ഗൾഫ്‌രാജ്യങ്ങളിലെ ചൂടിനെപ്പറ്റി മാത്രം അറിവുള്ള മലയാളി ഇതാ, ചൂടിന്റെ ‘ചൂട്’ അറിയാൻ തുടങ്ങിയിരിക്കുന്നു. ആഗോളതാപനവും ചൂടിന്റെ പുത്തനളവുകോലുമായി പത്രങ്ങളിലും പുത്തൻ തലക്കെട്ടുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുന്നു! 2014 മെയ് 12-ന് കോട്ടയത്ത് റെക്കോഡ് ചൂട് രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. രണ്ടു വർഷത്തിനുശേഷം ചൂട് പാലക്കാട്ട് 40 ഡിഗ്രി പിന്നിട്ടപ്പോൾ കോട്ടയത്തെ 38 ഡിഗ്രി വാർത്തയല്ലാതായി.
കേരളത്തിൽ ചൂടുകൂടുന്നതിന്റെ ലക്ഷണങ്ങൾ വളരെ നേരത്തേ കണ്ടുതുടങ്ങിയിരുന്നു. ചൂടുകാലാവസ്ഥയിൽ ജീവിക്കുന്ന ചില പക്ഷികളെ കേരളത്തിൽ കാണാൻതുടങ്ങിയത് ഇതിന്റെ സൂചനയാണ്.
പെലിക്കൺ പക്ഷി എറണാകുളത്തെ ചെല്ലാനത്തും വർണക്കൊക്കിനെ കുമരകത്തും ചരൽക്കുരുവി, തോട്ടിക്കഴുകൻ, ഹിമാലയൻ ശരപ്പക്ഷി എന്നിവയെ തൃശ്ശൂരിലും കാണാനിടയായി.
കഴിഞ്ഞ 4,000 വർഷത്തെ അപേക്ഷിച്ച് വളരെ കുത്തനെയാണ് ചൂടിന്റെ അളവുകൂടുന്നത്. ഹിമയുഗത്തിനുമുമ്പ് ഭൂമിയിൽ കൊടുംചൂടായിരുന്നു. ആ അവസ്ഥയിലേക്ക് ഭൂമി തിരിച്ചുപോകുമോ എന്നാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ ആശങ്കപ്പെടുന്നത്. മനുഷ്യന്റെ അത്യാർത്തിയും മുൻകരുതൽ ഇല്ലായ്മയുമാണ് സ്ഥിതി ഇത്ര ഗുരുതരമാക്കിയത്.
1750-കൾ മുതൽ അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകത്തിന്റെ അളവ് ഗണ്യമായി കൂടാൻതുടങ്ങി. ഫോസിൽ ഇന്ധന ഉപയോഗം വർധിച്ചതും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾമൂലം മീഥേൻ, നൈട്രസ് ഓക്സൈഡ് എന്നിവയുടെ പുറന്തള്ളലും ചൂടുകൂടാൻ കാരണമായി. ചൂടിന്റെ 80 ശതമാനവും വലിച്ചെടുക്കുന്നത് സമുദ്രമാണ്. ഇതുമൂലം കടൽജലം 3000 മീറ്റർ ആഴത്തിൽ വരെ ചൂടാകാൻ തുടങ്ങി. ജലവ്യാപ്തം വർധിക്കാനും സമുദ്രജലം ഉയരാനും ഇത് വഴിയൊരുക്കി. ധ്രുവപ്രദേശങ്ങളിൽ മഞ്ഞുരുകുന്നതും ജലം ഉയരാൻ കാരണമായി. ഇതിന്റെ അനന്തരഫലങ്ങൾ മനുഷ്യരാശിയുടെ നിലനില്പിന് പലതരത്തിൽ ഭീഷണി സൃഷ്ടിക്കുകയാണ്. കുറേ ഭൂപ്രദേശങ്ങൾ വെള്ളത്തിൽ താഴ്ന്നുപോകുന്നത് മാത്രമല്ല