അങ്ങേയറ്റത്തെ  ചിന്തയിൽപ്പോലും ഇല്ലാതിരുന്നതാണ്,  പുറത്തിറങ്ങാനാകാതെ വീടിനുള്ളിൽ അടച്ചിട്ടപോലെ കഴിയേണ്ടി വരുമെന്നുള്ളത്. അങ്ങനെ സംഭവിച്ചപ്പോൾ  ഇനിയെന്ത് എന്ന്  പരസ്പരം ചോദിച്ചു. അമ്പരന്നു,‚
അങ്കലാപ്പിലായി.  പക്ഷേ, സർവതിനെയും അതിജീവിക്കുന്ന മനുഷ്യർ കീഴടങ്ങിയില്ല. കോവിഡിനെയും നമ്മൾ തോൽപ്പിച്ചു. വീടകങ്ങളെ  നാം തിരികെപ്പിടിച്ചു, അതിനുള്ളിൽ പുതിയൊരു ലോകം കണ്ടെത്തി, നാമങ്ങനെ ജീവിതതാളം ആസ്വദിച്ചു. കൊറോണ വൈറസിന്റെ ബന്ധനത്തിൽനിന്ന്‌ മോചിതരായി നാം മുന്നേറുകയാണ്, പോയവർഷത്തെ അനുഭവങ്ങൾ നൽകിയ വലിയ പാഠവുമായി...

‘‘നമ്മൾ, നമ്മൾപോലുമറിയാതെ അധോലോകമായി മാറിക്കഴിഞ്ഞിരിക്കുന്നു, ഷാജിയേട്ടാ’’ എന്ന് അറയ്ക്കൽ അബു എന്ന കഥാപാത്രം  ഷാജി പാപ്പനോട് ‘ആട്’ സിനിമയിൽ പറയുന്നുണ്ട്. അതുപോലെതന്നെയാണ് കോവിഡ് കാലത്തെ മനുഷ്യജീവിതവും. കണ്ണിൽക്കാണാത്ത  ഒരു കൊച്ചു വൈറസ് നമ്മളെയൊക്കെ ഒരു മഹാസംഭവമാക്കി മാറ്റിത്തീർത്തിരിക്കുന്നു. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ അടങ്ങിയിരിക്കാനാണല്ലോ വിധിയെന്നോർത്ത് സങ്കടപ്പെട്ടുനിന്നവർ ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ. ജോസഫ്’ എന്ന രീതിയിലേക്കു മാറി. വീടായിരുന്നു എല്ലാത്തിന്റെയും കേന്ദ്രം. വീടിനെ ആദ്യം ഭക്ഷണശാലയും സിനിമാകേന്ദ്രവുമാക്കി. കോവിഡ് അവിടെ നിർത്താൻ ഭാവമില്ലെന്നായതോടെ വീടിനെ വിദ്യാലയമാക്കി, ആശുപത്രിയാക്കി, ഓഫീസ് മുറിയാക്കി. കഞ്ഞികുടി മുട്ടുമെന്നായപ്പോൽ വീടൊരു വ്യവസായകേന്ദ്രവുമായി. ‘എന്നെക്കൊണ്ട് ഇത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലായെന്ന്’ പറഞ്ഞ മലയാളികൾ അവനെയങ്ങ് തീർത്തുകളയണ്ടതായിരുന്നുവെന്നുവരെ ‘കൊറോണ’യെ നോക്കിപ്പറഞ്ഞുവെന്നാണ് പുതിയ കഥ. തോൽക്കാൻ മനസ്സില്ലാത്ത, അതിജീവനം കൂടപ്പിറപ്പായ മലയാളികൾക്ക് പോയവർഷം സമ്മാനിച്ചത് 2021-ലും മുന്നേറാനുള്ള ആത്മധൈര്യം.

