ന്ത്യയിൽ നോട്ടുനിരോധനം നടപ്പാക്കിയിട്ട് നവംബർ എട്ടിന് രണ്ടുവർഷം തികയുന്നു. കള്ളപ്പണവും അഴിമതിയും ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും വിപ്ലവകരമായ നടപടിയായിട്ടാണ് ഇതിനെ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നു. ഇതിൽ നല്ലൊരുപങ്കും 500, 1000 രൂപയുടെ കറൻസി നോട്ടുകളാണ്‌. ഈ സാഹചര്യത്തിലാണ് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ 2016 നവംബറിന് അസാധുവാക്കിയത്. ഡിജിെറ്റെസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുകയായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാൽ, രണ്ടു വർഷത്തെ അനുഭവം പരിശോധിച്ചാൽ കള്ളപ്പണവും കറൻസി ഉപയോഗവും കുറയുന്നതിനുപകരം വർധിക്കുകയാണുണ്ടായത്. കള്ളപ്പണത്തിന്റെ തിക്തഫലം അനുഭവിക്കുന്ന സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ നടപടി ഇവർക്ക് സാമ്പത്തികദുരിതവും സൃഷ്ടിച്ചു. 

സമ്പദ്‌ഘടന മരവിച്ചു
നോട്ടുനിരോധനം മൂലം രാജ്യത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അസാധുവാക്കപ്പെട്ടു (15.41 ലക്ഷം കോടി രൂപ). പഴയ കറൻസി മാറ്റിയെടുക്കുന്നതിനും ബാങ്കുകളിൽനിന്നും എ.ടി.എമ്മുകളിൽനിന്നും പണം പിൻവലിക്കുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുനഃക്രമീകരണ പ്രവർത്തനങ്ങൾ വേണ്ടിവന്നതിനാൽ ഏതാണ്ട് 50,000 എ.ടി.എമ്മുകൾ രണ്ടു മാസക്കാലം പ്രവർത്തിക്കാത്ത അവസ്ഥയുണ്ടായി. ഏതാണ്ട് 85 ശതമാനത്തോളം ചില്ലറ വ്യാപാരവും സാധാരണ പണമിടപാടുകളും കറൻസി ഉപയോഗിച്ച് നടന്നിരുന്ന ഇന്ത്യൻ സമ്പദ്ഘടനയിൽ നോട്ടുനിരോധനവും അത് സൃഷ്ടിച്ച അതിരൂക്ഷമായ കറൻസി ക്ഷാമവും വൻകിട ഇടപാടുകൾ ഒഴിച്ച് മറ്റെല്ലാ സാമ്പത്തിക പ്രവർത്തനങ്ങളെയും സ്തംഭനാവസ്ഥയിലാക്കി. ബാങ്കുകളുടെയും എ.ടി.എമ്മുകളുടെയും മുന്നിലെ തിക്കിലും തിരക്കിലും പെട്ട് 105 പേർ മരിച്ചു. നോട്ടുക്ഷാമം മാറി നോട്ടുവിതരണം സാധാരണഗതിയിലേക്ക് എത്താൻ ഏതാണ്ട് അഞ്ചു മാസം വേണ്ടിവന്നു. 

