ഭാരതത്തില്‍ എന്‍ ജി ഒമാരുടെ 'അതിപ്രസരം' തന്നെയുണ്ടെന്ന് പറയാം. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും വൃദ്ധകള്‍ക്കും അനാഥര്‍ക്കും മൃഗങ്ങള്‍ക്കും വേണ്ടി അങ്ങനെ പോകുന്നു. മതംമാറ്റത്തിന് വേണ്ടിയുമുണ്ട്. ഇവര്‍ക്കെല്ലാം വിദേശ സഹായവും യഥേഷ്ടം ലഭിക്കും. വളരെ ചുരുക്കം പേര്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമ്പോള്‍( സര്‍ക്കാരിന് കണക്കു ബോധിപ്പിച്ച്) വലിയൊരു വിഭാഗം സ്വാര്‍ഥ താത്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു-കാശ് കീശയിലേക്ക് പോകുന്നു.

മാത്രമല്ല, മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനുമൊക്കെ ആത്മാര്‍ഥമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ ആത്മാര്‍ഥത കുറച്ച് കൂടിപ്പോയില്ലേ എന്നൊരു സംശയം എനിക്കുണ്ട്. ഇത് എന്റെ ഒരു തോന്നലല്ല; സത്യമാണ്. ഉദാഹരണമായി, ബാലാവകാശ കമ്മീഷന്റെ അഭിപ്രായത്തില്‍ അവര്‍ നിശ്ചയിച്ച പ്രായത്തിനു താഴെയുള്ളവര്‍ കുട്ടികളാണെന്നും അവര്‍ എത്ര വലിയ തെറ്റു ചെയ്താലും അവര്‍ക്ക്  നല്‍കേണ്ടത് 'ടോക്കന്‍ ശിക്ഷ' മതിയെന്നാണ്. ഇവര്‍ക്ക് കുട്ടികളെ അറിയില്ലെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മുടെ നിര്‍ഭയയുടെ യാതന ഒന്ന് ഓര്‍മിക്കുക. അവള്‍ അനുഭവിച്ച യാതന, അവളെ ഹീനമായി ഉപയോഗിച്ചത് കൂട്ടത്തിലുണ്ടായിരുന്ന ഈ കുട്ടിക്കുറ്റവാളിയാണ്. 

ഇന്നത്തെ കുട്ടികളില്‍ പലരും 'പിഞ്ചിലേ പഴുത്തവരാണ്'. ടി വി, സീരിയല്‍, ഇന്റര്‍നെറ്റ്, സിനിമ എന്നിവ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പഠിപ്പിക്കുന്നു. മുപ്പതു വര്‍ഷം മുമ്പത്തെ ഒരു കാര്യം പറയാം. എനിക്ക് അറിയാവുന്ന ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു. എല്‍ കെ ജിയിലായിരുന്നു അവന്‍ പഠിച്ചിരുന്നത്.

ഒപ്പം പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ അവന് വളരെ ഇഷ്ടമായിരുന്നു. ആ കുട്ടിയുടെ കാര്യം അവന്‍ വീട്ടില്‍ പറയാറുണ്ടായിരുന്നു. എല്‍ കെ ജിയില്‍നിന്ന് പാസായി യു കെ ജിയില്‍ എത്തിപ്പോള്‍ അവന്‍ വീട്ടിലെത്തി പറഞ്ഞു. ആ പെണ്‍കുട്ടിയും എന്റെ ക്ലാസ്സിലാണെന്ന്. ഇത് കേട്ടപ്പോള്‍ എന്റെ സഹോദരി ചോദിച്ചു; എന്താ നീ എപ്പോഴും അവളുടെ കാര്യം പറയുന്നതെന്ന്.