ഭീഷണി. മത്സ്യസമ്പത്തിന്റെ നാശത്തിനും കാലാവസ്ഥാ മാറ്റത്തിനുമൊക്കെ ഇത് വഴിമരുന്നിടുമെന്ന് നാം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഹിമാനികളുടെനാശം ഹിമാലയത്തിൽനിന്നൊഴുകുന്ന ഗംഗപോലുള്ള നദികളുടെ മരണത്തിന് കാരണമാകാം. ജലസേചനത്തിന് മഴയെ മാത്രം ആശ്രയിക്കുന്ന സ്ഥലങ്ങൾ കേരളത്തിൽപ്പോലുമുണ്ട്. ആഫ്രിക്കയിലാകട്ടെ 75-250 ദശലക്ഷം പേർ, ഇന്നത്തെനിലയിൽ പോയാൽ 2020-ഓടെ ജലം കിട്ടാത്തവരായി മാറും. കൃഷി നേർപകുതിയായി കുറയുകയും ചെയ്യും. ഭൗമതാപനില 1.5-2.5 ഡിഗ്രി വർധിച്ചാൽ ഹിമപാളികളും മഞ്ഞുമലകളും അലിഞ്ഞില്ലാതാകുമെന്ന് ശാസ്ത്രജ്ഞന്മാർ വളരെ നേരത്തേ മുന്നറിയിപ്പുനൽകിയിരുന്നു. ഇതുമൂലം 20-30 ശതമാനം സസ്യങ്ങളും ജീവികളും വംശനാശഭീഷണി നേരിടേണ്ടിവരും.
നമുക്ക് കേരളത്തിലേക്ക് തിരിച്ചുവരാം. കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരളത്തിലെ ചൂട് 0.4 ശതമാനം വർധിച്ചു. ഉത്തരകേരളത്തിൽ 100 വർഷത്തിനിടയിൽ 1.2 ഡിഗ്രി ചൂട് കൂടിയതായിട്ടാണ് കണക്ക്. ഈർപ്പത്തിലും താപനിലയിലും വന്ന വ്യത്യാസങ്ങൾമൂലം കേരളത്തിലെ കാലാവസ്ഥ ബി4 വിഭാഗത്തിൽനിന്ന് ബി2-ൽ എത്തി! ഇടുക്കി പാമ്പാടുംപാറയിൽ 1984-2009 കാലഘട്ടത്തിൽ ചൂടിന്റെ അളവ് 1.40 ശതമാനമാണ് കൂടിയത്. കേരളത്തിൽ വർഷംതോറും 0.01 ഡിഗ്രി ചൂടുകൂടുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടുകൂടുക കേരളത്തിലാകുമെന്ന് കേരള കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഈയിടെ മുന്നറിയിപ്പുനൽകിയതും കേരളീയർ വറചട്ടിലേക്ക് എടുത്തെറിയപ്പെടുന്നു എന്നതിന്റെ സൂചനയാണ്.
ചൂട് ഒരു ഡിഗ്രി വർധിച്ചാൽ നെല്ലുത്‌പാദനം 10 ശതമാനം കുറയും. 2025 ആകുമ്പോൾ ചൂട് രണ്ടു ഡിഗ്രി കൂടും. ഉത്‌പാദനം 20 ശതമാനം കുറയുകയും ചെയ്യും. കുട്ടനാട്, എറണാകുളം. ആലപ്പുഴ പൊക്കാളിപ്പാടങ്ങളിൽ ഉപ്പുജലം കയറി കൃഷിനശിക്കുന്നു. തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ കോൾനിലങ്ങളിലും ഉപ്പുവെള്ളം നാശംവിതയ്ക്കുന്നു. ഇതെല്ലാം ചൂട് വർധിച്ചുവരുന്നതിന്റെ അനന്തരഫലങ്ങളാണ്.