കള്ളപ്പണം കൂടി
ഏതാണ്ട് മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറൻസി നോട്ടുകൾ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇത് കാണിക്കുന്നത് ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നാണ്. മാത്രവുമല്ല കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകൾ 2016-’17-ൽ മുൻവർഷത്തെക്കാൾ വൻവർധനയുണ്ടായി എന്നാണ്, കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാൻസ് ഇന്റലിജൻസ് യൂണിറ്റിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. അതനുസരിച്ച് ബാങ്കുകളിലും മറ്റു ധനകാര്യസ്ഥാപനങ്ങളിലും നടന്ന സംശയാസ്പദമായ ധനകാര്യ ഇടപാടുകൾ 2015-’16-ൽ 1,05,973 ആയിരുന്നത് 2016-’17-ൽ 4,73,006  ആയി വർധിച്ചു. ബാങ്കുകളിൽ കിട്ടിയ കള്ളനോട്ടുകളെക്കുറിച്ചുള്ള  റിപ്പോർട്ടുകളുടെ എണ്ണം 2015-’16-ൽ 4,10,899 ആയിരുന്നത് 2016-’17-ൽ 7,33,508 ആയി വർധിച്ചു (78 ശതമാനം വർധന). ഇത് സൂചിപ്പിക്കുന്നത് നോട്ടുനിരോധനം മൂലം കള്ളപ്പണ ഇടപാടുകളും കള്ളനോട്ടുവിതരണവും കുറയുന്നതിനുപകരം കൂടുകയാണുണ്ടായത് എന്നാണ്‌. മാത്രവുമല്ല നോട്ടുനിരോധനവും അനുബന്ധനടപടികൾ മൂലവും കള്ളപ്പണം വൻതോതിൽ നിക്ഷേപിച്ചിരുന്ന ഭൂമി, റിയൽ എസ്റ്റേറ്റ്, സ്വർണം, വിദേശരാജ്യങ്ങളിലെ ബാങ്ക് നിക്ഷേപം, കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനങ്ങൾ, കമ്പനികൾ, കള്ളപ്പണം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാർ, രാഷ്ട്രീയപ്പാർട്ടികൾ, വൻതുക ബാങ്കുവായ്പത്തട്ടിപ്പ് നടത്തിയവർ തുടങ്ങിയവരിൽനിന്ന് കള്ളപ്പണമായി ഒന്നും പിടിച്ചെടുക്കാനും കഴിഞ്ഞില്ല. 

കറൻസി ഉപയോഗം വർധിച്ചു
നോട്ടുനിരോധനം മൂലം ഡിജിെറ്റെസേഷൻ വർധിക്കുമെന്ന ലക്ഷ്യം യാഥാർഥ്യമായില്ല. നോട്ടുനിരോധനത്തിന്റെ തൊട്ടുമുമ്പ്‌ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 17.97 ലക്ഷം കോടിയായിരുന്നത് 2018 മാർച്ചിൽ 18.03 ലക്ഷം കോടിയായി വർധിച്ചു. കറൻസിക്ഷാമം മൂലം ഡിജിറ്റൽ പേമെൻറിൽ വർധന ഉണ്ടായെങ്കിലും പിന്നീട് ഈ പ്രവണത മാറി. സി.എം.എസ്. ഇൻഫോ സിസ്റ്റത്തിന്റെ (57,000 -ത്തിലധികം എ.ടി.എമ്മുകളെ മാനേജ് ചെയ്യുന്ന കമ്പനി) പ്രസ്താവന അനുസരിച്ച് നോട്ടുനിരോധനത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ഇന്ത്യയിൽ ജനങ്ങൾ കൂടുതൽ കറൻസി ഉപയോഗിക്കുന്ന പ്രവണതയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്‌. എ.ടി.എമ്മുകൾ കൃത്യമായി പ്രവർത്തിക്കാത്ത അവസ്ഥ, തന്മൂലം കൂടുതൽ പണം പിൻവലിച്ച് കൈവശംവെക്കേണ്ട അവസ്ഥ, ഏതാണ്ട് 20 കോടിയോളം പ്രായപൂർത്തിയായവർക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത അവസ്ഥ, ഗ്രാമപ്രദേശങ്ങളിലും മറ്റും എ.ടി.എമ്മുകൾ ഇല്ലാത്തതും ഇവയുടെ എണ്ണം വർധിക്കാത്ത അവസ്ഥയും ഡിജിെറ്റെസേഷൻ സമ്പ്രദായത്തിലുള്ള തട്ടിപ്പും അപകടസാധ്യതയും അധികച്ചെലവ് തുടങ്ങിയവ മൂലം ജനങ്ങൾ കൂടുതൽ കറൻസി കൈവശംവെക്കുന്ന പ്രവണതയിലേക്കും കറൻസി ഉപയോഗത്തിലേക്കും മാറുന്നു.

