രോഗത്തെക്കാൾ മാരകമായ ചികിത്സയാണ് കേരളപോലീസ് ആക്ടിലെ 118എ വകുപ്പിലൂടെ സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. ഒറ്റദിവസം പോലും ഇങ്ങനെയൊരുനിയമം ഒരു ജനാധിപത്യസംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്കെതിരേ വർധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പേരിൽ, തികച്ചും ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിയമഭേദഗതിയുമായിവന്ന സർക്കാരിന്റെ നിലപാട് കേരളത്തിൽ മാത്രമല്ല ദേശീയതലത്തിലും വിമർശിക്കപ്പെടുന്നതിൽ അദ്‌ഭുതമില്ല. പൗരന്മാരുടെയും മാധ്യമങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യം അട്ടിമറിക്കുന്നതിനുള്ള ഒരു ഓർഡിനൻസ് ഇത്ര തിടുക്കത്തിൽ കൊണ്ടുവന്നതിന്റെ പിന്നിലെ ചേതോവികാരംപോലും ജനാധിപത്യവിരുദ്ധമാണ്.
വീണ്ടുവിചാരമില്ലാത്ത രൂപകല്പന
2011-ലെ കേരള പോലീസ് ആക്ടിൽ 118എ എന്ന വകുപ്പ് കൂട്ടിച്ചേർത്തുകൊണ്ടുള്ളതാണ് ഈ ഓർഡിനൻസ്. തികച്ചും അലസമായ രീതിയിൽ ഒരു ഗൃഹപാഠവും ചെയ്യാതെ, ഒട്ടും വീണ്ടുവിചാരമില്ലാതെ രൂപകല്പന ചെയ്ത ഓർഡിനൻസാണിത്. ഒരു ക്രിമിനൽ കുറ്റത്തെ നിർവചിക്കുന്ന വ്യവസ്ഥ കൃത്യവും വ്യക്തവും വ്യാഖ്യാനസാധ്യതകളെ പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ളതും ആയിരിക്കണം. കുറ്റകരമല്ലാത്ത, ഉത്തമബോധ്യത്തിൽ നടത്തുന്ന ഒരു വിമർശനത്തെ വ്യാഖ്യാനത്തിലൂടെ കുറ്റകരമാക്കാമെന്നുവന്നാൽ ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാനോ അഭിപ്രായം പറയാനോ കഴിയില്ല. ആളുകളുടെ ‘മനസ്സിനോ ഖ്യാതിക്കോ വസ്തുവിനോ ഹാനിയുണ്ടാക്കാനിടയാക്കുന്ന കാര്യങ്ങളും വിഷയങ്ങളും’ ‘ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ’ ചെയ്യുന്നത് കുറ്റകരമാണെന്ന് പറയുന്ന ഈ ഓർഡിനൻസ് വഴി എന്തുതരം വിമർശനത്തെയും ആക്ഷേപത്തെയും കുറ്റകരമെന്ന് വ്യാഖ്യാനിക്കാൻ കഴിയും. ഇതോടെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായസ്വാതന്ത്ര്യം തകരും.
വിമർശനങ്ങളുടെ കഴുത്ത് ഞെരിക്കുമ്പോൾ
ഭരണത്തിൽ ഇരിക്കുന്നവർക്ക് ‘ഹാനി’യുണ്ടാക്കുന്ന വിമർശനങ്ങൾ പാടില്ലെന്നുവന്നാൽ പിന്നെയെന്ത് ജനാധിപത്യമാണ് ബാക്കിയുണ്ടാവുക? പ്രതികാരരാഷ്ട്രീയത്തിന്റേതായ കാലഘട്ടത്തിൽ തങ്ങൾക്കിഷ്ടമില്ലാത്തവർ പറയുന്ന അഭിപ്രായങ്ങൾക്കെതിരേ എളുപ്പം പ്രയോഗിക്കാവുന്ന ഒരു വ്യവസ്ഥ എന്ന നിലയ്ക്കാണ് 118എ വകുപ്പ് നിർമിക്കപ്പെട്ടിരിക്കുന്നത്. മാത്രവുമല്ല തങ്ങൾ വിമർശനമുന്നയിക്കുന്നത് ഭരണകൂടത്തിന് ഹിതകരമായില്ലെങ്കിൽ വിമർശനംതന്നെ കുറ്റകൃത്യമായി വ്യഖ്യാനിക്കപ്പെടില്ലേയെന്ന് വിർമശകർ ചിന്തിച്ചുപോകാം. അങ്ങനെ വരുമ്പോൾ വിമർശനങ്ങൾതന്നെ ഇല്ലാതാവുകയോ കുറയുകയോ ചെയ്തേക്കാം. പൗരന്മാർ ഇതുവഴി സ്വയം സെൻസർഷിപ്പ് ചെയ്യുന്ന ഭീകരമായ അവസ്ഥാവിശേഷം ഉണ്ടാകും. ഇങ്ങനെ അവ്യക്തമായ നിയമത്തിലൂടെ വിമർശകരെ ഭയപ്പെടുത്തി അവരുടെ നാവടക്കുന്ന ഏർപ്പാട് ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല.
