അഞ്ചുലക്ഷം കൊടുത്താൽ റെയിൽവേയിൽ ജോലിതരുന്നവർ, പരീക്ഷയെഴുതാതെ ബാങ്കിലെത്തിക്കുന്നവർ, മലയാളമറിയാത്ത ഉത്തരേന്ത്യക്കാരെ കേരളത്തിൽ പോസ്റ്റ്മാൻ ആക്കുന്നവർ, ചോദ്യപ്പേപ്പർ ചോർത്തി നൽകുന്നവർ... തൊഴിൽതട്ടിപ്പുകാരുടെ വേഷപ്പകർച്ചകൾ ആരെയും അദ്‌ഭുതപ്പെടുത്തും. ഒരു വഴി അടയുമ്പോൾ പലവഴിയിൽ പുറത്തുവരുകയാണവർ. അക്കൂട്ടത്തിൽ ഏറ്റവും നൂതനവഴി കണ്ടെത്തിയാണ് കോൾ ഇന്ത്യയുടെ പേരിൽ തട്ടിപ്പുകാരിറങ്ങിയത്.
88,585 ഒഴിവുകൾ, സർക്കാർ സ്കെയിലിൽ ശമ്പളം, എട്ടാം ക്ലാസ് വിജയികൾമുതൽ ബിരുദക്കാർക്ക് വരെ അപേക്ഷിക്കാവുന്ന തസ്തികകൾ. വൻ മുന്നൊരുക്കത്തോടെയായിരുന്നു തുടക്കം. സ്വന്തമായി വെബ്‌സൈറ്റ്, കോൾ ഇന്ത്യയെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന മികവോടെ തയ്യാറാക്കിയ വിജ്ഞാപനം, സാങ്കേതികത്തികവോടെയുള്ള ഓൺലൈൻ അപേക്ഷാ സ്വീകരണം... തിരിച്ചറിയാൻ അല്പം വൈകിയിരുന്നെങ്കിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിൽ തട്ടിപ്പായി മാറിയേക്കാമായിരുന്നു ഇത്. പൊതുമാധ്യമങ്ങളിലെത്തും മുമ്പ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഈ വിജ്ഞാപനത്തിൽ എത്രപേർ വീണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.
‘പഠിച്ച’ കള്ളന്മാർ
www.scclcil.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചവരാരും പറയില്ല, അതൊരു തട്ടിപ്പ് വെബ്‌സൈറ്റായിരുന്നു എന്ന്. ഖനികളുടെയും കൽക്കരിത്തൊഴിലാളികളുടെയും ബഹുവർണചിത്രങ്ങൾ മിന്നിത്തെളിയുന്ന ഹോം പേജ്, കമ്പനിയുടെ ചരിത്രം മുതൽ കോൺടാക്ട് വിലാസം വരെ അടുക്കോടെ ക്രമീകരിച്ചിരിക്കുന്ന സാങ്കേതികത്തികവുള്ള ലിങ്കുകൾ, ഔദ്യോഗികമുദ്രകൾ, കേന്ദ്രസർക്കാർ വെബ്‌സൈറ്റുകളുടെ രൂപവും ഭാവവും അപേക്ഷ നൽകാൻ പ്രത്യേക ലിങ്ക്, ഓൺലൈനായി ഫീസടയ്ക്കാനുള്ള സൗകര്യം. നന്നായി ഗൃഹപാഠം ചെയ്താണ് തട്ടിപ്പുകാർ ഇറങ്ങിയതെന്ന് വ്യക്തം. കോൾ ഇന്ത്യയെക്കുറിച്ച് അറിയാത്തവർ വീഴുമെന്നുറപ്പ്.
