കോവിഡ് മൂന്നാംതരംഗം പല രാജ്യങ്ങളെയും കഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ വാക്സിൻ കർമസേനയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ദേവിന ബാനർജി മാതൃഭൂമി പ്രതിനിധി സിസി ജേക്കബുമായി സംസാരിക്കുന്നു

ബ്രിട്ടീഷ് രാജ്ഞിയുടെ എം.ബി.ഇ. (മെംബർ ഓഫ് ദ ഓഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ) ബഹുമതി ലഭിച്ച ഇന്ത്യൻ വംശജയാണ് ദേവിന ബാനർജി. കോവിഡിനോടുള്ള പോരാട്ടത്തിലെ പങ്കാളിത്തമാണ് ദേവിനയെ ഈ നേട്ടത്തിന് അർഹയാക്കിയത്. ബ്രിട്ടീഷ് സർക്കാരിന്റെ വാക്സിൻ കർമസേനയിൽ അംഗമായിരുന്നു ഈ ഇരുപത്തഞ്ചുകാരി. 
ലണ്ടനിലെ കിങ്‌സ് കോളേജ് സ്കൂളിലും 
കേംബ്രിജ് സർവകലാശാലയിലും വിദ്യാഭ്യാസം 
പൂർത്തിയാക്കിയ ദേവിന 2019-ലാണ് ബ്രിട്ടീഷ് സിവിൽ സർവീസിൽ ചേർന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാണിജ്യചർച്ചകളുടെ ഭാഗമായിരുന്ന അവർ, 2020 മേയിൽ വാക്സിൻ കർമസേനയുണ്ടാക്കിയപ്പോൾ അതിൽ പ്രവർത്തിക്കാൻ സ്വയം സന്നദ്ധയാവുകയായിരുന്നു. കോവിഡ് മൂന്നാംതരംഗം പല രാജ്യങ്ങളെയും കഷ്ടപ്പെടുത്തുന്ന സാഹചര്യത്തിൽ വാക്സിൻ കർമസേനയെക്കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ദേവിന സംസാരിക്കുന്നു

എന്താണ് യു.കെ. വാക്സിൻ കർമസേന

കോവിഡ് വാക്സിന്റെ വികസനവും ഉത്പാദനവും കഴിയുന്നത്ര വേഗത്തിലാക്കാൻവേണ്ടി ഉണ്ടാക്കിയ സംവിധാനമാണ് യു.കെ. വാക്സിൻ കർമസേന (വി.ടി.എഫ്.). സർക്കാരിനെയും ഗവേഷണവ്യവസായമേഖലകളെയും ഒരുമിപ്പിച്ച്‌ പ്രവർത്തിക്കുന്ന സംവിധാനമാണിത്. മൂന്നുലക്ഷ്യങ്ങളാണ് കർമസേനയ്ക്കുണ്ടായിരുന്നത്. 
1. യു.കെ.യിലെ എല്ലാവർക്കും വാക്സിൻ/വാക്സിനുകൾ ഉറപ്പാക്കുക 2. വാക്സിനുകളുടെ അന്താരാഷ്ട്രതലത്തിലെ വിതരണത്തിന് സംവിധാനമുണ്ടാക്കുക 3. ഭാവിയിലുണ്ടാകാനിടയുള്ള മഹാമാരികളെ നേരിടാൻ യു.കെ.യെ സജ്ജമാക്കുക എന്ന ഉദ്ദേശ്യത്തോടെ ദീർഘകാല വാക്സിൻ പദ്ധതിയുണ്ടാക്കുക. ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിന്റെ ഭാഗമാണ് വാക്സിൻ കർമസേന.

