കൊല്ലുകയും സ്വയം മരിക്കുകയും ചെയ്യുന്ന യുവാക്കൾ വാർത്തയാവുകയാണ്. കൊടുംകുറ്റവാളികളോ സമൂഹവിരുദ്ധരോ അല്ല, നമ്മുടെ ആൺകുട്ടികളാണ് ഈ വാർത്തകളിലെ പ്രതിനായകന്മാർ. ഒന്നു മുതിർന്നെന്നേയുള്ളൂ; അവരിപ്പോഴും അന്തിക്ക് വീടണയുന്നതുംകാത്ത് ഇരിക്കുന്നുണ്ടാവും വീട്ടിലൊരച്ഛനുമമ്മയും. കൊന്നുതീർക്കാൻതക്ക പക പെരുകുന്ന മനസ്സുമായി അവരിൽ ചിലരെങ്കിലും നീറിനടക്കുന്നതും ഉടമസ്ഥതാബോധത്തിന്റെയും ആണഹന്തയുടെയും പ്രതിരൂപങ്ങളായി വളരുന്നതും നമ്മൾ അറിയാതെപോകുകയാണോ? എന്തുപറ്റി നമ്മുടെ ആൺകുട്ടികൾക്ക്?

അവർക്കില്ലാത്ത പാഠങ്ങൾ
നമ്മൾ വളർത്തുന്നതും നിയന്ത്രിക്കുന്നതും സൂക്ഷിക്കുന്നതും സുരക്ഷിതയാക്കുന്നതുമെല്ലാം പെൺകുട്ടികളെയാണ്. അവൾക്ക് നിയമാവലികളുണ്ട്, ഉപദേശദശകങ്ങളുണ്ട്. ആവശ്യത്തിനും അല്ലാതെയും പകർന്നുകൊടുക്കുന്ന പാഠങ്ങളുണ്ട്. അമ്മമുതൽ അടുക്കളവരെ നീളുന്ന നിത്യവഴിത്താരകളുണ്ട്. അതിൽനിന്ന് പുറത്തേക്കിറങ്ങി സ്വന്തം വഴിവെട്ടിത്തുടങ്ങിയിട്ടും പിന്നിൽ കോർത്ത ചരടുകളുണ്ട്. അത്തരം ‘വളർത്തലുകള’ല്ല ആവശ്യമെന്ന് ഇന്ന് അവൾക്കറിയാം. അവൾ സ്വയം വളരാൻ പര്യാപ്തയായിത്തുടങ്ങിയിരിക്കുന്നു. എന്നാൽ, ആൺകുട്ടികളോ, അവർക്ക് വഴിയും വഴിവിളക്കുകളും കാണാനാവുന്നില്ല.

നോക്കിയാൽ അവർ എവിടെയുമുണ്ട്. ക്രിമിനൽ കേസുകളിൽ, മയക്കുമരുന്നുപയോഗത്തിൽ, വാഹനാപകടങ്ങളിൽ, ആത്മഹത്യശ്രമങ്ങളിൽ... സ്വത്വമോ സ്വന്തം ഇടമോ തിരിച്ചറിയാനാവാത്തവിധം ഒറ്റയായവരുണ്ട്. അതിനെ മറയ്ക്കാനും മറക്കാനും കൂട്ടുകൂടുന്നവരുമുണ്ട്. വീട് അവർക്ക് നല്ല പാഠങ്ങളൊന്നും നൽകുന്നില്ല. സമൂഹം പഴയ പാഠങ്ങൾമാത്രം പഠിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. 

എതിർലിംഗത്തെക്കുറിച്ച്, സമത്വത്തെക്കുറിച്ച്, മാറ്റങ്ങളെയും മാറേണ്ടതിനെയുംകുറിച്ച് നമ്മളിലെത്രപേർ നമ്മളുടെ ആൺമക്കളോട് സംസാരിക്കാറുണ്ട്? സമപ്രായക്കാരിൽനിന്നുകിട്ടുന്ന പാതിവെന്ത അറിവുകൾ, കണ്ടുവളരുന്ന നടപ്പുരീതികൾ-ഒരു ശരാശരി ആൺകുട്ടിയുടെ പാഠപുസ്തകങ്ങൾ ഇത്രയുമാണ്. അവന്റെ ശരീരം മാറുന്നതിനും മനസ്സ് മോഹിതമാവുന്നതിനും ഈ പാഠപുസ്തകങ്ങളിൽനിന്നാണ് ഉത്തരം. ഒരു പ്രായം കഴിയുമ്പോൾ വീട്ടിൽ അവൻ നിശ്ശബ്ദനാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവനൊന്നും പറയാറില്ലെന്ന പരാതിയല്ലാതെ അവനോടെന്ത് പറയണമെന്ന് ഇപ്പോഴും നമുക്കറിയില്ല. അവൻ കാണുന്ന കാഴ്ചകളാകട്ടെ, ആണും ആണിന് സ്വന്തമായ പെണ്ണും എന്ന കുടുംബവ്യവസ്ഥയുടെ ശീലങ്ങളും. പരസ്പരസ്വാതന്ത്ര്യവും അവരവരുടെ സ്വാതന്ത്ര്യവും സമാസമം കൊണ്ടുനടക്കുന്ന എത്ര മാതാപിതാക്കളുണ്ട് ഈ കുട്ടികൾക്ക് ഒരു  മാതൃക കാണിച്ചുകൊടുക്കാൻ?

