• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Features
More
Hero Hero
  • Politics
  • Web Exclusive
  • Sports
  • Open Forum
  • Literature
  • Weekend
  • Women and Children
  • Movies
  • Technology
  • Auto
  • Agriculture

സുരക്ഷിതമല്ലാത്ത ഒരു വര്‍ഷം കൂടി

Thummarukudy
Dec 26, 2016, 01:12 PM IST
A A A

ലോകത്തെ മൊത്തം കാര്യമെടുത്താല്‍ 2016 അല്‍പം നല്ല വര്‍ഷമായിരുന്നു. മെഗാ ഡിസാസ്റ്റര്‍ (പതിനായിരത്തിലധികം പേര്‍ മരിക്കുന്നത്) ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം ആളുകള്‍ മരിക്കുന്നതു പോലും 2016-ല്‍ ഉണ്ടായിട്ടില്ല.

# മുരളി തുമ്മാരുകുടി
Puttingal
X

ഡിസംബര്‍ 26 ഇന്ത്യന്‍ ഓഷ്യന്‍ സുനാമിയുടെ വാര്‍ഷികദിനമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തം ആണിത്. ഇന്തൊനീഷ്യ മുതല്‍ സൊമാലിയ വരെയുള്ള രാജ്യങ്ങളെ അതു ബാധിച്ചു. 2,50,000 ആളുകള്‍ മരിക്കുകയും ചെയ്തു. പുതിയ ദുരന്തങ്ങള്‍ ഉണ്ടാകുന്നതു നാം പഴയ ദുരന്തങ്ങളില്‍നിന്ന് ഒന്നും പഠിക്കാത്തതിനാലാണ്. അതുകൊണ്ടു തന്നെ, ഓരോ ഡിസംബര്‍ ഇരുപത്താറും ആ വര്‍ഷം ലോകത്തു മൊത്തം ഉണ്ടായ ദുരന്തങ്ങളെ അവലോകനം ചെയ്തു കേരളത്തിന് എന്തു പഠിക്കാന്‍ പറ്റുമെന്നു ഞാന്‍ നോക്കും. ഈ വര്‍ഷത്തെ അവലോകനം ആണിവിടെ.

ലോകത്തെ മൊത്തം കാര്യമെടുത്താല്‍ 2016 അല്‍പം നല്ല വര്‍ഷമായിരുന്നു.  മെഗാ ഡിസാസ്റ്റര്‍ (പതിനായിരത്തിലധികം പേര്‍ മരിക്കുന്നത്) ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം ആളുകള്‍ മരിക്കുന്നതു പോലും  2016-ല്‍ ഉണ്ടായിട്ടില്ല. ഇതൊരു നല്ല കാര്യമാണെങ്കിലും പ്രത്യേകിച്ചെന്തെങ്കിലും സുരക്ഷാ നയത്തിന്റേയോ മുന്‍ കരുതലുകളുടെയോ ഒന്നും ഫലമല്ല. ചില വര്‍ഷങ്ങള്‍ അങ്ങനെ ആകുന്നെന്നു മാത്രം. എന്നാലും സംഭവിക്കാതിരുന്നത് ഭാഗ്യം തന്നെ.

ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തം മാത്യു ചുഴലിക്കാറ്റ് ആയിരുന്നു. ഹെയ്തി തൊട്ട് അമേരിക്ക വരെ ഇതിന്റെ ആഘാതം ഉണ്ടായി.  ഹെയ്തിയുടെ ദക്ഷിണ മേഖലയില്‍ ഇതു വ്യാപകമായ നാശം വിതച്ചു. കടല്‍ത്തീരത്തുള്ള ആയിരക്കണക്കിനു വീടുകളും മറ്റു കെട്ടിടങ്ങളും എല്ലാം പൂര്‍ണ്ണമായോ ഭാഗികമായോ കൊടുങ്കാറ്റില്‍ തകര്‍ന്നു. കൃഷിഭൂമിയിലെയും വനഭൂമിയിലെയും  മരങ്ങള്‍ നിലംപൊത്തി. 2010-ലെ ഭൂകമ്പത്തില്‍നിന്നു പതുക്കെ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന ഹെയ്തിക്ക്് ഇതുവലിയ തിരിച്ചടിയായി.

