മനുഷ്യാവകാശം അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ്. ചൂഷണത്തിനിരയാവാതെയും സമാധാനത്തോടെയും ജീവിക്കുന്നതിനൊപ്പം അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതും അതിൽ ഉൾച്ചേർന്നിരിക്കുന്നു. എന്നാൽ, ചുറ്റുമുള്ള നിയമലംഘനങ്ങളും നീതിനിഷേധങ്ങളും പലപ്പോഴും മനുഷ്യാവകാശ നിഷേധമായി മാറുന്നു. ഭരണഘടനാപരമായ മൗലികാവകാശങ്ങളിൽപ്പെടുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമെന്നാൽ (ആർട്ടിക്കിൾ-21) അന്തസ്സോടെയുള്ള ജീവിതമാണെന്ന്  സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുടെ പരിധി വിപുലമാണ്. പ്രത്യക്ഷമായും പരോക്ഷമായും അവയിൽപ്പെടുന്ന, നമുക്ക് ചുറ്റുമുള്ള വിഷയങ്ങളിൽ ചിലത്

human rights dayഅന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ഇന്ന്

സ്വകാര്യതയും മനുഷ്യാവകാശം
അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിന്റെ പേരിൽ മറ്റൊരു മൗലികാവകാശം ലംഘിക്കുന്ന പ്രവൃത്തിയാണ് സൈബറിടത്തെ വ്യക്തിഹത്യ. വിദ്വേഷപ്രചാരണം അഭിപ്രായസ്വാതന്ത്ര്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സൈബർ ആക്രമണങ്ങൾ ഒരാളുടെ സ്വകാര്യതലംഘിക്കുന്നു, അന്തസ്സിനു കോട്ടമുണ്ടാക്കുന്നു. ഇവ രണ്ടും മനുഷ്യാവകാശ ലംഘനം കൂടിയാണ്‌.

വ്യക്തിയുടെയും സമൂഹത്തിന്റെയും സമാധാനം തകർക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരേ ഐ.ടി. ആക്ടിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വകുപ്പുകളുണ്ടെങ്കിലും നടപടിക്രമങ്ങൾ വേഗത്തിലാകുന്നില്ല. നിയമത്തിനപ്പുറത്തേക്ക് പൊതുമര്യാദ പാലിക്കാൻ സമൂഹത്തിൽ ഒരുവിഭാഗം തയ്യാറാകുന്നുമില്ല.  

ശുദ്ധവായു മനുഷ്യാവകാശം
2019-ലെ  ഒരു സർവേ പ്രകാരം ലോകത്തിലെ അന്തരീക്ഷ മലിനീകരണത്തിൽ മുന്നിൽനിൽക്കുന്ന ലോകത്തിലെ പ്രധാനനഗരങ്ങളിൽ ഏറെയും ഇന്ത്യയിലാണ്‌.. 50ശതമാനം വ്യവസായങ്ങളിൽനിന്നും 27ശതമാനം വാഹനങ്ങളിൽനിന്നുമാണ്  അന്തരീക്ഷത്തിലേക്ക് മാലിന്യം പുറന്തള്ളപ്പെടുന്നത്. മാലിന്യം കത്തിക്കുന്നതും അനാവശ്യമായ വാഹനഉപയോഗവും വായുമലിനീകരണത്തിന് ആക്കം കൂട്ടുന്നു. 1981-ലെ വായുമലിനീകരണം തടയാനും നിയന്ത്രിക്കാനുമുള്ള നിയമം കർക്കശമാണെങ്കിലും നടപടികൾ ഫലപ്രദമല്ല. ഭാവി പുകച്ചുരുളിലാകുമെന്ന്‌ സാരം.

