മനുഷ്യരോട് കോവിഡ് ചെയ്യുന്നത്

പെട്ടെന്നൊരു ദിവസം എല്ലാവരും വീട്ടിലാവുന്നു. പുറത്തേക്കുള്ള വഴികളടയുന്നു. ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളും, ജീവൻ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള കരുതലിനുമുന്നിൽ ചിതറിപ്പോവുന്നു. അത്ര എളുപ്പമല്ല പൊരുത്തപ്പെടാൻ. കാരണം, ഇല്ലാതായിപ്പോയത് ജീവിതത്തിന്റെ താളമാണ്. ജീവിതോപാധിയും ജീവനെപ്പോലെ സ്നേഹിച്ചവരുമാണ്.

 എന്റെ കുടുംബം എങ്ങനെ നടത്തും
പൊന്നാനിയിലെ ഒരു സ്കൂൾയോഗത്തിൽ ഒരു അധ്യാപിക പറഞ്ഞു: ‘‘ഓൺലൈൻ ക്ളാസിന്റെ സമയം കൂട്ടണം. എന്നാലേ നന്നായി പഠിപ്പിക്കാനാവൂ.’’ മറുപടി പറഞ്ഞത് പ്രധാനാധ്യാപകനാണ്.  അദ്ദേഹം അടുത്തിടെനടന്ന ഒരു സംഭവം വിവരിച്ചു. അച്ഛന് ഗൾഫിൽ ജോലിയുണ്ടായിരുന്ന ഒരു കുട്ടി. പഠിക്കാൻ മിടുക്കൻ. അടുത്തിടെ കോവിഡ് കാരണം അച്ഛന്റെ ജോലി പോയി. അമ്മയാണ് ഇപ്പോൾ കാര്യങ്ങൾ നോക്കുന്നത്. കഴിഞ്ഞദിവസം അവർ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചു. കടുത്ത മാനസികാസ്വാസ്ഥ്യമായിരുന്നു കാരണം. അവരുടെ പ്രശ്നം

മകന്റെ ഭാവിയായിരുന്നു. അവന് ഓൺലൈൻ ക്ളാസിന് ആവശ്യമുള്ള ഡേറ്റ കിട്ടുംവിധം ഫോൺ ചാർജ് െചയ്തുകൊടുക്കാനുള്ള പണംപോലും കൈയിലില്ല. നല്ല ഭക്ഷണംപോലും നൽകാനില്ല. ആലോചിച്ചും തലപുകച്ചും മകനെ േചർത്തുപിടിച്ചും അവർ ദിവസങ്ങൾ നീക്കി. പതിയെ അവർ വിഷാദരോഗത്തിലെത്തിയത് ആരുമറിഞ്ഞില്ല. കഥ നിർത്തിയശേഷം പ്രധാനാധ്യാപകൻ ചോദിച്ചു, ‘‘എങ്ങനെയാ ടീച്ചറേ, നമ്മളീ നാട്ടിലെ പാവപ്പെട്ട കുട്ടികളോട് കൂടുതൽ ഓൺലൈൻ ക്ളാസ് അറ്റന്റ് ചെയ്യാൻ പറയുക?’’

വീട്ടമ്മമാരെ കോവിഡ് ഇങ്ങനെ മാത്രമല്ല ഉപദ്രവിച്ചത്. നേരത്തേ വീട്ടുജോലികളിൽ അവർക്കൊരു നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോൾ അതും പോയി. വീട്ടിൽ എല്ലാവർക്കും എപ്പോഴും എന്തെങ്കിലും ആവശ്യങ്ങൾ. ഓടിയോടി തളർന്നു, വയ്യ, മടുത്തു. പാരീസ് ആസ്ഥാനമായുള്ള ഫോക്കസ് 2030, വിമൻ ഡെലിവർ എന്നീ സംഘടനകൾചേർന്ന് ലോകത്തെ 17 വികസ്വരരാജ്യങ്ങളിൽ നടത്തിയ സർവേയിൽ ഈ മടുപ്പ് മാനസികപ്രശ്നങ്ങളായിമാറുന്നതിനെക്കുറിച്ച് പറയുന്നു. 18-നും 44-നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 53 ശതമാനം പേരും മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നതായാണ് കണ്ടെത്തൽ. ഇന്ത്യയിൽ ഉദ്യോഗസ്ഥരായ സ്ത്രീകളുടെ സ്ഥിതിയും ഇതുതന്നെ. അവരുടെ മാനസികനിലയെക്കുറിച്ച് ഓൺലൈൻ നെറ്റ് വർക്കായ ലിങ്ക്‌ഡ് ഇൻ ഒരു അന്വേഷണം നടത്തി. 47 ശതമാനം സ്ത്രീകളും പണ്ടത്തെക്കാൾ സമ്മർദം കൂടിയതായി സമ്മതിക്കുന്നു.

 ഒരു വീട്ടിൽ, ഇരു ധ്രുവങ്ങളിൽ
കോവിഡ്കാലത്ത് ഏറ്റവുമധികം പരീക്ഷിക്കപ്പെട്ടത് ദാമ്പത്യമാണ്. അടുപ്പമുള്ള ദന്പതിമാർ കൂടുതലടുത്തു. അകൽച്ചയുള്ളവർ പിന്നെയും അകന്നു.  പുതിയ പുതിയ മാനസിക പ്രശ്നങ്ങളുമായി മനോരോഗവിഗ്ധരെ സമീപിച്ചവരുടെ എണ്ണവും കൂടി.

