Cyber Crimes Against Womenസ്വീകർത്താവ്
സൈബർ പോലീസ്, തിരുവനന്തപുരം

പരാതിക്കാരി
ശ്വേത  ഭക്തൻ  
w/o സുജിത് ഭക്തൻ
ആറന്മുള, പത്തനംതിട്ട

സർ,
എന്റെ ഭർത്താവിന്റെ പേരിലുള്ള ‘ടെക്‌ ട്രാവൽ ഈറ്റ്‌’ എന്ന ഫെയ്സ്ബുക്ക് പേജിലും യുട്യൂബിലും ഇൻസ്റ്റഗ്രാമിലും കമന്റ് ബോക്സിൽ നിറയെ ഒരു സംഘമാളുകൾ അസഭ്യവർഷം ചൊരിയുകയാണ്. കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങൾ. അശ്ലീലംമാത്രം നിറഞ്ഞ കമന്റുകൾ ഒരുമാസമായി ഇതു തുടരുന്നു. വ്യാജ ഐഡിയിൽ നിന്നാണ് കമന്റുകൾ. അവയുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ഇതോടൊപ്പം സമർപ്പിക്കുന്നു. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. -വിശ്വസ്തതയോടെ ശ്വേത

സൈബർ സെല്ലിൽനിന്നുള്ള മറുപടി

അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിവരസാങ്കേതിക നിയമത്തിലെ 66 എ വകുപ്പ് ബഹുമാനപ്പെട്ട സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അതുകൊണ്ട് മാനനഷ്ടത്തിന് ക്രിമിനൽക്കേസെടുക്കാൻ നിലവിൽ വിവര സാങ്കേതിക നിയമത്തിൽ വകുപ്പില്ല. വിശദമായ ഒരു പരാതി സമീപത്തെ പോലീസ് സ്റ്റേഷനിൽ നൽകുക.

യാത്രാവീഡിയോകളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ താരമായ സുജിത് ഭക്തനെന്ന ചെറുപ്പക്കാരനെ മിക്ക മലയാളികളും അറിയും. യുട്യൂബിൽ പതിമ്മൂന്നുലക്ഷത്തോളം ഫോളോവേഴ്സുള്ള വ്ളോഗർ. സുജിത്തിന്റെ ഭാര്യയാണ് സൈബർ സെല്ലിനുമുമ്പിൽ പരാതിയുമായെത്തിയ ശ്വേത.

കഴിഞ്ഞ മേയിലാണ് സുജിത്തിന്റെയും ശ്വേതയുടെയും യാത്രാ1വീഡിയോയ്ക്കു താഴെ ഒരുസംഘം അജ്ഞാതർ അശ്ലീലപരാമർശങ്ങൾ തുടങ്ങിയത്.  ശ്വേതയുടെ ശരീരത്തെവരെ കടന്നാക്രമിച്ച് സംഘടിതമായ സൈബർ ആക്രമണം. ആരെന്നറിയില്ല, എവിടെനിന്നെന്നറിയില്ല, എന്തിനെന്നറിയില്ല. എല്ലാം വ്യാജ അക്കൗണ്ടുകളിൽനിന്ന്. ഒരുമാസത്തോളം സഹിച്ചു. ഗത്യന്തരമില്ലാതായതോടെ ജൂൺ 17-ന് സൈബർ സെല്ലിൽ ഇ-മെയിലായി പരാതി നൽകി. ക്രിമിനൽ കേസെടുക്കാൻ വകുപ്പില്ലെന്ന മറുപടിയാണ് കിട്ടിയത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ഉപദേശവും.

ഇതനുസരിച്ച് ആറന്മുള പോലീസിൽ പരാതി നൽകി. സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് സഹിതമായിരുന്നു പരാതി. മൂന്നുമാസം കഴിഞ്ഞു. പോലീസിൽനിന്ന് ഒരു ഫോൺകോൾ പോലും വന്നില്ല.

