ഇന്റർനെറ്റിലെ ഇരുണ്ടലോകമായ ഡാർക്ക് നെറ്റിലൂടെയുള്ള മയക്കുമരുന്ന് വ്യാപാരം. മക്കൾ ചതിക്കുഴികളിൽ വീഴുന്നത് അറിയാതെപോകുന്ന മാതാപിതാക്കൾ. ഓൺലൈനിലൂടെയുള്ള ലഹരിയിടപാടുകളെക്കുറിച്ച് കൗൺസലർമാരും എക്സൈസ് ഉദ്യോഗസ്ഥരും ടീം മാതൃഭൂമിയോട് നടത്തിയ വെളിപ്പെടുത്തലുകൾ ഒരുകാര്യം അടിവരയിടുന്നു; നമ്മുടെ കുട്ടികൾ അടിമകളാകുകയാണ്, നാംപോലുമറിയാതെ...


‘‘എനിക്ക് ചിറകുമുളച്ചുതുടങ്ങി. ഞാനിപ്പോൾ പറന്നുയരും, ഞാനിപ്പോൾ പറന്നുയരും...’’ നിർത്താതെ ചിരിച്ചുകൊണ്ട് ആ 17-കാരൻ പുലമ്പിക്കൊണ്ടിരുന്നു. ആ ചിരിക്കൊപ്പംതന്നെ തൊട്ടടുത്തുനിന്ന് ഒരു കരച്ചിലുയർന്നു. ആ കുട്ടിയുടെ അമ്മയുടേതായിരുന്നു അത്. ഹൃദയംതകർന്നുപോയി. മലപ്പുറം ജില്ലയുടെ വെട്ടം വി.ആർ.സി. ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ കെ.ആർ. ബിനുവിന്റെ മനസ്സിൽനിന്ന് പത്തുമാസംകഴിഞ്ഞിട്ടും ആ കാഴ്ച മാഞ്ഞിട്ടില്ല.

എൽ.എസ്.ഡി. സ്റ്റാമ്പ് (ലൈസർജിക്‌ ഡൈ ആസിഡ്‌ എത്തിലമൈഡ്‌), എം.ഡി.എം.എ. (മെത്തിലീൻ ഡയോക്സി മെത്താംഫെറ്റമീൻ) തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കടിമയായ പ്ലസ്ടു വിദ്യാർഥി. അച്ഛനും അമ്മയും അധ്യാപകർ. 2021 മാർച്ചിലെ പരീക്ഷക്കാലം. ദിവസവും രാത്രിയിൽ രണ്ടു കൂട്ടുകാർ ഒരുമിച്ചിരുന്നു പഠിക്കാൻ വീട്ടിലെത്തും. പിന്നെ മുറിയിൽക്കയറി വാതിലടയ്ക്കും. മൂന്നുപേരും നന്നായി പഠിക്കുന്നവരും മാർക്കുള്ളവരും. അതിനാൽ മാതാപിതാക്കൾക്ക് ഒരെതിർപ്പുമുണ്ടായിരുന്നില്ല. രാത്രി 11 വരെ പഠിച്ചശേഷം മറ്റ് രണ്ടുകുട്ടികളും വീട്ടിലേക്കുപോകും. ഒരുദിവസം നേരംപുലർന്നിട്ടും മകൻ പുറത്തേക്കുവന്നില്ല.  മാതാപിതാക്കൾ മുറിയിൽക്കയറി വിളിച്ചുണർത്തിയപ്പോൾ കലങ്ങിയ കണ്ണുകളും കുഴഞ്ഞ സംസാരവും തളർച്ചവന്ന ശരീരവും.ആശുപത്രിയിലെത്തിച്ചപ്പോഴാണ് മയക്കുമരുന്നുപയോഗിച്ചതായി അറിയുന്നത്. പ്രാഥമികചികിത്സനൽകി കൗൺസലിങ്ങിന് വിധേയമാക്കണമെന്ന് ഡോക്ടർ ഉപദേശിച്ചുവിട്ടു. വീട്ടിലെത്തി മുറി പരിശോധിച്ചപ്പോൾ പഴ്‌സിൽനിന്നും കിടക്കയ്ക്കടിയിൽനിന്നും സ്റ്റാമ്പ് രൂപത്തിലുള്ള ചില വസ്തുക്കൾ ലഭിച്ചു. ഒരു വരുമാനവുമില്ലാത്ത കുട്ടിയുടെ പഴ്‌സിൽ നിറയെ പണം. അമ്മയുടെ അലമാരയിലിരുന്ന അഞ്ചുപവന്റെ മാല മോഷ്ടിച്ചുകിട്ടിയ പണമാണിതെന്ന് പിന്നീടറിഞ്ഞു.ആദ്യം നാട്ടിൽത്തന്നെ കൗൺസലിങ്ങിനു വിധേയമാക്കി. അഡ്മിറ്റാക്കി ലഹരിവിമുക്തചികിത്സ നടത്തണമെന്നായിരുന്നു കൗൺസലറുടെ ഉപദേശം. പഠനത്തെ ബാധിക്കുമെന്നതിനാൽ കിടത്തിച്ചികിത്സയ്ക്ക് അമ്മ സമ്മതിച്ചില്ല. കുറച്ചുദിവസം വീട്ടിലിരുന്നശേഷം അവൻ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങി.  പ്ലസ്ടു അവസാനപരീക്ഷ കഴിഞ്ഞു. രാത്രി എട്ടുമണിയായിട്ടും മകൻ വീട്ടിലെത്തിയില്ല. ഒപ്പം രണ്ടുകൂട്ടുകാരെയും കാണാതായി. ആശങ്കയോടെ നാടുനീളെ അന്വേഷണം.

