, വ്യവസായ ലാഭവിഹിതം നിയന്ത്രണമില്ലാതെ വിദേശത്തേക്കുകൊണ്ടുപോകാൻ അനുവദിക്കുക, വിദേശകമ്പനികൾ സർക്കാർ എറ്റെടുത്താൽ ഉചിതമായ നഷ്ടപരിഹാരം നൽകുക തുടങ്ങി വിദേശകമ്പനികൾക്കനുകൂലമായ വ്യവസ്ഥകളോടുകൂടിയ വ്യവസായനയമായിരുന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ബ്രിട്ടനു പുറമേ അമേരിക്ക തുടങ്ങിയ പാശ്ചാത്യരാജ്യങ്ങളിലെ മരുന്നുകമ്പനികൾ അവരുടെ ബ്രാഞ്ചുകൾ ഇന്ത്യയിൽ ആരംഭിച്ചു. വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഔഷധങ്ങൾ മൊത്തവ്യാപാരികൾക്ക് വിപണനം നടത്തുന്ന വാണിജ്യകേന്ദ്രങ്ങൾ മാത്രമായിട്ടായിരുന്നു അത്‌. പിന്നീട് വിദേശത്തുനിന്ന്‌ അടിസ്ഥാന ഔഷധങ്ങൾ (Bulk Drugs) ഇറക്കുമതിചെയ്ത് അന്തിമരൂപത്തിലുള്ള മരുന്നുകൾ (Formulations) ഉത്‌പാദിപ്പിക്കുന്ന ഫാക്ടറികൾ സ്ഥാപിച്ചു. എന്നാൽ, ആധുനിക ഔഷധനിർമാണത്തിനാവശ്യമായ സാങ്കേതികവിദ്യകൾ ഇറക്കുമതി ചെയ്യാനോ അടിസ്ഥാന ഔഷധങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കുന്നതിനോ വിദേശകമ്പനികൾ യാതൊരു താത്പര്യവും കാട്ടിയില്ല. മാത്രമല്ല, വിദേശരാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യുന്ന നവീന ഔഷധങ്ങൾ നിരവധി വർഷങ്ങൾക്കുശേഷം മാത്രമാണ് ഇന്ത്യയിൽ മാർക്കറ്റ് ചെയ്തുവന്നിരുന്നത്. വളരെ തുച്ഛമായ തുകമുടക്കി ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിച്ച് അതിഭീമമായ ലാഭവിഹിതം ഇന്ത്യയിൽനിന്ന്‌ കടത്തിക്കൊണ്ടുപോകാൻ വിദേശകമ്പനികൾക്ക് കഴിഞ്ഞു. ഔഷധ ഉത്‌പാദനത്തിൽ വിദേശസഹകരണത്തോടെ സാങ്കേതികകഴിവുകൾ വികസിപ്പിച്ചെടുക്കുക എന്ന 1948-ലെ വ്യവസായനയത്തിന്റെ  പ്രഖ്യാപിതലക്ഷ്യം സ്വാഭാവികമായും പരാജയപ്പെട്ടു.

