1982-ലാണ് സംഭവം. ഒരു കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ കേരളഹൈക്കോടതി ഇതികർത്തവ്യതാമൂഢമാകുന്ന സ്ഥിതിയിലെത്തി. ‘പ്രതി’ സാക്ഷാൽ വി.ആർ. കൃഷ്ണയ്യർ. ആരോപിതമായ കുറ്റകൃത്യം നടന്നത് മറ്റെവിടെയുമല്ല, കേരള ഹൈക്കോടതിയിൽ., 1981 നവംബറിൽ. സാക്ഷികളോ ഹൈക്കോടതിയിലെ ജഡ്ജിമാരും വക്കീലന്മാരും. കേരളഹൈക്കോടതിയുടെ രജതജൂബിലിയുടെ ഭാഗമായി നിയമപരിഷ്കാരത്തെക്കുറിച്ചുള്ള സമീപനം എന്ന വിഷയത്തിൽ സെമിനാർ. രാജ്യത്തെ നീതിന്യായസംവിധാനത്തിന്റെ അകത്തളങ്ങളിൽ ഇരച്ചുകയറി പിടിച്ചുകുലുക്കുന്നതിനുസമാനമായ വാഗ്‌ധോരണിയാണവിടെ മുഴങ്ങിയത്. ‘‘കഴ്‌സൺ റോഡിലെ കൗണ്ടർപ്രൊഡക്റ്റീവായ  ആ വിശുദ്ധ ചെങ്കൽസൗധം ഞങ്ങൾക്കുവേണ്ടെന്ന് ജനം ഒരുനാൾ എഴുന്നേറ്റുനിന്ന് പറയും തുടർന്നവർ ഹൈക്കോടതികളുടെ നേരെ തിരിയും...’’ -കൃഷ്ണയ്യർ ജഡ്ജിമാരോടും അഭിഭാഷകരോടുമായി പറഞ്ഞു. തീർന്നില്ല, ‘‘ജുഡീഷ്യറി സ്വത്തുടമകളോടുള്ള പക്ഷപാതം മാറ്റി പാവങ്ങളോട് ആഭിമുഖ്യം കാണിക്കാൻ തയ്യാറാകുമോ. ഇവിടെ യേശു വീണ്ടും വീണ്ടും കുരിശിലേറ്റപ്പെടുകയും ബറാബസുമാർ വാഴ്ത്തപ്പെട്ടുകൊണ്ടേയിരിക്കുകയുമാണ്. ഒരുപക്ഷേ, നിയമത്തിന്റെ പിന്തുണയോടെ...’’ -ഇത്തരത്തിൽ പൊതുപ്രസ്താവനകൾ നടത്തിയ കൂട്ടത്തിൽ ഒരു കേസിൽ ജഡ്ജി സ്വീകരിച്ച നിലപാടിനെയും കുടഞ്ഞു: ‘‘ആർ.സി. കൂപ്പർ കേസിൽ സ്വത്തവകാശത്തെ ബാധിക്കുമെന്ന് വന്നപ്പോൾ ജഡ്ജിയുടെ ഹൃദയത്തിൽനിന്ന് ചോര പൊടിഞ്ഞില്ലേ... നീതിന്യായ സംവിധാനത്തിന്റെ അകത്തുണ്ടായിരുന്നയാളെന്ന നിലയിൽ ഒരുപാടറിയാം, പക്ഷേ, പറയുന്നില്ല...’’