അഞ്ചാംദിവസം മഹാരാഷ്ട്രയിലെ പനവേൽ റെയിൽവേസ്റ്റേഷനിൽനിന്ന് ഇവരെ കണ്ടതായി വിവരം ലഭിച്ചു. പ്ലാറ്റ്‌ഫോമിൽ തളർന്നിരിക്കുന്നതുകണ്ട മലയാളി പോലീസുദ്യോഗസ്ഥൻ  കുട്ടികളുടെ പക്കൽനിന്ന് ഫോൺനമ്പർ വാങ്ങി വീട്ടിലേക്കുവിളിച്ച്‌ കാര്യംപറഞ്ഞു. മാതാപിതാക്കൾ പനവേലിലെത്തി മക്കളെ കണ്ടു. ധരിച്ചിരുന്നത് അഞ്ചുദിവസംമുമ്പിട്ട മുഷിഞ്ഞവസ്ത്രം. രണ്ടുകൈകളിലും ബ്ലേഡുകൊണ്ടുവരച്ച പാടുകൾ. ചുണ്ടും വായും ഉണങ്ങി ക്രൂരമായ മുഖഭാവം. പോലീസുകാരന്റെ സഹായത്തോടെ ചോദ്യംചെയ്തു. പരീക്ഷകഴിഞ്ഞ് ഗോവയിലേക്കാണ് ഇവർ വണ്ടികയറിയത്. അവിടെവെച്ച് എം.ഡി.എം.എ. മയക്കുമരുന്ന് ഉപയോഗിച്ചു. പിന്നെയാണ് ലക്ഷ്യമില്ലാതെ പനവേലിൽ എത്തിയത്.വൈകിയില്ല, അവരെ തിരിച്ച്‌ നാട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികവിഭ്രാന്തി  ബാധിച്ചനിലയിലായിരുന്നു അധ്യാപകദമ്പതിമാരുടെ മകൻ.  45 ദിവസത്തെ ചികിത്സ. ഇപ്പോൾ പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ആ കുട്ടി.സമീപകാലത്തായി കൗമാരപ്രായക്കാരും യുവാക്കളും ലഹരിവിമുക്ത ചികിത്സയ്ക്കെത്തുന്നത് കുത്തനെ വർധിച്ചതായി ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രണ്ടുപതിറ്റാണ്ടായി പ്രവർത്തിക്കുന്ന ബിനുവിന്റെ സാക്ഷ്യം. വർഷം ശരാശരി എത്തുന്നത് 200 പേർ. കഴിഞ്ഞവർഷം എത്തിയവരിൽ ആറുപേർ പെൺകുട്ടികളായിരുന്നു. നാം കരുതുന്നതിലുമപ്പുറമാണ് കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിലെ ലഹരിയുപയോഗമെന്ന് ചുരുക്കം.