ചുഴലിക്കാറ്റുകള്‍ ഏറെക്കുറെ സാധാരണമായ രാജ്യമാണ് ഹെയ്തി. ചുഴലിക്കാറ്റുകള്‍ക്കെതിരെ സ്വാഭാവികമായ പ്രതിരോധം തീര്‍ക്കുക എന്നതു സാധാരണഗതിയില്‍ സാധ്യമല്ല. തീരദേശത്തെ സ്ഥലവിനിയോഗത്തിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കുക, കടലില്‍നിന്നു കുറച്ചു ദൂരം മാറി വീടുകള്‍ ഉണ്ടാക്കുക, കടല്‍ത്തീരത്തെ റോഡുകളും മറ്റു സ്ഥാപനങ്ങളും  കടല്‍വെള്ളപ്പൊക്കം(storm surge) സാധാരണഗതിയില്‍ എത്തുന്ന ഉയരത്തിലും അകലത്തിലും അപ്പുറത്തു സ്ഥാപിക്കാന്‍ ശ്രദ്ധിക്കുക ... ഇതൊക്കെയാണ് ഇതിനെതിരെ നമുക്കു ചെയ്യാവുന്ന കാര്യങ്ങള്‍. കൊടുങ്കാറ്റിനെതിരെ ഉള്ള മുന്നറിയിപ്പു സംവിധാനങ്ങള്‍, മുന്നറിയിപ്പു കിട്ടിയാല്‍ ആളുകള്‍ക്കു മാറിത്താമസിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങള്‍. ഇവയെല്ലാം സജ്ജീകരിക്കുകയും വേണം. ആഗോളതാപനം കൂടിവരുന്ന കാലത്തു ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും കൂടിക്കൂടി വരും. അതുകൊണ്ടു തന്നെ ഈ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ എല്ലാം കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്.

അറബിക്കടല്‍ അധികം കൊടുങ്കാറ്റുകള്‍ രൂപം കൊള്ളുന്ന സ്ഥലമല്ല. കേരളത്തില്‍ വലിയ കൊടുങ്കാറ്റുകള്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പക്ഷെ, അടുത്തയിടയായി ഒമാനിലും മറ്റും കൊടുങ്കാറ്റുകള്‍ കൂടുതല്‍ സാധാരണമാവുകയാണ്. കാലാവസ്ഥാവ്യതിയാനം കേരളത്തില്‍ കൂടുതല്‍ കാറ്റുകള്‍ ഉണ്ടാക്കാന്‍  സാധ്യതയുണ്ട്. ദേശീയ ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതിയില്‍ പെടുത്തി കേരളവും സുരക്ഷാ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാലും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ നമുക്കു കൂടുതല്‍ ബോധവല്‍ക്കരണം വേണ്ടതാണ്. തീരദേശത്തെ സ്ഥലവിനിയോഗത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധയും നിര്‍ബന്ധബുദ്ധിയും കാണിക്കുകയും വേണം. തീരദേശത്തു നിയമം അനുസരിച്ചോ ലംഘിച്ചോ ഒക്കെ കെട്ടിടങ്ങള്‍ പണിത് അതു വലിയ മിടുക്കായി കാണുന്നവര്‍ക്കൊക്കെ ഏതെങ്കിലും സമയത്തു പ്രകൃതിയുടെ തിരിച്ചടി കിട്ടും എന്നതില്‍ സംശയമില്ല. ഹെയ്തിയിലെ തീരദേശത്തു വീടുകളും ഹോട്ടലുകളുമെല്ലാം പൂര്‍ണ്ണമായി തകര്‍ന്നു കിടക്കുന്നതു കാണുമ്പോള്‍ നാട്ടില്‍ പലപ്പോഴും ഈ വിഷയം ഒരു കോടതി വിഷയമായി കണക്കാക്കുന്നതു കണ്ട് വിഷമം തോന്നാറുണ്ട്.
 
ഇന്ത്യയുടെ കാര്യത്തിലും ഒരു പരിധിവരെ നല്ല വര്‍ഷമായിരുന്നു  2016. ഏറെ മരണങ്ങള്‍ ഉണ്ടാക്കിയ  പ്രകൃതിദുരന്തങ്ങള്‍  ഒന്നുമുണ്ടായില്ല. കാണ്‍പൂരിലുണ്ടായ റെയിലപകടമാണ് കൂട്ടത്തില്‍ ഏറ്റവും വലുത്. നൂറിലേറെപ്പേര്‍ മരിച്ചു. ട്രെയിന്‍ പാളം തെറ്റുന്നതുപോലെയുള്ള അപകടങ്ങള്‍ ഇന്ത്യയില്‍ കുറഞ്ഞു വരുന്നതിനിടക്കാണ് അസ്വാഭാവികമായി ഈ അപകടമുണ്ടായത്. ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ വാര്‍ദ ചുഴലിക്കാറ്റ് ഏറെ നഷ്ടം ഉണ്ടാക്കിയെങ്കിലും മുന്നറിയിപ്പും മുന്നൊരുക്കങ്ങളും കാരണം അധികം മരണം ഉണ്ടാക്കിയില്ല. കേരളത്തിലെ തീരദേശനിയമം പാലിക്കാന്‍ നിയോഗിച്ചിരിക്കുന്ന വിഭാഗത്തിലെ ആളുകളും നഗരവികസനത്തിലെ ഉദ്യോഗസ്ഥരുമെല്ലാം പറ്റിയാല്‍ ചെന്നൈയില്‍ പോയി ചുഴലിക്കാറ്റുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ടു കാണേണ്ടതാണ്.

