വസാനശ്വാസം വലിക്കുന്നതിന് തൊട്ടുമുമ്പ്, എന്റെ മടിയിൽ തലവെച്ച് ഗുലാബോ കേണപേക്ഷിച്ചു, ‘ഭയ്യാജീ, എന്നേ രക്ഷിക്കൂ!’. ഹരിയാണയിലെ മഹേന്ദ്രഗഢിലെ ഇഷ്ടികച്ചൂളയിൽനിന്നാണ് അവളെയും കുടുംബത്തെയും ഞാൻ രക്ഷിച്ചത്. പക്ഷേ‚, കടുത്ത ക്ഷയരോഗവും പോഷകാഹാരക്കുറവുംമൂലം അവൾ മരിച്ചു. ഗുലാബോയുടെ മൃതദേഹം സംസ്കരിച്ചതിനു ശേഷം ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി, സുപ്രീംകോടതിയുടെ മുതിർന്ന ജഡ്ജി ജസ്റ്റിസ് പി.എൻ. ഭഗവതിയുടെ മുറിയിലെത്തുന്നതുവരെ ഞാൻ റോഡിലൂടെ നടന്നു.

ഈ കൂടിക്കാഴ്ചയ്ക്കിപ്പുറം രണ്ടുവർഷത്തിനുശേഷം 1984-ൽ, ബന്ദുവ മുക്തിമോർച്ചയും ഇന്ത്യൻ സർക്കാരും തമ്മിലുണ്ടായിരുന്ന കേസിൽ സുപ്രധാന ജുഡീഷ്യൽ ഉത്തരവ് ഇറങ്ങി. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ഭരണഘടനാപരമായി ജീവിക്കാനുള്ള അവകാശം ആരോഗ്യത്തിനുള്ള അവകാശംകൂടി ഉൾക്കൊള്ളുന്നുവെന്ന് സ്ഥാപിക്കാൻ ഈ വിധിക്ക് സാധിച്ചു. അക്കാലത്ത് ഞാൻ ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്നു. അടിമത്തത്തിന് സമാനമായ സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന ഗുലാബോയുടെയും മറ്റു പലരുടെയും ദുരവസ്ഥ ജസ്റ്റിസ് ഭഗവതിക്ക് കൃത്യമായി ബോധ്യപ്പെട്ടിരുന്നു. ഈ വിധിയിലൂടെ ഏറ്റവും ദരിദ്രാവസ്ഥയിലുള്ളരെ സേവിക്കുന്നതിനായി രാജ്യത്ത് നിലവിലുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ പരിമിതികൾ വെളിച്ചത്തു കൊണ്ടുവരുകയും ചെയ്തു.

കേരളം മാതൃക

ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങൾ ഉയർന്ന നിലവാരം പുലർത്തി നൽകാൻ കഴിയുന്നത് കേരളത്തിന്റെ ഒരു പ്രധാന നേട്ടമാണ്. വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ സംസ്ഥാന സർക്കാർ ബോധപൂർവമായ ശ്രമങ്ങൾ നടത്തുന്നു. അടുത്തിടെ, 2021-2022ലെ സംസ്ഥാനസർക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചു. അതിൽ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ശിശുരോഗ സംരക്ഷണത്തിന് സർക്കാർ ഊന്നൽ നൽകുമെന്നും ആശുപത്രികളിൽ കൂടുതൽ തീവ്രപരിചരണ വിഭാഗങ്ങൾ തുറക്കുമെന്നും പ്രഖ്യാപിച്ചു. ഇത് ഒരു മാതൃകയാണ്.