സർവം ഡിജിറ്റൽ മയം
‘ആ മൊബൈൽ മാറ്റിവെച്ചിട്ട് രണ്ടക്ഷരം പഠിക്കുന്നുണ്ടോ, എപ്പോ നോക്കിയാലും അതിൽ കുത്തിക്കൊണ്ടിരുന്നാ മതി. പരീക്ഷയ്ക്ക് ആനമുട്ട കിട്ടും’ എന്നത് പഴഞ്ചൊല്ലായി മാറിയിട്ട് മാസങ്ങൾ. ‘എടാ മോനെ, നീ ആ മൊബൈൽ ഒന്ന് എടുത്തു നോക്കെടാ, ടീച്ചർ പറയുന്നത് ഒന്നു ശ്രദ്ധിക്ക്. ഇല്ലേ മോൻ തോറ്റുപോകു’മെന്നത് പുതിയ ചൊല്ലും. ‘വേഗം പഠിക്ക്, അമ്മയ്ക്ക് അതിനുശേഷം സ്കൂളിൽ ഓൺലൈൻ ക്ലാസ് കൊടുക്കാനുള്ളതാ’. ഇങ്ങനെ പോകുന്നു വീടിന്റെ അകത്തളങ്ങളിലെ ഇപ്പോഴത്തെ വർത്തമാനങ്ങൾ. അച്ഛനും അമ്മയും മക്കളും എന്തിന് മുത്തശ്ശനും മുത്തശ്ശിയും വരെയിപ്പോൾ മൊബൈലും ലാപ്ടോപ്പും ഉപയോഗിക്കും. വൈദ്യുതി ബില്ലും വാട്ടർ ബില്ലും മൊബൈൽ വഴി അടയ്ക്കാൻ വീട്ടമ്മമാർവരെ പഠിച്ചു. വൺ ടൈം പാസ് വേഡ് ഏവരുടെയും ജീവിതഭാഗമായി. അങ്ങ് ദൂരെയുള്ളവർവരെ ഇപ്പോൾ കൈയെത്തും ദൂരത്ത്. വെർച്വൽ ലോകത്തെ സാധ്യതകൾ ഉപയോഗിച്ച് മുന്നോട്ടുകുതിക്കുകയാണ് ഏവരും. പുരപ്പുറത്ത് കയറി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കേണ്ടിവന്ന ആദ്യത്തെ കണക്‌ഷൻ പ്രോബ്ലങ്ങൾ ഇന്റർനെറ്റിന് സ്പീഡായപ്പോൾ പരിഹരിച്ചതുപോലെ ജീവിതമിപ്പോൾ ന്യൂ നോർമലുമായി. കഥകളിമുതൽ കലോത്സവങ്ങൾവരെ സർവം ഡിജിറ്റൽ മയം. ഡിജിറ്റൽ സാക്ഷരതയും മുന്നോട്ട്.

ജോലി വീട്ടിൽത്തന്നെ...
ബെഡ് റൂം, ഡൈനിങ് റൂം, കിച്ചൺ, പൂജാമുറി പിന്നെയൊരു ഓഫീസ് മുറിയും എന്നതാണ് ഇപ്പോൾ നിർമാണമേഖലയിലെ ട്രെൻഡ്. കോവിഡാനന്തര കാലത്തും വർക് ഫ്രം ഹോം പല കമ്പനികളും തുടരുകയാണ്. വീട്ടിലിരുന്ന് ജോലിചെയ്യുന്നവർക്കിടയിൽ ഉത്പാദനക്ഷമത കൂടിയെന്നും പഠനറിപ്പോർട്ടുകളുണ്ട്. അതിനാൽ വീട്ടിലിരുന്ന് ജോലിചെയ്യുന്നവർ അവ തുടരുന്നു. ഉള്ള സൗകര്യംകൊണ്ട് തത്കാലത്തേക്ക് മുന്നോട്ടുപോകുന്നതിനേക്കാൾ വീട്ടിൽതന്നെ ഓഫീസ് മുറി പണിയുന്നവരുടെ എണ്ണം ഏറുകയാണെന്ന് ഐ.ടി. കമ്പനികളിൽ ഉൾപ്പെടെ ജോലിചെയ്യുന്നവർ പറയുന്നു. അതുപോലെ താമസിക്കാനും ഓഫീസാക്കാനും സാധിക്കുംവിധമുള്ള മുറികൾ  അപാർട്ട്‌മെന്റുകളിൽ നിർമിക്കുന്നതും ആരംഭിച്ചിട്ടുണ്ട്.

ഹോം ക്ലിനിക്‌
ആശുപത്രിയിൽ എങ്ങനെ പോകും എന്നുകരുതി വിഷമിച്ചിരുന്നവർക്കിടയിലേക്കാണ് ഹോം ക്ലിനിക്കെത്തിയത്. ഡോക്ടറും നഴ്‌സും സഹായിയും ഉൾപ്പെടെയുള്ളവർ രോഗിയുടെ പക്കലേക്ക്. ഡ്രിപ്പിടാൻ സ്റ്റാൻഡ് എവിടെ എന്ന് അന്വേഷിച്ചപ്പോഴാണ് കീ ചെയിൻ തൂക്കിയിടുന്ന ഹുക്കുവരെ ഹോം ക്ലിനിക്കുകാർ ഉപയോഗപ്രദമാക്കിയത്. നീഡിൽ ഊരാനും അത്യാവശ്യം രോഗീപരിചരണം നൽകാനും വീട്ടംഗങ്ങൾക്ക് പരിശീലനം. ഡോക്ടറെക്കണ്ട് മരുന്നുവാങ്ങി വീട്ടിൽപ്പോയിരുന്നതൊക്കെ കൊറോണയ്ക്കുമുമ്പ്‌. ഇപ്പോൾ ടെലി മെഡിസിൻ വഴിയും ഇ സഞ്ജീവനി വഴിയും ഓൺലൈൻ വഴി ഡോക്ടറോട് രോഗവിവരം പറയുകയും മരുന്ന് വാങ്ങുകയും ചെയ്യുന്നു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആശുപത്രിയിൽ പോകേണ്ടതില്ലായെന്നും ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചു.