കോൾ ഇന്ത്യയ്ക്ക് എട്ട് സബ്‌സിഡിയറി സ്ഥാപനമാണുള്ളത്. സെൻട്രൽ കോൾഫീൽഡ്‌സ്, ഈസ്റ്റേൺ കോൾഫീൽഡ്‌സ്, നോർത്തേൺ കോൾഫീൽഡ്‌സ്, സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ്, വെസ്റ്റേൺ കോൾഫീൽഡ്‌സ് എന്നിവയാണ് ഇവയിൽ നാലെണ്ണം. ഈ പേരുകൾക്ക് സമാനമായ സൗത്ത് സെൻട്രൽ കോൾഫീൽഡ്‌സ് എന്ന പേരാണ് തട്ടിപ്പുകാർ തിരഞ്ഞെടുത്തത്. ആധികാരികത പരിശോധിക്കാൻ മിനക്കെടാത്തവർ ആ പേരിൽത്തന്നെ വീഴും.
തട്ടിപ്പിനും സംവരണം, സർക്കാർ സ്കെയിലിൽ ശമ്പളം
സ്വകാര്യമേഖലയിലെ നിയമനങ്ങൾക്ക് സംവരണമെന്ന ആവശ്യം ഇനിയും നിറവേറാത്ത രാജ്യമാണ് നമ്മുടേത്. സംവരണം അതുകൊണ്ടുതന്നെ സർക്കാർ നിയമനങ്ങളുടെ മുഖമുദ്രയാണ്. കോൾ ഇന്ത്യയിലെ വ്യാജ റിക്രൂട്ട്‌മെന്റുകാർ അതും വിദ്യയാക്കി. 88,585 ഒഴിവുകളിൽ 11,517 ഒഴിവുകൾ ഒ.ബി.സി.ക്കാർക്ക് സംവരണം ചെയ്തു. 33,000-ത്തോളം ഒഴിവുകൾ പട്ടികവിഭാഗക്കാർക്കും നൽകി. സർക്കാർ ജീവനക്കാർ ഔദ്യോഗിക ചാനൽവഴി അപേക്ഷിക്കണമെന്നും നിർദേശിച്ച് വിജ്ഞാപനം ഔദ്യോഗികമാക്കാൻ മറന്നില്ല. ശമ്പളക്കാര്യത്തിൽ ഒട്ടും പിശുക്കിയില്ല. ലാസ്റ്റ് ഗ്രേഡ് ലെവലിലുള്ള എം.ടി.എസ്. തസ്തികയിക്ക് 23,852 രൂപയാണ് അടിസ്ഥാനശമ്പളം. ടി.എ.യും ഡി. എ.യും എച്ച്.ആർ.എ.യുമെല്ലാം വേറെയും ലഭിക്കും.
യോഗ്യതയില്ലെന്ന കാരണത്താൽ അപേക്ഷകർ കുറയരുതെന്ന് നിർബന്ധമുണ്ട്. എട്ടാംക്ലാസ് ജയിച്ചവർക്കുവരെ അപേക്ഷിക്കാം. പ്ലസ്ടു, ഐ.ടി.ഐ.ക്കാർ, ബി.ടെക്കുകാർ, ഡിപ്ലോമക്കാർ, ബിരുദക്കാർ അങ്ങനെ എല്ലാ യോഗ്യതക്കാർക്കും അവസരമുണ്ട്. ഇതിനായി 26 തസ്തികകളാണ് സൃഷ്ടിച്ചത്. പ്രവൃത്തിപരിചയമില്ലാത്ത തുടക്കക്കാരുടെ ഗണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കോൾ ഇന്ത്യ റിക്രൂട്ട്‌മെന്റ് ചെയ്തത് 5500 പേരെ മാത്രമാണെന്നാണ് കണക്ക്. അപ്പോഴാണ് 88,000-ത്തിലധികം ഒഴിവുമായി തട്ടിപ്പുകാരുടെ വരവ്.