1956-ലെ വ്യവസായനയം

പാശ്ചാത്യരാജ്യങ്ങളിൽനിന്ന്‌  ഔഷധനിർമാണ സാങ്കേതികവിദ്യകൾ ലഭിക്കില്ലെന്നുറപ്പായതോടെയാണ് സർക്കാർ നേരിട്ട് പൊതുമേഖലാ ഔഷധക്കമ്പനികൾ ആരംഭിക്കാൻ തീരുമാനിച്ചത്. 1948-ലെ വ്യവസായനയം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ട ഭാരതസർക്കാർ ഉത്‌പാദനമേഖലയിൽ സ്വാശ്രയത്വം ലക്ഷ്യമിട്ട് പുതിയ വ്യവസായനയം 1956-ൽ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്ക് നേതൃപരമായ പങ്കും ദേശീയ സ്വകാര്യവ്യവസായികൾക്ക് പ്രോത്സാഹനവും നൽകുന്ന സമീപനമാണ് പുതിയ വ്യവസായ നയത്തിൽ സർക്കാർ സ്വീകരിച്ചത്. വ്യവസായനയത്തോടൊപ്പം വിദേശമൂലധനത്തിന്മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വിദേശനാണയവിനിമയ നിയന്ത്രണ നിയമവും  (Foreign Exchange Regulation Act -FERA) കുത്തകവ്യാപാരനിയന്ത്രണ നിയമവും (Monopolies and Retsrictive Trade Practices Act -MRTP) സർക്കാർ നടപ്പിലാക്കി. 1972-ൽ ഇന്ത്യയിൽ പുതിയ പേറ്റന്റ് നിയമം പ്രാബല്യത്തിൽ വന്നു. 1979-ൽ 374 ഔഷധങ്ങളുടെ വിലനിയന്ത്രിച്ചുകൊണ്ടുള്ള നിയമം (Drug Price Cotnrol Order -DPCO) നടപ്പാക്കി. ഇന്ത്യൻ ഔഷധവ്യവസായത്തെപ്പറ്റി പഠിച്ച് ശുപാർശകൾ സമർപ്പിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഹാത്തി കമ്മിറ്റിയുടെ ശുപാർശകളുടെ (1975) അടിസ്ഥാനത്തിൽ 1978-ൽ പുതിയ ഔഷധനയം സർക്കാർ പ്രഖ്യാപിച്ചു. ഈ നിയമനിർമാണങ്ങളുടെയെല്ലാം ഫലമായി ഇന്ത്യൻ ഔഷധവ്യവസായം അഭൂതപൂർവമായ വളർച്ച കൈവരിക്കാൻ തുടങ്ങി. ജയ്‌സുഖലാൽ ഹാത്തി ചെയർമാനായുള്ള കമ്മിറ്റി ഇന്ത്യൻ ജനതയ്ക്കാവശ്യമായ മരുന്നുകൾ ഉത്‌പാദിപ്പിക്കാൻ താത്പര്യമില്ലാത്ത  വിദേശഔഷധക്കമ്പനികൾ ദേശസാത്‌കരിച്ചുകൊണ്ട്  പൊതുമേഖലാ ഔഷധക്കമ്പനികളുടെ നേതൃത്വത്തിൽ ഇന്ത്യൻ ഔഷധവ്യവസായം പുനഃസംഘടിപ്പിക്കണമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. ഇന്ത്യൻ ഔഷധക്കമ്പനികൾക്ക് അവശ്യമരുന്നുകൾ ഉത്‌പാദിപ്പിക്കാനുള്ള സാങ്കേതികശേഷിയുണ്ടെന്നും ഹാത്തികമ്മിറ്റി ചൂണ്ടിക്കാട്ടി. ഹാത്തി കമ്മിറ്റി ശുപാർശയനുസരിച്ച് വിദേശകമ്പനികൾ ദേശസാത്‌കരിച്ചില്ലെങ്കിലും പൊതുമേഖലാ കമ്പനികൾക്ക് ഔഷധ ഉത്‌പാദനത്തിൽ കൂടുതൽ പ്രാമുഖ്യം നൽകുകയും ഇന്ത്യൻ സ്വകാര്യമേഖലയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നയം സർക്കാർ സ്വീകരിച്ചു.  ഇതെല്ലാം ഇന്ത്യൻ ഔഷധക്കമ്പനികളുടെ വളർച്ചയ്ക്ക് സഹായകരമായ വ്യവസായാന്തരീക്ഷം സൃഷ്ടിച്ചു.