കൃഷ്ണയ്യരും കോടതിയും

പ്രസംഗം കേൾക്കാനെത്തിയിരുന്ന പബ്ലിക് ഇന്ററസ്റ്റ് ലോ സൊസൈറ്റി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് പാനികുളങ്ങര കോടതിയലക്ഷ്യക്കേസുമായെത്തി.  കേരള ഹൈക്കോടതി മുൻ ജഡ്ജി,  സുപ്രീംകോടതി മുൻ ജഡ്ജി, രാജ്യത്തെ എല്ലാ ജഡ്ജിമാർക്കും സുപരിചിതനും ബഹുമാന്യനും. കേസ് പരിഗണിക്കാതെ ഒരുകൊല്ലത്തോളം നീട്ടിക്കൊണ്ടുപോയി... കേസ് കേൾക്കാൻ ജഡ്ജിമാർ തയ്യാറായില്ല. ഒടുവിൽ ചീഫ് ജസ്റ്റിസ് പി. സുബ്രഹ്മണ്യൻ പോറ്റിയും ജസ്റ്റിസ് കെ.എസ്. പരിപൂർണനുമടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചു. ‘നീതിന്യായസംവിധാനത്തിന്റെ ദുർബലതകൾ ചൂണ്ടിക്കാട്ടുകയും ആവശ്യമായ മാറ്റം വരുത്തുന്നതിന് സദസ്സ്യരെ (ജഡ്ജിമാരും അഭിഭാഷകരും) ഓർമപ്പെടുത്തുകയാണ് കൃഷ്ണയ്യർ ചെയ്തത്. നീതിന്യായസംവിധാനത്തെ ഇടിച്ചുതാഴ്ത്തുകയോ അപകീർത്തിപ്പെടുത്തുകയോ ലക്ഷ്യമാക്കുന്ന ഒരാളല്ല ഇവിടെ അഭിപ്രായങ്ങൾ പറഞ്ഞത്. നീതിന്യായവ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിപ്ലവകരമായ സമീപനം ആവശ്യപ്പെടുന്ന ഒരാളാണ്. അതുകൊണ്ട് അദ്ദേഹത്തെ വിളിച്ചുവരുത്തുകയോ കാരണം കാണിക്കൽ നോട്ടീസ് അയക്കുകയോ ചെയ്യേണ്ടതില്ല...’ എന്നായിരുന്നു വിശദീകരണം.

കൂട്ടിൽ കയറാതെ കോടിയേരിയുടെ സമരം

തൊണ്ണൂറുകളുടെ ആദ്യമാണ് സംഭവം. കണ്ണൂർ ജില്ലയിലെ കാപ്പാട്ട് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഹിയറിങ്ങിനിടയിൽ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ വസന്തൻ, സി.പി.എം. പ്രവർത്തകരുടെ വെട്ടേറ്റുമരിച്ചു. പോലീസ് സമർപ്പിച്ച കുറ്റപത്രപ്രകാരം  സി.പി.എം.ലോക്കൽ സെക്രട്ടറി എൻ. രാഘവനടക്കമുള്ള പ്രതികൾക്ക്‌ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. സി.പി.എം.കാശുള്ള പാർട്ടിയല്ലേ, പിഴ നൽകിയേ തീരൂ എന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വിധിയിൽ പ്രത്യേകംപറഞ്ഞു. 

വിധിവന്നതിനടുത്ത ദിവസം സംഭവസ്ഥലത്തിനടുത്ത് സി.പി.എം. നടത്തിയ പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിധിയെ മാത്രമല്ല ജഡ്ജിയെ വ്യക്തിപരമായും വിമർശിച്ച് പ്രസംഗിച്ചു. പാർട്ടി പത്രത്തിൽ വന്ന പ്രസംഗം കോടതിയലക്ഷ്യമാണെന്ന് നിഗമനത്തിലെത്തിയ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹൈക്കോടതിയെ വിവരമറിയിക്കുകയും ജസ്റ്റിസ് കെ.ടി. തോമസിന്റെ നിർദേശപ്രകാരം കേസെടുക്കുകയും ചെയ്തു. നോട്ടീസ് ലഭിച്ച കോടിയേരി താൻ പ്രതിയല്ലാത്തതിനാൽ പ്രതിക്കൂട്ടിൽ നിൽക്കില്ലെന്ന് ശഠിച്ചു. സാക്ഷിക്കൂട്ടിൽനിൽക്കാനും ആദ്യം തയ്യാറായില്ല. 

വാദത്തിനൊടുവിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ജഡ്ജി ആർ. ബസന്ത് നിരീക്ഷിക്കുകയും കേസ് ഹൈക്കോടതിക്ക് റഫർ ചെയ്യുകയും ചെയ്തു. ഹൈക്കോടതിയിൽ ആദ്യം നിയോഗിക്കപ്പെട്ട ജഡ്ജിമാർ കേസ് കേൾക്കാൻ വിസമ്മതിക്കുകയായിരുന്നു. പിന്നീട് മാസങ്ങൾക്കുശേഷം ജസ്റ്റിസ് കെ. ഉഷയാണ് കേസ് പരിഗണിച്ചത്. പാർട്ടി പത്രത്തിൽവന്നതുപോലെ പ്രസംഗിച്ചോ എന്ന ചോദ്യത്തിന് പ്രസംഗിച്ചുവെന്നും അതിന് കാരണമുണ്ടെന്നും പ്രതി പറഞ്ഞു. തിരുത്തി മാപ്പുപറയാൻ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന മറുപടി നൽകിയതിനാൽ ആയിരം രൂപ പിഴ വിധിച്ചു. സുപ്രീംകോടതിയിൽ അപ്പീലിന് പോകാതെ പിഴയടയ്ക്കുകയും ചെയ്തു.