ഫീസ്‌തന്നെ മുഖ്യം
ആരെയും വീഴ്ത്തുന്നരീതിയിലാണ് തട്ടിപ്പുകാർ പരീക്ഷാഫീസ് അവതരിപ്പിച്ചത്. ജനറൽ, ഒ.ബി.സി.ക്കാർക്ക് 350 രൂപയാണ് ഫീസ്. ആദ്യഘട്ട ഓൺലൈൻ പരീക്ഷയ്ക്ക് ഹാജരായാൽ ഇതിൽ 250 രൂപ തിരിച്ചുനൽകും. ബാങ്കിന്റെ ട്രാൻസാക്‌ഷൻ ചാർജ് കുറയ്ക്കുമെന്നു മാത്രം. എസ്.സി, എസ്.ടി.ക്കാർക്ക് 180 രൂപയാണ് ഫീസ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് ഹാജരായാൽ ഇത് മുഴുവൻ തിരിച്ചുനൽകും. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പറും ബ്രാഞ്ചിന്റെ പേരും ഐ.എഫ്.എസ്.കോഡും നിർബന്ധമായി നൽകണമെന്നുമാത്രം. പരീക്ഷയിൽ ഈ രീതിയിലുള്ള കാഷ് ബാക്ക് പോളിസി ആദ്യമായി അവതരിപ്പിച്ച സർക്കാർ സ്ഥാപനം ഇന്ത്യൻ റെയിൽവേയാണ്. കേന്ദ്ര സർക്കാരിന്റെ മറ്റു ചില ഏജൻസികളും ഇപ്പോൾ ഇത് പിന്തുടരുന്നുണ്ട്. സർക്കാർ സംവിധാനംതന്നെയെന്ന് ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിക്കാൻ ഇതും തട്ടിപ്പുകാർ കോപ്പിയടിച്ചു.
പഴുതൊരുക്കി ഈ പിഴവുകൾ
സർക്കാർ വിജ്ഞാപനങ്ങൾ ശ്രദ്ധിക്കാറുള്ളവർക്ക് ഒന്ന് മനസ്സിരുത്തിയാൽ കണ്ടെത്താവുന്ന പിഴവുകൾ വ്യാജവിജ്ഞാപനത്തിലുണ്ടായിരുന്നു എന്നതാണ് തട്ടിപ്പ് പൊളിച്ചത്. അതിലൊന്ന് വിജ്ഞാപനത്തിൽ എടുത്തുപറഞ്ഞ സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് എന്ന വാക്കുതന്നെ. സംവരണവിഭാഗക്കാർക്കുള്ള റിക്രൂട്ട്‌മെന്റിനാണ് സർക്കാർ വിജ്ഞാപനങ്ങളിൽ സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് എന്ന് എടുത്തുപറയാറ്. സൗത്ത് സെൻട്രൽ കോൾഫീൽഡ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ ജനറൽ വിഭാഗക്കാർക്ക് 35,434 ഒഴിവുകളുണ്ടായിരുന്നു. എന്നിട്ടും സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് എന്നാണ് വിശേഷിപ്പിച്ചത്. വിജ്ഞാപന തീയതിയായി കാണിച്ചത് ജൂലായ് 25 ആണ്. എന്നാൽ, പൊതുമാധ്യമങ്ങളിലേക്കെത്തുന്നത് ഓഗസ്റ്റ് 14-ന് മാത്രമാണ്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സംശയിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കിയതിനുശേഷം പൊതുമാധ്യമങ്ങളി ലേക്ക് നൽകിയതാവാം ഈ കാലതാമസത്തിനു കാരണം. അങ്ങനെയെങ്കിൽ സാമൂഹികമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് അപേക്ഷിച്ചവർ ഇതിനകം വഞ്ചിതരായിട്ടുണ്ടാവാം. ആദ്യഘട്ട പരീക്ഷയ്ക്കെത്തുന്ന എസ്.സി., എസ്.ടി.ക്കാർക്ക് യാത്രച്ചെലവ് നൽകുമെന്ന വാഗ്ദാനവും പിഴവായി. കേന്ദ്രസർക്കാർ ജോലികൾക്കെല്ലാം സാധാരണ ഇന്റർവ്യൂ/ അവസാനഘട്ട തിരഞ്ഞെടുപ്പിനാണ് യാത്രച്ചെലവ് നൽകുന്നത്.