കേരളത്തിന്റെ കാര്യമെടുത്താല്‍ സ്ഥിതി നേരെ തിരിച്ചാണ്. സമീപകാല കേരളചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണു പുറ്റിങ്ങലിലുണ്ടായത്. 112 പേര്‍ മരിച്ചു. ഏറെപ്പേര്‍ക്കു പരിക്കു പറ്റി. മുമ്പ് സുനാമിയിലാണ് ഇതിലധികം പേര്‍ മരിച്ചത്. പക്ഷെ, അത് പാറശ്ശാല മുതല്‍ ചാവക്കാടുവരെ 300 കിലോ മീറ്റര്‍ ദൂരത്തിനകത്തായിരുന്നല്ലോ. എന്നാലിത് 500 മീറ്റര്‍ ചുറ്റളവിലാണ് നൂറു മരണങ്ങള്‍ നടന്നത്. കുറെ പേരെങ്കിലും ജീവിതകാലം മുഴുവന്‍ ഈ അപകടത്തിന്റെ പരിക്കുമായി ജീവിതം കഴിക്കേണ്ടി വരും. 

ഞാനെപ്പോഴും പറയാറുള്ളതുപോലെ അപകടങ്ങള്‍ ഉണ്ടാകുന്നുവെന്നതു മാത്രമല്ല ദുരന്തം. അവയില്‍നിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നതാണ്. അതിന്റെ ഫലമായി അപകടങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. വെടിക്കെട്ടപകടം തന്നെയെടുത്താല്‍ 1952-ലെ ശബരിമല വെടിക്കെട്ടപകടം മുതല്‍ എത്രയോ തവണ ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ സംഭവിച്ചിരിക്കുന്നു. എന്നാലും  2017- ല്‍ ഇങ്ങനൊരപകടം ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാനുള്ളത്ര മാറ്റങ്ങള്‍ പോലും ഈ രംഗത്തു നാം ഉണ്ടാക്കിയിട്ടില്ല. പുറ്റിങ്ങല്‍ അപകടമുണ്ടായ ഉടന്‍ തന്നെ മന്ത്രിമാരുടെ ഉപസമിതി  ഉണ്ടാക്കിയിരുന്നു. മന്ത്രിസഭ മാറിയതില്‍പ്പിന്നെ അതിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. ഒരു ജഡ്ജിയെ അന്വേഷണക്കമ്മീഷനായി നിയമിച്ചു. അതിനെപ്പറ്റി പിന്നീട് നാം കേള്‍ക്കുന്നത് അദ്ദേഹം രാജിവെക്കുമെന്ന് പറഞ്ഞപ്പോഴാണ്. ഇതിനുമുമ്പും എത്രയോ അപകടങ്ങളുടെ പേരില്‍ ജുഡീഷ്യല്‍ കമ്മീഷനുകള്‍ ഉണ്ടായിരിക്കുന്നു. പക്ഷെ, അതിന്റെ ശുപാര്‍ശകള്‍ നടപ്പാക്കുന്നില്ല. അതു കൊണ്ടു തന്നെ ഇനിയിപ്പോള്‍ അന്വേഷണ കമ്മീഷന്‍ അന്വേഷണമൊക്കെ നടത്തി കുറ്റക്കാരെ  കണ്ടുപിടിക്കുകയോ സുരക്ഷാ ശുപാര്‍ശകള്‍ നടത്തുകയോ ചെയ്താലും എന്തു മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്?.