സീനാകെ ഡാർക്കാണ്

ഇരുണ്ടലോകത്തെ മയക്കുമരുന്നിടപാടിന്റെ കണ്ണികൾ കേരളത്തിലും വേരുറപ്പിച്ചുകഴിഞ്ഞു. ഓൺലൈൻ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്നതിനാൽ കൗമാരകേരളത്തെ കണ്ണിചേർക്കാൻ മയക്കുമരുന്നു സംഘങ്ങൾക്ക് എളുപ്പമാണുതാനും.ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് വെബ്ബിലൂടെയാണ് ഡീൽ. അതും അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങളുമായി. ക്രിപ്‌റ്റോ കറൻസിയാണ് വിനിമയനാണ്യം.മലപ്പുറത്തുനിന്ന് കഴിഞ്ഞവർഷം എം.ഡി.എം.എ.യുമായി കോഴിക്കോട് എക്സൈസ് ക്രൈംബ്രാഞ്ച് യുവാവിനെ പിടികൂടിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോൾ പണമിടപാടിനുപയോഗിച്ചത് ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിനാണെന്നു കണ്ടെത്തി. ബെംഗളൂരുവിലുള്ള ലഹരിയിടപാടുകാരനാണ് ബിറ്റ്‌കോയിൻ നൽകിയത്. രഹസ്യസ്വഭാവമുള്ള ഇടപാടായതിനാൽ പ്രധാനകണ്ണിയിലേക്കെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കോഴിക്കോട്ടുൾപ്പെടെ  വിദ്യാർഥിനികളും ഡാർക്ക് നെറ്റ് വഴി ലഹരിമരുന്നെത്തിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തവണ പുതുവത്സരാഘോഷത്തിനും ഡാർക്ക് നെറ്റ് വഴി വൻതോതിൽ മയക്കുമരുന്നെത്തിയതായി ഇവർ പറയുന്നു.ഡാർക്ക് വെബ്ബിൽ മയക്കുമരുന്ന് വാങ്ങാൻ ഒട്ടേറെ ഷോപ്പിങ് വെബ്‌സൈറ്റുകളുണ്ട്. ക്രിപ്‌റ്റോ കറൻസി കൊടുത്ത് ‘സാധനം’ ഓർഡർ ചെയ്താൽ അന്താരാഷ്ട്ര കൂറിയറായി കൈയിൽക്കിട്ടും.യൂറോപ്യൻ രാജ്യമായ സ്പെയിൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നാണ്‌ അന്താരാഷ്ട്ര കൂറിയറായി ഇവ എത്തുക. കളിപ്പാട്ടങ്ങളുടെയും പാവയുടെയുമെല്ലാം ഇടയിൽത്തിരുകും. കൊക്കെയിൻ, എം.ഡി.എം.എ. എന്നിവയാണ് അയച്ചുനൽകുക. അതും വളരെ ചെറിയ അളവിൽമാത്രം.ഡാർക്ക് വെബ്ബിലൂടെയുള്ള ഇടപാടിൽ വാങ്ങുന്നവനും വിൽക്കുന്നവനുംപോലും പരസ്പരം തിരിച്ചറിയില്ല. ക്രിപ്‌റ്റോ കറൻസി ഇടപാടായതിനാൽ ആര്, ആർക്ക് കൊടുക്കുന്നെന്നും മനസ്സിലാക്കാൻ സാധിക്കില്ല. ഡാർക്ക് വെബ്ബിനെ സുരക്ഷിതയിടമായി ലഹരിസംഘങ്ങൾ ഉപയോഗിക്കാനും കാരണം ഇതുതന്നെ.