തുടർന്ന് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യുട്യൂബ് അധികൃതരുമായി സുജിത് ഭക്തൻ ബന്ധപ്പെട്ടു. ഇതു ചെയ്തയാളെ കണ്ടെത്താം, പക്ഷേ, പോലീസിൽനിന്ന് ഔദ്യോഗികമായി അറിയിക്കണമെന്നായിരുന്നു അവരുടെ മറുപടി. രണ്ടുവട്ടം പോലീസിനെ സമീപിച്ച് മനസ്സുമടുത്തതിനാൽ ആ ശ്രമം സുജിത് എന്നേക്കുമായി അവസാനിപ്പിച്ചു.

 ശ്വേതയ്‌​െക്കതിരേ സൈബറാക്രമണം അഴിച്ചുവിട്ട അജ്ഞാതരെ ഒരുമാസമായി കാണാനില്ല. സാമൂഹിക മാധ്യമങ്ങളിൽ മറ്റൊരു ഇരയെ അവർക്കു കിട്ടിയിരിക്കണം. യാത്രാവീഡിയോ ചെയ്യാനായി ലോകംമുഴുവൻ സഞ്ചരിക്കുന്ന സുജിത്തിന്റെ മനസ്സിൽ ഇപ്പോഴും ഒരു ചോദ്യംബാക്കി- ‘സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യമായി ആർക്കും ആരെയും അധിക്ഷേപിക്കാവുന്ന നാടാണോ ഇത്’.

 കടിഞ്ഞാണില്ലാത്ത ലോകം
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ നിസ്സഹായരാകുന്ന പോലീസ്. അതിക്രമം തെളിവുസഹിതം കണ്ടിട്ടും കണ്ണടയ്ക്കേണ്ടിവരുന്ന അവസ്ഥ.

കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ ഒരു പെൺകുട്ടിക്കുണ്ടായ അനുഭവം പറയുമ്പോൾ സൈബർ പോലീസിലെ ആ ഉദ്യോഗസ്ഥന്റെ മുഖത്ത് സങ്കടം. ‘‘എനിക്കും ആ പ്രായത്തിലുള്ള ഒരു മകളുണ്ട്. ആ കുട്ടിയുടെ മുഖം മോർഫ് ചെയ്ത് വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. പോലീസ് സ്റ്റേഷനിൽക്കിട്ടിയ പരാതി ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണമാണ് സൈബർ പോലീസിലെത്തിയത്. ഉടൻതന്നെ ഫെയ്സ്ബുക്ക് അധികൃതരെ വിവരമറിയിച്ചു. മറുപടി വരാൻ രണ്ടാഴ്ച സമയമെടുത്തു. അതിനിടയിൽ ആ വ്യാജ വീഡിയോ എത്തേണ്ടിടത്തൊക്കെ എത്തി. തടയാനാകാതെ ഞങ്ങളും’’ -അദ്ദേഹം പറഞ്ഞുനിർത്തി.

നടപടിയില്ലാതിരിക്കാൻ അഞ്ചു കാരണം
സാമൂഹിക മാധ്യമങ്ങൾ ഈ പുതിയ കാലത്തും പോലീസിന് ബാലികേറാമലയാണ്. നിയമവിരുദ്ധമാണ് നടക്കുന്നതെന്നു തെളിഞ്ഞാലും നടപടിയെടുക്കാൻ പറ്റാത്ത വേറൊരു ലോകം. എന്തുകൊണ്ട് നടപടിയില്ല എന്ന ചോദ്യത്തിന് പ്രധാനമായും അഞ്ചാണ് ഉത്തരം.

1 നിയമമില്ല
വിവരസാങ്കേതിക നിയമത്തിലെ 66 എ വകുപ്പ് പൂർണമായും എടുത്തുകളഞ്ഞത്. ഇതിന് പകരംവെക്കാൻ വേറൊരു വകുപ്പില്ല. സ്വാഭാവികമായും സൈബർ കുറ്റമെന്ന നിലയിൽ കേസെടുക്കാനാവില്ല