സ്കൂളുകളിലും ആൺകുട്ടികളെ ആരും ശ്രദ്ധിക്കാറില്ല. സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ക്ളാസുകൾ, ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ, ബന്ധങ്ങളിലെ ജനാധിപത്യം ഇതൊന്നും ആൺകുട്ടികളുടെ വിഷയമേയല്ല. അവർ പഠിക്കേണ്ട പാഠങ്ങളെല്ലാം പഠിക്കാൻ വിധിക്കപ്പെട്ടത് പെൺകുട്ടികളാണ്. സത്യത്തിൽ ആണും പെണ്ണും ക്ളാസ്‌മുറികളിൽ ഒന്നിച്ചിരുന്ന് ഇത്തരം വർത്തമാനങ്ങൾ എന്നേ പറഞ്ഞുതുടങ്ങേണ്ടതായിരുന്നു. എങ്കിൽ ആണത്തം, അധികാരം, പ്രണയം, സ്നേഹം, സൗഹൃദം, ത്യാഗം, സമർപ്പണം എന്നീ ജീവിതസത്യങ്ങളെ അവൻ മനസ്സിൽ പുനർനിർവചിച്ചേനേ. ഒരു ഫോണിനപ്പുറവുമിപ്പുറവും ഇത്തിരിക്കാലം ഉണ്ടായിപ്പോയതിന് അവനാരെയും കൊല്ലില്ലായിരുന്നു.

ബന്ധംവളർന്ന് ശത്രുത
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽനടന്ന അതിക്രമങ്ങളിൽ പലതിന്റെയും പിറകിലുണ്ട് ബന്ധങ്ങളുടെ പേരിലുള്ള ശത്രുതകൾ. ഒരാൾ, പലപ്പോഴും പുരുഷൻ/ആൺകുട്ടി അവന്റെ ഏകപക്ഷീയമായ ആഗ്രഹത്തിന് ബന്ധമെന്ന് പേരിടുന്നു. പിന്നെ പിൻതുടരലുകളും ആവശ്യപ്പെടലുകളുമാണ്. നിരസിക്കുമ്പോൾ ഭീഷണി, പക, അക്രമം, കൊലപാതകം. കൂടെത്തന്നെ സ്വയം ജീവൻ വെടിയലും. പശ്ചാത്താപമോ പേടിയോ ശൂന്യതയോ എന്തുമാവാം ആ ആത്മഹത്യയ്ക്ക്‌ കാരണം. സ്വന്തമാക്കാനായില്ലെങ്കിൽ ഇല്ലാതാക്കാനും ഇല്ലാതാവാനും തക്കവിധം മോശമാണോ മനുഷ്യബന്ധങ്ങൾ? എവിടെനിന്നാണ് നമ്മുടെ ആൺകുട്ടികൾക്ക് ഇങ്ങനെയൊരു പാഠം കിട്ടിയത്?  ചെറിയ അടികൾപോലും ഉൾക്കൊള്ളാനാവാത്തവിധമുള്ള അഹന്ത, അവനവനിസം, അധികാരബോധം. കൂട്ടത്തിൽ ക്രിമിനൽ ബുദ്ധിയും നിലതെറ്റിയ മനസ്സും. ഒരു കൊലയാളി ജനിക്കുന്നു; ഏതോ മാതാപിതാക്കളുടെ മനസ്സിൽ ഒരു മകൻ മരിക്കുന്നു.

