പ്രതീക്ഷിക്കാവുന്നത് സംഭവിച്ചു. കോവിഡിനെതിരേയുള്ള വാക്സിൻ വിതരണം രാജ്യത്ത് ആരംഭിക്കാനിരിക്കേ, അനുമതിലഭിച്ചിട്ടുള്ള വാക്സിനുകൾ വിവാദത്തിൽ കുടുങ്ങിയിരിക്കയാണ്.  
ഓക്സ്ഫഡ്-സിറം ഇൻസ്റ്റിറ്റ്യൂട്ട്-ആസ്ട്രസെനക്കയുടെ കോവിഷീൽഡ് വാക്സിനും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഇന്ത്യൻ ഡ്രഗ് കൺട്രോൾ ജനറൽ ഇപ്പോൾ അനുമതിനൽകിയിട്ടുള്ളത്. അടിയന്തര ഉപയോഗത്തിനാണ് ഇവയ്ക്ക്‌ അനുമതി.  മൂന്നാംഘട്ട മനുഷ്യപരീക്ഷണം പൂർത്തിയാവാതെ രണ്ടുവാക്സിനും ‌ പ്രയോഗിക്കുന്നത് ഉചിതമായില്ലെന്ന് ചിലർ വാദിക്കുന്നു. കൂടുതൽ എതിർപ്പ് കോവാക്സിനെ സംബന്ധിച്ചാണ്. അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കാൻ പര്യാപ്തമായ വിവരങ്ങൾ ഭാരത് ബയോടെക് സമർപ്പിച്ചിട്ടില്ലെന്നാണ് കോവാക്സിനുള്ള പ്രധാന വിമർശനം.  പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി മനുഷ്യരാശിയുടെ പക്കലുള്ള ഏറ്റവും ശക്തമായ ആയുധമായ വാക്സിനുകൾ എല്ലാ കാലത്തും വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്‌.   

കോടിക്കണക്കിനാളുകളെ കൊന്നൊടുക്കിയ വസൂരിരോഗത്തെ വാക്സിനേഷന്റെ ഫലപ്രദമായ പ്രയോഗത്തിലൂടെ 1980-ൽ പൂർണമായും നിർമാർജനംചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചുകഴിഞ്ഞു.   മറ്റൊരു മഹാമാരിയായ പോളിയോ ഏതാനും മാസങ്ങൾക്കകംതന്നെ വാക്സിൻപ്രയോഗത്തിലൂടെ  പൂർണമായും നിർമാർജനം ചെയ്യപ്പെടും. എന്നാൽ, ശാസ്ത്രചരിത്രം പരിശോധിക്കുമ്പോൾ രണ്ട് വാക്സിനുകളും വിവാദങ്ങളെ തരണംചെയ്താണ് രോഗനിർമാർജനം കൈവരിക്കുന്നതിൽ വിജയിച്ചതെന്ന് കാണാൻ കഴിയും.

വസൂരിവാക്സിന്റെ കഥ

വസൂരി രോഗത്തിന് ഗോവസൂരി പ്രയോഗത്തിലൂടെ ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തത് ബ്രിട്ടീഷ് ഭിഷഗ്വരനും ശാസ്ത്രജ്ഞനുമായ എഡ്വേർഡ് ജന്നർ (1749-1823)  ആയിരുന്നു. പശുക്കളിൽ കാണുന്ന ഗോവസൂരി ബാധിക്കുന്നവരിൽ മനുഷ്യവസൂരി വരില്ലെന്ന് മനസ്സിലാക്കിയ ജന്നർ ഗോവസൂരി ബാധിച്ച സാറാ നെൽമ്സ് എന്ന പാൽക്കാരിയുടെ ശരീരത്തിലെ കുമിളയിൽനിന്നെടുത്ത പഴുപ്പ് ജെയിംസ് ഫിപ്പ്സ് എന്ന കുട്ടിക്ക് നൽകി പരീക്ഷിച്ച് ഗോവസൂരി പ്രയോഗം വിജയകരമാണെന്ന് തെളിയിച്ച ചരിത്രം ഏറെ പ്രസിദ്ധമാണ്. തന്റെ പരീക്ഷണം വിവരിച്ചുകൊണ്ട് ജന്നർ നൽകിയ പഠന റിപ്പോർട്ട് ബ്രിട്ടീഷ് റോയൽ സൊസൈറ്റി നിരാകരിക്കുകയാണുണ്ടായത്. അതിശക്തമായ എതിർപ്പുകൾ വാക്സിനേഷനെതിരേ വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ ഉയർന്നുവന്നു.  അമേരിക്കയിലും യൂറോപ്പിലുമെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട്  വാക്സിൻവിരുദ്ധപ്രസ്ഥാനങ്ങൾ വളർന്നുവന്നു. വാക്സിനേഷനെതിരേ ഒട്ടേറെ ഗൂഢാലോചനാസിദ്ധാന്തങ്ങൾ പ്രചരിപ്പിക്കപ്പെട്ടു. ഇതേത്തുടർന്ന്‌ ജന്നർ പൊതുരംഗത്തുനിന്ന്‌ പിൻവാങ്ങി ഒരു ഗ്രാമത്തിൽ  വാക്സീനിയ ക്ഷേത്രം (Temple of Vaccinia) എന്നുപേരിട്ട ഒരു കുടിലിൽ താമസിച്ച് ദരിദ്രരെ സൗജന്യമായി വാക്സിനേറ്റ് ചെയ്യാനാരംഭിച്ചു.  കഷ്ടകാലം ജന്നറെ പിന്തുടർന്നുകൊണ്ടിരുന്നു. ജന്നറുടെ ഭാര്യയും മൂത്തമകനും അക്കാലത്തെ പ്രധാന പകർച്ചവ്യാധികളിലൊന്നായിരുന്ന ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. 