അപ്പോള്‍ അവന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ആന്റി എന്നെ തെറ്റിദ്ധരിക്കേണ്ട. i dont love her, i like her. ഒരു യു കെ ജിക്കാരന് ഇഷ്ടവും പ്രണയവും തമ്മില്‍ വേര്‍തിരിച്ച് അറിയാന്‍ സാധിക്കുന്നു. ഞങ്ങള്‍ ആകെ ഞെട്ടിപ്പോയി. എന്നാല്‍ ഇന്ന് ചാനലുകള്‍ കൊച്ചുകുട്ടികളെ കൊണ്ട് ബോയ് ഫ്രണ്ടെന്നും ഗേള്‍ ഫ്രണ്ടെന്നും പറഞ്ഞ് പരിപാടികള്‍ നടത്തുന്നു. സീരിയലുകള്‍ പലതും കാണിക്കുന്നത് എന്താണ്?

മനുഷ്യാവകാശത്തെ കുറിച്ച് പറയുമ്പോള്‍ എന്റെ മനസ്സിലേക്ക് എത്തുന്നത്  കുറേ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു കാര്‍ട്ടൂണാണ്. കാര്‍ട്ടൂണിസ്റ്റ് രാഘവന്‍ നായരുടെ ഒരു സൃഷ്ടിയാണ്. കാര്‍ട്ടൂണ്‍ ഇങ്ങനെ: കള്ളന്‍ കസേരയില്‍ ഇരിക്കുന്നു.

കപ്പടാ മീശക്കാരന്‍ കോണ്‍സ്റ്റബിള്‍ താഴെ നിലത്തിരുന്ന് അവനോട് യാചിക്കുന്നു.- മോനേ പറയടോ, നീയെന്തിനാ ആ കുറ്റകൃത്യം ചെയ്തത്? മോഷണദ്രവ്യം എവിടെയാണ്. എനിക്ക് നിന്നെ ദേഹോപദ്രവം എല്‍പിക്കാം. എന്നാല്‍ അതിന് ഞങ്ങള്‍ക്ക് വിലക്കുണ്ട്. മനുഷ്യാവകാശക്കാര്‍ അറിഞ്ഞാല്‍ എന്റെ തൊപ്പി തെറിക്കും. എന്റെ കുടുംബം വഴിയാധാരമാകും.സഹായിക്കൂ മോനേ... 

ഇതെഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് കശ്മീരിലെ കല്ലെറിയുന്ന പിള്ളേരെയും ഭീകരവാദികള്‍ക്കു വേണ്ടി വാദിക്കുന്നവരെയുമാണ്. വാചകമടിക്കുന്നവര്‍ ചെയ്യുന്നത് എ സി മുറിയിലിരുന്ന് അഭിപ്രായം പാസാക്കി വിടുകയാണ്. അവര്‍ക്ക് കല്ലേറും ആക്രമണവും നേരിടേണ്ടി വരാറില്ല. 

നമ്മുടെ വനിതാ കമ്മീഷന്‍ വളരെ കാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പക്കല്‍ സഹായത്തിനെത്തുന്നവരെയും ചിലസമയത്ത് സ്വമേധയാ കേസെടുത്തും അവര്‍ സഹായിക്കാറുണ്ട്. പല കേസുകളിലും അവരുടേത് ന്യായമായ ഇടപെടലാണ്. പക്ഷെ എല്ലാത്തിലും അവര്‍ക്ക് തന്നെ വിജയം നേടണമെന്ന ഒരു വാശിയുണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ ഒരു യന്ത്രമല്ല. ഒരു മനുഷ്യസ്ത്രീയാണ്. അമ്മയാണ്. കുടുംബനാഥയാണ് എന്നുള്ളതൊക്കെ മറക്കുന്നു. ഒരു പെണ്‍കുട്ടിയെ ലാളിച്ച് വളര്‍ത്തി വലുതാക്കിയെടുക്കുന്നത് ഒരു നിസാരകാര്യമല്ല. ഒരു ത്യാഗമാണ്. 