സുരക്ഷിതത്വവും സ്വാതന്ത്ര്യവും അപകടത്തിൽ
അവ്യക്തമായ ക്രിമിനൽ വ്യവസ്ഥകൾക്ക് വായടപ്പിക്കുന്ന സ്വഭാവം -Chilling effect- ഉണ്ടായിരിക്കുമെന്നും ചിലപ്പോൾ അവ നിരപരാധികളെയാകും കുടുക്കിയിടുന്നതെന്നും സുപ്രീംകോടതി ശ്രേയാം ശൃംഗാൾ കേസിൽ (2015) പറഞ്ഞത് ഇതുകൊണ്ടാണ്. വിവരസാങ്കേതികവിദ്യാനിയമത്തിലെ 66എ വകുപ്പും കേരളാ പോലീസ് നിയമത്തിലെ 118 ഡി വകുപ്പും സുപ്രീംകോടതി അന്ന് റദ്ദാക്കിയും ഇത്തരം വികലവും വികൃതവുമായ വ്യവസ്ഥകൾ സ്വാതന്ത്ര്യവിരുദ്ധമാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു. എന്നാൽ, റദ്ദാക്കപ്പെട്ട നിയമവ്യവസ്ഥകളുടെ ബുദ്ധിരഹിതവും അപകടകരവും ജനാധിപത്യ വിരുദ്ധവുമായ പുനരാവിഷ്കാരമാണ് സർക്കാർ ഇപ്പോൾ ചെയ്തിരിക്കുന്നത്. അതും , നിയമസഭയ്ക്കകത്തും പുറത്തും ഒരു ചർച്ചയും നടത്താതെ ഒരു ഓർഡിനൻസിന്റെ രൂപത്തിൽ. വിമർശനങ്ങളെ മൂന്നുവർഷംവരെ തടവിനു വിധിക്കാവുന്ന കുറ്റമാക്കി വ്യാഖ്യാനിക്കാൻ ഉതകുന്ന ഒരു പോലീസ് ആക്ട് നിലവിലുള്ള സംസ്ഥാനത്ത് ഒരു മനുഷ്യനും സുരക്ഷിതനല്ല, ഒരു മാധ്യമവും സ്വതന്ത്രമല്ല.
ന്യായീകരണങ്ങളില്ല
സ്ത്രീകൾക്കെതിരായ സൈബർ കുറ്റകൃത്യം തടയുന്നതിനാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്ന് നിയമസാക്ഷരതയുള്ള ഒരു സർക്കാരിന് പറയാനാവില്ല. ശിക്ഷാ നിയമത്തിലെ അപകീർത്തി സംബന്ധിച്ച വ്യവസ്ഥകൾ (499 മുതൽ 502 വരെയുള്ള വകുപ്പുകൾ) ഭീഷണി, ശല്യപ്പെടുത്തൽ സംബന്ധിച്ച വ്യവസ്ഥയും (503 മുതൽ 510 വരെയുള്ള വകുപ്പുകൾ) സൂക്ഷ്മമായി രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്. ശരിയായ ഉത്തമവിശ്വാസത്തിലുള്ള വിമർശനങ്ങളെ ഇവ കുറ്റകൃത്യങ്ങളായി കാണുന്നില്ല, കാണാൻ അനുവദിക്കുന്നില്ല. സ്ത്രീകൾക്കെതിരേയുള്ള സൈബർ കുറ്റകൃത്യങ്ങളെ സവിശേഷമായി കൈകാര്യം ചെയ്യാൻ പോന്നതാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ, 354 ബി, 354 സി, 354 ഡി വകുപ്പുകൾ. സൈബർ ഇടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പിക്കാനായി ഇത്തരം വ്യവസ്ഥകളെ കാര്യക്ഷമമായി ഉപയോഗിക്കുകയാണ് പോലീസും സർക്കാരും ചെയ്യേണ്ടത്. അല്ലാതെ പുതിയ കരിനിയമങ്ങൾ കൊണ്ടുവരുകയല്ല. അതുപോലെ, സ്ത്രീകളെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെതിരായ 1986-ലെ കേന്ദ്രനിയമത്തിലെ വ്യവസ്ഥകളെയും വേണ്ടവിധത്തിൽ ഉപയോഗിക്കാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിയേണ്ടതാണ്.
നിയമംതന്നെ തെറ്റാണെങ്കിൽ അതിനെ ശരിയായവിധത്തിൽ നടപ്പാക്കാനാവില്ല. നടപ്പാക്കൽ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിലൂടെ നിയമത്തിന്റെ അടിസ്ഥാനവൈകല്യങ്ങൾ പരിഹരിക്കാനും കഴിയില്ല, അതിനാൽത്തന്നെ നിയമം ശരിയായ രീതിയിൽ മാത്രമേ ഉപയോഗിക്കപ്പെടുകയുള്ളൂ എന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തിൽ കഴമ്പില്ല. അധികാരികളുടെ ഔദാര്യത്തിന് വിട്ടുകൊടുക്കേണ്ട ഒന്നല്ല പൗരസ്വാതന്ത്ര്യം. ഭരണാധികാരങ്ങൾ വർധിപ്പിക്കുന്നതിലൂടെയാണ് മോശപ്പെട്ട ഭരണകൂടങ്ങൾ ഉണ്ടാകുന്നതെന്ന് തോമസ് ജഫേഴ്‌സൺ. ഈ ജനവിരുദ്ധനിയമം ഉടനടി പിൻവലിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
(ലേഖകൻ സുപ്രീംകോടതിയിലും ഹൈക്കോടതിയിലും അഭിഭാഷനാണ്.)
Content Highlights: Controversy erupts over Kerala Police Act Amendment