യൂ ട്യൂബ് എന്ന സാമ്പത്തികസ്രോതസ്സ്
സ്കൂൾ കാലത്ത് കണ്ടുപിരിഞ്ഞതാണ്. പിന്നെയൊരു വിവരവുമില്ല. മെസെഞ്ചറിൽ സന്ദേശംകണ്ട് സന്തോഷത്തോടെ തുറന്നപ്പോൾ, ഇത് എന്റെ പുതിയ യൂ ട്യൂബ് ചാനലാണ്, സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ. ശ്ശെടാ, ഇതെന്തൊരു ഗതികേട് എന്നു പറഞ്ഞവർക്കുവരെയിപ്പോൾ യൂ ട്യൂബ് ചാനലുണ്ടെന്നതാണ് സത്യം. കേക്ക് നിർമാണം മുതൽ തയ്യൽ ക്ലാസ് വരെയായി വീട്ടമ്മമാർക്കും വിദ്യാർഥിനികൾക്കും യൂ ട്യൂബ് നൽകുന്നത് മികച്ച വരുമാനമാണ്. വാഹനറിവ്യൂവും ഫിഷിങ്ങും ഉൾപ്പെടെയായി യുവാക്കളും ഒട്ടും പിറകിലല്ല. ക്രിസ്മസ് പാപ്പായുടെയും മറ്റും ചിത്രങ്ങൾവെച്ചുള്ള കേക്കും മറ്റുമായി പുതിയ ആശയങ്ങളിലൂടെയാണ് കേക്ക് നിർമാണരംഗത്തെ കോളേജ്‌ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ കീഴടക്കിയത്. യൂ ട്യൂബ്  ചാനലുകളിലൂടെ സ്വയംപര്യാപ്തരായ ഒരു തലമുറയെ കോവിഡ് കാലം സൃഷ്ടിച്ചുവെന്നതും മറ്റൊരുനേട്ടം.

വീട്ടിലെ കൃഷിയും മുന്നോട്ട്
ജിമ്മിൽ പോകാൻ കോവിഡ് കാലത്ത് കഴിയില്ലല്ലോ, അതുകൊണ്ട് ഉള്ള സ്ഥലം കൊത്തിയിളക്കി കൃഷിചെയ്തവർ ഏറെ. ശരീരവും നന്നായി, സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയതിന്റെ സന്തോഷവും കിട്ടി. വീട്ടിൽ ഉള്ളസ്ഥലത്ത് പച്ചക്കറികൃഷി ആരംഭിച്ചവർ ഒട്ടേറെയാണ്. റെസിഡൻറ്‌്‌സ്‌ അസോസിയേഷനും മറ്റും പച്ചക്കറികൃഷി ചെയ്യുന്നതിന് സഹായങ്ങൾ നൽകി. സംസ്ഥാനസർക്കാരും പ്രോത്സാഹനം നൽകിയതോടെ സ്വന്തം ആവശ്യത്തിന് വീട്ടിൽ കൃഷിചെയ്യുന്നവരുടെ എണ്ണവും ഏറി. ടെറസിനുമുകളിൽ കൃഷിചെയ്യുന്നവരും ഇക്കാലയളവിൽ കൂടി. ചെറിയതോതിലെങ്കിലും വീട്ടിൽ കൃഷി ആരംഭിക്കാത്തവർ ചുരുക്കമെന്നു പറയാം.

കുടുംബബന്ധം സുദൃഢം
കോവിഡ് കാലത്തുണ്ടായ ഏറ്റവും മൂല്യവത്തായ കാര്യമെന്താണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. കുടുംബാംഗങ്ങൾ തമ്മിലുള്ള അടുപ്പം ഏറി. മുത്തച്ഛനും മുത്തശ്ശിയോടും ഒപ്പം കഥപറഞ്ഞിരിക്കാൻ കൊച്ചുമക്കളും പിള്ളേരുടെ കാര്യം അന്വേഷിക്കാൻ മാതാപിതാക്കൾക്കും സമയം കിട്ടി. സംസാരിക്കാൻ ഏറെ സമയം കിട്ടിയപ്പോൾ അവർ തമ്മിലുള്ള അടുപ്പവും ഏറി. ഡിജിറ്റൽ സാങ്കേതികവിദ്യകൾ അച്ഛനമ്മമാരെ പഠിപ്പിക്കാനും കുട്ടികൾ സമയം കണ്ടെത്തി. വീടുകളിലേക്ക് സന്തോഷം തിരിച്ചെത്തിയെന്നതാണ് ഏറ്റവും പ്രധാന കാര്യം. കുട്ടികൾക്കിടയിൽ ഓൺലൈൻ ഉപയോഗം കൂടുന്നതായുള്ള പരാതികൾ ഉണ്ടെന്നതൊരു പോരായ്മയാണ്. അങ്ങനെ, കൊറോണ വൈറസ്  ജീവിതം ഇല്ലാതാക്കിയെന്ന് പറയുന്നതിനേക്കാൾ, ജീവിതത്തിന് ഒരു പുതിയ മുഖം നൽകിയെന്ന് പറയുന്നതല്ലേ ശരി.