രണ്ടുപക്ഷത്തുനിന്നും ഒരിക്കൽ പുലർന്നിരുന്ന സ്നേഹമോ പ്രണയമോപോലും ഇടയ്ക്കുവെച്ച് ഇല്ലാതായാൽ പിന്നീട് ശത്രുതയായി മാറുന്നതെന്തിന്? തിരസ്കാരത്തിന്റെ വേദനകൾക്ക് നിശ്ശബ്ദമായ പിന്മാറ്റമാണ് ചിലപ്പോൾ നല്ല മരുന്ന്. ആ അർഥത്തിൽ കൊലയാളിയെക്കാൾ എത്രയോ നല്ല വാക്കാണ് നിരാശാകാമുകൻ; അല്ലെങ്കിൽ നിരാശാകാമുകി.
പുതുതലമുറ േബ്രക്കപ്പ് എന്ന വാക്കിനെ വൈകാരികബാധ്യതയില്ലാതെ ഉപയോഗിക്കുന്നത് നല്ല രീതിയാണെന്ന് പറയാതെ വയ്യ. അവരുടെ ബന്ധങ്ങളിൽ പരസ്പരം അവർ വ്യക്തികളായി കാണുന്നു,  ജനാധിപത്യം നിർബന്ധമാക്കുന്നു. പക്ഷേ, ചിലരിപ്പോഴും ഉടമസ്ഥരും അധികാരികളും അതിനുകഴിഞ്ഞില്ലെങ്കിൽ കൊലയാളികളുമാവുന്നു. ഒപ്പം എരിഞ്ഞുതീരുന്നു. ആൺമക്കളെക്കുറിച്ചോർത്ത് നമ്മൾ പണ്ടില്ലാത്തവിധം ആശങ്കയിലാകുന്നു. നമ്മുടെ ആൺകുട്ടികൾ സുരക്ഷിതരാണോ എന്നുചിന്തിക്കേണ്ട കാലമാണിത്. ചിന്തയിലും മനസ്സിലും അവർക്കും കൊടുക്കണം ഒരിടം.

ആൺകുട്ടികൾ ഐഡന്റിറ്റി ക്രൈസിസ് നേരിടുന്നുണ്ട്. നമ്മൾ അവരിൽനിന്ന് പുതിയകാലത്തെ, പൊളിറ്റിക്കലി കറക്ടായ ആണിനെ പ്രതീക്ഷിക്കുന്നു. അതേസമയം സംരക്ഷകന്റെ, കുടുംബം നോക്കലുകാരന്റെ റോളിൽനിന്ന് അവനെ മോചിപ്പിക്കുന്നുമില്ല. ആൺലിംഗം ഒരു ക്രിമിനൽ ബിംബമായി മാറിയ കാലത്ത് സ്വന്തം ശരീരത്തിന്റെ മാറ്റങ്ങൾപോലും ആൺകുട്ടികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
ഡോ. ജി.ആർ. സന്തോഷ് കുമാർ

സ്വന്തമായില്ലെങ്കിൽ കൊല 
സൗഹൃദമോ പ്രണയമോ വെറും പരിചയമോ കൊലപാതകത്തിലെത്തിച്ച ചില സംഭവങ്ങൾ

2021 ജൂൺ 18-ന്: പ്ലസ്ടുവിന് സഹപാഠിയായിരുന്ന യുവാവ് 21-കാരിയെ കുത്തിക്കൊന്നത് ഏലംകുളത്ത്. വിവാഹാഭ്യർഥന വീട്ടുകാർ നിരസിച്ചതായിരുന്നു കാരണം.
2019 ജൂൺ 15-ന് : മാവേലിക്കര വള്ളികുന്നത്ത് വനിതാ സിവിൽ പോലീസ് ഓഫീസറെ തീകൊളുത്തി കൊന്നു. സൗഹൃദത്തിലെ ഉലച്ചിലാണ് കാരണമെന്ന് പറയപ്പെടുന്നു.
2019 മാർച്ച്‌:  തൃശ്ശൂരിൽ എൻജിനിയറിങ് വിദ്യാർഥിയെ ഐ.ടി. കന്പനി ജീവനക്കാരൻ കുത്തിയും പെട്രോളൊഴിച്ച് കത്തിച്ചും കൊലപ്പെടുത്തി. പ്രണയത്തിന്റെ പേരിലായിരുന്നു കൊല. 
2018 ഫെബ്രുവരി: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കാസർകോട്‌ സുള്ള്യയിലെ കോളേജിലെത്തി വിദ്യാർഥിനിയെ കുത്തിക്കൊന്നു. 
2017 ഫെബ്രുവരി : പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിൽ കോട്ടയത്ത് കാന്പസിൽവെച്ച് വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി പെട്രോളൊഴിച്ച് തീകൊളുത്തി. സീനിയർ വിദ്യാർഥിയും ആത്മഹത്യചെയ്തു.