കളഞ്ഞുപോയ വിശ്വാസം

ഈ യാഥാർഥ്യം ഇന്ന് കൺമുന്നിലുള്ള വസ്തുതയാണ്. ഗുലാബോ മരിച്ച് 40 വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യസംരക്ഷണത്തിന്റെ അഭാവത്തിൽ എണ്ണമറ്റ കുട്ടികൾ ഇന്നും മരിക്കുന്നു. പകർച്ചവ്യാധികൾക്കിടയിൽ ഓക്സിജൻ, ആശുപത്രിക്കിടക്കകൾ, മരുന്ന്, സ്വന്തമായി സംസ്കരിക്കാനുള്ള ഒരിടം എന്നിവയ്ക്കായുള്ള ഭ്രാന്തമായ നിലവിളിയാണ് എവിടെയും. ജീവിതത്തിലും മരണത്തിലും പൗരന്റെ അന്തസ്സ് ഉറപ്പാക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടു. വരുമാനനഷ്ടം, കടം, ഭക്ഷ്യ അരക്ഷിതാവസ്ഥ, നിരക്ഷരത എന്നിവയുമായി ഇതിനെ കൂട്ടിവായിക്കണം. ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ സ്ഥിതി അതാണ്. ജനങ്ങളുടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവിലുള്ള വിശ്വാസമാണ് ആളുകൾക്ക് നഷ്ടമായത്. കളഞ്ഞുപോയ ഈ വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ പ്രാഥമിക ഉത്തരവാദിത്വം.

സാർവ്വത്രികാരോഗ്യം ലക്ഷ്യമാവണം

ഭരണഘടനയുടെ ആർട്ടിക്കിൾ 15 പറയുന്ന തുല്യതയ്ക്കുള്ള അവകാശം എന്നത് മതം, വംശം, ജാതി, ലിംഗഭേദം, ജനന സ്ഥലം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും നിഷേധിക്കുന്നതാണ്. പതിറ്റാണ്ടുകളായി പൊതുജനാരോഗ്യത്തിൽ കൈക്കൊണ്ടുവരുന്ന സമീപനം ആരോഗ്യസംരക്ഷണമെന്നത് കുറച്ചുപേർക്കു മാത്രം ലഭ്യമായ ഒന്നാക്കി മാറ്റിയിട്ടുണ്ട്. വിദ്യാഭ്യാസം, അവസരം, സമ്പത്ത്, സാമൂഹിക ചലനാത്മകത എന്നിവയുൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അസമത്വം നിലനിൽക്കുന്ന ഈ വിവേചനപരമായ ഘടനകളെ തകർക്കുന്നതിൽ ആരോഗ്യത്തിനുള്ള ഭരണഘടനാപരമായ അവകാശം നിർണായകമാണ്.

ആർട്ടിക്കിൾ 21 പ്രകാരം, ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിയമം എന്നതിൽ പല വിധിന്യായങ്ങളുടെയും നിയമപരമായ വ്യാഖ്യാനത്തിൽ ആരോഗ്യവും ഉൾപ്പെട്ടിരുന്നു എങ്കിലും അതിന് അതിന്റേതായ പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംരക്ഷണത്തിലേക്കുള്ള സാർവത്രിക പ്രവേശനം ഇപ്പോൾ അനുപേക്ഷണീയമാണ്. 

സമീപനത്തിൽ മാറ്റം ആവശ്യം

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തിൽ, കുടുംബത്തിലെ ഒരംഗം ഗുരുതരാവസ്ഥയിലായാൽ കുടുംബങ്ങളുടെ മുഴുവൻ ജീവിതസമ്പാദ്യവും നഷ്ടപ്പെടുമെന്ന അവസ്ഥയാണിപ്പോൾ. ഇത് അംഗീകരിക്കപ്പെടാനാവാത്ത ഒരു വസ്തുതയാണ്. ആരോഗ്യ സംരക്ഷണത്തോടുള്ള നമ്മുടെ സമീപനത്തിൽ അടിസ്ഥാനപരമായ മാറ്റം ആവശ്യമാണ്. ഇത് ചെലവായി കാണുന്നതിനുപകരം, ഭാവിയിൽ പോക്കറ്റിനു പുറത്തുള്ള ചെലവുകൾ ഗണ്യമായി കുറയ്ക്കാനും ഉത്‌പാദനം വർധിപ്പിക്കാനും കഴിയുന്ന ഉയർന്ന വരുമാനമുള്ള നിക്ഷേപമായിട്ടാണ് നാം ഇതിനെ കാണേണ്ടത്. ഇതിനുള്ള തെളിവുകൾ ഇന്ന് നമ്മുടെ മുമ്പിലുണ്ട്. തകർന്നുകൊണ്ടിരിക്കുന്ന ആരോഗ്യസംരക്ഷണ സംവിധാനവുമായി ഒരു വലിയ ആരോഗ്യപ്രതിസന്ധിയെ നേരിടാൻ നമ്മൾ പോരാടുമ്പോൾ, അതോടൊപ്പം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതത്തിനും നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. നിലവിലെ ആരോഗ്യ പരിരക്ഷാ മാതൃകയിൽ മാറ്റമില്ലെങ്കിൽ, നമ്മുടെ കുട്ടികളുടെ അവസ്ഥ അപകടകരമാവാൻ സാധ്യതയുണ്ട്.