നമുക്കു വേണ്ടതു നിയമാധികാരമുള്ള ഒരു സംസ്ഥാന സുരക്ഷാ  അതോറിറ്റിയാണ്. ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും അതിന്റെ സാധ്യതയും തീവ്രതയുമനുസരിച്ചു മൂലകാരണം കണ്ടുപിടിക്കാനുള്ള പ്രൊഫഷണലായ അന്വേഷണം നടത്താന്‍ സാങ്കേതിക കഴിവും അധികാരവും ആ അതോറിറ്റിക്ക് ഉണ്ടാകണം. അതോറിറ്റിയുടെ നിരീക്ഷണങ്ങള്‍ കൃത്യമായി ഏതെങ്കിലുമൊക്കെ സര്‍ക്കാര്‍ വകുപ്പുകളുടെ ഉത്തരവാദിത്തമായിരിക്കണം. ഈ ശുപാര്‍ശകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ വകുപ്പുകള്‍ നിയമം മൂലം നിര്‍ബന്ധിതരായിരിക്കണം. അവരങ്ങനെ ചെയ്യാതിരുന്നാല്‍ അതിനവരെ നിര്‍ബന്ധിക്കാന്‍ പൗരന്മാര്‍ക്കു കഴിയണം. ഇത്രയൊക്കെ ഉണ്ടാകുമ്പോഴാണ് അന്വേഷണം ഫലപ്രദമാകുന്നത്. ഇതൊന്നും വലിയ പുതുമയുള്ള കാര്യങ്ങളല്ല. സുരക്ഷ ഗൗരവമായെടുക്കുന്ന രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലെയും സാധാരണ നാട്ടുനടപ്പാണ്.

വന്‍ അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമല്ല ശരിക്കും കേരളത്തിലെ സുരക്ഷാവീഴ്ച മൂലമുള്ള മരണങ്ങളിലെ പ്രധാന കുറ്റവാളി. കേരളം സ്റ്റേറ്റ്  ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു കേരളത്തില്‍ വിവിധ അപകടങ്ങളിലായി 8635 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ 4196 പേര്‍ റോഡപകടങ്ങളിലാണ്  മരിച്ചത്. കേരളത്തിലെ 2016-ലെ ജനസംഖ്യ മൂന്നുകോടി മുപ്പത് ലക്ഷമായി പ്രൊജക്റ്റ്  ചെയ്താല്‍ ഒരാള്‍ അപകടമരണത്തില്‍ പെടാനുള്ള സാധ്യത ഒരു ലക്ഷത്തിന് 28 ആണ്. അല്ലെങ്കില്‍ മൂവായിരത്തില്‍ ഒന്ന്. ഇതത്ര വലിയ സംഖ്യയല്ലെന്നു തോന്നാം. 25000 പേരുള്ള എന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് ശരാശരി ഏഴു പേര്‍ കഴിഞ്ഞ വര്‍ഷം വിസ കാലാവധി തീരാതെ തന്നെ സ്ഥലം വിട്ടു കാണണം എന്നര്‍ത്ഥം. അതില്‍ കുറച്ചു പേരെ  എനിക്കറിയാം. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് അപകടത്തില്‍പെട്ടു കാലിന് ഒടിവുപറ്റി ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കാറിന്റെ പിന്‍സീറ്റില്‍ ആയതിനാല്‍ ബെല്‍റ്റ് ഇടാതിരുന്നതാണു കുഴപ്പമായത്. കാറിന്റെ മുന്നിലിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. നിസ്സാരമായ ചെറിയ പിഴവുകളില്‍നിന്നാണ് പലപ്പോഴും ചെറിയ അപകടങ്ങള്‍ വലിയ ദുരന്തങ്ങളിലേക്ക് നീങ്ങുന്നത്.

കേരളത്തിലെ മൊത്തം സുരക്ഷാ സംവിധാനങ്ങള്‍ മാറി ആളുകള്‍ സുരക്ഷിതരാകാന്‍ കുറെ നാളെടുക്കും.  അപ്പോള്‍ 2017 -ലും മരണസംഖ്യ ഏതാണ്ട് ഇത്രയൊക്കെത്തന്നെ ആയിരിക്കും. അപ്പോള്‍ എന്റെ സുഹൃത്തുക്കളെല്ലാം ഇതു വായിക്കുന്നുണ്ടെങ്കില്‍ ഞാനുള്‍പ്പെടെയുള്ളവരില്‍ നിന്നും ഏഴുപേരുടെ (ചിലപ്പോള്‍ അതിലധികവും) കാര്യം  പോക്കാണ്. 