ഇടിമിന്നലിന്റെ നാട്
അന്തരീക്ഷത്തിലെ ചൂടുകൂടുന്നത് ഇടിമിന്നൽ കൂടാനും കാരണമാകുന്നു. പ്രതിവർഷം മിന്നലേറ്റ് മരിക്കുന്നവർ 50 ആയിരുന്നത് ഇപ്പോൾ 80 കവിഞ്ഞു. കാലാവസ്ഥാമാറ്റത്തിന്റെ പ്രധാന ലക്ഷണമാണ് ഇടിമിന്നൽ. വർഷംതോറും ഇടിമിന്നൽമൂലം 400 കോടിയുടെ നഷ്ടമാണ് കേരളത്തിനുണ്ടാകുന്നത്.
ചൂടും മറ്റുവിളകളും
ചൂടുകൂടിയാൽ വിളകൾക്കെല്ലാം നാശമുണ്ടാകുമെന്നുറപ്പാണല്ലോ. കുരുമുളക്, ഏലം, ചായ, കാപ്പി, കൊക്കൊ എന്നിവയുടെയെല്ലാം ഉത്‌പാദനം കുറയും. കീടങ്ങളുടെയും രോഗകാരികളായ സൂക്ഷ്മജീവികളുടെയും വർധനയും കൃഷിനാശത്തിന് കാരണമാകും.
പരിഹാരമെന്ത്?
ആഗോളതാപനത്തിന്റെ ദുരന്തം എല്ലാവരും തുല്യമായി പങ്കിട്ടെടുത്തേപറ്റൂ. എന്നാൽ, നമുക്കോരോരുത്തർക്കും ചെയ്യാവുന്ന ചെറിയകാര്യങ്ങൾ യഥാർഥത്തിൽ വളരെ വലുതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് വൃക്ഷങ്ങളുടെ രക്ഷയാണ്. ഇന്ന് ആറുമാസംകൊണ്ട് വലിയൊരു വീടുണ്ടാക്കാൻ കഴിയും. പക്ഷേ, മുപ്പതുവർഷം പ്രായമുള്ള 36 ഗ്രാം ഓക്സിജൻ തരാൻകഴിയുന്ന വൃക്ഷത്തെ സൃഷ്ടിക്കുക സാധ്യമല്ല. അതുകൊണ്ട് കഴിവതും വൃക്ഷങ്ങൾ നശിപ്പിക്കാതിരിക്കുകയും ധനസമ്പാദനംപോലെ ഭൂമിയുടെ രക്ഷയ്ക്ക് ഓക്സിജൻ സമ്പാദനവും നാം ജീവിതചര്യയാക്കിയേ തീരൂ. നഗരവാസികളാകട്ടെ ഗ്രീൻ ബെൽറ്റ് പോലുള്ള പ്രയോഗങ്ങൾക്കുവേണ്ടി മുന്നോട്ടുവരണം. കാൻസർ സൂപ്പർ സ്പെഷ്യാലിറ്റി ആസ്പത്രികളല്ല, ഗ്രീൻ ബെൽറ്റ് പ്രദേശങ്ങളാണ് യഥാർഥ വികസനത്തിന്റെ സൂചനകൾ എന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.
ശാസ്ത്രം എന്തുതന്നെ കണ്ടുപിടിച്ചുനടപ്പാക്കിയാലും പ്രകൃതിയുടെ രക്ഷ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും ഒരു ജീവന്മരണപോരാട്ടത്തിനാണ് നാമിപ്പോൾ ഒരുങ്ങുന്നതെന്നും ഓരോരുത്തരും ഇനിയും മനസ്സിലാക്കിയില്ലെങ്കിൽ പ്രകൃതി നമ്മെ വറചട്ടിയിലേക്കിട്ട് കശാപ്പുചെയ്യുമെന്നകാര്യത്തിൽ തെല്ലും തർക്കമില്ല.
(ഗ്രന്ഥകർത്താവും കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറിയും ദുബായിലെ
ദി മീഡിയ ഗ്രൂപ്പ് പബ്ലിക്കേഷൻസിൽ സീനിയർ എഡിറ്ററുമാണ് ലേഖകൻ)