ദീർഘകാലത്തിനുശേഷമാണെങ്കിലും ശാസ്ത്രലോകത്തിന് ജന്നർ ശാസ്ത്രീയമായി തെളിയിച്ച ഗോവസൂരി പ്രയോഗം മനുഷ്യരിൽ വസൂരി പ്രതിരോധിക്കാനുള്ള ഏറ്റവും ഫലവത്തായ മാർഗമാണെന്ന് അംഗീകരിക്കേണ്ടിവന്നു. ജന്നറുടെ പരീക്ഷണങ്ങളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ് ആധുനിക രോഗപ്രതിരോധശാസ്ത്രസിദ്ധാന്തങ്ങൾ (Immunology) വികസിപ്പിച്ചെടുത്തത്.  1840-ൽ ബ്രിട്ടീഷ്‌ സർക്കാർ ഗോവസൂരി പ്രയോഗം സൗജന്യമായി ലഭ്യമാക്കി വാക്സിനേഷൻ നിയമം നടപ്പിലാക്കി; ബ്രിട്ടനുമായി യുദ്ധത്തിലായിരുന്ന നെപ്പോളിയൻ ( 1769 –1821) ഫ്രഞ്ച് പട്ടാളക്കാരെ മുഴുവൻ വാക്സിനേഷന് വിധേയരാക്കുകയും ജന്നറിന് ഒരു മെഡൽ സമ്മാനിക്കുകയും ചെയ്തു. 

പോളിയോ വാക്സിനും എയ്ഡ്സും 

പോളിയോ വാക്സിനും ഇതേ ഗതിതന്നെ ആദ്യകാലത്തുണ്ടായി. 1980-കളിൽ ലോകവ്യാപകമായി പടർന്നുപിടിച്ചിരുന്ന പോളിയോ രോഗത്തിനെതിരേ വാക്സിൻ കണ്ടെത്തുന്നതിനായി പല ശാസ്ത്രസ്ഥാപനങ്ങളിലും ഗവേഷണങ്ങൾ നടന്നിരുന്നു. അമേരിക്കയിൽ ഹിലാരി കോഫ്രോവ്സ്കി നടത്തിയ ഗവേഷണത്തെത്തുടർന്ന് നിർവീര്യമാക്കിയ  (Live Attenuated) വൈറസുകളുപയോഗിച്ച് വായിലൂടെ കൊടുക്കാവുന്ന പോളിയോ വാക്സിൻ  (Oral Polio Vaccine) വികസിപ്പിച്ചെടുത്തു. പിൽക്കാ‍ലത്ത് കൂടുതൽ ഫലവത്തായ വാക്സിൻ സബിൻ (1906-1993) കണ്ടെത്തിയത്  കോഫ്രോവ്സ്കിയുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ്. 1948 ജനുവരിയിൽ കോഫ്രോവ്സ്കി സ്വയം വാക്സിൻ സ്വീകരിക്കുകയും തുടർന്ന് 1950 െഫബ്രുവരി 27-ന് ന്യൂയോർക്കിനടുത്തുള്ള ലെച്ച് വർത്ത് ഗ്രാമത്തിലെ 20 കുട്ടികൾക്ക് വാക്സിൻ നൽകുകയും 17 കുട്ടികളുടെ ശരീരത്തിൽ ആന്റിബോഡികൾ കണ്ടെത്തുകയുംചെയ്തു. ആർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായതുമില്ല. തുടർന്ന്, ഒട്ടേറെ രാജ്യങ്ങളിൽ വാക്സിൻ ഉപയോഗിച്ചുതുടങ്ങി.  ആഫ്രിക്കയിൽമാത്രം ബുറൻഡി, റ്വാണ്ടാ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലായി പത്തുലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്.  