സുരക്ഷയെപ്പറ്റി അടിസ്ഥന ബോധമില്ലാത്ത ഈ സംസ്‌കാരത്തിനിടയിലും  സ്വന്തം സുരക്ഷ നോക്കാന്‍ നമുക്കു സാധിക്കും. ഇനി പറയുന്ന പത്തു കാര്യങ്ങള്‍ വള്ളിപുള്ളി വിടാതെ അങ്ങുചെയ്താല്‍ നമ്മുടെ മരണ സാധ്യത  ഏറെ കുറയും.

1. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ യാത്ര അരുത് !
2. കാറില്‍ കയറിയാലുടന്‍ മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും സീറ്റ് ബെല്‍റ്റിടുക. കുട്ടികള്‍ക്ക് ഒരു ഇന്‍ഫന്റ്‌സീറ്റ് വാങ്ങി ഉപയോഗിക്കുക. 
3. ഡ്രൈവര്‍ (അതു സ്വന്തം ഭര്‍ത്താവാണെങ്കില്‍ പോലും) മദ്യപിച്ചിട്ടുണ്ടെന്ന് ഒരു സൂചന കിട്ടിയാല്‍പ്പിന്നെ ആ വാഹനത്തില്‍ യാത്ര ചെയ്യാതിരിക്കുക.
4. രാത്രി പത്തിനും രാവിലെ നാലിനുമിടയില്‍ റോഡ് യാത്ര ഒഴിവാക്കുക.
5. ജലസുരക്ഷയെപ്പറ്റി നല്ല ബോധമുള്ള ആരെങ്കിലും കൂടെയില്ലെങ്കില്‍ വെള്ളത്തില്‍ കുളിക്കാനോ കളിക്കാനോ പോകാതിരിക്കുക. 
6. ഒരുകാരണവശാലും ഓടുന്ന ട്രെയിനില്‍ ചാടിക്കയറുകയോ അതില്‍നിന്നു ചാടിയിറങ്ങുകയോ ചെയ്യാതിരിക്കുക.
7. നമ്മള്‍ പരിചയിച്ചിട്ടില്ലാത്ത പണികള്‍(ഇലക്ട്രിക് റിപ്പയറിംഗ്, കിണര്‍ വൃത്തിയാക്കല്‍ തുടങ്ങിയവ) ചെയ്യാന്‍
 ശ്രമിക്കാതിരിക്കുക. 
8. ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ മടി കൂടാതെ ഉപയോഗിക്കുക.
9. അപകട സാഹചര്യം വന്നാല്‍ സ്വന്തം സുരക്ഷ നോക്കാതെ മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുക.
10. നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധ കൊണ്ടും നമുക്കപകടം ഉണ്ടാകാമെന്നതിനാല്‍ ഉടന്‍തന്നെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും എടുത്തുവെക്കുക.

സുരക്ഷിതമായ 2017 ആശംസിക്കുന്നു. ജീവനോടെയുണ്ടെങ്കില്‍ 2018 ലേക്കുള്ള ആശംസകളുമായി 2017 ഡിസംബറില്‍ വീണ്ടും കാണാം.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണു മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്, ഐക്യരാഷ്ട്ര സഭയുടേതാകണമെന്നില്ല)

 

PRINT
EMAIL
COMMENT
Next Story

മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ മുഖമില്ലാത്തവർ ഞാൻ ഒരു സാധാരണ വീട്ടമ്മ

‘‘സാമൂഹികമാധ്യമങ്ങളിൽ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. .. 

Read More
 

Related Articles

കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നത് ആയിരത്തിലധികം പേര്‍- മുരളി തുമ്മാരുകുടി
Social |
Health |
ആരോഗ്യ പ്രവര്‍ത്തകര്‍ സ്വന്തം ആരോഗ്യം പണയം വച്ച് സംരക്ഷിക്കുന്നതാണ് നമ്മുടെ ആരോഗ്യം
Health |
കൊറോണക്കാലത്ത് വിമാനയാത്ര ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടി പറയുന്നു
Health |
മരണവുമായി എത്തുന്ന കൊറോണയുടെ രണ്ടാം ഇന്നിങ്സ്
 
More from this section
laya
മറഞ്ഞിരുന്ന് ആക്രമിക്കുന്നവർ മുഖമില്ലാത്തവർ ഞാൻ ഒരു സാധാരണ വീട്ടമ്മ
teacher
മാറുന്ന കാലത്തെ അധ്യാപക നിയമനം
Thozhilurappu padhathi
തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ ഇന്ത്യയുടെ ജീവനാഡി
Myanmar
സർവരാജ്യ ജനാധിപത്യവാദികളേ ഉറക്കെക്കരയൂ...
barbara demick
നിലവിളിക്കുന്ന ബുദ്ധൻ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.