ആ ‘ശങ്ക’ തീർക്കാനാകാതെ
ശങ്ക തീർക്കാനിറങ്ങുന്നവർക്കുമുന്നിൽ അടഞ്ഞതോ വൃത്തിയില്ലാത്തതോ ആയ ശൗചാലയങ്ങളാണ് സാക്ഷര കേരളത്തിൽപ്പോലും. ഹൈവേയിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാലും ശൗചാലയങ്ങളില്ല. പെട്രോൾ പമ്പുകളിലേത് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും ഉപകാരപ്പെടാറില്ല. സ്ത്രീകൾക്ക് സഹിച്ചിരിക്കാനേ പറ്റൂ. നിവൃത്തിയില്ലാഞ്ഞാൽ പൊതുസ്ഥലത്ത് ശങ്കതീർക്കാൻ പുരുഷന്മാർക്കാവും. പക്ഷേ,  പോലീസ് ആക്ട് അനുസരിച്ച് 500 രൂപ പിഴയൊടുക്കേണ്ട കുറ്റകൃത്യമായി മാറും.
.
വൈകിയെത്തുന്ന നീതി
വൈകിയെത്തുന്ന നീതി, നീതി നിഷേധത്തിനു തുല്യമാണെന്ന് നിയമവുമായി ബന്ധപ്പെട്ട ആപ്തവാക്യം. എന്നാൽ, 2019-ലെ കണക്കുപ്രകാരം കേരളത്തിലെ കോടതികളിൽ 16.83 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയിൽ പന്ത്രണ്ടര ലക്ഷത്തോളം ക്രിമിനൽ കേസുകളാണ്. കോടതികളിൽ കെട്ടിക്കിടക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണ്. അവയിലുള്ളത് നീതിക്കുള്ള നിലവിളിയാണ്. അവ പരിഹരിക്കപ്പെടാതെ പോകുന്നത് മനുഷ്യാവകാലംഘനവുമാണ്. അതേ കോടതിയിൽ കേസുകൾ വേഗത്തിലെടുക്കാൻ പരാതി നൽകുകയാണ് മാർഗം. പരിഹാരമില്ലെങ്കിൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകണം. സിവിൽ കോടതികളിൽ നടപടിക്രമത്തിന്റെ സങ്കീർണതകളാണ് കേസുകൾ തീർപ്പാകാൻ കാരണം. ക്രിമിനൽ കോടതികളിൽ കേസുകളുടെ ബാഹുല്യവും.  

ആരോഗ്യം, ചികിത്സ
ആരോഗ്യം മനുഷ്യാവകാശമാണെന്ന് ലോകാരോഗ്യസംഘടന ഓർമിപ്പിക്കുന്നു. സാമ്പത്തികബാധ്യതയില്ലാതെ അത് ലഭ്യമാവുക പ്രധാനമാണെന്നും. ശുദ്ധജലം, പോഷകാഹാരം, പാർപ്പിടം ഇവയെല്ലാം അതിന്റെ അനുബന്ധഘടകങ്ങളാണെന്നും ഡബ്യു.എച്ച്.ഒ. പറയുന്നു.
 
അനുവദനീയമല്ലാത്ത, ഏകീകൃതമല്ലാത്ത പിശോധനാനിരക്കുകൾ, ഒരേ അസുഖത്തിന് തന്നെ വ്യത്യസ്തവിലയുള്ള മരുന്നുകൾ; സ്വകാര്യമേഖലയെ ആശ്രയിക്കുന്നവർ നേരിടേണ്ടിവരുന്ന അവസ്ഥയ്ക്ക് ഇന്നും മാറ്റമില്ല. ഇവയെ നേരിടാൻ ഫലപ്രദമായ നിയമവുമില്ല.

വഴിമുടക്കും കുരുക്കുകൾ
ഗുരുതരാവസ്ഥയിലായ രോഗിയെ കൊച്ചിനഗത്തിലെ ആശുപത്രിയിലെത്തിക്കാൻ സമീപപ്രദേശത്തിലുള്ളവർക്ക് എത്ര സമയം വേണം. ഒരു നിശ്ചയവുമില്ല. സഞ്ചാരസ്വാതന്ത്ര്യം ഭരണഘടനയിലുണ്ടെങ്കിലും റോഡുകൾ പലപ്പോഴും വഴിമുടക്കികളാകുന്നു. റോഡ് നിറയുന്ന പ്രകടനങ്ങളും കവലകൾ സംഘർഷഭൂമിയാക്കുന്ന സമരങ്ങളും നൽകുന്ന ദുരിതം വേറെയും. വാഹനപ്പെരുക്കവും  മോശം ഡ്രൈവിങ്ങും ഇതിനു കാരണമാകുന്നു. ഇവയെല്ലാം ചേർന്ന് ദിവസം 12 ജീവനുകൾ പൊലിയാനും 125 പേർക്ക് പരിക്കേൽക്കാനും(2019-ൽ കേരളത്തിലെ കണക്ക്)കാരണമാകുന്നു.

പരിധിയുണ്ട് ശബ്ദത്തിനും
ശബ്ദത്തിനും പരിധിയുണ്ട്. ശബ്ദശല്യ ക്രമീകരണനിയന്ത്രണ ചട്ടമനുസരിച്ച് വാണിജ്യമേഖലകളിൽ പരമാവധി പകൽ 65ഡെസിബെലും രാത്രി 55 ഡെസിബെലുമാണ് അനുവദനീയം. താമസമേഖലകളിൽ ഇത് യഥാക്രമം 55-ഉം 45-ഉം ആണ്. രാത്രി പത്തിനും ആറിനുമിടയിൽ ഉച്ചഭാഷിണി പാടില്ലെന്നുമുണ്ട്.