വ്യാജരെ തിരിച്ചറിയാൻ വഴിയുണ്ട്
1.സർക്കാർ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനുമുമ്പ് വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തണം. സർക്കാർ സ്ഥാപനങ്ങളുടെ വെബ് അഡ്രസുകൾക്ക് സാധാരണഗതിയിൽ nic.in എന്നോ gov.in എന്നോ ഉള്ള ഡൊമൈൻ ആയിരിക്കും ഉണ്ടാവുക.
2. മിക്ക വ്യാജതൊഴിൽ പരസ്യങ്ങളിലും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-55 വയസ്സായിരിക്കും. പരമാവധി പേരെ കെണിയിൽപ്പെടുത്താനുള്ള അടവാണിത്.
3. വ്യാജപരസ്യങ്ങളിൽ അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസയോഗ്യതയും തീരെ കുറവായിരിക്കും. എട്ടാം ക്ലാസോ എസ്.എസ്.എൽ.സി.യോ ആയിരിക്കും നിഷ്‌കർഷിക്കുന്ന യോഗ്യത. ഇതും കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനുള്ള വിദ്യയാണ്.
4. ആർക്കാണ് അപേക്ഷാഫീസ് അയയ്ക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. പല സർക്കാർ സ്ഥാപനങ്ങളും സ്ഥാപന മേധാവിയുടെ പേരിൽ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് അയച്ചുകൊടുക്കാനോ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ ആയി അയച്ചുകൊടുക്കാനോ ആണ് ആവശ്യപ്പെടാറ്. ഒ.എൻ.ജി.സി., സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ‘പവർ ജ്യോതി’ എന്ന പ്രത്യേക അക്കൗണ്ട് നമ്പറിലേക്കാണ് അപേക്ഷാഫീസ് സ്വീകരിക്കുക. ഇതൊന്നുമില്ലാതെ ഏതെങ്കിലുമൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് അപേക്ഷാഫീസ് ഓൺലൈൻ ട്രാൻസ്ഫർ ചെയ്യുന്നതിനുമുമ്പ് രണ്ടുവട്ടം ആലോചിക്കണം.
5. അപേക്ഷാവിജ്ഞാപനത്തിൽ നൽകിയിട്ടുള്ള കമ്പനി ഇ-മെയിൽ വിലാസം പരിശോധിക്കണം. ഔദ്യോഗികസ്ഥാനത്തുള്ള ഉയർന്ന ഉദ്യോഗസ്ഥരൊന്നും ജി-മെയിൽ പോലുള്ള സൗജന്യ ഇ-മെയിൽ സേവനദാതാക്കളിൽ അക്കൗണ്ട് എടുക്കാറില്ല. അവർ കമ്പനി വെബ്‌സൈറ്റിന്റെ ഇ-മെയിൽ സേവനമാണ് ഉപയോഗിക്കുക. ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലെ ഒന്നോ രണ്ടോ അക്ഷരങ്ങൾ മാത്രം മാറ്റി വ്യാജ ഇ-മെയിൽ സൃഷ്ടിച്ച് തട്ടിപ്പുനടത്തുന്നവരുമുണ്ട്.
6. തട്ടിപ്പുപരസ്യങ്ങളിലൊക്കെ പതിനായിരത്തിലേറെ ഒഴിവുകളിലേക്കായിരിക്കും അപേക്ഷ ക്ഷണിക്കുക. ഇത്രയധികം ഒഴിവുകൾ കാണുമ്പോൾ തന്നെ മനസ്സിൽ സംശയമുയരണം. റെയിൽവേ, എൽ.ഐ.സി., എഫ്.സി.ഐ. പോലുള്ള വലിയസ്ഥാപനങ്ങൾ മാത്രമേ പതിനായിരത്തിൽ കൂടുതൽ ഒഴിവുകളിലേക്ക് ഒറ്റയടിക്ക് റിക്രൂട്ട്‌മെന്റ് നടത്താറുള്ളൂ എന്നോർക്കുക.
തയ്യാറാക്കിയത്: പി.എസ്. രാകേഷ്, പി.സി. രാഗേഷ്
(തുടരും)