ശുംഭൻ വിളിയും ആറുമാസത്തെ തടവും

കോടതിയലക്ഷ്യക്കേസിൽ ദീർഘനാൾ തടവിൽ കഴിയേണ്ടിവന്ന കേരളത്തിലെ രാഷ്ട്രീയനേതാവ് മുൻ എം.എൽ.എ.യും ഇപ്പോഴത്തെ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി. ജയരാജനാണ്. പൊതുറോഡിൽ പ്രകടനങ്ങളും സമരങ്ങളും നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കണ്ണൂരിലെ ഒരു സമരസ്ഥലത്ത് നടത്തിയ പ്രസംഗമാണ് വിഷയം. അപ്രായോഗികമായ വിധി പ്രഖ്യാപിക്കുന്നവരെ ശുംഭന്മാർ എന്നുവിളിക്കുമെന്നാണ് ജയരാജൻ പറഞ്ഞത്. ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് എ.കെ. ബഷീർ, പി.ക്യു. ബർക്കത്തലി എന്നിവർ ജയരാജൻ പ്രഥമദൃഷ്ട്യാ പ്രതിയാണെന്ന് കണ്ടെത്തി. 

തുടർന്ന് നടന്ന വാദത്തിൽ ജയരാജൻ ജഡ്ജിമാരെ അധിക്ഷേപിച്ചില്ലെന്ന് അഡ്വ. എം.കെ. ദാമോദരൻ വ്യക്തമാക്കി. ശുംഭൻ എന്ന വാക്ക് അപകീർത്തികരമല്ലെന്ന് ഒട്ടേറെ വ്യാഖ്യാനങ്ങളിലൂടെ സമർഥിക്കാൻ ജയരാജൻ ശ്രമിച്ചു. എന്നാൽ, കോടതിയലക്ഷ്യത്തിന്റെ ഏറ്റവും വലിയ തടവുശിക്ഷയായ ആറുമാസം തടവ് അനുഭവിച്ചേ തീരൂ എന്ന് ജസ്റ്റിസുമാരായ കെ. രാംകുമാർ. പി.ക്യു. ബർക്കത്തലി എന്നിവർ വിധിച്ചു. എന്നുമാത്രമല്ല, അപ്പീൽ നൽകാനുള്ള അവസരം നിഷേധിച്ച് ഉടനടി പൂജപ്പുര ജയിലിലയച്ചു. 

ഇതിനെതിരേ ജയരാജൻ അഡ്വ. ശേഖർ നാഫ്‌തെ മുഖേന സുപ്രീംകോടതിയെ സമീപിച്ചു. അപ്പോഴേക്കും രണ്ടരമാസം പിന്നിട്ടിരുന്നു. ശിക്ഷ പൂർത്തിയായതായി കണക്കാക്കി ഉടനെ വിട്ടയക്കണമെന്ന് വിധിച്ച ജസ്റ്റിസ് വിക്രംജിത് സെൻ നേരത്തേ അപ്പീലവകാശം നൽകാതെ ഉടൻ ശിക്ഷ നടപ്പാക്കിയ ഹൈക്കോടതി നടപടിയെ വിമർശിക്കുകയും ചെയ്തു.

പിഴയടയ്ക്കാതെ ജയിലിലേക്ക് മത്തായി മാഞ്ഞൂരാൻ

കേരളരാഷ്ട്രീയത്തിലെ തീപ്പൊരിയായി അറിയപ്പെട്ടിരുന്ന മത്തായി മാഞ്ഞൂരാൻ കോടതിയലക്ഷ്യ​ക്കേസിൽ പിഴയടയ്ക്കാൻ തയ്യാറാകാതെ ജയിലിൽ പോവുകയായിരുന്നു. മത്തായി മാഞ്ഞൂരാൻ പത്രാധിപരായ കേരളപ്രകാശത്തിൽവന്ന വാർത്തയാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്. വാർത്ത പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ പത്രാധിപർ തയ്യാറായില്ല. കോടതിയലക്ഷ്യക്കേസുമായി മുന്നോട്ടുപോയി. പത്രാധിപരായ മത്തായി മാഞ്ഞൂരാന് 100 രൂപ പിഴയോ ഒരു മാസത്തെ തടവോ ശിക്ഷ. പ്രിന്റർ ആൻഡ് പബ്ലിഷറായ സുധാകരന് 15 ദിവസത്തെ തടവോ 50 രൂപ പിഴയോ ശിക്ഷ. പിഴയടച്ചാൽ തടവൊഴിവാക്കാമായിരുന്നിട്ടും മാഞ്ഞൂരാൻ ജയിലിൽ പോവുകയായിരുന്നു.