ഇന്ത്യൻ ശിക്ഷാനിയമമനുസരിച്ച് പൊതുശല്യമായി കണക്കാക്കാവുന്ന കുറ്റമാണ് ശബ്ദശല്യം. അയൽക്കാരനെ ബുദ്ധിമുട്ടിക്കുന്നരീതിയിൽ ഉച്ചത്തിൽപാട്ടുവെച്ചാലും  റോഡിൽ അനാവശ്യമായി ഹോണടിച്ചാലും പൊതുശല്യമായി കണക്കാക്കാം.
പിഴ 200 രൂപ മാത്രം. പോലീസ് ആക്ട് 32-ാം വകുപ്പനുസരിച്ചും 200 രൂപ പിഴ ഈടാക്കാം.

വേണം ശുദ്ധജലവും
ഇന്ത്യയിൽ 50ശതമാനം ജനങ്ങൾക്ക് മാത്രമേ ശുദ്ധജലം ലഭിക്കുന്നുള്ളൂവെന്ന് യൂണിസെഫ് കണക്കാക്കുന്നു. 19ലക്ഷം വീടുകളിൽ ലഭിക്കുന്ന വെള്ളത്തിൽ ഫ്ളൂറൈഡോ, ആർസെനിക്കോ പോലുള്ള മാരകമാലിന്യങ്ങൾ കലർന്നിട്ടുണ്ടെന്നും നിരീക്ഷണമുണ്ട്. കേരളത്തിൽ സ്ഥിതി ഇത്രയും ഗുരുതരമല്ലെങ്കിലും വേനലിൽ കുടിവെള്ളം ലഭിക്കാത്തതും മഴക്കാലത്ത് ജലം മലിനമാകുന്നതുമായ പ്രദേശങ്ങൾ സംസ്ഥാനത്തും ഏറെയുണ്ട്.

ഭീതിയില്ലാതെ വാസം
ഓരോ സ്ഫോടനത്തിലും വിണ്ടുകീറുന്ന ചുമരുനോക്കി നിസ്സഹായരായി കഴിയുന്ന ആയിരങ്ങൾ സംസ്ഥാനത്തുണ്ട്. പരാതിപ്പെട്ടാൽ പണവും അധികാരവുമുപയോഗിച്ച് നിശ്ശബ്ദമാക്കും. വിറ്റൊഴിഞ്ഞുപോകാമെന്ന് കരുതിയാൽ ക്വാറിക്കടുത്ത വീടിന് വിലയുംകിട്ടില്ല. ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ ക്വാറിയുടമകളുടെ കണ്ണുമുണ്ടാകും.

 കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ 750 അംഗീകൃതക്വാറികളാണുള്ളത്. എന്നാൽ, പ്രവർത്തിക്കുന്നത് 5924 എണ്ണമാണ്. 1983-നും 2015-നുമിടയിൽ കേരളത്തിലുണ്ടായ 78 ഭൂചനങ്ങൾ ക്വാറികളുടെ ഒരു കിലോമീറ്റർ ചുറ്റളവിലായിരുന്നെന്നും പഠനങ്ങൾ വെളിപ്പടുത്തുന്നു.

​സൈബർ ആക്രമണം - 2500

സ്ത്രീകളോടുള്ള അതിക്രമത്തിന്‌ ​സൈബർ സെല്ലിനുമുന്നിൽ ഒരു വർഷമെത്തുന്നത്‌ 2500-ലേറെ പരാതികൾ

ശബ്ദ മലിനീകരണം - 55db

പകൽ അനുവദനീയമായത്‌.

വായു മലിനീകരണം - 21

അന്തരീക്ഷ മലിനീകരണത്തിൽ മുന്നിൽനിൽക്കുന്ന ലോകത്തിലെ 30 നഗരങ്ങളിൽ 21 എണ്ണം ഇന്ത്യയിലാണ്. കേരളവും പിന്നിലല്ല.

കുടിവെള്ളം - 29.5%

ദേശീയ സാമ്പിൾ സർവേ പ്രകാരം കേരളത്തിൽ 29.5ശതമാനം വീടുകളിൽ മാത്രമേ ശുദ്ധമായ കുടിവെള്ളം ലഭ്യമായുള്ളൂ.

വ്യവഹാരങ്ങൾ - 16.83

കേരളത്തിലെ കോടതികളിൽ 16.83 ലക്ഷം കേസുകൾ കെട്ടിക്കിടക്കുന്നു

പൊതുശൗചാലയം - ഭരണഘടന 21, 47

അനുച്ഛേദങ്ങൾ പ്രകാരം പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ഭരണകൂടങ്ങളുടെ ചുമതല   - ബോംബെ ​ഹൈക്കോടതി