ഇങ്ങനെ വളര്‍ത്തിയ കുട്ടി ഒരു സുപ്രഭാതത്തില്‍ ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോകുമ്പോള്‍ ആ അമ്മയുടെ ജീവിതം എന്താകും?  അവര്‍ അനുഭവിക്കുന്ന ദുരിതമോ? അത്തരത്തില്‍ ഒരു അനുഭവം എനിക്കറിയാം. മുംബൈയിലെ ഒരു സിനിമാ നിര്‍മാതാവ്. ഒറ്റമകളായിരുന്നു അദ്ദേഹത്തിന്‌. ഭര്‍ത്താവിനൊപ്പം  ഡല്‍ഹിയിലായിരുന്നു അവളുടെ താമസം. രണ്ടുകുട്ടികളുടെ അമ്മയുമായിരുന്നു അവള്‍. ഇടയ്ക്കിടയ്ക്ക് അവള്‍ ഒരു ധ്യാനകേന്ദ്രത്തില്‍ പോകാറുണ്ടായിരുന്നു. അച്ഛനും അമ്മയും ഡല്‍ഹിയില്‍ എത്തുമ്പോള്‍ അവരും മകളെ ധ്യാനകേന്ദ്രത്തില്‍ അനുഗമിക്കാറുണ്ടായിരുന്നു. 

കുറച്ചു കഴിഞ്ഞപ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ആ പെണ്‍കുട്ടി ധ്യാനകേന്ദ്രത്തില്‍ ചിലവഴിക്കാന്‍ തുടങ്ങി. മാത്രമല്ല ധാരാളം പണവും അവള്‍ ധ്യാനകേന്ദ്രത്തിന് അവള്‍ നല്‍കാന്‍ തുടങ്ങി. കുട്ടികളെ ശ്രദ്ധിക്കാതായി. വീട്ടില്‍ വഴക്ക് തുടങ്ങി. അച്ഛനും അമ്മയും മകളെ ഉപദേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവള്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഭര്‍ത്താവും കുടുംബവും പൊറുതിമുട്ടി. ധ്യാനകേന്ദ്രം നടത്തുന്നയാള്‍ കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രൊഫസറായിരുന്നു. അവസാനം വീട്ടുകാര്‍ കേസ് കൊടുത്തു. അതോടെ മകള്‍ വനിതാ കമ്മീഷനെ സമീപിച്ചു. 

അവര്‍ ഇടപെട്ടു. മകള്‍ക്ക് പ്രായപൂര്‍ത്തിയായതുകൊണ്ട് വീട്ടുകാര്‍ ഇടപെടരുതെന്ന് കമ്മീഷന്‍ വിധി പ്രസ്താവിച്ചു. ഈ സമയത്താണ് മദ്രാസിലേക്ക് എന്നെ കാണാന്‍ സുഹൃത്ത് വന്നത്. മദ്രാസിലെ ധ്യാനകേന്ദ്രത്തിലെ മുഖ്യനെ കാണാന്‍ അദ്ദേഹം എന്നെയും കൊണ്ടുപോയി. മകളുടെ കാര്യം പറഞ്ഞ് മുഖ്യനോട് എന്റെ സുഹൃത്ത് അപേക്ഷിച്ചു. മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. പിന്നീട് ഒരാഴ്ചയോളം ഞാനും ആ ധ്യാനകേന്ദ്രത്തില്‍ പോയിരുന്നു.

കുറച്ചു നാളിനു ശേഷം ഞാന്‍ ഡല്‍ഹിക്കു പോയ സമയത്ത് സുഹൃത്ത് എന്നെ വന്നുകണ്ടു. മകളെ കാണാന്‍ പോകാന്‍ അദ്ദേഹം എന്നെയും കൂട്ടി.  ഞാനും അദ്ദേഹത്തിനൊപ്പം പോയി. ഒരു ലേഡീസ് ഹോസ്റ്റലിലായിരുന്നു അപ്പോള്‍ പെണ്‍കുട്ടി ഉണ്ടായിരുന്നത്. യാത്രയിലുടനീളം അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അദ്ദേഹം അകത്തേക്ക് പോയി. ഞാന്‍ പുറത്തിരുന്നു.വളരെ ദുഃഖിതനായാണ് അദ്ദേഹം തിരിച്ചിറങ്ങി വന്നത്. അവള്‍ യു കെയിലേക്ക് പോയി എന്നു പറഞ്ഞ് കരഞ്ഞു.