എല്ലാത്തിനുമുണ്ട് കോഡ്

‘രണ്ടു മേശ, രണ്ടു കസേര ഡാർക്ക്‌ നെറ്റിൽ വിൽക്കാൻവെച്ചിട്ടുണ്ട്’ ഒരു ഡാർക്ക് വെബ്‌സൈറ്റിൽവന്ന നിസ്സാരമെന്നുതോന്നുന്ന അറിയിപ്പ്. മയക്കുമരുന്നിടപാടിനുള്ള കോഡാണിത്. കോഡ് വാക്ക് ഉപയോഗിച്ചാണ് കച്ചവടം. ലഹരിവലയിൽ കുടുങ്ങിയവർക്ക് പലമാർഗങ്ങളിലൂടെ ഈ കോഡ് കിട്ടും.കൺമഷി എഴുതുന്നതുപോലും മയക്കുമരുന്നുപയോഗിക്കുന്നവരുടെ കോഡ് ഭാഷയാണ്. ഉപയോഗിക്കുന്ന ലഹരി ഏതാണോ, അതിന്റെ നിറമായിരിക്കും കൺമഷിയിലും ഉണ്ടാകുക. അത്തരം ഗ്യാങ്ങുകൾ സ്കൂളിലും കോളേജിലും ധാരാളമുണ്ടെന്ന് ഈ രംഗത്ത് പഠനങ്ങളും കൗൺസലിങ്ങും നടത്തുന്ന കനൽ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ജിഷ ത്യാഗരാജ്‌ പറയുന്നു.അവർ ഒത്തുചേരും. വാട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ടാകും. ഇങ്ങനെയാണ് ഇടപാടുകൾ തഴച്ചുവളരുന്നത്. വൈറസുപോലെത്തന്നെയാണത്. ലഹരിക്കടിമയായ ഒരാളിൽനിന്ന് വളരെ വേഗം അത് മറ്റുള്ളവരിലേക്ക് പടരും.

മുതിർന്നവരും പഠിക്കണം

മുതിർന്നവരുടെ കാലവുമായിച്ചേർത്ത് ഇപ്പോഴത്തെ തലമുറയെ അളക്കുന്നിടത്താണ് നാം പരാജയപ്പെടുന്നത്. 2014-നുശേഷമാണ് വാട്‌സാപ്പ്, സ്മാർട്ട്‌ ഫോൺ എന്നിവ കൂടുതൽ പ്രചാരത്തിലായത്. എട്ടുവർഷത്തെ മാറ്റം. അതേക്കുറിച്ച് നമ്മൾ മുതിർന്നവർ പഠിച്ചിട്ടില്ല. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പറയാൻ മുതിർന്നവർക്കറിയില്ല. ഡാർക്ക്‌ നെറ്റിക്കുറിച്ച് കുട്ടികൾക്കറിയാം, മുതിർന്നവർക്ക് അറിയാത്ത കാര്യങ്ങൾപോലും. കിട്ടുന്ന ആപ്ലിക്കേഷൻ കുട്ടികൾ ഉപയോഗിക്കും. കുറ്റംപറഞ്ഞിട്ട് കാര്യമില്ല. കൈകാര്യംചെയ്യാൻ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്.-ജിഷ ത്യാഗരാജ്, ഡയറക്ടർ, കനൽ ചാരിറ്റബിൾ സൊസൈറ്റി

കേസെടുത്തിട്ടില്ല

സാമൂഹികമാധ്യമങ്ങൾ വഴിയുള്ള മയക്കുമരുന്ന് കടത്തിനെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള കേസ് എക്സൈസ് നിലവിൽ രജിസ്റ്റർചെയ്തിട്ടില്ല. തെളിവുലഭിക്കുന്ന സാഹചര്യത്തിൽ ഇവയെക്കുറിച്ച് അന്വേഷണമുണ്ടാകും.- കെ.കെ. അനിൽകുമാർ,(ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ)

10 വർഷം 35280 കേസ്

പത്തുവർഷത്തെ കണക്കെടുത്താൽ സംസ്ഥാനത്ത് മയക്കുമരുന്നു കേസുകൾ വർഷംതോറും വർധിച്ചുവരുന്നതായി കാണാം. 2011-ൽ വെറും 332 കേസാണുണ്ടായിരുന്നത്. 2019-ൽ ഇത് ഏഴായിരം കടന്നു. 2020, 2021 വർഷങ്ങളിൽ കേസുകൾ കുറഞ്ഞു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങൾമൂലമുള്ള പരിശോധനകൾ കൂടിയതുമാണ് ഒരു കാരണം. എക്സൈസിനെ മറികടക്കുന്ന പുത്തൻ കടത്തുമാർഗങ്ങൾ ലഹരിമാഫിയ ഉപയോഗിക്കാൻ തുടങ്ങിയതും കാരണമായി വിലയിരുത്തപ്പെടുന്നു.

തയ്യാറാക്കിയത്‌​ ടീം മാതൃഭൂമി

അനു അബ്രഹാം 
രാജേഷ് കെ. കൃഷ്ണൻ
കെ.പി. ഷൗക്കത്തലി
കെ.ആർ. അമൽ
പ്രദീപ് പയ്യോളി