1994-ലെ ഔഷധനയം

തൊണ്ണൂറുകളുടെ ആദ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഇന്ത്യൻ ഔഷധവ്യവസായത്തെ അഭിമാനാർഹമായ നിലയിലെത്തിച്ച മിക്കനയങ്ങളും സർക്കാർ തിരുത്തിയെഴുതി. വിദേശകുത്തക കമ്പനികൾക്കനുകൂലമായ നയസമീപനം കൂടുതൽ ശക്തമാക്കിക്കൊണ്ടും  1978-ലെ ഔഷധനയത്തിന്റെ അന്തഃസത്ത  പൂർണമായും തിരസ്കരിച്ചുകൊണ്ടുള്ള ഔഷധനയം 1994-ൽ നിലവിൽവന്നു. വിദേശകമ്പനികളുടെ മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കം ചെയ്തു. ഇന്ത്യൻ പൊതുമേഖലാ കമ്പനികൾ പൂർണമായും അവഗണിക്കപ്പെട്ടതിന്റെ ഫലമായി അടച്ചുപൂട്ടൽ ഭീഷണിയെ നേരിട്ടു.   

വിദേശകമ്പനി മേധാവിത്വം പുനഃസ്ഥാപിക്കപ്പെടുന്നു

1973-ലെ വിദേശനാണയ വിനിമയ നിയന്ത്രണനിയമപ്രകാരം(ഫെറ) വിദേശകമ്പനികളുടെ ഓഹരിവിഹിതം 40 ശതമാനമായി പരിമിതപ്പെടുത്തിയിരുന്നു. മരുന്നുത്‌പാദനത്തിൽ സങ്കീർണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കമ്പനികൾക്കു  മാത്രമേ 40 ശതമാനത്തിനുമേൽ ഓഹരിവിഹിതം  അനുവദിച്ചിരുന്നുള്ളൂ.  

എന്നാൽ, വിദേശകമ്പനികളുടെമേലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഉദാരമാക്കിക്കൊണ്ട് ഫെറാ നിയമം ഭേദഗതിചെയ്ത് എൻ.ഡി.എ. സർക്കാർ 1999-ൽ ഫോറിൻ എക്സ്ചേഞ്ച് മാനേജുമെന്റ് ആക്ട്  (Foreign Exchange Management Act: FEMA: ഫെമ) നടപ്പിലാക്കി. ഫെമ വിദേശ ഓഹരിപങ്കാളിത്തം വർധിപ്പിക്കാൻ അനുവദിക്കുകയും ഔഷധവ്യവസായവുമായി ബന്ധപ്പെട്ട് മരുന്നുകമ്പനികളുടെ മേലുണ്ടായിരുന്ന നിബന്ധനകൾ ഒന്നൊന്നായി നീക്കുകയും ചെയ്തു.  ഇന്ത്യയിൽ ബൾക്ക് മരുന്നുകൾ ഉത്‌പാദിപ്പിക്കണമെന്നും  ഫോർമുലേഷൻസ് ഇന്ത്യയിൽ നേരിട്ട് മാർക്കറ്റ് ചെയ്യാൻ പാടില്ലെന്നുമുള്ള നിബന്ധനകൾ ഉപേക്ഷിച്ചു. ഫെറ അപ്രസക്തമായതോടെ എതാണ്ടെല്ലാ വിദേശകമ്പനികളുടെയും ഓഹരിപങ്കാളിത്തം 50 ശതമാനത്തിനു മുകളിലെത്തി.