കുറച്ചു മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ചെന്നൈയിലെത്തി. മകള്‍ ഇപ്പോള്‍ അമേരിക്കയിലാണെന്നും പറഞ്ഞു. ഭര്‍ത്താവിനോ മാതാപിതാക്കള്‍ക്കോ അമേരിക്കയിലേക്ക് പോകാന്‍ വിസ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വക്കീല്‍ മുഖാന്തരം യു എസ് എംബസിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. അവളുടെയോ വക്കീലിന്റെയോ വിലാസവും നല്‍കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മക്കളില്ലാത്തതിനാല്‍ സുഹൃത്തിന്റെ ജ്യേഷ്ഠനും ഭാര്യയും ആ പെണ്‍കുട്ടിയെ ആണ് മകളായി കണ്ടിരുന്നത്. അവരുടെ മാനസികാവസ്ഥ ഊഹിക്കാമല്ലോ. ഇ അഹമ്മദായിരുന്നു അന്ന് വിദേശകാര്യസഹമന്ത്രി. എന്റെ സുഹൃത്തായിരുന്നു അദ്ദേഹം. അഹമ്മദിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. എന്റെ സുഹൃത്ത് ഡല്‍ഹിയില്‍ പോയി ഇ അഹമ്മദിനെ കണ്ടു. എങ്കിലും ഒന്നും നടന്നില്ല. 

എന്റെ സുഹൃത്തിന്റെ ഭാര്യ കിടപ്പിലായി. വനിതാ കമ്മീഷനു നേര്‍ക്കായിരുന്നു അവരുടെ പരാതി മുഴുവന്‍. ആ കുടുംബത്തോട് മകള്‍ക്കുള്ള ചുമതല കമ്മീഷന്‍ പറഞ്ഞു മനസ്സിലാക്കേണ്ടിയിരുന്നില്ലേ? ബ്രെയിന്‍ വാഷ് ചെയ്ത് മകളെ കബളിപ്പിച്ചതാണെന്നായിരുന്നു എന്റെ സുഹൃത്തിന്റെ സംശയം. അത് ശരിയാകാനാണ് സാധ്യതയെന്നാണ് എന്റെ വിശ്വാസം. കാരണം എന്റെ അനുഭവം തന്നെ. ഞാന്‍ ആ ധ്യാനകേന്ദ്രത്തില്‍ പോയിരുന്നു. 

മൂന്നുദിവസം, ഒരു മണിക്കൂര്‍ പരിശീലകന്റെ മുന്നില്‍ കണ്ണ് അടച്ചിരിക്കേണ്ടതായുണ്ട്. നെഗറ്റീവ് വൈബ്രേഷനെ നീക്കം ചെയ്യുക എന്നതാണ് ആ പരിപാടിയുടെ പേര്. രണ്ടാം ദിവസം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സ് ശൂന്യമായി. ഞാന്‍ ഞാനല്ലാതായി. അത് എങ്ങനെയാണെന്ന് എനിക്ക് ഇന്നും അറിയില്ല. ഇത്തരത്തില്‍ ശൂന്യമാകുന്ന മനസ്സിലേക്ക് എന്തു വേണമെങ്കിലും കുത്തിവയ്ക്കാമല്ലോ. ഇത്തരത്തില്‍ ഈ പെണ്‍കുട്ടിയുടെ മനസ്സും മാറ്റിയിരിക്കാം. ഇക്കാര്യം മനസ്സിലാക്കി വേണം കമ്മീഷനുകള്‍ പ്രവര്‍ത്തിക്കുവാന്‍. 

content highlights: k s sethumadhavan, director k s sethumadhavan