2 ദുർബല വകുപ്പ്
ചുമത്താനാകുന്നത് ദുർബല വകുപ്പുകൾ. ഇന്ത്യൻ ശിക്ഷാനിയമം 500 പ്രകാരം അപകീർത്തിക്ക് പരാതി നൽകാം. പരാതിക്കാർ നേരിട്ട്‌ സിവിൽ  കോടതിയെ സമീപിക്കുകയാണ്‌ വേണ്ടത്‌. നീതികിട്ടാൻ വർഷങ്ങളെടുക്കും.  കേരള പോലീസ് നിയമം 120-ഒ പ്രകാരവും കേസെടുക്കാം. വ്യക്തികളെ ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതിനാണിത്. ഇന്ത്യൻ ശിക്ഷാനിയമം 509 പ്രകാരമാണ് മറ്റൊന്ന്. സ്ത്രീകളെ ചേഷ്ടകൊണ്ടോ വാക്കുകൊണ്ടോ അപമാനിക്കുന്നതിന് ചുമത്തും. ഈ മൂന്നുവകുപ്പുകൾക്കും നിസ്സാരമാണ് ശിക്ഷ. സ്റ്റേഷൻ ജാമ്യവുംകിട്ടും

3 കാലതാമസം
സൈബർ സെല്ലിനുമുമ്പാകെ പരാതി എത്തിയാൽ അവർ ഉടൻതന്നെ ബന്ധപ്പെട്ട സാമൂഹിക മാധ്യമത്തിന് ഇക്കാര്യം റിപ്പോർട്ട് ചെയ്യും. ഫെയ്സ്ബുക്കിനാണ് നൽകുന്നതെങ്കിൽ 20 പ്രവൃത്തിദിവസമെങ്കിലുമെടുക്കും മറുപടികിട്ടാൻ. യു ട്യൂബിനുമെടുക്കും രണ്ടാഴ്ചയോളം. അപ്പോഴേക്കും തടയാനാവാത്തവിധം ആക്ഷേപം പടർന്നിട്ടുണ്ടാകും

4 അജ്ഞത
എങ്ങനെ പരാതി നൽകുമെന്ന അജ്ഞത. ഫെയ്സ്ബുക്കിലും യുട്യൂബിലും പരാതി നൽകുമ്പോൾ ആക്ഷേപിക്കപ്പെട്ടതിന്റെ സ്‌ക്രീൻ ഷോട്ട് മാത്രംപോരാ. യു.ആർ.എൽ. കൂടി വേണം. പലരും ഈ ലിങ്ക് സൂക്ഷിച്ചിട്ടുണ്ടാകില്ല. ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതർക്ക് സൈബർ സെൽ പരാതി കൈമാറിയാലും യു.ആർ.എൽ. ഇല്ലെങ്കിൽ അവരത് തള്ളിക്കളയും. ഇത്തരം ഒട്ടേറെ കേസുകളുണ്ടെന്ന് സൈബർ പോലീസ് പറയുന്നു.

5 അവരുടെ നിയമം
കൈമാറുന്ന പരാതികളിൽ പലതും ബന്ധപ്പെട്ട സാമൂഹിക മാധ്യമത്തിന്റെ കണ്ണിൽ കുറ്റമാകണമെന്നില്ല. അവർ അവരുടെ രാജ്യത്തിന്റെ നിയമമാണ് നോക്കുന്നത്. ഉദാഹരണത്തിന് നഗ്‌ന ശരീരം പ്രദർശിപ്പിക്കുന്നത് ഫെയ്സ് ബുക്കിന്റെ കണ്ണിൽ അശ്ലീലമല്ല. സ്വാഭാവികമായും അത്തരം പരാതികൾ നടപടിയെടുക്കാതെ അവർ തള്ളും. അത്തരം അപകീർത്തികരമായ പോസ്റ്റ് അവർ നീക്കംചെയ്യണമെന്നുതന്നെയില്ല.