ഭർത്താവിനെ കൂടുതൽ സമയം നിരീക്ഷിക്കാൻ കിട്ടിയതാണ് കോട്ടയം സ്വദേശി നിഷയുടെ താളംതെറ്റിച്ചത്. ലോക്ഡൗൺ തുടങ്ങിയതോടെ ഓഫീസ് ജോലി വീട്ടിലിരുന്നായി. ഭർത്താവ് അനീഷിനും അങ്ങനെത്തന്നെ. രണ്ടുപേർക്കും മറ്റൊന്നും െചയ്യാനില്ല. ദിവസങ്ങൾ പോകെ അനീഷ്  കള്ളംപറയുന്നതായും തന്റെ കണ്ണുവെട്ടിച്ച് പലതും ചെയ്യുന്നതായും അവൾ കണ്ടുപിടിച്ചു. എല്ലാം തോന്നലാണെന്ന് അനീഷ് ആണയിട്ടു. കുട്ടികളില്ലാത്തതും സമ്പാദ്യമില്ലാത്തതും അതുവരെ ഒരു വിഷയമായിരുന്നില്ല. തർക്കം തുടങ്ങിയതോടെ എല്ലാം പൊന്തിവന്നു. നിഷ അതിവേഗം വിഷാദരോഗത്തിലെത്തി.

അക്രമത്തിലേക്ക് പോയവരുടെ എണ്ണവും കുറവല്ല. ഗാർഹികപീഡനക്കേസുകൾ ഞെട്ടിക്കുംവിധം കൂടി. നാഷണൽ ക്രൈം െറേക്കാഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം 2019-ൽ 194 കേസുണ്ടായിരുന്നിടത്ത് 2020 മാർച്ച് മുതൽ ഇതുവരെയുള്ള കോവിഡ് കാലത്ത് 5600-ന്‌ അടുത്താണ് േകസുകൾ!

േകാവിഡ് മറ്റൊരുതരത്തിലുള്ള ബോധോദയവും ദമ്പതിമാർക്കുണ്ടാക്കിയിട്ടുണ്ടെന്ന് സാമൂഹികശാസ്ത്രജ്ഞർ പറയുന്നു. ജീവിതം എപ്പോൾ വേണമെങ്കിലും തീർന്നേക്കാം. എങ്കിൽ എന്തുകൊണ്ട് ഇനിയെങ്കിലും ഇഷ്ടമുള്ളപോലെ ജീവിച്ചുകൂടാ? ദാന്പത്യം അതിന്‌ തടസ്സമായി തോന്നിയവർ അത് പിറകിലുപേക്ഷിച്ച് പുറത്തേക്കിറങ്ങി. ചിലർ നേരെ തിരിച്ചും.

മനുഷ്യന് സ്നേഹിച്ചുജീവിക്കാൻമാത്രം ഇടമുള്ള ഈ ലോകത്ത് ഒരു ചെറിയ വൈറസ് നമ്മുടെ മനസ്സിൽ കയറിക്കൂടുന്നത് എങ്ങനെ? അതിനെ ഇറക്കിവിടാൻ വഴികളില്ലേ? അതേക്കുറിച്ച് നാളെ.

എന്റെ കുഞ്ഞിന് എന്തുസംഭവിക്കും

ജീവന്റെ ഏറ്റവും സുന്ദരമായ പിറവിയെ കാത്തിരിക്കുമ്പോൾ പ്രതീക്ഷയെക്കൂടി ഗർഭം ധരിക്കുന്നു ഓരോ സ്ത്രീയും. എന്നാൽ, ഈ കഠിനകാലത്തെ കണക്കുകൾ അത്ര പ്രതീക്ഷ നൽകുന്നതല്ല. കോവിഡിന്റെ ആദ്യവരവിൽ ഏഴ് മാതൃമരണങ്ങളുണ്ടായപ്പോൾ രണ്ടാംവരവിൽ അത് 32 ആയി. ഗർഭിണികളിൽ പലരും അസ്വസ്ഥരാണ്. പ്രസവത്തിനുമുന്പ് കോവിഡ് വരുമോ, പ്രസവസമയത്ത് രോഗംവന്നാൽ തനിച്ചാവുമോ, കുഞ്ഞിന് രോഗംവരുമോ എന്നൊക്കെയാണ് ആശങ്കകൾ.

 പരിയാരം മെഡിക്കൽ േകാളേജ് ഗൈനക്കോളജി വിഭാഗം നടത്തിയ പഠനത്തിൽ ഗർഭിണികളിൽ 37.5 ശതമാനം പേർക്ക് മാനസിക പ്രയാസങ്ങളുണ്ട്. അന്താരാഷ്ട്ര വൈദ്യശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനപ്രകാരം 26.7 ശതമാനം പേർക്കാണ് വിഷാദരോഗലക്ഷണങ്ങളുള്ളത്. 24.2 ശതമാനം പേർക്ക് ഉത്കണ്ഠാരോഗലക്ഷണങ്ങളും 11.7 ശതമാനം പേർക്ക് മാനസിക പിരിമുറുക്കവുമുണ്ട്. ‘‘പോസിറ്റീവായ രോഗികൾ കൺസൾട്ടേഷനുവരുേന്പാൾ ഞങ്ങൾ പി.പി.ഇ. കിറ്റിനുള്ളിലായിരിക്കും. ഞങ്ങൾ ധൈര്യം പകരുന്നതോ ആശ്വസിപ്പിക്കുന്നതോ അവർക്ക് മനസ്സിലാവാൻപോലും പ്രയാസമാണ്’’ -പരിയാരം മെഡിക്കൽ േകാജേ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിത് കോവിഡ് കാലത്തിന്റെ നിസ്സഹായതകൾ പങ്കുെവച്ചു.