കർഷകരെ തകർത്തു
ഇന്ത്യൻ സമ്പദ്ഘടനയിലുള്ള മൊത്തം തൊഴിലാളികളിൽ 55 ശതമാനവും കാർഷിക രംഗത്തുള്ള കർഷകരും കർഷകത്തൊഴിലാളികളുമാണ്. മൊത്തം കർഷകരിൽ 67 ശതമാനവും ഒരു ഹെക്ടറിനു താഴെ ഭൂമിയുള്ള നാമമാത്ര കർഷകരും ദരിദ്രർ. (ശരാശരി പ്രതിശീർഷ കൃഷിഭൂമി 0.39 ഹെക്ടർ). നോട്ടുനിരോധനത്തിനു ശേഷമുള്ള മൂന്നു ക്വാർട്ടറുകളിലെ കാർഷിക മേഖലയിലെ സാമ്പത്തികവളർച്ച നിരക്ക് മുൻ ക്വാർട്ടറിനെ അപേക്ഷിച്ച് നെഗറ്റീവ് ആയിരുന്നു. 

കാർഷിക മേഖലയിലെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങളും ഉത്‌പന്നങ്ങളുടെ വിപണനവും കർഷകരുടെ ഏതാണ്ട് എല്ലാത്തരം പണമിടപാടുകളും നടന്നിരുന്നത് കറൻസി ഉപയോഗിച്ചാണ്. നോട്ടുനിരോധനം ഏതാണ്ട് ഒരു ഭൂകമ്പംപോലെ കാർഷിക മേഖലയെയും കർഷകരെയും കർഷകത്തൊഴിലാളികളെയും തകർത്തു. വേഗം കേടുവരുന്ന കാർഷികോത്‌പന്നങ്ങളായ പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, മത്സ്യം, പാൽ തുടങ്ങിയവ വാങ്ങാൻ ആളില്ലാതെ പലസ്ഥലങ്ങളിലും നശിപ്പിക്കേണ്ട അവസ്ഥയുണ്ടായി. 

നിലംപരിശായ അസംഘടിത മേഖല
ഇന്ത്യയിലെ മൊത്തം തൊഴിലാളികളിൽ 85 ശതമാനത്തിലധികം തൊഴിലാളികളും പ്രവർത്തിക്കുന്നത് അസംഘടിത മേഖലയിലാണ്. രാജ്യത്തിന്റെ ജി.ഡി.പി.യിൽ ഏതാണ്ട് 45 ശതമാനം ഈ മേഖലയുടെ വിഹിതമാണ്. സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ഥിര സ്വഭാവത്തിലുള്ള തൊഴിലാളികൾ ഒഴിച്ചുള്ള എല്ലാത്തരം തൊഴിലും അസംഘടിത തൊഴിലാണ്. അസംഘടിത മേഖലയിലെ ഏതാണ്ട് എല്ലാ പ്രവർത്തനങ്ങൾക്കും കറൻസിയാണ് പൊതുവിൽ ഉപയോഗിക്കാറുള്ളത്. നോട്ടു നിരോധനം മൂലം വൻപ്രതിസന്ധിയാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത് ഇതുമൂലം ലക്ഷക്കണക്കിന് ചെറുകിട വ്യവസായ സർവീസ് സ്ഥാപനങ്ങൾ പൂട്ടിപ്പോയി. സെൻറർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമിയുടെ കണക്കനുസരിച്ച് വ്യവസായ മേഖലയിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. എന്നാൽ, തങ്ങളുടെ പ്രവർത്തനങ്ങൾക്ക് കറൻസിയിതര സംവിധാനങ്ങൾ ഉപയോഗിക്കുന്ന വൻകിട വ്യവസായ, സർവീസ് സ്ഥാപനങ്ങളെ നോട്ടുനിരോധനം ബാധിച്ചുമില്ല. 
ഈ ചർച്ച ഉപസംഹരിക്കാം. ലക്ഷ്യമിട്ടിരുന്ന കള്ളപ്പണമോ, അഴിമതിയോ, കള്ളനോട്ടോ, കറൻസി ഉപയോഗംകുറയ്ക്കലോ നോട്ടുനിരോധനം മൂലം നേടാൻ കഴിഞ്ഞില്ല. സാധാരണക്കാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ ഈ നടപടി രാജ്യത്തെ ബഹുഭൂരിപക്ഷം പേർക്കും സാമ്പത്തിക പ്രതിസന്ധിയും ദുരിതവും ആണ് നൽകിയത്. ജനങ്ങളുടെ സാമ്പത്തികസ്ഥിതിയും രാജ്യത്തിന്റെ സാമ്പത്തിക യാഥാർഥ്യങ്ങളും പരിഗണിക്കാതെയും വേണ്ട മുൻ ഒരുക്കങ്ങൾ ഇല്ലാതെയും നടപ്പാക്കിയ ഈ നടപടി ഗുണത്തെക്കാൾ ദോഷമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പാഠമാണ് നൽകുന്നത്. 
(അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ അധ്യക്ഷനായിരുന്നു ലേഖകൻ)

സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്‌
 

# ടി. നരേന്ദ്രൻ

സാധനങ്ങൾക്കുപകരം സാധനങ്ങൾ കൈമാറുന്ന പഴയ ബാർട്ടർ സമ്പ്രദായത്തിനുപകരം, വിനിമയ മൂല്യം നിശ്ചയിക്കുന്ന ഒരു പൊതുമാനദണ്ഡമായി കറൻസി രൂപം കൊണ്ടതാണ്‌ വ്യാപാര- വാണിജ്യ പ്രക്രിയയുടെ അഭിവൃദ്ധിയുടെ ആണിക്കല്ല്‌. ഇന്ത്യയിൽ 2016-ൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ആകെ കറൻസി മൂല്യത്തിന്റെ 86 ശതമാനവും പൊടുന്നനെ നിശ്ചേതനമായപ്പോൾ അത്‌ സമ്പദ്‌ വ്യവസ്ഥയുടെ ഹൃദയാഘാതത്തിനാണ്‌ വഴിയൊരുക്കിയത്‌.

എന്നാൽ, ഇങ്ങനെ കുഴഞ്ഞുവീണ സമ്പദ്‌ വ്യവസ്ഥയ്ക്ക്‌ ആശ്വാസം പകരാനോ ഉത്തേജക നടപടികൾ കൈക്കൊള്ളാനോ ശ്രമമുണ്ടായില്ല എന്നതാണ്‌ കേന്ദ്രസർക്കാർ നയത്തിലുള്ള ജനവിരുദ്ധതയുടെ സുപ്രധാന മുഖം. പണത്തിന്റെ ക്രയവിക്രയം ത്വരിതപ്പെടുത്തി കമ്പോളത്തെ സക്രിയമാക്കേണ്ട ബാങ്കിങ്‌ സ്ഥാപനങ്ങളാകട്ടെ വൻകിട കോർപ്പറേറ്റുകളുടെ താത്‌പര്യ സംരക്ഷകരായി മാറുകയും ചെയ്തു. തന്മൂലം കുത്തകകളുടെ ആസ്തിയിലും വരുമാനത്തിലും വലിയ കുതിപ്പുണ്ടായി. ചെറുകിട വായ്പകൾ ഇല്ലാതായി അനൗപചാരിക മേഖല അവഗണിക്കപ്പെട്ടു. ഈ പാതകത്തിൽനിന്നും കൈകഴുകി രക്ഷനേടാനുള്ള നീക്കമാണ്‌ സത്യത്തിൽ പുതിയ വായ്പ പ്രഖ്യാപനത്തിന്റെ ലക്ഷ്യം. 