 വർഷം 2500 കേസ്‌
സ്ത്രീകൾക്കെതിരായ അതിക്രമത്തിന് സൈബർ സെല്ലിനുമുന്നിൽ ഒരുവർഷമെത്തുന്നത് 2500-ലേറെ പരാതികൾ. ഇതിൽ ക്രിമിനൽ കേസെടുക്കാനാകുന്നത് ശരാശരി 850 എണ്ണംമാത്രം. സ്ത്രീകൾക്കെതിരേ വധഭീഷണി മുഴക്കുന്നതും സമുദായ സ്പർധയുണ്ടാകുന്ന പരമാർശങ്ങൾ നടത്തിയതിനുമാണ് ഇതിൽ ഭൂരിഭാഗവും.  എണ്ണൂറോളം പരാതികൾ കുറ്റകൃത്യം ചെയ്തയാളെ വിളിച്ച് പോസ്റ്റ് ഡിലീറ്റ് ചെയ്യിക്കുന്നവയാണ്.  അതോടെ പരാതിയിന്മേലുള്ള തുടർനടപടി അവസാനിക്കും. മറ്റുള്ള പരാതികൾ സിവിൽ കേസുകളായും വരും. മാനനഷ്ടം, അപകീർത്തി എന്നീ കുറ്റങ്ങൾപ്രകാരമുള്ള കേസുകൾ. ഈ വിഭാഗത്തിലുംവരും 850 എണ്ണം. പുറത്തറിയിക്കാൻ മടിയുള്ള, എല്ലാം സഹിച്ചുകഴിയുന്ന എത്രയോ സംഭവങ്ങൾ ഇതിനുപുറമേയാണ്.

 

നിയന്ത്രിക്കാനാകാത്ത സ്ഥിതി
സൈബർ ലോകത്തെ വ്യക്തിഹത്യകൾ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ട്. ഇപ്പോഴത്തെ നിയമപ്രകാരം ഒന്നുംചെയ്യാനാകില്ലെന്ന് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നന്നായി അറിയാം. അതിനാൽ പിന്നാലെ നടന്ന് ആക്രമിക്കും. അതുകൊണ്ടുതന്നെ ദിനംപ്രതി ഇത്തരം പരാതികൾ കൂടിവരുന്നു. ചിലരെ കണ്ടെത്തി മുന്നറിയിപ്പ് കൊടുക്കും. പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ, ഏതുനിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് പലരും തിരിച്ചുചോദിക്കും. നടപടിയെടുക്കാൻ പോലുമാകാത്ത സ്ഥിതിയുണ്ട്. - എ.ഡി.ജി.പി. മനോജ് എബ്രഹാം, സൈബർ ഡോം നോഡൽ ഓഫീസർ

സ്ത്രീ കരഞ്ഞ് അപേക്ഷിക്കേണ്ടവളോ?
സ്ത്രീ കരഞ്ഞ് അപേക്ഷിക്കാൻ മാത്രമേ പാടുള്ളൂവെന്ന് വിശ്വസിക്കുന്ന ഒരു ന്യൂനപക്ഷം ഇപ്പോഴുമുണ്ടിവിടെ. അവർ ന്യൂനപക്ഷമാണെന്ന് കരുതാനാണ് എനിക്കിഷ്ടം. വിജയ് നായർക്കെതിരേ ഒട്ടേറെ സ്ത്രീകൾ പരാതി നൽകിയിരുന്നു. എന്നാൽ, ഇതേക്കുറിച്ച് ഒരന്വേഷണവും പോലീസ് നടത്തിയില്ല. അറസ്റ്റൊന്നും ചെയ്യേണ്ട, അയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയെങ്കിലും ചെയ്യേണ്ടേ? -  ഭാഗ്യലക്ഷ്മി, ഡബ്ബിങ് ആർട്ടിസ്റ്റ്

സൈബറിടത്തും വേണം ജാഗ്രത
    സൈബറിടങ്ങളിൽ ഉപദ്രവമുണ്ടായാലോ കുറ്റകൃത്യങ്ങൾ കണ്ടാലോ ഉടൻ പോലീസിനെ അറിയിക്കുക
    വ്യാജ പ്രൊഫൈൽ സൂക്ഷിക്കുക, സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കുക
    അക്കൗണ്ട് സെറ്റിങ്സുകൾ നിരന്തരം പരിശോധിക്കുക
    വ്യക്തിപരമായി അറിയാത്തവരുമായി സാമൂഹിക മാധ്യമങ്ങളിൽ സംവാദം ഒഴിവാക്കുക
    പ്രശംസിച്ചും വിമർശിച്ചും കമന്റ് ചെയ്യുന്നവരുടെ ആധികാരികത പരിശോധിക്കുക (കടപ്പാട് സൈബർ ഡോം)

(തുടരും)