ഭരണഘടനാഭേദഗതി വേണം

കോവിഡിന്റെ മൂന്നാംതരംഗം കുട്ടികളെ ബാധിച്ചേക്കുമെന്ന് വിദഗ്‌ധർ ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. രണ്ടാമത്തെ തരംഗസമയത്ത് കുട്ടികളെ സാരമായി വൈറസ് ബാധിച്ചെന്നും പലരുടെയും മാതാപിതാക്കളിൽ ഒരാളെയോ രണ്ടുപേരെത്തന്നെയോ കവർന്നെടുത്തെന്നും ഓർമിക്കേണ്ടതുണ്ട്. അതിനാൽ, നമ്മുടെ കുട്ടികൾക്ക് കൃത്യസമയത്തു ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാൻ നമ്മൾ കൂട്ടായി പ്രവർത്തിക്കണം. ശിശുസൗഹാർദ ക്വാറന്റീൻ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ദുർബലരായ കുട്ടികളെ വൈറസിനെതിരേ പോരാടുന്നതിന് സഹായിക്കും. ശിശു സംരക്ഷണ ഭവനങ്ങളിലും മറ്റ് ശിശുസംരക്ഷണ സ്ഥാപനങ്ങളിലും താമസിക്കുന്ന കുട്ടികളെയും നാം മറക്കരുത്. ഈ സ്ഥാപനങ്ങളിൽ ഓരോന്നിനും മെഡിക്കൽ കെയർ കിറ്റുകൾ, ശുചിത്വ കിറ്റുകൾ, ക്വാറന്റീൻ സൗകര്യങ്ങൾ എന്നിവ ക്രമീകരിക്കണം. ഈ മഹാമാരിയെ നേരിടാനുള്ള ‘കേരള മാതൃക’ അതിന്റെ ഫലപ്രാപ്തികൊണ്ടും വിജയനിരക്കുകൊണ്ടും പരക്കേ പ്രശംസിക്കപ്പെട്ടു. ആരോഗ്യസംരക്ഷണത്തിന് സാർവത്രികവും തുല്യവുമായ പ്രാധാന്യം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ആരോഗ്യത്തെ മൗലികാവകാശമാക്കാൻ ഭരണഘടനാ ഭേദഗതി വരുത്തേണ്ട സമയമാണിത്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഒരു നിർണായക നിമിഷത്തെ അഭിമുഖീകരിക്കുന്നു. ഭാവിയിൽ നമ്മുടെ കുട്ടികൾ ഇന്നത്തെ ചുവടുവെപ്പുകൾക്ക് വലിയ ബഹുമാനം നൽകും. ഈ സമയത്ത്, ഗാന്ധിജിയുടെ ആ വാക്കുകൾ  ഞാൻ ഓർമപ്പെടുത്തുന്നു: ‘‘നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ, അല്ലെങ്കിൽ നിങ്ങളുടെ അഹംബോധം നിയന്ത്രണാതീതമാവുമ്പോൾ, ഇനിപ്പറയുന്നത് പ്രയോഗിക്കുക- നിങ്ങൾ ദരിദ്രരുടെയും ദുർബലരുടെയും മുഖം ഓർക്കുക. നിങ്ങൾ ചിന്തിക്കുന്ന കാര്യം അവന്/അവൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടാക്കുമോ എന്ന് നിങ്ങൾ സ്വയം ചോദിക്കുക.’’
ഈ വാക്കുകൾ നിങ്ങൾക്ക് വഴികാട്ടട്ടെ.