റിസർവ്‌ ബാങ്കിനെ ഞെക്കിക്കൊല്ലുമ്പോൾ
റിസർവ്‌ ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള ശീതസമരത്തിന്റെ ഉള്ളടക്കം സാമ്പത്തികരംഗത്ത്‌ അനുവർത്തിക്കുന്ന സമീപനങ്ങളിലെ നൈതികതയെ ചൊല്ലിയുള്ളതാണ്‌. ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്കെന്നാൽ സാമ്പത്തികകാര്യങ്ങളിലുള്ള ദിശാ നിർണയത്തിന്റെ അവസാന വാക്കാണ്‌. കറൻസിയുടെയും ബാങ്കിങ്‌ സ്ഥാപനങ്ങളുടെയും അധിപൻ എന്നതിനുപുറമേ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിളംബരപ്പെടുത്തുന്ന ബഹിർഗമന കവാടം കൂടിയാണത്‌. സ്വാശ്രയത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ സമ്പദ്‌ഘടനയുടെ വിശുദ്ധി ഉൾക്കൊള്ളുന്ന റിസർവ്‌ ബാങ്കിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും സ്വയം ഭരണാവകാശസംഹിതകളും സമാനതകളില്ലാത്തവിധം അമൂല്യവും മഹത്തരവുമാണ്‌. 2016 നവംബർ എട്ടിന്റെ കറൻസി നിരോധന കാര്യത്തിൽ ഒരു ജനതയെ മാത്രമല്ല റിസർവ്‌ ബാങ്കിനെയും കേന്ദ്രസർക്കാർ ഫലത്തിൽ ബന്ദിയാക്കി എന്ന കാര്യം ഇന്നൊരു രഹസ്യമല്ല.
കേന്ദ്രസർക്കാരുമായി നല്ല ആശയപ്പൊരുത്തം വെച്ചുപുലർത്തിയതിന്റെ ആനുകൂല്യത്തിലായിരുന്നു രഘുറാം രാജനുശേഷം ഇപ്പോഴത്തെ റിസർവ്‌ ബാങ്ക്‌ ഗവർണർ ചുമതലയേൽക്കുന്നത്‌. എന്നാൽ,

റിസർവ്‌ ബാങ്ക്‌ എന്ന ചട്ടക്കൂടിന്റെ മൂല്യങ്ങളും ധാർമികതയും മുറുകെ പിടിക്കേണ്ടി വന്നപ്പോൾ പുതിയ ഗവർണർക്കും മുമ്പുണ്ടായിരുന്ന തന്റെ സർക്കാർ വിധേയത്വം ഉപേക്ഷിച്ച്‌ ഒരു തത്ത്വാധിഷ്ഠിത നിലപാട്‌ സ്വീകരിക്കേണ്ടി വന്നു. അത്രകണ്ട്‌ തിളക്കമാർന്നതും നൈതികതയിലൂന്നിയുള്ളതുമാണ്‌ റിസർവ്‌ ബാങ്ക്‌ അടക്കമുള്ള ഇന്ത്യയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിത്തറയും ഉള്ളടക്കവുമെന്നതാണ്‌ ശ്രദ്ധേയം. അതിനാൽ ഇത്തരം സ്ഥാപനങ്ങളുടെ ഘടനയും ചട്ടക്കൂടും തകർത്തുകളയുകയോ, അവയെ ഇല്ലായ്മ ചെയ്യുകയോ വേണമെന്ന ചിന്തയാണ്‌ കേന്ദ്രസർക്കാരിൽനിന്ന്‌ നിരന്തരം ഉയർന്നുവരുന്നത്‌. റിസർവ്‌ ബാങ്കുമായുള്ള ഭിന്നത കേവലം വായ്പ വിതരണത്തിന്റേേതാ, ക്ളിയറിങ്‌ സംവിധാനത്തിന്റെ നടത്തിപ്പിന്റേയോ കരുതൽ നിക്ഷേപം പിൻവലിക്കുന്നതിലോ മാത്രമായി ചുരുക്കാവുന്നതല്ല. അത്‌ ജനാധിപത്യത്തോടും ഭരണഘടനയോടും അപര സ്വാതന്ത്ര്യത്തോടും കേന്ദ്ര ഭരണാധികാരികൾ വെച്ചുപുലർത്തുന്ന അസഹിഷ്ണുതയെയാണ്‌ മറ്റൊരുവിധത്തിൽ അടയാളപ്പെടുത്തുന്നത്‌. ഒരുരാജ്യത്തെ പ്രതിരോധസേനയും സർക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തോളം ഗൗരവമുള്ളതാണ്‌, കേന്ദ്രസർക്കാർ - റിസർവ്‌ ബാങ്ക്‌ ചേരിപ്പോര്‌ എന്ന്‌ സാരം. ആ നിലയ്ക്ക്‌ ഇപ്പോൾ വന്നുഭവിച്ചിട്ടുള്ള സംഗതികളുടെയും ആഴവും വിതാനവും ഉത്‌കണ്ഠാജനകമാണ്‌.

(ലേഖകൻ ബെഫി സംസ്ഥാന പ്രസിഡന്റാണ്‌)