കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട് നഗരസഭയുൾപ്പെടെ 18 തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ ഡി കാറ്റഗറിയിലാണ്. എന്നാൽ, കാസർകോട് നഗരസഭയിൽ രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ.) കുറവായതിനാൽ ടെക്‌സ്റ്റൈലുകൾ ഉൾപ്പെടെ തുറക്കുന്നതുകൊണ്ട് ഡി കാറ്റഗറിയിലുള്ളവർ കാസർകോട് നഗരത്തെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കാസർകോട് നഗരത്തിൽ വൻതിരക്കാണ്. കുമ്പള, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളിൽനിന്നാണ് കാസർകോട് നഗരത്തിലേക്ക് ആളുകളെത്തുന്നത്. കൂടുതൽ കോവിഡ് രോഗികളുള്ള മേഖലകളാണ് ഡി കാറ്റഗറി. അവിടെനിന്ന് ആളുകൾ കൂട്ടത്തോടെയെത്തി രോഗവ്യാപനം കൂടിയാൽ തുറന്നിരിക്കുന്ന കാസർകോട് നഗരം വീണ്ടും അടയ്ക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഡി കാറ്റഗറിയിലെ ലോക്ഡൗണുള്ള സ്ഥലങ്ങളിൽ അവശ്യ സർവീസല്ലാത്തതൊന്നും പ്രവർത്തിക്കാൻ അനുമതിയില്ലെങ്കിലും അവിടെനിന്ന് മറ്റിടങ്ങളിലേക്കു പോകുന്നത് തടയുന്നില്ല. 

കോവിഡിൽ തളർന്ന് വ്യാപാരികൾ

കോട്ടയം ജില്ലയിലെ വ്യാപാരികളുടെ അവസ്ഥ മനസ്സിലാക്കാൻ കഞ്ഞിക്കുഴിമുതൽ കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജങ്ഷൻവരെ യാത്രചെയ്താൽ മതി. ചെറുതും വലുതുമായ പലതരം കടകൾ അടഞ്ഞുപോയി. ഇതിന്റെ പരിച്ഛേദമാണ് ജില്ലയിലെ ഓരോയിടവും. എന്നും ഫാഷനുപിറകേ സഞ്ചരിക്കുന്ന കോട്ടയംകാർക്ക് ട്രെൻഡിയായ പുത്തൻ തുണിത്തരങ്ങളെത്തിക്കുന്ന മുപ്പതോളം ബൊട്ടിക്കുകളാണ് ഈ നാലുകിലോമീറ്ററിൽ അടഞ്ഞുപോയത്. ഇതിൽ വൻകിട ബ്രാൻഡഡ് ഷോറൂമുകളും, 25 വർഷം പിന്നിട്ടവയും, ആദ്യ ലോക്ഡൗണിനു തൊട്ടുമുമ്പ് തുറന്നവയും വരെ ഉൾപ്പെടുന്നു.

ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന 32 തദ്ദേശസ്ഥാപനങ്ങളുള്ള മലപ്പുറത്ത് കടകൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതിൽ നിരാശയിലാണ് വ്യാപാരികൾ. എല്ലാ കടകൾക്കും എല്ലാദിവസവും തുറന്നുപ്രവർത്തിക്കാൻ കഴിയുന്ന കാറ്റഗറിയിൽ ഒരു തദ്ദേശസ്ഥാപനം പോലുമില്ല. വലിയപെരുന്നാൾ അടുത്തതോടെ, കച്ചവടം ലഭിക്കുമെന്നു പ്രതീക്ഷിച്ച വ്യാപാരികൾ നിയന്ത്രണങ്ങൾമൂലം പ്രതിസന്ധിയിലാണ്. 45 തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണും 29 ഇടങ്ങളിൽ നിയന്ത്രണവും നിലനിൽക്കുന്നു.

പെരുന്നാൾ, ഓണം വിപണി മുന്നിൽക്കണ്ടാണ് ബത്തേരിയിലെ വ്യാപാരിയായ പി. സംഷാദ് ബെംഗളൂരുവിൽ​േപ്പായി തുണിയെടുത്തത്. പെരുന്നാളും ഓണവും വീണ്ടും ലോക്ഡൗണിൽ കുടുങ്ങുമോയെന്ന ആശങ്കയുണ്ട്. മുമ്പ്‌ വാങ്ങിയ തുണികൾ കെട്ടിക്കിടക്കുകയുമാണ്. കോവിഡ് കാലത്ത് കച്ചവടം ഭാഗ്യപരീക്ഷണമാണെന്ന് സംഷാദ് പറയുന്നു. ചുരുക്കം വ്യാപാരികൾ മാത്രമാണ് പുതുതായി ചരക്കെടുക്കാൻ തയ്യാറാകുന്നത്. ടി.പി.ആർ. കൂടിയാൽ കടകൾ അടച്ചിടേണ്ടിവരുമെന്നതിനാൽ ഭൂരിഭാഗം കച്ചവടക്കാരും സാധനങ്ങൾ വാങ്ങിവെക്കാൻ മടിക്കുകയാണ്. ഒരുവർഷത്തിനിടയിൽ വയനാട് ജില്ലയിൽ പൂട്ടിപ്പോയത് 725 സ്ഥാപനങ്ങളാണ്. 

