കോവിഡ്-19 വൈറസ് ലോകമെങ്ങും ശമനമില്ലാതെ വ്യാപിക്കുന്നതിനിടയിൽ മറ്റൊരു പകർച്ചവ്യാധികൂടി പിന്നാലെ പടർന്നുപിടിക്കുന്നുണ്ട്. ഗാർഹിക പീഡനം. രാജ്യവ്യാപക അടച്ചിടൽ ഇന്ത്യയിൽ മാത്രമല്ല, പല രാജ്യങ്ങളിലും ഗാർഹിക പീഡനക്കേസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, മൊത്തം കഥയുടെ ചെറിയൊരു ഭാഗം മാത്രമേ ഈ സംഖ്യകൾ പറയുന്നുള്ളൂ, കാരണം തങ്ങളേറ്റവും സുരക്ഷിതരായിരിക്കേണ്ട വീടുകളിൽ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങൾ  പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ലെന്ന് നമുക്കറിയാം. മൊത്തം സംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുള്ളൂ. വീടുകളുടെ അകത്തളങ്ങളിൽ, തങ്ങൾക്കു പരിചയമുള്ളവരിൽനിന്നു പീഡനമേൽക്കുന്ന സ്ത്രീകളുടെ എണ്ണം  ലൈംഗികപീഡനമോ മറ്റ് അതിക്രമങ്ങളോ അനുഭവിക്കുന്ന സ്ത്രീകളെക്കാൾ എത്രയോ അധികമാണെന്ന് ഓർമിക്കേണ്ടതുണ്ട് .
അങ്ങനെയെങ്കിൽ സാധാരണ സാഹചര്യങ്ങളിൽ വീടുകളിൽ പീഡനത്തിന് ഇരയാകുന്ന, എന്നാൽ, പുറത്താക്കപ്പെടുമെന്ന ഭയത്താൽ പുറത്തുപറയാൻ മടിക്കുന്ന സ്ത്രീകൾ തങ്ങളുടെ പീഡകർക്കൊപ്പം ദിവസത്തിന്റെ 24 മണിക്കൂറും കഴിയേണ്ടിവന്നാൽ? സാധാരണ സാഹചര്യങ്ങളിൽ തങ്ങളുടെ ഭാര്യമാരെ ഉപദ്രവിക്കുന്ന ഈ പുരുഷന്മാർ, ജോലിയും പണവുമില്ലാതെ വീട്ടിലിരിക്കേണ്ടിവരുമ്പോൾ എത്രമാത്രം അക്രമകാരികളാകാം എന്നതും ആലോചിച്ചുനോക്കൂ. വീടിനെയും കുട്ടികളെയും പ്രായമായവരെയും അക്രമിയായ ഭർത്താവിനെയും പരിപാലിക്കാൻ നിർബന്ധിതരായ സ്ത്രീകൾ തന്നെയാണ് ഈ പുരുഷന്മാരുടെ അക്രമവാസനയുടെയും ഇരകൾ.
ദേശീയ വനിതാകമ്മിഷന്റെ (എൻ.സി.ഡബ്ല്യു.) റിപ്പോർട്ടനുസരിച്ച്, മാർച്ച് 23 മുതൽ ഏപ്രിൽ ഒന്നുവരെയുള്ള കാലയളവിൽ ഗാർഹിക പീഡന പരാതികളുമായി സഹായം അന്വേഷിച്ച് വിളിച്ച സ്ത്രീകളുടെ എണ്ണം 116-ൽനിന്ന് 257 ആയി വർധിച്ചെന്നാണ് കണക്ക്, അതായത് ഇരട്ടിയായി. 

ഇത് ഇന്ത്യയിൽ മാത്രമുള്ള ഒറ്റപ്പെട്ട സംഭവമല്ല. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലെയും പണക്കാരെയും പാവപ്പെട്ടവരെയും ഒരുപോലെ ബാധിച്ചതുപോലെ ഗാർഹികപീഡനവും എല്ലായിടത്തുമുണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, യു.എസ്. എന്നിവയുൾപ്പെടെ മറ്റനേകം രാജ്യങ്ങളിലും ഗാർഹികപീഡനങ്ങൾ കുത്തനെ കൂടിയിട്ടുണ്ട് .

എന്തുചെയ്യാനാകും
ഇക്കാര്യത്തിൽ എന്താണ് ചെയ്യാനാകുക? ഇന്ത്യയടക്കം മറ്റനേകം രാജ്യങ്ങളിൽ സ്ത്രീകൾ ഗാർഹിക പീഡനം റിപ്പോർട്ടുചെയ്യാൻ മടിക്കുന്നത് വീടിനു പുറത്താക്കുമെന്ന ഭയം കൊണ്ടോ, റിപ്പോർട്ട്. ചെയ്താലും നീതി ലഭിക്കില്ലെന്ന ധാരണകൊണ്ടോ ആണ്. ഇതിന്റെ ഫലമായി ഭൂരിഭാഗം സ്ത്രീകളും നിശ്ശബ്ദരായി പീഡനം തങ്ങളുടെ വിധിയെന്ന് കരുതി ജീവിക്കുന്നു. എന്നാൽ, ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സർക്കാരുകൾ സഹായിക്കാൻ മുൻകൈയെടുക്കണം. 

ഉദാഹരണത്തിന് ഫ്രാൻസിൽ ഗാർഹികപീഡനത്തിനെതിരേ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുള്ള സ്ത്രീകളുടെ നീണ്ടകാലത്തെ കാമ്പയിനുകളുടെ ഫലമായി പീഡനത്തിൽനിന്ന് രക്ഷയാഗ്രഹിക്കുന്ന സ്ത്രീകൾക്ക് സർക്കാർ ചെലവിൽ  ഹോട്ടൽ മുറികൾ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ പീഡനസംഭവങ്ങൾ റിപ്പോർട്ടുചെയ്യുന്നത് എളുപ്പമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് മെഡിക്കൽ ഫാർമസികളിൽ പരാതികൾ അറിയിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.

ഇന്ത്യയിൽ ഇത്തരമൊരു നീക്കം നടത്തിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. 181 എന്ന ഹെൽപ്‌ലൈനിലൂടെ തങ്ങളുടെ പരാതികൾ അറിയിക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുന്ന പോസ്റ്ററുകൾ പുറത്തിറക്കാൻ മുഖ്യമന്ത്രിതന്നെ പ്രത്യേക താത്‌പര്യമെടുത്തത് വലിയ കാര്യമാണ് .

എങ്കിലും ഫ്രാൻസിലേതുപോലെ പീഡകരിൽനിന്നും വൈറസിൽനിന്നും സ്ത്രീകൾക്ക് സുരക്ഷിതരായി ഇരിക്കാൻ കഴിയുന്ന കേന്ദ്രങ്ങൾ വേണ്ടതുണ്ട്. ഹെൽപ്പ്‌ലൈൻ മാത്രം പരിഹാരമാവില്ല. ഇവർക്ക് കൗൺസിലിങ്ങും നിയമസഹായവും ലഭ്യമാക്കണം. ഇത് സാഹചര്യം മനസ്സിലാക്കാത്ത ആവശ്യമല്ല. ലോകത്തെ ദശ ലക്ഷക്കണക്കിന് സ്ത്രീകളെ ഗുരുതരമായി ബാധിക്കുന്ന ഈ മഹാമാരിയെ കൈകാര്യം ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ  ഗുരുതരമായിരിക്കും.