ബ്രൗൺഫീൽഡ് മൂലധനം

2001-ൽ മറ്റു പല മേഖലകളോടൊപ്പം ഔഷധവ്യവസായത്തിലും വിദേശമുതൽമുടക്ക് 100 ശതമാനമായി വർധിപ്പിക്കാൻ സർക്കാർ അനുവാദം നൽകി.  പുതുതായി ആരംഭിക്കുന്ന വ്യവസായസംരംഭങ്ങൾക്ക് മാത്രമായിട്ടുള്ള ഗ്രീൻഫീൽഡ്(Greenfield) വ്യവസ്ഥപ്രകാരവും നിലവിലുള്ള ഇന്ത്യൻ കമ്പനികൾ ഏറ്റെടുക്കുമ്പോഴുള്ള ബ്രൗൺഫീൽഡ്(Brownfield)നിയമപ്രകാരവും വിദേശഓഹരി നൂറുശതമാനമാക്കാനാണ് സർക്കാർ തീരുമാനിച്ചത്. അതേയവസരത്തിൽ ബ്രൗൺഫീൽഡ് വഴി വിദേശമൂലധനം മുടക്കുന്നതിന് ഇന്ത്യൻ സർക്കാറിന്റെ മുൻകൂട്ടി അനുമതി വേണമെന്ന്  വ്യവസ്ഥചെയ്തിരുന്നു.  അതാണിപ്പോൾ ഉപേക്ഷിച്ച്  74 ശതമാനം വരെ ബ്രൗൺഫീൽഡ് മൂലധനം സർക്കാറിന്റെ മുൻകൂർ അനുമതിയില്ലാതെത്തന്നെ (Automatic Route) നിക്ഷേപിക്കാൻ അനുമതി നൽകിയിരിക്കുന്നത്. സാങ്കേതികവിദ്യ ഇറക്കുമതി, ഇന്ത്യയിൽത്തന്നെയുള്ള ഉത്‌പാദനം തുടങ്ങിയ ഉപാധികൾപാലിക്കാതെ പുതിയ തീരുമാനപ്രകാരം വിദേശകമ്പനികൾക്ക് 74 ശതമാനംവരെ മുതൽമുടക്കാം. ഗ്രീൻഫീൽഡ് വ്യവസ്ഥ പാലിക്കാൻ ഇവർക്ക് താത്പര്യവുമില്ല. തന്മൂലം സർക്കാർ അവകാശപ്പെടുന്നതുപോലെ നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം രാജ്യത്ത് വർധിക്കാൻ യാതൊരു സാധ്യതയുമില്ല. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടിക്കൊണ്ടുമാത്രമാണ് വിദേശകമ്പനികൾ ഇന്ത്യയിലെ  അവരുടെ സാന്നിധ്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളൊന്നും ലഭിക്കാനും സാധ്യത്യയില്ല.  അതിലൂടെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് യാതൊരു നേട്ടവും കൈവരിക്കാനാവില്ല.  

ഇതിനകം നിരവധി ഇന്ത്യൻ കമ്പനികളെ വിദേശകമ്പനികൾ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ ഏറ്റെടുക്കുന്നതിനു പുറമേ പല കമ്പനികളുമായി ഔഷധ ഗവേഷണത്തിലും (Cotnract Research), മാർക്കറ്റിങ്ങിലും ഉത്‌പാദനത്തിലുമുള്ള കരാറുകളിൽ ഏർപ്പെടുക എന്ന തന്ത്രവും  വിദേശകമ്പനികൾ  നടപ്പാക്കിവരുന്നു. ഇന്ത്യൻകമ്പനികളുടെ ഫാക്ടറികളിൽ തങ്ങളുടെ മരുന്നുകൾ ഉത്‌പാദിപ്പിച്ച് വിദേശരാജ്യങ്ങളിൽ വിൽക്കുക എന്നതാണ് ഇവർ പിന്തുടരുന്ന ഒരു തന്ത്രം. ഇന്ത്യയിൽ ഉത്‌പാദനച്ചെലവ് കുറവാണെന്നതാണ് ഇത്തരം സംയുക്തസംരംഭങ്ങളിലേക്ക് കടക്കാൻ വിദേശകമ്പനികളെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയിൽ സ്വന്തം ഫാക്ടറികൾ സ്ഥാപിക്കുന്നതിനുള്ള മൂലധന ചെലവില്ലതാനും. ഇതിന്റെയെല്ലാം ഫലമായി സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളിലേതുപോലെ ഇന്ത്യൻ ഔഷധവ്യവസായവും ഔഷധവിപണിയും പൂർണമായും വിദേശകമ്പനികളുടെ നിയന്ത്രണത്തിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കയാണ്.