1992-ൽ അമേരിക്കൻ മാസികയായ റോളിങ്‌സ്റ്റോണിൽ കോഫ്രോവ്സ്കിയുടെ പോളിയോ വാക്സിനാണ് എയ്ഡ്സിന് കാരണമായ ഹ്യുമൻ ഇമ്യുണോ ഡഫിഷൻസി വൈറസിന്റെ (എച്ച്.ഐ.വി.) സ്രോതസ്സെന്നും  എയ്ഡ്സ് മഹാമാരിക്ക് കാരണമായതെന്നും ആരോപിച്ച്  ടോം കർട്ടിസ്  എന്ന പത്രപ്രവർത്തകൻ ലേഖനമെഴുതി. ആരോപണം നിഷേധിച്ച്  കോഫ്രോവ്സ്കി മാസികക്കെതിരേ കേസ് ഫയൽ ചെയ്തു. മാസികയുടെ എഡിറ്റർമാർക്ക് ലേഖനം പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് വിശദീകരണക്കുറിപ്പ്‌ ഇറക്കേണ്ടിവന്നു. കോടതി റോളിങ്‌സ്റ്റോണിന്റെ ആരോപണം തള്ളിക്കളഞ്ഞു.  പോളിയോ വാക്സിൻ-എച്ച്.ഐ.വി. ബന്ധം ഉന്നയിച്ചുകൊണ്ട്  എഡ്വേർഡ് ഹൂപ്പർ എന്ന പത്രപ്രവർത്തകൻ ദി റിവർ എ ജേർണി ടു ദി സോർഴ്സ് ഓഫ് എച്ച്.ഐ.വി./എയ്ഡ്സ്‌  എന്ന പേരിൽ 1999-ൽ പുസ്തകം പ്രസിദ്ധീകരിച്ചു. 2004-ൽ ഒരു ഫ്രഞ്ച് കമ്പനി ഇതേ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒറിജിൻ ഓഫ് എയ്ഡ്സ്  എന്നപേരിൽ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. 

 വിശദമായ പഠനത്തിനുശേഷം പോളിയോ വാക്സിൻ, എച്ച്.ഐ.വി.  ബന്ധം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞു.  ചിമ്പാൻസിയുടെ കോശങ്ങളുപയോഗിച്ചാണ് വാക്സിൻ നിർമിച്ചതെന്നതായിരുന്നു ഹൂപ്പറിന്റെ പ്രധാന ആരോപണം. ചിമ്പാൻസിയിൽനിന്ന്‌ സിമിയൻ ഇമ്യുണോ ഡഫിഷ്യൻസി വൈറസ് (SIV) വാക്സിനിൽ കലർന്നുവെന്ന് ഹൂപ്പർ വാദിച്ചിരുന്നു. എന്നാൽ, മക്കാക് കുരങ്ങിന്റെ കോശങ്ങളാണ് വാക്സിനുവേണ്ടി ഉപയോഗിച്ചിരുന്നത്.  വാക്സിൻ ബാച്ചുകളിലൊന്നിലും സിമിയൻ വൈറസ് കണ്ടെത്താനും കഴിഞ്ഞില്ല. കോഫ്രോവ്സ്കി വാക്സിൻ പരീക്ഷണം നടത്തിയ കോംഗോയിലെ ചിമ്പാൻസിയിൽ കാണുന്ന സിമിയൻ വൈറസ് എച്ച്.ഐ.വി. വിഭാഗത്തിൽ പെടുന്നതല്ലെന്ന് നേച്ചർ മാസിക 2004-ൽ വെളിപ്പെടുത്തി.  മാത്രമല്ല എച്ച്.ഐ.വി. വൈറസുകൾ കോഫ്രോവ്സ്കി വാക്സിൻ കണ്ടെത്തുന്നതിനും വർഷങ്ങൾക്കുമുമ്പ് മനുഷ്യശരീരത്തിലെത്തിക്കഴിഞ്ഞിരുന്നതായും പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.  

ഹൂപ്പറിന്റെ ഗൂഢാലോചനാസിദ്ധാന്തം തെറ്റാണെന്ന് തെളിഞ്ഞെങ്കിലും പോളിയോ വാക്സിനേഷൻ വിതരണത്തെയും പോളിയോ നിർമാർജനപദ്ധതിയെയും അതുണ്ടാക്കിയ ആശയക്കുഴപ്പം പ്രതികൂലമായി ബാധിച്ചു.  പല ആഫ്രിക്കൻ രാജ്യങ്ങളിലും  കുട്ടികളെ വാക്സിനേഷന് വിധേയരാക്കാൻ തയ്യാറായില്ല. വളരെ നാളുകളെടുത്തുനടത്തിയ ആരോഗ്യ ബോധവത്‌കരണത്തെത്തുടർന്നാണ് തെറ്റിദ്ധാരണ മാറ്റി ആഫ്രിക്കയിൽ പോളിയോ നിയന്ത്രിക്കാൻ കഴിഞ്ഞത്.  

കോവിഡ് വാക്സിനെതിരേയും ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങളും വൈകാതെ കെട്ടടങ്ങുമെന്നും രോഗനിയന്ത്രണം അധികം വൈകാതെ കൈവരിക്കാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് കഴിയുമെന്നും പ്രതീക്ഷിക്കാം.