വാക്സിൻ കർമസേനകൊണ്ട് യു.കെ.യ്ക്കുണ്ടായ നേട്ടങ്ങളെന്താണ്

ഇതുവരെ 4.1 കോടിപ്പേർക്ക് കോവിഡ് വാക്സിന്റെ ആദ്യഡോസ് നൽകി. മൂന്ന് അംഗീകൃത വാക്സിനുകളാണ് ഇതിനുപയോഗിച്ചത്. ഏറ്റവും ഫലപ്രദമായ എട്ടു വാക്സിനുകളുടെ 51.7 കോടി ഡോസ് വളരെ നേരത്തേ യു.കെ.ക്ക് ഉറപ്പായി. ഫൈസർബിയോൺടെക് വാക്സിൻ (10 കോടി ഡോസ്), ഒാക്സ്ഫഡ് ആസ്ട്രസെനക്ക (10 കോടി ഡോസ്), മൊഡേണ (1.7 കോടി ഡോസ്), ജാൻസെൻ (മൂന്നുകോടി ഡോസ്), നോവാവാക്സ് (ആറുകോടി ഡോസ്), വാൽനെവ (10 കോടി ഡോസ്), ഗ്ലാക്സോസ്മിത്‌ക്ലൈൻസനോഫി (ആറുകോടി ഡോസ്), ക്യൂർവാക് (അഞ്ചുകോടി ഡോസ്) എന്നിവയുടെ വാക്സിനാണ് വി.ടി.എഫ്. ഉറപ്പാക്കിയത്.
ഇതുകൂടാതെ വാക്സിൻ ഗവേഷണത്തെ സഹായിക്കാനായി എൻ.എച്ച്.എസ്. വാക്സിൻസ് റിസർച്ച് രജിസ്ട്രിയുണ്ടാക്കി. ക്ലിനിക്കൽ ട്രയലിനുസന്നദ്ധരായി അഞ്ചുലക്ഷത്തിലേറെപ്പേർ ഇതിൽ രജിസ്റ്റർചെയ്തിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള കോവാക്സ് പദ്ധതിയിലേക്ക് 54.8 കോടി പൗണ്ട് യു.കെ. വാഗ്ദാനംചെയ്തിട്ടുണ്ട്. കോവാക്സ് സംവിധാനമൊരുക്കാൻ വി.ടി.എഫിലൂടെ സഹായിക്കുകയും ചെയ്തു.

വാക്സിൻ കർമസേനയിൽ താങ്കളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയായിരുന്നു

ഒരുവർഷമാണ് ഞാൻ അതിലുണ്ടായിരുന്നത്. വി.ടി.എഫിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും സർക്കാരിന്റെ ഉപദേശകരായ ശാസ്ത്ര-വ്യാവസായികമേഖലകളിലെ വിദഗ്‌ധർക്കുമിടയിലെ പ്രധാന കണ്ണിയായിരുന്നു ഞാൻ. ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ഇടപെടുന്ന വിദഗ്ധസംഘത്തിനൊപ്പം ഞാൻ പ്രവർത്തിച്ചു.
 200 സാധ്യതാവാക്സിനുകളിൽനിന്ന് യു.കെ.യിൽ ഇന്നുപയോഗിക്കുന്ന വാക്സിനുകൾ തിരഞ്ഞെടുക്കുന്നതിൽ പങ്കാളിയായി. ഇക്കാര്യത്തിലെ വിദഗ്‌ധോപദേശങ്ങൾ സർക്കാരിന്റെ നയനിർമാതാക്കളെ കൃത്യമായി അറിയിച്ചു.  ഏറ്റവും ഫലപ്രദമായ വാക്സിനുകൾ എത്രയും വേഗം തിരഞ്ഞെടുക്കുന്നതിനും കാര്യക്ഷമമായ തീരുമാനങ്ങളെടുക്കുന്നതിനും എന്റെ ജോലി സർക്കാരിനെ സഹായിച്ചു. ഫൈസർ വാക്സിൻ കൊടുത്തുകൊണ്ട് ലോകത്ത് ആദ്യമായി വാക്സിനേഷൻ ആരംഭിച്ച രാജ്യമാകാൻ യു.കെ.യ്ക്ക്‌ കഴിഞ്ഞു. 
ക്ലിനിക്കൽ പരീക്ഷണങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിന് ഗവേഷകർക്ക് സർക്കാർ ഫണ്ട് ലഭ്യമാക്കാനുള്ള കാര്യങ്ങളും ഞാനാണ് ഏകോപിപ്പിച്ചത്.

ഒരു വർഷമാണ് വി.ടി.എഫിലുണ്ടായിരുന്നത് എന്നുപറഞ്ഞല്ലോ, പുതിയ ചുമതലയെന്താണ്

ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിലെ മറ്റൊരു വിഭാഗത്തിലാണിപ്പോൾ. കാലാവസ്ഥാവ്യതിയാനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ്. ബ്രിട്ടനിലെ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ കുറയ്ക്കുന്നതിന്‌ സഹായിക്കുന്ന കാർബൺ ക്യാപ്ചർ ആൻഡ് സ്റ്റോറേജ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നോക്കുന്നത്.