സീസൺ സമയത്ത് വിൽക്കാൻവെച്ച തുണികളെല്ലാം വിലക്കിഴിവിൽ നൽകേണ്ട ഗതികേടിലാണ് തൃശ്ശൂരിലെ ടെക്‌സ്റ്റൈൽ വ്യാപാരികൾ. കോവിഡ് കാരണം റംസാൻ വിൽപ്പന മുടങ്ങിയ വ്യാപാരികൾക്ക് അടുത്ത പ്രതീക്ഷ ഓണം, പെരുന്നാൾ വിപണികളിലാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വലിയ കച്ചവടം പ്രതീക്ഷിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.

സീസണാണ്, പക്ഷേ, കാര്യം കഷ്ടം

രണ്ടായിരത്തിലധികം ടെക്‌സ്റ്റൈൽ സ്ഥാപനങ്ങളുണ്ട് കോഴിക്കോട് ജില്ലയിൽ. കൂടുതലുമുള്ള കോഴിക്കോട് നഗരത്തിൽ വെള്ളിയാഴ്ച മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. തുറക്കുന്ന ദിവസങ്ങളിൽ വലിയ ടെക്‌സ്റ്റൈലുകളിലേക്ക് ചുരുങ്ങിയത് 200 പേരെങ്കിലുമെത്താറുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ജൂലായ്, ഓഗസ്റ്റ്, 
സെപ്റ്റംബർ മാസങ്ങൾ വിവാഹ സീസണാണ്. സീസണല്ലാത്ത സമയത്ത് ആറുമാസംകൊണ്ട് കിട്ടുന്ന കച്ചവടം ഈ മൂന്നുമാസംകൊണ്ട് കിട്ടും. ഒരുവർഷത്തേക്കുള്ള കടങ്ങളും ബാധ്യതകളുമൊക്കെ തീർക്കാനുള്ള അവസരമാണ്. പക്ഷേ, ആഴ്ചയിൽ ഒരുദിവസം തുറക്കുന്ന കടകളിൽ എത്രമാത്രം വിവാഹ പർച്ചേസിങ് നടത്തുമെന്നാണ് വ്യാപാരികൾ ചോദിക്കുന്നത്. 

ഒരുവർഷം കോഴിക്കോട് ജില്ലയിൽ ടെക്‌സ്റ്റൈലുകളിൽ നാലായിരംമുതൽ അയ്യായിരംവരെ കോടിയുടെ കച്ചവടം നടന്നിരുന്നുവെന്നാണ് കേരള ടെക്‌സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോഹർ ടാംടൺ പറയുന്നത്. ഇപ്പോൾ മോശമാണ് അവസ്ഥ. 

ഇതെന്തു നിയന്ത്രണം!

പന്തളം നഗരസഭയിൽനിന്ന് ഒൻപത് കിലോമീറ്റർ അകലെ കോവിഡ് വ്യാപനമുണ്ടായതുകൊണ്ട് നഗരസഭയിലെ വ്യാപാരസ്ഥാപനങ്ങളെല്ലാം പോലീസ് അടപ്പിക്കുകയാണ്. കോഴഞ്ചേരിയിൽനിന്നു വളരെ അകലെയുള്ള സ്ഥലത്ത് കോവിഡ് സ്ഥിരീകരിച്ചതിനാണ് കോഴഞ്ചേരി ടൗൺ, ചന്ത തുടങ്ങിയ സ്ഥലങ്ങളൊക്കെ അടപ്പിക്കുന്നത്.  കൊല്ലം ജില്ലയിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളും അവ പോലീസ് നടപ്പാക്കുന്നതിലെ അപാകവും വ്യാപാരികളെ വലയ്ക്കുന്നു. ബുധനാഴ്ചകളിൽ ദുരന്തനിവാരണ അതോറിറ്റി തദ്ദേശസ്ഥാപനങ്ങളിലെ രോഗവ്യാപന നിരക്കനുസരിച്ച് തുറക്കാവുന്ന സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കാറുണ്ട്. വാരാന്ത്യ ലോക്ഡൗണിനു മുന്നോടിയായി വെള്ളിയാഴ്ചകളിൽ തുറക്കാവുന്ന കടകളെപ്പറ്റിയുള്ള അറിയിപ്പുകൾ അല്ലാതെയും ലഭിക്കുന്നു. ഇതനുസരിച്ച് തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കുകയും പിഴയീടാക്കുകയും ചെയ്തു. 

സമയപരിധി കൂട്ടണം

വ്യാപാരസ്ഥാപനങ്ങൾക്ക് സമയപരിധി നിശ്ചയിച്ചത് ഒരർഥത്തിൽ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുണ്ട്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുകയും സാമൂഹിക അകലം പാലിക്കാൻ കഴിയാതെവരുകയും ചെയ്യുന്നു. എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുകയും രാവിലെ ഏഴുമുതൽ രാത്രി 9.30 വരെ സമയം അനുവദിക്കുകയും വേണം. -എം.പി. അഹമ്മദ് ചെയർമാൻ, മലബാർ ഗ്രൂപ്പ്

പ്രോട്ടോകോൾ പാലിക്കണം, തുറന്നിടണം

കർശന പ്രോട്ടോകോൾ പാലിച്ച് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ സാമ്പത്തികത്തകർച്ച പിടിച്ചുനിർത്താൻ ആവശ്യമാണ്. ‘തമിഴ്‌നാട്ടിലൊക്കെ എല്ലാ കടകളും തുറന്നുപ്രവർത്തിച്ചതും അറിയാതെ പോകരുതെന്ന്’ -ബീനാ കണ്ണൻ, ശീമാട്ടി

(തുടരും)